Thamasoma News Desk
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(73) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാല്‍പ്പാദം മുറിച്ചുമാറ്റാനിരിക്കെ, ഇന്നു വൈകിട്ടോടെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്. വനജയാണ് ഭാര്യ. സ്മിത, സന്ദീപ് എന്നിവര്‍ മക്കളാണ്.
1982 മുതല്‍ 1991 വരെ എം എല്‍ എ ആയിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നല്‍കണമെന്ന അപേക്ഷ ദേശീയ നേതൃത്വം പരിഗണിക്കുന്നതായി ഇന്ന് രാവിലെ വാര്‍ത്ത വന്നിരുന്നു. കഴിഞ്ഞ രണ്ടു ടേമുകളായി സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരുകയായിരുന്നു.
കോട്ടയം ജില്ലയിലെ കറുകച്ചാലിനടുത്ത് കാനം എന്ന ഗ്രാമത്തില്‍ 1950 നവംബര്‍ 10-നാണ് അദ്ദേഹം ജനിച്ചത്. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ച കാനം 1982, 1987 വര്‍ഷങ്ങളില്‍ ഏഴ്, എട്ട് നിയമസഭകളിലേക്ക് വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ന്ന് യുവജന സംഘടനാ രംഗത്തും സിപിഐയുടെ നേതൃത്വത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചു.
എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978-ല്‍ സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982, 1987 വര്‍ഷങ്ങളില്‍ വാഴൂരില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006-ല്‍ എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 2012 ല്‍ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി. 2015 മാര്‍ച്ച് രണ്ടിനാണ് കാനം രാജേന്ദ്രന്‍ ആദ്യമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറിയാകുന്നത്.