അഖില്‍ മാരാര്‍ അഥവാ വെറുപ്പിന്റെ വിത്തു വിതയ്ക്കുന്നവന്‍

Zachariah

കേരളത്തിന്റെ തെരഞ്ഞെടുക്കപ്പെടാത്ത മുഖ്യമന്ത്രിയായും കേന്ദ്രസര്‍ക്കാര്‍ വിമര്‍ശകന്‍ ധ്രുവ് റാത്തിയുടെ കേരളത്തിന്റെ പതിപ്പായും വാഗ്ദാനമായും പ്രതിപക്ഷ നേതാവായും അങ്ങനെയങ്ങനെ സോഷ്യല്‍ മീഡിയ നിറയെ അഖില്‍ മാരാര്‍ (Akhil Marar) എന്ന സംഘിയെ വാനോളം പുകഴ്ത്തുകയാണ് ചിലര്‍. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാരിനുമെതിരെ, ‘പിണറായീ നീ പോ’ എന്നെല്ലാം വിളിച്ചു പറയുന്ന വെറുപ്പിന്റെ രാഷ്ട്രീയം വിളമ്പുന്ന മാരാരെപ്പോലുള്ളവര്‍ നിര്‍ദാക്ഷിണ്യം എതിര്‍ക്കപ്പെടേണ്ടവരാണ്. ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ വെറുപ്പു വിതയ്്ക്കുന്ന നീച രാഷ്ട്രീയം തടയപ്പെടുക തന്നെ വേണം. അഭിപ്രായ പ്രകടനസ്വാതന്ത്ര്യമെന്നാല്‍ വായില്‍ വരുന്നതെന്തും വിളിച്ചുകൂവാനുള്ള സ്വാതന്ത്ര്യമല്ല.

ഏതൊരു രാജ്യത്തെയും ജനങ്ങളുടെ ക്ഷേമമെന്നത് ആ രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പ്രത്യേകിച്ചും. സര്‍ക്കാരെന്നാല്‍ ഭരിക്കുന്നവര്‍ മാത്രമല്ല, പ്രതിപക്ഷവും ചെറുതും വലുതുമായ പാര്‍ട്ടികളും ജനങ്ങളുമെല്ലാം അതില്‍ ഉള്‍പ്പെടും. ഇവരെല്ലാം ചേര്‍ന്നതു തന്നെയാണ് സര്‍ക്കാര്‍. വ്യക്തിപരമായി ഞാനെന്തു ചെയ്തു, നിങ്ങളെന്തു ചെയ്തു എന്നെല്ലാം ചിന്തിക്കുന്നതിന് ഉപരിയായി സ്റ്റേറ്റിന് എന്തു ചെയ്യാന്‍ കഴിയും എന്നു ചിന്തിക്കുന്നിടത്താണ് ഒരു നാടിനു ക്ഷേമവും ഐശ്വര്യവും സാധ്യമാകുന്നത്.

വ്യക്തിപരമായി ഓരോരുത്തര്‍ക്കും എന്തെല്ലാം ചെയ്യാന്‍ കഴിയും? ഒന്നോ അതില്‍ക്കൂടുതലോ വീടുകള്‍ പണിതു നല്‍കാം. ഫര്‍ണിച്ചറുകള്‍ നല്‍കാം. പഠനത്തിനു സഹായിക്കാം. ഭക്ഷണം നല്‍കാം, താല്‍ക്കാലികമായോ സ്ഥിരമായോ താമസമൊരുക്കാം. സാമ്പത്തിക സഹായം ചെയ്യാം. പക്ഷേ, ഇതും ഇതിനോടൊപ്പവും ബാക്കി കാര്യങ്ങളും ചെയ്യേണ്ടത് ആ നാട്ടിലെ സര്‍ക്കാരാണ്. അവിടെ പള്ളിക്കൂടങ്ങളുണ്ടാകണം, ഓഫീസുണ്ടാകണം, മറ്റു സംവിധാനങ്ങളുണ്ടാകണം, പാലങ്ങള്‍, റോഡുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ എല്ലാമുണ്ടാകണം. എല്ലാം തകര്‍ന്നുതരിപ്പണമായിക്കിടക്കുന്ന ഒരു ഭൂമികയില്‍ നിന്നുവേണം ഇതെല്ലാം ഉണ്ടാകാന്‍.

ഇതെല്ലാം തുടങ്ങാനായി സര്‍ക്കാര്‍ പൊതുജനങ്ങളിലേക്ക് ഒരു നിര്‍ദ്ദേശം വയ്ക്കുമ്പോള്‍, ഇതൊന്നും ജനങ്ങള്‍ക്കു കിട്ടുന്നില്ല എന്നു പറഞ്ഞ് അപഹസിക്കുന്ന, വ്യക്തിഹത്യ നടത്തുന്ന വെറുപ്പിന്റെ വിതരണക്കാരെ ഭയപ്പെടുക തന്നെ വേണം. അഖില്‍ മാരാരെപ്പോലുള്ള വിഷജീവികള്‍ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. ജനങ്ങള്‍ക്കു യാതൊന്നും കിട്ടുന്നില്ല എന്ന് അഖില്‍ മാരാര്‍ പറഞ്ഞുവയ്ക്കുമ്പോള്‍ എല്ലാം തകര്‍ന്നടിഞ്ഞവരെ മാരാരെപ്പോലുള്ളവര്‍ എത്രകാലം സഹായിക്കും എന്നുകൂടി വ്യക്തമാക്കിയേ തീരൂ. ‘എന്റെ രണ്ടു പെണ്‍മക്കള്‍ക്കും വേണ്ടി മാറ്റിവച്ചതില്‍ നിന്നും അഞ്ചുലക്ഷം ഞാന്‍ കൊടുക്കും, ബാക്കി ഞാന്‍ സമാഹരിക്കുന്നത് സുഹൃത്തുക്കളില്‍ നിന്നാണ്. അങ്ങനെ ഞാന്‍ മൂന്നു വീടുകള്‍ പണിതു കൊടുക്കും’ എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്. അതായത്, മൂന്നുവീടു പോയിട്ട് ഒരു വീടു പണിയാനുള്ള പണം പോലുമെടുക്കാന്‍ അഖില്‍ മാരാര്‍ക്ക് സാധിക്കില്ല എന്നര്‍ത്ഥം. താന്‍ തന്നെ വീടു വച്ചത് ബിഗ് ബോസ് വിജയി ആയതിനു ശേഷം ലഭിച്ച പണത്തില്‍ നിന്നാണെന്നും അതിനു മുന്‍പ് തനിക്ക് യാതൊന്നുമില്ലായിരുന്നുവെന്നും അഖില്‍ മാരാര്‍ പറയുന്നുണ്ട്.

വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ സകലതും നഷ്ടമായി ജീവന്‍ മാത്രം ശേഷിച്ചവര്‍ക്ക് താങ്ങും തണലുമായി നിന്നത് പ്രതിപക്ഷം കൂടി ഉള്‍പ്പെടുന്ന സര്‍ക്കാരാണ്. കേരളത്തിന്റെ സര്‍ക്കാരെന്നത് ജനങ്ങള്‍ കൂടി ഉള്‍പ്പെടുന്ന അതിവിപുലമായൊരു കമ്മ്യൂണിറ്റിയാണ്. അവിടെ എല്ലാവരും ഉള്‍പ്പെടും. ജനങ്ങളില്ലാതെ സര്‍ക്കാരില്ല. ജനാധിപത്യ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ് സര്‍ക്കാര്‍. അത് ഭരണപക്ഷം മാത്രം ഉള്‍പ്പെടുന്നതല്ല. മറിച്ച് പ്രതിപക്ഷവും ചെറുപാര്‍ട്ടികളും താഴെക്കിടയിലുള്ള പ്രവര്‍ത്തകരും ജനങ്ങളുമെല്ലാം ഉള്‍പ്പെടുന്ന വിശാലമായൊരു ചട്ടക്കൂടാണ്. അത്തരത്തില്‍ വിശാലമായൊരു സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നിരന്തരമായ ശ്രമമാണ് അഖില്‍ മാരാരെപ്പോലുള്ളവരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരു നിമിഷം പോലും അനുവദിക്കാന്‍ പാടില്ലാത്ത കൊടിയ വിഷം.

ഏതെങ്കിലും ടി വി ഷോയില്‍ പ്രത്യക്ഷപ്പെട്ടു എന്നതു കൊണ്ടോ കുറേ ഫാന്‍സുകള്‍ ഉള്ളതുകൊണ്ടോ ഏതെങ്കിലും തരത്തില്‍ നാലുപേര്‍ അറിയുമെന്നതുകൊണ്ടോ എന്തും പറയാമെന്നഹങ്കരിക്കുന്നവരാണ് അഖില്‍ മാരാരെപ്പോലുള്ളവര്‍. ‘ഞാന്‍ നേരിട്ടു കൊടുത്തുകൊള്ളാം’ എന്നു പറയുക മാത്രമല്ല ഇയാള്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണ് എന്നുകൂടി പറഞ്ഞുവയ്ക്കുന്നു. നേരിട്ടു കൊടുത്താല്‍ ആ കൊടുക്കുന്നവര്‍ക്കു മാത്രമാണ് കിട്ടുന്നത്. അല്ലാതെ ദുരന്തം ബാധിക്കപ്പെട്ട തൊട്ടടുത്തയാള്‍ക്കു കിട്ടുന്നില്ല. എന്നാല്‍ ഈ തുക സര്‍ക്കാരിന്റെ കൈകളിലാണ് എത്തുന്നതെങ്കില്‍ അത് എല്ലാവരിലേക്കും എത്തും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലേക്കും അത് ഉപകരിക്കും. നേരിട്ടു കൊടുക്കേണ്ടവര്‍ക്കു കൊടുക്കാം, സര്‍ക്കാര്‍ ദുരിതാശ്വാസത്തിലേക്കു കൊടുക്കേണ്ടവര്‍ക്ക് അങ്ങനെ ചെയ്യാം എന്നു പറയുന്നതിനു പകരം ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന മാരാര്‍ മാപ്പര്‍ഹിക്കുന്നില്ല.

കേരളമിപ്പോള്‍ ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരല്ല, കോണ്‍ഗ്രസ് ആണെന്നു സങ്കല്‍പ്പിക്കുക. രക്ഷാദൗത്യത്തില്‍ ഇത്ര ചടുലമായ നീക്കം ഉണ്ടായിരിക്കില്ല എന്നതു സത്യം തന്നെയാണ്. പക്ഷേ തകര്‍ന്നടിഞ്ഞ ആ നാടിന്റെ പുനര്‍നിര്‍മ്മാണം സാധ്യമാകുക തന്നെ ചെയ്യും. കാരണം, ഇതു കേരളമാണ്. മാനവികതയുടെ മണ്ണ്, എല്ലാവരെയും ചേര്‍ത്തു പിടിച്ചു മുന്നോട്ടു പോകുന്ന നാട്. കേരളത്തിലെ ജനങ്ങള്‍ ഒരു സര്‍ക്കാരിനെ രണ്ടാമതും തെരഞ്ഞെടുത്തത് ആ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ പിന്തുണയുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. തെറ്റുകുറ്റങ്ങളുണ്ടാകാം. പ്രശ്‌നങ്ങളുമുണ്ടാകാം. പക്ഷേ കഴിഞ്ഞുപോയ എല്ലാ സര്‍ക്കാരുകള്‍ക്കുമുണ്ടായിട്ടുള്ള പിഴവുകള്‍ പോലെ തന്നെയാണ് ഇതും. അവയെല്ലാം ചോദ്യം ചെയ്യപ്പെടണം. ചൂണ്ടിക്കാണിക്കുകയും വേണം. പക്ഷേ, അത് അഖില്‍മാരാരെപ്പോലുള്ള വിഷജീവികളുടെ രീതിയിലല്ലെന്നു മാത്രം. അഖില്‍ മാരാര്‍ നടത്തുന്ന അരോചകമായ വെറുപ്പിക്കല്‍ അവസാനിപ്പിക്കുക തന്നെ വേണം.

കേരളത്തിന്റെ ഏറ്റവും മോശപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അതുകൊണ്ടാണ് കേരളത്തില്‍ ദുരന്തങ്ങളുണ്ടാകുന്നതെന്നും വ്യാപകമായ തോതില്‍ പ്രചാരണം നടക്കുന്നുണ്ട്. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന ലോകത്തിലെ ഏക പ്രദേശം കേരളമല്ല. ഇന്ത്യയുടെ നാനാ ഭാഗത്തും ഇന്ത്യയ്ക്കു വെളിയിലും പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥകളാകുകയാണ്. എല്ലാറ്റിന്റെയും ഉത്തരവാദിത്വം പിണറായി വിജയനില്‍ കെട്ടിവയ്ക്കുന്നവര്‍ ഇവിടെ വിതറുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ഒരു ദുരന്തത്തെ സാധ്യമായതില്‍ വച്ചേറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്തവരോടുള്ള അസൂയ തന്നെയാണതിനു പിന്നില്‍.

2018 ലെ പ്രളയത്തില്‍ സര്‍വ്വം നഷ്ടപ്പെട്ടവര്‍ക്കു വീടും ജീവിതവും നല്‍കിയ നാടാണിത്. കവളപ്പാറയിലും പുത്തുമലയിലുമെല്ലാം ഉരുള്‍പൊട്ടലില്‍ പെട്ടവരെയും പുനരധിവസിപ്പിക്കുക തന്നെ ചെയ്തു. കുറ്റങ്ങളും കുറവുകളുമുണ്ടാകാം. പക്ഷേ, അവരെയൊന്നും പുനരധിവസിപ്പിക്കാതിരിക്കുകയോ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെയോ ഇരുന്നിട്ടില്ല. എന്നിട്ടും അഖില്‍ മാരാരെപ്പോലുള്ളവര്‍ പറയുന്നു, സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരുരൂപ പോലും നല്‍കരുതെന്ന്.

നേരിട്ടു കൊടുക്കുന്നവര്‍ ആരെങ്കിലും ആ നാട്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി മെച്ചപ്പെടുത്തുമോ? റോഡുകളും പാലങ്ങളും നിര്‍മ്മിക്കുമോ? ഓഫീസുകള്‍ നിര്‍മ്മിക്കുമോ? ദുരന്തത്തിലകപ്പെട്ട മൊത്തം ജനങ്ങളുടേയും ആ നാടിന്റെയും പുനര്‍നിര്‍മ്മാണവും പുനരധിവസിപ്പിക്കലും സാധ്യമാക്കുമോ? ഇതെല്ലാം ചെയ്യാനാണ് നമ്മളൊരു സര്‍ക്കാരിനെ തെരഞ്ഞെടുത്തത്. ഇനി അഖില്‍ മാരാര്‍ക്ക് ഇതെല്ലാം ചെയ്യണമെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം, വിജയിക്കണം. എന്നിട്ട് ഒരു സര്‍ക്കാരുണ്ടാക്കണം. എന്നിട്ട് ഭരിച്ചു കാണിക്കണം. ലുലുമാളില്‍പ്പോയി സ്വന്തം ഉടുതുണിയഴിച്ചു കാണിക്കുന്നതു പോലെ ചെയ്യാന്‍ പറ്റുന്ന ഒന്നാണ് തകര്‍ന്നടിഞ്ഞ ഒരു നാടിനെയും ജനങ്ങളെയും ചേര്‍ത്തുപിടിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നത് എന്ന് കരുതുന്നുണ്ടാവും ഇയാള്‍. യൂട്യൂബിലും വീഡിയോകളിലും പ്രത്യക്ഷപ്പെട്ട് ഓരോരോ ചവറുകള്‍ വിളിച്ചു പറഞ്ഞ് സര്‍ക്കാരിനെ നാലു തെറിപറയുമ്പോള്‍ കൂടെക്കൂടുന്ന ആളുകളുടെ ബലത്തില്‍ വായില്‍ത്തോന്നിയതു വിളിച്ചു പറയുന്നത്ര നിസ്സാരമായും ആ നാടിനെ ഉയിര്‍പ്പിക്കാന്‍ സാധിക്കില്ല. അഖില്‍മാരാര്‍മാര്‍ക്കു സിംഹാസനമൊരുക്കുന്ന തിരക്കിലാണെങ്കിലും സ്തുതി പാഠകര്‍ ഇതെല്ലാം കൂടി അറിഞ്ഞിരിക്കുന്നതു നന്ന്.

സൂപ്പര്‍സ്റ്റാറും ലെഫ്റ്റന്റ് കേണലുമായ മോഹന്‍ലാല്‍ ബി ജെ പി രാഷ്ട്രീയവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു വ്യക്തിയാണ്. അദ്ദേഹം പോലും കേരളത്തിലെ സര്‍ക്കാരുമായി ചേര്‍ന്നാണ് വയനാടിനു സഹായഹസ്തം നീട്ടിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളും അങ്ങനെതന്നെ. സര്‍ക്കാരിന്റെ ഭാഗമായി എല്ലാവരും ചേര്‍ന്നുനില്‍ക്കുമ്പോള്‍ അഖില്‍മാരാരെപ്പോലുള്ളവര്‍ ജനമനസുകളിലേക്ക് വിഷം പടര്‍ത്തുന്നു. മാനവികതയ്ക്കു പേരുകേട്ട കേരളം ഇത്തരം വിഷജീവികളെക്കൂടി അതിജീവിച്ചേ തീരൂ.
…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *