ജീവനോടെ ശേഷിച്ചവരോട് പണമടയ്ക്കാന്‍ സ്വകാര്യധനകാര്യ സ്ഥാപനങ്ങള്‍

Thamasoma News Desk

‘താങ്കള്‍ സേഫ് ആണോ? ആണെങ്കില്‍ ഈ മാസത്തെ ഇ എം ഐ (EMI) അടയ്ക്കണം’ വയനാട് ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവരെ വിളിച്ച് സുരക്ഷിതരായിരിക്കുന്നോ എന്നു ചോദിച്ച ശേഷം മാസത്തവണ അടയ്ക്കാന്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതായി പരാതി. ഉരുള്‍പൊട്ടലില്‍ സര്‍വ്വം നഷ്ടപ്പെട്ട്, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ജീവച്ഛവമായി ക്യാമ്പുകളില്‍ കഴിയുന്നവരോടാണ് ധനകാര്യസ്ഥാപനങ്ങളുടെ ഈ മനുഷ്യത്വമില്ലായ്മ. മുത്തൂറ്റ്, ബജാജ് ഫിനാന്‍സ് തുടങ്ങി എല്ലാ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വിളിയെത്തിയതായി ക്യാമ്പില്‍ കഴിയുന്നവര്‍ പറയുന്നു.

‘മനുഷ്്യത്വമുള്ള ആര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത ഒരു കാര്യമാണ് ഈ സ്ഥാപനങ്ങള്‍ ചെയ്യുന്നത്. ക്യാമ്പില്‍ അവര്‍ കിടക്കുന്നത് അവര്‍ക്ക് ഒന്നുമില്ലാഞ്ഞിട്ടാണ്. ഇത്തരത്തില്‍ മനുഷ്യത്വരഹിതമായി പെരുമാറാന്‍ ആരെയും അനുവദിക്കില്ല. ദുരിതത്തില്‍പ്പെട്ടവരില്‍ നിന്നും രക്ഷപ്പെട്ടവരെ ദ്രോഹിക്കാന്‍ ആരെയും അനുവദിക്കില്ല,’ റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ ജീവന്‍ മാത്രം ബാക്കിയായവരോട് കടമെടുത്ത പണത്തിന്റെ തിരിച്ചടവ് മുടങ്ങാതെ തിരിച്ചടയ്ക്കാന്‍ പറയണമെങ്കില്‍ മനസാക്ഷിയെന്നത് ലവലേശം പോലുമില്ലാത്തവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു. സുരക്ഷിതരാണെങ്കില്‍ പണമടയ്ക്കണം എന്നതാണ് അവര്‍ നിര്‍ദ്ദേശിച്ചത്. ഇനിയെന്ത് എന്ന ചിന്തയില്‍ കഴിയുന്നവരെ ഇത്തരത്തില്‍ ദ്രോഹിക്കാന്‍ കഴുത്തറുപ്പന്‍ ബാങ്കുകള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല എന്നത് എത്രയോ ദയനീയമാണ്.
…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *