കേരളോത്സവ ലഹരിക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി

Jess Varkey Thuruthel

ഉത്സവത്തിമിര്‍പ്പിന്റെ ആഘോഷാരവങ്ങള്‍ക്കു കൊടിയിറങ്ങി. കളിക്കളത്തില്‍ വിജയിച്ചവര്‍ നിറഞ്ഞ ആത്മവിശ്വാസത്തോടെയും പൊരുതി തോറ്റവര്‍ അടുത്ത മത്സരത്തില്‍ എതിരാളികളെ തോല്‍പ്പിക്കാനുള്ള വാശിയോടെയും കളമൊഴിഞ്ഞിരിക്കുന്നു. കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളുടെ വീറും വാശിയും വിജയിച്ചു മുന്നേറാനുള്ള ആവേശവും പതിന്മടങ്ങു ജ്വലിപ്പിച്ചു കൊണ്ടാണ് കേരളോത്സവം 2024 ന് (Keralotsavam 2024) പരിസമാപ്തി കുറിച്ചത്. ഇഞ്ചോടിച്ചു പോരടിച്ച്, നിസ്സാര പോയിന്റുകളുടെ വ്യത്യാസത്തില്‍ കപ്പ് നഷ്ടപ്പെട്ടവര്‍ അടുത്ത അങ്കത്തിനു വേണ്ടി മനസും ശരീരവും ഒരുക്കുവാനുള്ള ദൃഢതീരുമാനത്തിലാണ്. കളിക്കളത്തില്‍ വിജയിച്ചോ കപ്പു നേടിയോ എന്നതിനെക്കാള്‍ ഉപരിയായി മത്സരിക്കാനും നാടിന്റെ നാനാഭാഗത്തു നിന്നുമുള്ള കളിക്കാരെ പരിചയപ്പെടുവാനും കിട്ടിയ അവസരം ആഘോഷമാക്കിയവരാണിവര്‍.

സംസ്ഥാന യുവജന ബോര്‍ഡും കവളങ്ങാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം 2024 ന് തുടക്കം കുറിച്ചത് നവംബര്‍ 24നാണ്. വോളിബോള്‍, ഷട്ടില്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, കലാമത്സരങ്ങള്‍ എന്നിവയായിരുന്നു മത്സരയിനങ്ങള്‍. ഡിസംബര്‍ ഒന്നുവരെ നീണ്ടുനിന്ന ഈ യുവജന ആഘോഷത്തില്‍ നിരവധി താരങ്ങളാണ് പങ്കെടുത്തത്.

എട്ടു ടീമുകളാണ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തത്. വാശിയേറിയ ഈ മത്സരത്തില്‍ ചെമ്പന്‍കുഴി ടീം ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. നേര്യമംഗലം ടീം റണ്ണേഴ്‌സ് അപ്പ് ആയി. എട്ടു ടീമുകള്‍ തന്നെയാണ് ഫുട്‌ബോള്‍ മത്സരത്തിലും മാറ്റുരച്ചത്. ഈ മത്സരത്തില്‍ CLUB 44 നെല്ലിമറ്റം ജേതാക്കളായപ്പോള്‍ ഇവരുടെ തന്നെ ബി ടീം റണ്ണേഴ്‌സ് അപ്പ് ആയി.

കേരളോത്സവത്തിന്റെ രണ്ടാം ദിവസം നടന്ന ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയ 8 ടീമുകളില്‍ വില്ലാഞ്ചിറ ടീം ഒന്നാം സ്ഥാനം നേടിയപ്പോള്‍ നേര്യമംഗലം ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേരളോത്സവത്തിന്റെ ഉത്ഘാടന ദിവസത്തിലാണ് വോളിബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. എട്ടു ടീമുകള്‍ മാറ്റുരച്ച ഈ മത്സരത്തില്‍ മത്സരത്തില്‍ ക്ലബ് 44 നെല്ലിമറ്റം വിജയികളായി. ചെമ്പന്‍കുഴി ടീമാണ് റണ്ണേഴ്‌സ് അപ്പ് കിരീടം നേടിയത്.

മൊബൈല്‍ സ്‌ക്രീനുകളില്‍ തളച്ചിടപ്പെട്ട യുവത്വത്തെ കളിയാരവങ്ങളിലേക്കിറങ്ങാനും ജീവിതത്തിന്റെ എല്ലാ സന്തോഷനിമിഷങ്ങളും സ്വന്തമാക്കാനും ഇത്തരം കലാകായിക വിനോദങ്ങള്‍ വളരെയേറെ പ്രയോജനകരമാണ്. അതോടൊപ്പം കായിക രംഗത്തും കലകളിലും മികവു പുലര്‍ത്തുന്ന താരങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തലത്തിലേക്ക് ഉയരുവാനുള്ള മികച്ച അവസരങ്ങള്‍ കൂടിയാണ് ഇത്തരം വേദികള്‍. പണമില്ലാതെ, അവസരങ്ങളില്ലാതെ തങ്ങളുടെ ആഗ്രഹങ്ങളെ മനസില്‍ തന്നെ കുഴിച്ചു മൂടി ജീവിതം തള്ളിനീക്കേണ്ടി വരുന്നവര്‍ക്കും ഇത്തരം കലാകായികമത്സരങ്ങള്‍ വളരെ പ്രയോജനകരമാണ്. കായിക മികവിന്റെ അടിസ്ഥാനത്തില്‍ മികച്ച ജോലിയും ജീവിത നിലവാരവും കൈവരിക്കുവാനും ഈ മത്സരങ്ങള്‍ യുവാക്കളെ പ്രാപ്തരാക്കുന്നു.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *