Jess Varkey Thuruthel
പ്രൊഡ്യൂസര്‍ എ കെ സുനില്‍, നടന്‍ നിവിന്‍ പോളി എന്നിവരുള്‍പ്പടെ 6 പേര്‍ക്കെതിരെ ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയ 8 ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകള്‍ക്കെതിരെ (Online news channels) കേസെടുത്തതായി ഊന്നുകല്‍ പോലീസ്. പരാതിക്കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പീഡനകേകേസിന്റെ അന്വേഷണം നടത്തുന്നത് പ്രത്യേക അന്വേഷണ സംഘമാണ്. തെളിവെടുപ്പിന്റെ ഭാഗമായി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിരിക്കുകയാണ് പരാതിക്കാരി.
നിവിന്‍ പോളിയുടേയും പരാതിക്കാരിയുടെയും പാസ്‌പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മാത്രമേ ഇരുവരും പീഡനം നടന്നു എന്നു പറയുന്ന ദിവസങ്ങളില്‍ ദുബായില്‍ ഉണ്ടായിരുന്നോ എന്നു തീര്‍ച്ചപ്പെടുത്താനാവുകയുള്ളു. പരാതിക്കാരിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചത് ഇന്നലെയായിരുന്നു. ഇന്ന് ഇവരോട് ആലുവയില്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിവിന്‍ പോളിക്കെതിരായ ആരോപണം ഉയര്‍ന്ന ആദ്യദിനം മുതല്‍ വമ്പന്‍ സന്നാഹമാണ് നടന്റെ സംരക്ഷണത്തിനായി അണിനിരക്കുന്നത്. യുവതിയുടെ പരാതിയില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നുവെന്നും ആദ്യം നല്‍കിയ പരാതിയില്‍ പീഡനമില്ലായിരുന്നുവെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുകയായിരുന്നുവെന്നുമാണ് ഊന്നുകല്‍ പോലീസ് പറയുന്നത്. പിന്നീട്, സിനിമാ മേഖലയിലെ പീഡന പരാതികള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതോടെ പരാതിക്കാരി ഈ ടീമിനും തന്റെ പരാതി നല്‍കുകയായിരുന്നു.
നിവിന്‍ പോളിക്കെതിരെ നല്‍കിയ പരാതി കള്ളപ്പരാതിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള വന്‍ പ്രചാരണം നടക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നിവിന്‍ പോളി അങ്ങനെ ചെയ്യില്ല എന്നതായിരുന്നു ആദ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍. ഈ വാദത്തെ പിന്തുണയ്ക്കുന്നതിനായി സെറ്റിലും അഭ്രപാളിയിലും നിവിന്‍ നടിമാര്‍ക്കു നല്‍കുന്ന മാന്യതയായിരുന്നു പരാമര്‍ശിക്കപ്പെട്ടിരുന്നത്. പിന്നീട്, പരാതി ഉന്നയിച്ച യുവതി പറയുന്ന ദിവസങ്ങളില്‍ നടന്‍ ദുബായില്‍ ഇല്ലെന്നും തങ്ങളുടെ കൂടെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. വിനീത് ശ്രീനിവാസനാണ് നിവിന് മികച്ച പിന്തുണയുമായി രംഗത്തെത്തിയത്. പിന്നീടിപ്പോള്‍, നിവിന്‍ മാത്രമല്ല, നടിയും ദുബായിലല്ല കേരളത്തിലാണ് ഉണ്ടായിരുന്നത് എന്ന വിവരങ്ങള്‍ മനോരമ ഉള്‍പ്പടെയുള്ള പല മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. ഇതിനിടയില്‍ പരാതി നല്‍കിയ യുവതിയെയും ഭര്‍ത്താവിനെയും മോശക്കാരനാക്കി ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്.
ഊന്നുകല്‍ പോലീസ് സ്‌റ്റേഷനില്‍ ആദ്യം പരാതിയെത്തുമ്പോള്‍ പ്രാഥമിക അന്വേഷണം നടത്തി കേസില്‍ കഴമ്പില്ലെന്നു കണ്ടെത്തി പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. പിന്നീടാണ് ഇവര്‍ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരും സിനിമാ ലോകവും വലിയ വിമര്‍ശനം നേരിടുന്ന അവസരത്തിലായിരുന്നു ഇത്. അതോടെ ഇവരുടെ പരാതിക്ക് വാര്‍ത്താ പ്രാധാന്യമേറി.
നിവിന്‍പോളിക്കും മറ്റ് 5 പേര്‍ക്കുമെതിരായ ഇവരുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ആരാണ് കള്ളം പറയുന്നതെന്ന് പൂര്‍ണ്ണമായും തെളിയുകയുള്ളു. പക്ഷേ, പ്രതിസ്ഥാനത്ത് നിവിന്‍ പോളി ആയതിനാല്‍ ഇതുപോലൊരു ആരോപണം പോലും വരരുത് എന്ന നിലയിലാണ് സമൂഹത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍.
പരാതിക്കാര്‍ക്ക് വ്യക്തമായിട്ടും അറിയാം തങ്ങള്‍ പൊരുതുന്നത് ആര്‍ക്കെല്ലാമെതിരെ ആണെന്ന്. തങ്ങള്‍ക്കെതിരെ ഏതെല്ലാം രീതിയില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ക്കറിയാം. എല്ലാ അന്വേഷണങ്ങള്‍ക്കുമൊടുവില്‍ യഥാര്‍ത്ഥ സത്യം പുറത്തു വരുമെന്നും അവര്‍ വിശ്വസിക്കുന്നു. മാധ്യമങ്ങളും പൊതുജനങ്ങളും തങ്ങളെ എത്രത്തോളം ഒറ്റപ്പെടുത്തിയാലും പൊരുതി മുന്നേറുമെന്ന് ഇവര്‍ പറയുന്നു.
തെറ്റു ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെട്ടേ മതിയാകൂ. അവര്‍ എത്ര സ്വാധീനമുള്ളവരോ പ്രമുഖരോ ആയാലും ശിക്ഷിക്കപ്പെടണം. കള്ളപ്പരാതികള്‍ നല്‍കുന്നവരും ശിക്ഷിക്കപ്പെടണം. സത്യം ജയിക്കട്ടെ.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975