Thamasoma News Desk
ആമയിഴഞ്ചാനിലെ (Amayizhanchan) അഴുക്കില്‍ വീണ് ഗതികെട്ടു മരിച്ച ജോയിക്ക് ആദരാഞ്്ജലികള്‍. ഈ മരണത്തിന്റെ ഉത്തരവാദികള്‍ റെയില്‍വേയും ഭരണകൂടവും മാത്രമല്ല. തങ്ങള്‍ക്കു വേണ്ടാത്തവയൊക്കെയും പൊതു ഇടങ്ങളിലേക്കു വലിച്ചെറിയുന്നതു ശീലമാക്കിയ ഓരോ മനുഷ്യരും ഉത്തരവാദികളാണ്. ഉപയോഗിച്ച ഡയപ്പറുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ചാക്കുകളിലാക്കി തള്ളുന്ന മാലിന്യങ്ങള്‍, അറവു ശാലകളില്‍ നിന്നും പുറന്തള്ളുന്നവ, ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളും പുറന്തള്ളുന്ന മാലിന്യങ്ങള്‍ തുടങ്ങി തങ്ങള്‍ക്കു വേണ്ടാത്തതെന്തും പൊതു ഇടങ്ങളിലേക്കു വലിച്ചെറിയുകയാണ് മലയാളികള്‍. പലയിടങ്ങളിലും കക്കൂസ് മാലിന്യങ്ങള്‍ കോരിയെടുത്ത് റോഡിലും തോടുകളിലും തള്ളുന്ന മനുഷ്യരുമുണ്ടെന്ന് ഓര്‍ക്കുക. ഇവര്‍ക്കെതിരെയൊന്നും ശക്തമായ യാതൊരു നടപടികളും ഭരണകൂടം സ്വീകരിച്ചിട്ടില്ല.
പൊതുസ്ഥലത്തു തുപ്പരുതെന്നുപോലും നിയമമുള്ള നാടാണിത്. പക്ഷേ, നിയമം നിയമമായി മാത്രം ശേഷിക്കുന്നു. നിരത്തിലേക്കൊന്നിറങ്ങിയാല്‍ നിരത്തില്‍ തുപ്പുന്നത് ഹോബി പോലെ ചെയ്യുന്ന മനുഷ്യരെ കാണാം. നിയമമുണ്ടാക്കിയാല്‍ മാത്രം പോരാ, അതു കര്‍ശനമായി നടപ്പാക്കാനും ഒരു ഭരണകൂടത്തിനു കഴിയണം. അല്ലാത്ത പക്ഷം, ദുരന്തത്തില്‍ കണ്ണീരൊഴുക്കാന്‍ അവര്‍ക്കവകാശമില്ല. ദുരന്തമുണ്ടായ ശേഷം രക്ഷപ്പെടുത്താനായി പരമാവധി പരിശ്രമിച്ചുവെന്നോ ദുരന്തമുഖത്ത് സദാ സന്നിഹിതരായിരുന്നുവെന്നോ പറയുമ്പോഴല്ല, മറിച്ച് ഇത്തരം നാട് വൃത്തിയായി സൂക്ഷിക്കാനായി അക്ഷീണം പരിശ്രമിക്കുകയും വിശ്രമില്ലാതെ പണിയെടുക്കുകയും ചെയ്യുമ്പോഴാണ് ഭരണാധികാരികള്‍ ബഹുമാന്യരാകുന്നത്.
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി മരണപ്പെട്ട ജോയിയുടെ മൃതദേഹം കണ്ടെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘ജോയിയെ കണ്ടെത്താന്‍ 46 മണിക്കൂര്‍ നീണ്ട തുടര്‍ച്ചയായ രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഏകോപിതമായി പ്രവര്‍ത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തു. ജെന്‍ റോബോട്ടിക്സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യ സഹായവും ഉറപ്പാക്കി. അതിസങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്‌നിരക്ഷാസേന, അവരുടെ സ്‌കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈ മെയ് മറന്ന് പ്രവര്‍ത്തിച്ചു.’
ഇത്രയേറെ സന്നാഹങ്ങളും ജെന്‍ റോബോട്ടിക്‌സ് വരെ വേണ്ടിവന്നു ആ തോട്ടില്‍ അടിഞ്ഞുകൂടിയ ടണ്‍ കണക്കിനു മാലിന്യത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനായി. ഇത്രയും മനുഷ്യശേഷിയും സാങ്കേതിക സഹായവും വേണ്ട ഒരു പ്രവൃത്തി ചെയ്യാനാണ് മൂന്നു തൊഴിലാളികളെ റെയില്‍വേ നിയോഗിച്ചത്.
ആമയിഴഞ്ചന്‍ തോടിലെ മാലിന്യ പ്രശ്‌നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മാലിന്യം കാരണം ഒഴുക്ക് നഷ്ടപ്പെട്ട്, ഒരു ചെറിയ മഴ പെയ്താല്‍ പോലും വെള്ളം പൊങ്ങി നഗരത്തെ മുക്കുന്ന പ്രശ്‌നവും പുതിയതല്ല, ഓരോ മഴക്കാലം കഴിയുമ്പോഴും പുതിയ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചു അടുത്ത മഴക്കാലം വരെ നോക്കുകുത്തികളാകുന്ന അധികാരികളും തിരുവനന്തപുരത്തെ സംബന്ധിച്ചു പുതിയ കാര്യമല്ല. പക്ഷെ അതിനു ഇന്ന് കൊടുക്കാന്‍ പോകുന്നത് ഒരു മനുഷ്യ ജീവന്റെ വിലയാണ്. നഗരസഭയും റെയില്‍വേയും പരസ്പരം പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്നു ഒഴിയാന്‍ നോക്കുമ്പോള്‍, ഒരു ദിവസത്തെ കൂലിക്ക് വേണ്ടി നാറുന്ന ഓടകളിലും മാലിന്യ കൂമ്പാരത്തിനിടയിലും ജീവിതം ഒഴുക്കി കളയേണ്ടി വരുന്ന ജീവനുങ്ങള്‍ക്ക് ആര് ഉത്തരവാദിത്തം പറയും..?!
തിരുവനന്തപുരം കോര്‍പ്പറേഷന്റെ പരിധിയില്‍ കൂടെ ഒഴുകുന്ന 6.8 കിലോമീറ്റര്‍ നീളമുള്ള ആമയിഴഞ്ചാന്‍ തോടിന്റെ, ഇപ്പോള്‍ അപകടം നടന്ന സ്ഥലം ഉള്‍പ്പടുന്ന, 117 മീറ്റര്‍ ഭാഗം റെയില്‍വേയുടെ അധീനതയിലുള്ളതാണ്. ഈ ഭാഗത്തിന്റെ പരിപൂര്‍ണ്ണ അവകാശി റെയില്‍വേയാണ്. 2018ല്‍ വി. കെ. പ്രശാന്ത് മേയര്‍ ആയിരുന്ന സമയത്ത് ഈ ഭാഗം വൃത്തിയാക്കാന്‍ മുന്‍കൈയെടുത്തപ്പോള്‍, അന്ന് കോര്‍പ്പറേഷനെതിരെ റെയില്‍വേ കേസ് കൊടുത്തിരുന്നു. ഈ 117 മീറ്റര്‍ വരുന്ന ഭാഗം റെയില്‍വേ അവസാനം വൃത്തിയാക്കിയത് 2018ലാണ്. അതായത്, വര്‍ഷാവര്‍ഷം മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് മുഴുവന്‍ നടക്കുമ്പോഴും റെയില്‍വേ അനങ്ങിയിട്ടില്ല.
·
റയില്‍വെയുടെ അനാസ്ഥ അനുവദിച്ചുകൊടുത്ത കോര്‍പ്പറേഷന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. സുരക്ഷിതവും സമാധാനപരവുമായ ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും നിലനിര്‍ത്താനുമാണ് ജനങ്ങള്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അനുസരിച്ചു protection of life and liberty, includes
The right to live in a safe and better environmetn എന്നതാണ് തത്വം. ജനങ്ങള്‍ക്ക് മലിനീകരണ മുക്തമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്വമാണ്. ഒരു മനുഷ്യന്റെ മരണത്തിനു ഉത്തരവാദി റെയില്‍വേ ആണെങ്കില്‍ അവരെക്കൊണ്ടതിനുള്ള ഉത്തരവാദിത്തം പറയിപ്പിക്കേണ്ട ഉത്തരവാദിത്തം കോര്‍പറേഷനും സര്‍ക്കാരിനും തന്നെ. പരസ്പരം പഴിചാരാതെ ശാശ്വതമായ പരിഹാരം കാണാന്‍ ഭരണാധികാരികള്‍ക്കു കഴിയണം.
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ പാടില്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്ലാസ്ലിക്ക് മലിന്യം വലിച്ചെറിയുന്ന സ്ഥലം റെയില്‍വേ സ്റ്റേഷനുകളിലാണ്. ചുരുക്കം ചില മേജര്‍ സ്റ്റേഷനുകളിലൊഴികെ വേറെ ഒരിടത്തും ക്ലീനിംഗ് തൊഴിലാളികളില്ല. റെയിവേ സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ഓവുചാലുകളില്‍ നിന്നുമാണ് ഇത്രയും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഓവുചാലില്‍ അടിഞ്ഞുകൂടാനുള്ള ഒരു കാരണം. റെയില്‍വേ കാലകാലങ്ങളില്‍ ആവശ്യമായ ക്ലിനിംഗ് നടപടികള്‍ ചെയ്യാറില്ലയെന്നാണ് കോപ്പറേഷന്റെ ഭാഗത്തുള്ള ന്യായം. മറ്റൊന്നു റെയില്‍വേയുടെ ഏരിയയില്‍ മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റിന് കടന്നു ചെല്ലാന്‍ ചില നിയമ തടസങ്ങള്‍ നിലവിലുണ്ട്. ആ തടസം നീക്കുന്നതിന് വേണ്ടി റെയില്‍വേയെ പലതവണ കത്തിലൂടെ ബന്ധപ്പെട്ടതായി കോര്‍പറേഷന്‍ അവകാശപ്പെടുന്നുണ്ട്. ഒരു മനുഷ്യന്റെ ജീവന്‍ ബലിയര്‍പ്പിച്ചിട്ടല്ല രാഷ്ട്രീയം കളിക്കേണ്ടത്. ഇത്തരത്തില്‍ രാഷ്ട്രീയം കളിക്കുന്നവരുടെ ലക്ഷ്യം നാടിന്റെയോ ജനങ്ങളുടേയോ നന്മയുമല്ല.
സ്വന്തം വീടു വൃത്തിയാക്കിയിടാന്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന മലയാളികളാണ് ഇവിടുത്തെ യഥാര്‍ത്ഥ പ്രതികള്‍. ഓരോ വീട്ടുകാരും കച്ചവട സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുകയാണ്. ഇതിന് ഒരവസാനമുണ്ടാകണം. കൂടാതെ ഈ 21-ാം നൂറ്റാണ്ടിലും ഇതുപോലുള്ള അഴുക്കുചാലുകളും ഓടകളും കക്കൂസുകളും മറ്റും വൃത്തിയാക്കാന്‍ മനുഷ്യരെ നിയോഗിക്കുന്ന അവസ്ഥയ്ക്കും മാറ്റമുണ്ടാകണം. സാങ്കേതിക വിദ്യ കൊണ്ട് സ്‌പേയ്‌സ് പോലും കീഴടക്കിയ രാജ്യത്തിന് നാട്ടിലെ ഒരു ഓട വൃത്തിയാക്കാന്‍ കഴിയില്ല എന്നത് എത്ര ദയനീയമാണ്.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47