ഫ്രാന്‍സിസ് പെരുമന….. കേരളം കാണാതെപോയി ആ വലിയ മനസിന്റെ ഉടമയെ

കേവലം ഒരു അനുസ്മരണം…. അതില്‍ ഒതുങ്ങിപ്പോയി ഫ്രാന്‍സിസ് പെരുമന എന്ന ആ ഗാന്ധിയന്റെ ദേഹവിയോഗം. കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന
ഖജാന്‍ജിയും കേരള പ്രതികരണധ്വനി മാസിക ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് പെരുമന(60) ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും സുപരിചിതനായിരുന്ന ഫ്രാന്‍സിസ് പെരുമനയെ പക്ഷേ, മലയാള പത്രങ്ങള്‍ അവഗണിച്ചു. ആ മരണത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ആരും നല്‍കിയില്ല. ചില പത്രങ്ങളിലെ കൊച്ചി എഡിഷനുകള്‍ ഒഴിച്ച് വേറൊരിടത്തും ആ മരണവാര്‍ത്ത
എത്തിയില്ല.

ആരായിരുന്നു ഫ്രാന്‍സിസ് പെരുമന….

നാലു പതിറ്റാണ്ടിലേറെ നീണ്ട മദ്യവിരുദ്ധ പോരാട്ടങ്ങളാണ് ഫ്രാന്‍സിസ് പെരുമന എന്ന മനുഷ്യസ്‌നേഹിയെ ജനസമ്മതനാക്കിയത്. തികഞ്ഞ ഗാന്ധിയനും മുഴുവന്‍ സമയ സാമൂഹിക പ്രവര്‍ത്തകനുമായ ഫ്രാന്‍സിസ് പെരുമന സമൂഹത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു.

ഹര്‍ത്താലുകള്‍ക്കും സമരങ്ങള്‍ക്കുമെതിരെ പലവിധ പോരാട്ടങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം നല്‍കിയത്. കേരള പ്രതികരണ ധ്വനി മാസിക ചീഫ് എഡിറ്ററും കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ട്രഷററുമായിരുന്ന ഫ്രാന്‍സിസ് പെരുമന വ്യാഴാഴ്ചയാണ് അന്തരിച്ചത്.

ഹര്‍ത്താല്‍വിരുദ്ധ മുന്നണി സംസ്ഥാന സെക്രട്ടറി, കൃഷിക്കാരുടെ സംസ്ഥാനതല കൂട്ടായ്മയായ ‘കര്‍ഷകന്‍’ എന്ന സംഘടനയുടെ പ്രസിഡന്റ്, ജൈവകര്‍ഷക സംഘടനകളായ ഓര്‍ഗാനിക് കേരളയുടെ സെക്രട്ടറിയും ഗ്രീന്‍ വേള്‍ഡ് ഫൗണ്ടേഷന്റെ
ചെയര്‍മാനുമായിരുന്നു അദ്ദേഹം. മദ്യത്തിനും ഹര്‍ത്താലിനുമെതിരെ ഒട്ടനവധി സമരങ്ങളാണ് പെരുമന നടത്തിയത്. സാമൂഹിക സേവനരംഗത്തും ആതുര സേവന രംഗത്തും ജൈവകൃഷിയുടെ വ്യാപനത്തിനു വേണ്ടിയും പെരുമന നടത്തിയ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്.


തികച്ചും സാധാരണക്കാരനായി സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ മദ്യനയത്തിലും വ്യക്തമായ അഭിപ്രായമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. എല്‍ കെ എ വിയുടെ വിശിഷ്ടസേവരത്‌ന അവാര്‍ഡ്, മഹിമ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളുംപുരസ്‌കാരങ്ങളും അംഗീകാരങ്ങളും ആദരവുകളുംഅദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *