ആനശല്യം: ഫോറസ്റ്റ് വാഹനം തടഞ്ഞുവച്ച് നീണ്ടപാറ നിവാസികള്‍

Thamasoma News Desk

നീണ്ടപാറ സ്വദേശിയായ മോളത്ത് ബേബിയുടെ സോളാര്‍ ഫെന്‍സിംഗും തകര്‍ത്ത് കൃഷിയിടത്തില്‍ പ്രവേശിച്ച ആനക്കൂട്ടം (Wild elephant) വ്യാപകമായി കൃഷി നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് വനം വകുപ്പിന്റെ വാഹനം തടഞ്ഞുവച്ച് നീണ്ടപാറ നിവാസികള്‍. ആനശല്യത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കാതെ വാഹനം വിട്ടു നല്‍കുകയില്ലെന്നാണ് നാട്ടുകാരുടെ തീരുമാനം. ‘പോലീസ് വരട്ടെ, അറസ്റ്റു ചെയ്യട്ടെ. ആന പ്രശ്‌നത്തിന് തീരുമാനമാകാതെ വാഹനം വിട്ടുനല്‍കില്ല. അല്ലെങ്കില്‍ റേഞ്ച് ഓഫീസര്‍ ഇവിടെ വരണം. പ്രശ്‌നത്തിന് പരിഹാരം കാണണം,’ നീണ്ടപാറ നിവാസിയായ ഓലിക്കല്‍ പീതാബരന്‍ പറയുന്നു.

എറണാകുളം ജില്ലയിലെ നേര്യമംഗലത്തിനടുത്ത് കട്ടപ്പന റൂട്ടില്‍, മലയോര ഗ്രാമമായ നീണ്ടപാറയിലെ ജനങ്ങളുടെ ജീവനും ജീവിതത്തിനും കൃഷിക്കും ഭീഷണിയായി കാട്ടാനകള്‍ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആനകളുടെ ആക്രമണത്തില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ സമരങ്ങള്‍ ഏറെ ചെയ്തു കഴിഞ്ഞു. ആനശല്യത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കി ഓലിക്കല്‍ പീതാമ്പരന്‍ ഒരിക്കല്‍ കെ എസ് ഇ ബിയുടെ ടവറിനു മുകളില്‍ കയറി സമരം നടത്തിയിരുന്നു. കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ അന്നത്തെ പ്രസിഡന്റ് ആയിരുന്ന സൈജന്റ് ചാക്കോയും എം എല്‍ എ ആന്റണി ജോണും മറ്റുമെത്തി അദ്ദേഹത്തെ സമാധാനിപ്പിച്ച് താഴെയിറക്കുകയായിരുന്നു. ഉടന്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്ന ഉറപ്പു നല്‍കി അവര്‍ പോയിട്ട് ഇപ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

കരിമണല്‍ മുതല്‍ ചെമ്പന്‍കുഴി വരെ ഏകദേശം 5 കിലോമീറ്ററില്‍ ഹാങ്ങിംഗ് ഫെന്‍സിംഗിന് അനുമതിയുമായി. ഇനി പണി തുടങ്ങിയാല്‍ മതിയെന്ന് വനംവകുപ്പ് പറയുന്നു. ഉടന്‍ തന്നെ ഫെന്‍സിംഗിന്റെ പണി തുടങ്ങുമെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു.

ഏകദേശം 75,000 രൂപ മുടക്കി സ്വകാര്യ ഏജന്‍സിയാണ് മോളത്ത് ബേബിയുടെ ഭൂമിയില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചത്. പുഴയ്ക്ക് അക്കരെ നിന്നും റോഡിനു മേല്‍ഭാഗത്തുള്ള കാട്ടില്‍ നിന്നും ആനയെത്തി. ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ നിന്ന വാഴ മറിച്ച് ഫെന്‍സിംഗിനു മുകളിലേക്കിട്ടു. അതോടെ, ഫെന്‍സിംഗിന്റെ പ്രവര്‍ത്തനം നിലച്ചു. അതോടെ ആനകള്‍ കൂട്ടത്തോടെ ആ കൃഷിഭൂമിയില്‍ കയറി നാശം വിതയ്ക്കുകയായിരുന്നു. അതിരൂക്ഷമായ ആനശല്യത്തെത്തുടര്‍ന്ന് 2021 ലാണ് അദ്ദേഹം തന്റെ കൃഷിയിടത്തില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചത്. അന്നുമുതല്‍ ഇന്നേവരെ ആനശല്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അടുത്ത കൃഷിയിടത്തില്‍ ആനയെത്തുമ്പോഴും ഇദ്ദേഹത്തിന്റെ കൃഷിയിടം സുരക്ഷിതമായിരുന്നു. എന്നാലിപ്പോള്‍, ആന അതും തകര്‍ത്തിരിക്കുന്നു.

ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എത്തി പ്രശ്‌നത്തിനു പരിഹാരം കണ്ടാല്‍ മാത്രമേ വാഹനം വിട്ടുനല്‍കുകയുള്ളു എന്നാണ് ജനങ്ങള്‍ പറയുന്നത്. അത്രയേറെ അവര്‍ സഹിച്ചു കഴിഞ്ഞു. ധര്‍ണ്ണകളും സമരങ്ങളും പ്രതിഷേധങ്ങളും അനവധി നടത്തിക്കഴിഞ്ഞു. ഏതെങ്കിലുമൊരു പാമ്പു ചത്താല്‍പ്പോലും ഓടിയെത്തുന്ന ഫോറസ്റ്റ് ഓഫീസറെന്താണ് ഇത്രയും പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടായിട്ടും വരാത്തതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കവളങ്ങാട് ഗ്രാമപഞ്ചായത്ത് മെംബര്‍ സന്ധ്യ ജെയ്‌സന്‍ ഉള്‍പ്പടെയുള്ളവര്‍ നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുകയാണ്.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *