Thamasoma News Desk
എറണാകുളം ജില്ല സ്‌പോര്‍ട്‌സ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വിജയകിരീടം ചൂടി കോതമംഗലം റോട്ടറി കരാട്ടെ ക്ലബ് (Kothamangalam Rotary Karate Club). കോലഞ്ചേരി കടയിരുപ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവംബര്‍ 16, 17 തീയതികളില്‍ നടന്ന 45-ാമത് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലെ സീനിയര്‍ വിഭാഗം മത്സരത്തിലാണ് കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബ് ഓവറോള്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി ജേതാക്കളായത്.
എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, ജില്ലാ ഒളിംമ്പിക് അസോസിയേഷന്റേയും ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ നടന്നത്. സബ് ജൂനിയര്‍, കേഡറ്റ്, ജൂനിയര്‍, അണ്ടര്‍- 21, സീനിയര്‍ എന്നീ വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരങ്ങള്‍. സീനിയര്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കോതമംഗലം റോട്ടറി ക്ലബ്, ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടി. എറണാകുളം ജില്ലാ കരാട്ടെ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത 55 ക്ലബ്ബുകളില്‍ നിന്നായി 800-ഓളം ജില്ലാ, സംസ്ഥാന, ദേശീയ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ ഡിസംബറില്‍ നടക്കുന്ന 45-മത് സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കും.
ജില്ലാ ജേതാക്കളെ അനുമോദിക്കുന്നതിനായി കോതമംഗലം റോട്ടറി ഭവനില്‍ ചേര്‍ന്ന അനുമോദന യോഗം റോട്ടറി കരാട്ടെ ക്ലബ്ബ് പ്രസിഡന്റ് അഡ്വ കെ ഐ ജേക്കബ് ഉദ്ഘാടനം ചെയ്തു. 2036ല്‍ നടക്കുന്ന ഒളിംമ്പിക്‌സ് സ്വപ്നം കണ്ടുകൊണ്ടാകണം നാളെ മുതല്‍ തുടങ്ങുന്ന പരിശീലനമെന്നും എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ഈ ലക്ഷ്യത്തിലെത്താന്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജില്ലാ കരാട്ടെ അസോസിയേഷന്‍ ജോ. സെക്രട്ടറി റെനി പോള്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ ജയ സതീഷ്, ആന്‍ മരിയ ഷാജന്‍, ജില്ലാ റഫറി അജയ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. റോട്ടറി കരാട്ടെ ക്ലബ്ബ് സെക്രട്ടറിയും, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി അംഗവുമായ ജോയി പോള്‍ സ്വാഗതവും റോസ് മരിയ ബിജു കൃതജ്ഞതയും പറഞ്ഞു.
അംഗീകൃത കരാട്ടെ ക്ലബിലൂടെ മത്സരിക്കുന്ന കുട്ടികളെ കാത്തിരിക്കുന്നത് കൈ നിറയെ അവസരങ്ങളാണെന്ന് മുഖ്യപരിശീലകന്‍ ജോയി പോള്‍ വ്യക്തമാക്കി. ‘ജില്ലാതല മത്സരങ്ങളിലെ വിജയികള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്‌സേര്‍വര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഈ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂള്‍-കോളേജ് തല പ്രവേശനം എളുപ്പമാക്കും. സംസ്ഥാനതല മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. കൂടാതെ, സ്‌പോര്‍ട്‌സ് ക്വാട്ടാ വഴി സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറാനും ഈ കുട്ടികള്‍ക്കു സാധിക്കും,’ ജോയ് പോള്‍ പറഞ്ഞു.
…………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975