കേരളോത്സവം 2024: ലോകചാമ്പ്യന്മാരുടെ പിറവിക്കായി വേദിയൊരുക്കി കവളങ്ങാട്

Thamasoma News Desk

ഇന്ന് ലോകം നെഞ്ചിലേറ്റുന്ന ഓരോ ചാമ്പ്യന്മാരുടേയും വിജയക്കുതിപ്പിന്റെ തുടക്കം അവരവരുടെ നാട്ടിലെ കളിക്കളങ്ങളില്‍ നിന്നാണ്. കലയിലും കായിക രംഗത്തും അഭിരുചികളുള്ള ഓരോ വ്യക്തിയെയും എല്ലാ പ്രോത്സാഹനങ്ങളും നല്‍കി ഒരു നാട് ചേര്‍ത്തു പിടിക്കുമ്പോള്‍, അവിടെ ഒരു കലാ-കായിക താരം പിറക്കുകയായി. അത്തരമൊരു മഹത്തായ സൃഷ്ടിക്ക് വേദിയൊരുക്കി കവളങ്ങാട് ഗ്രാമപഞ്ചായത്ത്. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും കവളങ്ങാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന ‘കേരളോത്സവം 2024’ (Keralolsavam 2024) ന് ചെമ്പന്‍കുഴി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും തുടക്കമായി. നവംമ്പര്‍ 24 മുതല്‍ ഡിസംബര്‍ ഒന്നുവരെ നീണ്ടുനില്‍ക്കുന്ന മഹാമാമാങ്കത്തിനാണ് തുടക്കമായിരിക്കുന്നത്.

‘കവളങ്ങാട് ഗ്രാമപഞ്ചായത്തില്‍ നിന്നും ലോകോത്തര പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണിത്. കഴിവുകളുള്ള ഓരോ കുട്ടിയെയും കണ്ടെത്തി, അവര്‍ക്ക് ലക്ഷ്യബോധവും വിജയിച്ചു മുന്നേറാനുള്ള അവസരങ്ങളും നല്‍കി നാടിന്റെ യശസുയര്‍ത്തുക എന്ന മഹത്തായ ലക്ഷ്യമാണ് കേരളോത്സവത്തിന്റെ പ്രേരക ശക്തി. കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ എല്ലാ മേഖലകളിലുമുള്ള മികച്ച കലാ-കായിക പ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് എല്ലാ പിന്തുണയും അവസരങ്ങളും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും വേണ്ടിയാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ പരിപാടി സംഘടിപ്പിക്കുന്നത്. പഞ്ചായത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു മാത്രമായി ഈ മത്സരങ്ങള്‍ വച്ചാല്‍, മറ്റു പ്രദേശങ്ങളിലെ പ്രതിഭകള്‍ക്ക് അവസരം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതിനാല്‍ ചെമ്പന്‍കുഴിയില്‍ മാത്രമായി ഈ മത്സരങ്ങള്‍ ഒതുങ്ങുന്നില്ല. നേര്യമംഗലത്തും നെല്ലിമറ്റത്തും പരീക്കണ്ണിയിലുമായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. മൊബൈല്‍ ഫോണുകളില്‍ ഒതുങ്ങിപ്പോയ മനുഷ്യര്‍ക്ക് ചുറ്റുമുള്ള ജീവിതങ്ങളും ആരവങ്ങളും കാണാനും ആസ്വദിക്കാനുമുള്ള അവസരം കൂടിയാണിത്,’ ചെമ്പന്‍കുഴി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന വോളിബോള്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കവെ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിബി മാത്യു പറഞ്ഞു.

‘ഇന്ന് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കുട്ടികളിലെ ലഹരി ഉപയോഗമാണ്. മൊബൈല്‍ ഫോണുകളുടെ അനാവശ്യമായ ഉപയോഗം മൂലം കുട്ടികളുടെ കായിക ക്ഷമത നശിച്ചു. ലക്ഷ്യബോധം നഷ്ടപ്പെട്ട അവര്‍ സമൂഹത്തിലെ അഴുക്കു ചാലിലേക്ക് അറിഞ്ഞും അറിയാതെയും വീണുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നത്തില്‍ നിന്നും അവരെ മോചിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് അവരെ കലാകായിക രംഗങ്ങളിലേക്കു തിരിച്ചു വിടുക എന്നത്. അത്തരത്തില്‍ ലക്ഷ്യബോധത്തോടെ വളരുന്ന കുട്ടികള്‍ നേര്‍വഴിയിലൂടെ തന്നെ സഞ്ചരിക്കും. ശരിയായ തീരുമാനങ്ങളും ലക്ഷ്യബോധവുമുള്ള കുട്ടികളുടെ കൈകളിലാണ് നാളെയുടെ പ്രതീക്ഷകള്‍. അത്തരത്തിലുള്ള കുട്ടികളെ വാര്‍ത്തെടുക്കുക എന്നതാണ് കേരളോത്സവം പോലുള്ള മേളകളുടെ ലക്ഷ്യം. കലയിലും കായികരംഗത്തും പരിശീലനം നേടുക എന്നത് വളരെ ചെലവേറിയ കാര്യമാണ്. പ്രതിഭകളായ കുട്ടികളെ ഇവയില്‍ നിന്നും അകറ്റുന്നതിനുള്ള പ്രധാന കാരണവും ഇതുതന്നെ. ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരം നല്‍കുക എന്നതാണ് ഇത്തരം മേളകളിലൂടെ ലക്ഷ്യമിടുന്നത്. ചെറിയ ചെറിയ ക്ലബുകളിലും വീടിനടുത്തെ ഗ്രൗണ്ടുകളിലും വേദികളിലും പങ്കെടുത്ത് കഴിവു തെളിയിച്ചവര്‍ക്കു മുന്നില്‍ അവസരങ്ങളുടെ വലിയ ജാലകങ്ങളാണ് തുറക്കപ്പെടുന്നത്. അതിനാല്‍ ഇത്തരം അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ഓരോരുത്തരും ചെയ്യേണ്ടത്,’ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണ സമിതി അംഗം ജോയി പോള്‍ പറഞ്ഞു.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷിബു പടപ്പറമ്പത്ത്, ഉഷ ശിവന്‍, പഞ്ചായത്തംഗം അഡ്വ എം കെ വിജയന്‍, എല്‍ബിന്‍, നൂര്‍ജി ഷംസുദ്ദീന്‍ എന്നിവരും പ്രസംഗിച്ചു. കേരളോത്സവത്തിന്റെ ഭാഗമായി ഷട്ടില്‍ മത്സരങ്ങള്‍ നവംബര്‍ 25 തീയതി നേര്യമംഗലം നിള ഓഡിറ്റോറിയത്തിലും, സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നവംബര്‍ 26-ാം തീയതി പരീക്കണ്ണി അന്തിനാട്ട് സ്‌പോര്‍ട്‌സ് ക്ലബ് അരീനയിലും, കലാ മത്സരങ്ങള്‍ നവംബര്‍ 27 ബുധനാഴ്ച നേര്യമംഗലം കമ്മ്യൂണിറ്റി ഹാളിലും, ഫുട്‌ബോള്‍ മത്സരം നവംബര്‍ 30 ശനിയാഴ്ച രാവിലെ മുതല്‍ നെല്ലിമറ്റം സെന്റ് ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലും, ക്രിക്കറ്റ് മത്സരങ്ങള്‍ ഡിസംബര്‍ 1 ഞായര്‍ രാവിലെ 9 മണി മുതല്‍ പരിക്കണ്ണി അന്തിനാട്ട് സ്‌പോര്‍ട്‌സ് ഹബ്ബ് അരീനയിലും വച്ച് നടക്കും.

കേരളോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ വച്ച് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പോള്‍ വോള്‍ട്ടില്‍ സ്വര്‍ണം നേടിയ ജീന ബേസിലിനെയും, ജില്ലാതല മത്സരത്തില്‍ വിവിധ കായിക ഇനങ്ങളില്‍ സ്വര്‍ണം നേടിയ ആന്‍ മരിയ ബിനുവിനെയും ആദരിക്കുന്നു

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *