Jess Varkey Thuruthel
കാഞ്ഞിരവേലിയില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് (Electrocution) മരിച്ചതുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ച് മാടകയില്‍ ഷാജനും ഭാര്യയും. ജൂലൈ 28-ാം തീയതി രാത്രിയാണ് ഇവരുടെ പറമ്പില്‍ പെരിയാറിന്റെ തീരത്തോടു ചേര്‍ന്ന് കാട്ടാന മരിച്ചത്. വൈദ്യുതാഘാതമേറ്റാണ് ആന ചെരിഞ്ഞത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനു തക്ക തെളിവുകളൊന്നും ഇവിടെ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കു കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.
സംഭവം നടന്ന അന്നുരാവിലെ സ്ഥലം ഉടമയായ മാടകയില്‍ ഷാജനും ഭാര്യയും ഒളിവില്‍ പോയിരുന്നു. ആന ചെരിഞ്ഞതറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തുന്നതിനു മുന്‍പു തന്നെ വീട്ടുടമസ്ഥര്‍ അവിടെ നിന്നും പോയി എന്നാണ് നേര്യമംഗലം റേഞ്ച് ഓഫീസര്‍ പറഞ്ഞത്. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതിനാല്‍ അതിന്റെ തീരുമാനം അറിയുന്നതു വരെ നിയമനടപടികള്‍ മന്ദീഭവിപ്പിച്ചിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസില്‍ ആ തീരുമാനത്തിനു ശേഷം മാത്രമാകും ഇനി നടപടി. ഷെഡ്യൂള്‍ ചെയ്യപ്പെട്ട മൃഗമായ കാട്ടാനയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യം ലഭിക്കുക എന്നത് പ്രയാസകരമാണ് എന്നും വനം വകുപ്പ് വ്യക്തമാക്കുന്നു.
മാടകയില്‍ ഷാജനെയും ഭാര്യയെയും ചോദ്യം ചെയ്താല്‍ മാത്രമേ ആന എങ്ങനെയാണ് മരിച്ചത് എന്നു കണ്ടെത്താന്‍ സാധിക്കുകയുള്ളു. ആനയ്ക്ക് എങ്ങനെയാണ് ഷോക്കേറ്റതെന്നും അതിനുപയോഗിച്ച വസ്തുക്കളും കണ്ടെടുക്കേണ്ടതുമുണ്ട്. ഇക്കാര്യങ്ങളും ഷാജനും ഭാര്യയും എവിടെയാണ് ഒളിച്ചിരിക്കുന്നതെന്നും കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥര്‍. ഒളിവില്‍പ്പോയ അന്നുമുതല്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായി അറിഞ്ഞുവെന്നും ഫോറസ്റ്റ് വകുപ്പ് പറയുന്നു.
മാടകയില്‍ ഷാജന്റെയും ഭാര്യയുടേയും ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. ഇവര്‍ നടത്തിക്കൊണ്ടിരുന്ന കോഴിഫാം ഇപ്പോള്‍ നോക്കി നടത്തുന്നത് സഹോദരനും കുടുംബവും തൊഴിലാളിയും ചേര്‍ന്നാണ്.
കൃഷിപ്പണിയും കോഴിവളര്‍ത്തലുമായിരുന്നു മാടകയില്‍ ഷാജന്റെയും കുടുംബത്തിന്റെയും വരുമാനമാര്‍ഗ്ഗം. കാഞ്ഞിരവേലി ഭാഗത്ത് നിരന്തരമായി കാട്ടാനകള്‍ ഇറങ്ങുകയും വ്യാപകമായ രീതിയില്‍ കൃഷി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപിച്ച ഫെന്‍സിംഗ് താറുമാറായിക്കിടക്കുന്നുണ്ട. പുതിയ ഫെന്‍സിംഗിനും ട്രെഞ്ച് സ്ഥാപിക്കുന്നതിനും ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണെന്നും നടപടികള്‍ പൂര്‍ത്തിയായാല്‍ ഇതിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും നേര്യമംഗലം വനംവകുപ്പ് പറയുന്നു.
ഇക്കഴിഞ്ഞ മെയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ദിര രാമകൃഷ്ണന്‍ മരണമടഞ്ഞത്. ഇവരുടെ മൃതദേഹവുമായി വന്‍ പ്രതിഷേധം തന്നെ നാട്ടുകാര്‍ സംഘടിപ്പിച്ചിരുന്നു.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975