പൊലിഞ്ഞുപോയ ആ കുഞ്ഞുജീവന്‍ നമ്മോടു പറയുന്നത്…


Jess Varkey Thuruthel

മുംബൈയില്‍ ഒരു നാലു വയസുകാരി ഈ ലോകത്തു നിന്നും യാത്രയായ, നോവിക്കുന്ന ഒരു വാര്‍ത്തയുമായിട്ടാണ് ഇന്ന് ഇന്റര്‍നെറ്റ് എനിക്കു മുന്നില്‍ തുറന്നു വന്നത്. കുഞ്ഞുങ്ങളുടെ ചിന്തകളെ വായിച്ചെടുക്കാന്‍ മുതിര്‍ന്നവരായ നമ്മളില്‍ പലരും പരാജയപ്പെടുന്നതാണ് ഇത്തരത്തിലുള്ള പല മരണങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണം.

മുംബൈയിലെ വിരാരില്‍, 19 നിലകളുള്ള ഫ്‌ളാറ്റിന്റെ നാലാം നിലയിലെ തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആ അച്ഛനും അമ്മയും രാവിലെ 7.30 ന് പുറത്തിറങ്ങുമ്പോള്‍ നാലു വയസുകാരിയായ ഏകമകള്‍ ദര്‍ശിനി നല്ല ഉറക്കത്തിലായിരുന്നു. അച്ഛനെ റെയില്‍വേ സ്‌റ്റേഷനിലാക്കി, മകള്‍ ഉണരും മുന്‍പേ തിരിച്ചെത്താമെന്ന് അവര്‍ കണക്കു കൂട്ടി. അച്ഛന്‍ സുരേഷിനെ റെയില്‍വേസ്റ്റേഷനില്‍ ഇറക്കി തിരിച്ചെത്താന്‍ അമ്മ മണി എടുത്ത സമയം വെറും അരമണിക്കൂര്‍ മാത്രമാണ്. പക്ഷേ, കണക്കുകൂട്ടലുകള്‍ പിഴച്ചു പോയി….

ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന ദര്‍ശിനി, അച്ഛനെയും അമ്മയെയും കാണാതെ വല്ലാതെ ഭയന്നിരിക്കണം. സൈഡിലേക്കു തുറക്കാവുന്ന ജനല്‍പ്പാളി മാറ്റി പുറത്തേക്കു നോക്കിയ ദര്‍ശന, ജനല്‍വഴി താഴേക്കു വീഴുകയായിരുന്നു. സുരേഷിനെ യാത്രയാക്കി തിരിച്ചെത്തിയ മണി കണ്ടത് അപ്പാര്‍ട്ട്‌മെന്റിനു മുന്നിലെ ആള്‍ക്കൂട്ടമായിരുന്നു. അതിനടുത്തേക്കു ചെന്നപ്പോഴാണ് അറിഞ്ഞത്, തങ്ങളുടെ ജീവനാണ് അവിടെ രക്തത്തില്‍ കുളിച്ചു കിടക്കുന്നത് എന്ന്! ആശുപത്രിയില്‍ എത്തും മുന്‍പേ തന്നെ കുഞ്ഞ് മരിച്ചിരുന്നു.

സുരേഷിനെ യാത്രയാക്കാന്‍ മകളുമൊന്നിച്ചാണ് അവര്‍ സ്ഥിരം പോയിക്കൊണ്ടിരുന്നത്. എന്നാല്‍, ഒരാഴ്ച മുന്‍പ്, അവരുടെ സ്‌കൂട്ടര്‍ ഒരു ഓട്ടോയുമായി ഇടിച്ചു, കൈയിലിരുന്ന മകള്‍ തെറിച്ചു പോയി. അതിനു ശേഷമാണ് മകളെ രാവിലെ കൊണ്ടുപോകുന്ന രീതിക്കു മാറ്റം വന്നത്. ഉറങ്ങുന്ന മകളെ വിളിച്ചുണര്‍ത്തി, അപ്പാര്‍മെന്റിന്റെ മുന്‍വശത്തെ സോഫയില്‍ കിടത്തി, ഗാര്‍ഡിനെ നോക്കാന്‍ ഏല്‍പ്പിച്ചാണ് അവര്‍ പോയിക്കൊണ്ടിരുന്നത്. ഇത്തവണ ആ രീതിയും ഒന്നമാറ്റി, നിമിഷാര്‍ദ്ധത്തിനുള്ളില്‍ ആ കുഞ്ഞു ജീവനും ഈ ലോകം വിട്ടു പോയി….

ഇത് മുംബൈയില്‍ നിന്നുള്ള വാര്‍ത്തയായിരിക്കാം. പക്ഷേ, മുതിര്‍ന്നവരുടെ ശ്രദ്ധ മാറുന്ന നിമിഷനേരത്തിനകം അപകടത്തിലേക്കു നടന്നടുത്ത കുഞ്ഞുജീവനുകള്‍ നിരവധിയാണ് കേരളത്തിലും. വെള്ളത്തിലേക്ക്, റോഡിലേക്ക്, തീയിലേക്ക്, അങ്ങനെയങ്ങനെ, ഏതെല്ലാം രീതിയില്‍ ജീവനുകള്‍ നഷ്ടമാകുന്നു! തോട്ടില്‍, പുഴയില്‍, എന്തിന് ബക്കറ്റിലെ വെള്ളത്തില്‍ പോലും പൊലിഞ്ഞു പോയത് എത്ര ജീവനുകളാണ്!!

അടുത്ത നിമിഷത്തില്‍ എന്തു സംഭവിക്കുമെന്നു പ്രവചിക്കാന്‍ നമുക്കു സാധിക്കില്ല. എന്തും സംഭവിക്കാം. ആ നിമിഷം വരെ കൂടെയുണ്ടായിരുന്ന നമ്മുടെ ജീവന്റെ ജീവനെത്തന്നെ നമുക്കു നഷ്ടമായേക്കാം. നാം ചിന്തിക്കുന്നതു പോലെ മാത്രമേ കാര്യങ്ങള്‍ മുന്നോട്ടു പോകുകയുള്ളു എന്നു കരുതാനും സാധ്യമല്ല.

കുഞ്ഞുങ്ങളെ ഉറക്കിക്കിടത്തി പണികളെല്ലാം ചെയ്തു തീര്‍ക്കാം എന്നു കരുതുന്ന ഓരോ മാതാപിതാക്കള്‍ക്കുമറിയാം, കുഞ്ഞുങ്ങളുടെ അടുത്തു നിന്നും അവര്‍ മാറുന്ന മാത്രയില്‍ അവര്‍ ഉറക്കമുണരുമെന്ന്. നമ്മള്‍ കരുതുന്നത്ര നിസ്സാരമല്ല ആ കുഞ്ഞുപ്രായത്തില്‍ അവര്‍ക്കു സംരക്ഷണം നല്‍കുന്നത്. അതിനു നമ്മള്‍ കുഞ്ഞുങ്ങളുടെ മനസില്‍ നിന്നും ചിന്തിക്കേണ്ടി വരും. നമ്മളല്ലാതെ ആശ്രയിക്കാന്‍ വേറെ ആരുമില്ലാത്ത അവര്‍ക്ക്, നമ്മുടെ ശൂന്യത ഏതുറക്കത്തിലും മനസിലാക്കാന്‍ സാധിക്കും. അതവരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുക തന്നെ ചെയ്യും. കൂടെ ആരുമില്ലാതെ തനിച്ചായിപ്പോകുന്ന ആ അവസ്ഥയെ നേരിടാന്‍ കുഞ്ഞുങ്ങള്‍ക്കു കഴിയില്ല.

ആലുവയില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്താന്‍ പ്രതി അഫ്‌സാക്കിനു സാധിച്ചതും മാതാപിതാക്കളുടെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധയാണ്. ബ്രഡു വാങ്ങാന്‍ പോയ സഹോദരനു പിന്നാലെ ആരുമറിയാതെ പോയതിനെത്തുടര്‍ന്നാണ് മുഹമ്മദ് റയ്ഹാന്‍ എന്ന ഒന്നര വയസുകാരന്‍ തോട്ടില്‍ വീണു മരിച്ചത്. കുട്ടി വെള്ളത്തില്‍ വീണതു കണ്ട അടുത്തുള്ള കച്ചവടക്കാര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. കോഴിക്കോട് ഏറാമലയിലായിരുന്നു സംഭവം.

ഇടുക്കിയില്‍, വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരന്‍ രോഹന്‍ മുങ്ങി മരിച്ചത് മീന്‍കുളത്തില്‍ വീണാണ്. വീട്ടുമുറ്റത്ത് മീന്‍ കുളമുണ്ടെന്നും കുഞ്ഞ് അവിടേക്ക് ആകര്‍ഷിക്കപ്പെടുമെന്നും ചിന്തിക്കാന്‍ കുഞ്ഞിന്റെ അമ്മയ്ക്കു കഴിയാതെ പോയതാണ് ഈ മരണത്തിനു കാരണം. അടുക്കളയില്‍ പാത്രങ്ങള്‍ കഴുകി തിരിച്ചെത്തിയ സമയത്തിനുള്ളില്‍ ആ രണ്ടു വയസുകാരന്‍ മീന്‍കുളത്തില്‍ വീണിരുന്നു. മകനെ കാണാതെ അമ്മ നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ വീണുകിടക്കുന്ന മകനെ കണ്ടത്.

വെള്ളം നിറഞ്ഞ ബാത്ത് ടബില്‍ കുഞ്ഞിനെ ഇരുത്തി കുറച്ചു നേരത്തേക്ക് മാറിനിന്നപ്പോഴാണ് രണ്ടര വയസുകാരന്‍ ഷാര്‍ജയില്‍ ബാത്ത്ടബ്ബില്‍ മുങ്ങിമരിച്ചത്. വയനാട്ടില്‍ രണ്ടര വയസുകാരന്‍ സ്വിമ്മിംഗ് പൂളില്‍ വീണു മരിച്ചതിനു പിന്നിലും മാതാപിതാക്കളുടെ അശ്രദ്ധയാണ് കാരണം.

മക്കളെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഓരോ മാതാവിന്റെയും പിതാവിന്റെയും നെഞ്ചിലെ തീയാണ് അപകടമേതുമില്ലാതെ അവരെ വളര്‍ത്തിക്കൊണ്ടുവരിക എന്നത്. അതിന്, അപകടങ്ങള്‍ ഉണ്ടാവാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ഉറപ്പിക്കാവുന്ന ഇടങ്ങളിലേക്കു പോലും ജാഗ്രതയോടെ നാം നോക്കേണ്ടിയിരിക്കുന്നു… ഓരോ കുഞ്ഞുമരണങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നതും ഇതാണ്…

Leave a Reply

Your email address will not be published. Required fields are marked *