Thamasoma News Desk
കാഞ്ഞിരവേലിയില്‍ കാട്ടാന ചെരിഞ്ഞത് വൈദ്യുതാഘാതം (electrocution) മൂലമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മാടകയില്‍ ഷാജന്‍ എന്നയാളുടെ പറമ്പില്‍ പുഴയോടു ചേര്‍ന്നാണ് മൃതദേഹം കിടന്നിരുന്നത്. ജൂലൈ 28 ഞായറാഴ്ച രാത്രിയിലാണ് സംഭവം. ആന ചരിഞ്ഞ വിവരം അയല്‍ക്കാര്‍ പറഞ്ഞാണ് ഷാജനും വീട്ടുകാരുമറിയുന്നത്. പകല്‍ ഏകദേശം 9 മണിക്കായിരുന്നു അത്.
ഷാജനും കുടുംബത്തിനുമായി ഏകദേശം ഒന്നരയേക്കര്‍ പറമ്പാണ് ഉള്ളത്. ഇതില്‍ ഒരു കോഴിഫാമും ഇവര്‍ നടത്തുന്നുണ്ട്. ഈ കോഴി ഫാമില്‍ വെള്ളമെത്തിക്കുന്നതിനായി സോളാര്‍ വൈദ്യുതിയാണ് ഉപയോഗിച്ചിരുന്നത്. പുഴയില്‍ നിന്നും വെള്ളമടിക്കുന്നതിനായി മോട്ടോര്‍ ഉപയോഗിച്ചിരുന്നുവെങ്കിലും കാലവര്‍ഷത്തില്‍ പുഴയില്‍ വെള്ളമുയര്‍ന്നതോടെ മോട്ടോര്‍ അവിടെ നിന്നും സമീപത്തെ കിണറ്റിലേക്കു മാറ്റിയിരുന്നു. പുഴയില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ചു വെള്ളമെടുക്കാന്‍ വൈദ്യുതികാലിന്റെ ആവശ്യമുണ്ടായിരുന്നതിനാല്‍ സാധിച്ചിരുന്നില്ല. അതിനാലാണ് സോളാര്‍ വൈദ്യുതി ഇവര്‍ ഉപയോഗപ്പെടുത്തിയത്.
നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍പ്പെട്ട അടിമാലി പഞ്ചായത്തിന്റെ ഭാഗമാണ് കാഞ്ഞിരവേലി. ഇവിടെ കാട്ടാന ശല്യം അതിരൂക്ഷമാണ്. കൊമ്പന്‍ ചരിഞ്ഞ ഞായറാഴ്ച രാത്രിയ്ക്കു ശേഷം തിങ്കളാഴ്ച രാത്രിയിലും കാട്ടാനകള്‍ ഇവിടെ എത്തിയിരുന്നു. കൃഷി മാത്രമല്ല, പറമ്പില്‍ സ്ഥാപിച്ചിരിക്കുന്ന വയറുകളും പൈപ്പുകളുമെല്ലാം നശിപ്പിച്ചിട്ടാണ് ഓരോ തവണയും ആന പോകുന്നത്. മാടകയില്‍ ഷാജന്റെ കോഴി ഫാമിനോടു ചേര്‍ന്നുണ്ടായിരുന്ന രണ്ടു വാട്ടര്‍ ടാങ്കുകളും ആന നശിപ്പിച്ചിരുന്നു.
കാഞ്ഞിരവേലിയില്‍ കാട്ടാനകളുടെ ശല്യം അതിരൂക്ഷമാണ്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കാഞ്ഞിരവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുണ്ടോ കണ്ടത്തില്‍ ഇന്ദിര രാമകൃഷ്ണന്‍ (72) മരണമടഞ്ഞത്. കൃഷിയിടത്തില്‍ ആടിനെ കെട്ടുന്നതിനിടയില്‍ കാട്ടാന ആക്രമിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണുപോയ ഇന്ദിരയെ ആന ആക്രമിച്ചു കൊല്ലുകയായിരുന്നു.
നിരന്തരമായ ആനയുടെ ആക്രമണം മൂലം പലരും വീടും കൃഷിസ്ഥലവുമുപേക്ഷിച്ച് ഇവിടെ നിന്നും പോയിക്കഴിഞ്ഞു. പോകാന്‍ വേറെ ഇടമില്ലാത്തവരും ജീവിക്കാന്‍ വേറെ മാര്‍ഗ്ഗങ്ങളില്ലാത്തവരും വീടുപേക്ഷിച്ചു പോകാന്‍ മനസനുവദിക്കാത്തവരുമാണ് ഇപ്പോള്‍ ഈ ഭാഗങ്ങളിലുള്ളത്. വന്യമൃഗങ്ങളില്‍ നിന്നും തങ്ങളുടെ ജീവനും വിളകള്‍ക്കും സംരക്ഷണം ലഭിക്കണമെന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ നിരന്തരമായ ആവശ്യമാണ്. ഇന്ദിരയുടെ മരണശേഷം മൃതദേഹവുമായി നേര്യമംഗലം ടൗണില്‍ നാട്ടുകാര്‍ വന്‍പ്രക്ഷോഭമാണ് നടത്തിയത്. എന്നിട്ടും ഇതുവരെയും ജീവനോടെ ബാക്കിയായവര്‍ക്ക് സംരക്ഷണമൊരുക്കാന്‍ വനംവകുപ്പിനോ പഞ്ചായത്തിനോ സാധിച്ചിട്ടില്ല.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47