Thamasoma News Desk
ആ മകന് 20 വയസ് പൂര്‍ത്തിയായി. പക്ഷേ, ഇപ്പോഴും അവന് അറിയില്ല, അവന്‍ വളര്‍ന്നുവെന്ന്. കാരണം ആ കുഞ്ഞ് ഓട്ടിസ്റ്റിക് ആണ് (Autism). അവന്റെ പേര് സിദ്ധാര്‍ത്ഥ്. ഓട്ടിസം ബാധിച്ച മക്കള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടി നിരന്തരം പോരാട്ടം നടത്തുന്ന പ്രീതയാണ് സിദ്ധാര്‍ത്ഥിന്റെ അമ്മ. മൂന്നു ദിവസം മുന്‍പ് ആ അമ്മ തന്റെ മകനൊപ്പമുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു.
ലൈംഗിക ദാരിദ്ര്യം ബാധിച്ച ഇത്രയേറെ മനുഷ്യര്‍ കേരളത്തിനുണ്ടെന്ന് അവര്‍ക്കു മനസിലാക്കിക്കൊടുത്ത ഒരു സംഭവമായിരുന്നു അത്. ഇത് നിങ്ങളുടെ മകനാണോ എന്ന ചോദ്യത്തില്‍ തുടങ്ങി, മല്ലു ആന്റി എന്ന വിശേഷണത്തില്‍ ആ വീഡിയോ പറന്നു നടന്നു. അറബ് രാജ്യങ്ങളില്‍ നിന്നുപോലും തന്നെത്തേടി അന്വേഷണങ്ങളെത്തുന്നുവെന്ന് പ്രീത. അവര്‍ക്കു വേണ്ടത് ആന്റിയുമൊത്തുള്ള സ്വകാര്യനിമിഷങ്ങളാണ്. ചിലര്‍ സ്വന്തം ജനനേന്ദ്രിയത്തിന്റെ നീളവും വണ്ണവും വരെ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു.
ഒരിക്കലും തൃപ്തി വരാത്ത, അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയില്‍ ജീവിക്കുന്ന നിരവധിയാളുകള്‍ നമുക്കു ചുറ്റുമുണ്ടെന്ന് മാത്രമാണ് ഈ വീഡിയോയില്‍ അശ്ലീലം കാണുന്നതിലൂടെ മനസിലാക്കാന്‍ കഴിയുന്നത്. മകനോടൊപ്പം അമ്മയെയോ മകളോടൊപ്പം അച്ഛനെയോ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തവിധം മലീമസമായിപ്പോയി ചില മനസുകള്‍. കുറച്ചു പ്രായമായ ആന്റിമാരെത്തേടി നടക്കുന്ന അനേകമനേകം പേര്‍.
അമിതമായ സദാചാര ബോധം തലയ്ക്കു പിടിച്ച് പുറമെ മാന്യന്മാരായി കഴിയുന്ന മനുഷ്യരുടെ ഉള്ളിലെ ലൈംഗികത എത്രമാത്രമാണ് എന്നതാണ് ഇതു വെളിവാക്കുന്നത്. ആ അമ്മയെയും മകനെയും സംബന്ധിച്ച് ഇത് സദാ നടക്കുന്നൊരു കാര്യമാണ്. ഭക്ഷണം കഴിക്കുക എന്ന സ്വാഭാവിക കാര്യം പോലും കൃത്യമായി ചെയ്യാന്‍ പ്രാപ്തരല്ലാത്തവരാണ് ഈ കുട്ടികള്‍. നിത്യേനയുള്ള ഇത്തരം കാര്യങ്ങള്‍ ഇവര്‍ പഠിക്കുകയല്ല, മറിച്ച് അവര്‍ ട്രെയിന്‍ഡ് ആകുകയാണ് ചെയ്യുന്നത്.
ജീവിതകാലം മുഴുവനും ഇവരുടെ കാര്യങ്ങള്‍ നോക്കി, മറ്റൊരിടത്തും പോകാനാകാതെ, ഈ കുഞ്ഞുങ്ങളെ തനിച്ചാക്കി ഒരിടത്തും പോകാന്‍ കഴിയാതെ സദാ ഇവരുടെ കൂടെത്തന്നെ ജീവിച്ച് ഇവരെ പരിചരിച്ച് ജീവിതം ഹോമിക്കുന്നവരാണ് ഓട്ടിസം പോലുള്ള പ്രശ്‌നങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കള്‍. അവരുടെ മരണത്തില്‍ മാത്രം അവസാനിക്കുന്ന ജീവിത ദുരിതമാണത്. എത്ര പുഞ്ചിരിച്ചാലും നോവ് ഉള്ളുലച്ചു കൊണ്ടേയിരിക്കും. ഈ ദുരിതങ്ങളെല്ലാം താങ്ങുന്ന മനസിന് മലയാളികളുടെ ലൈംഗിക ദാരിദ്ര്യം കലര്‍ന്ന ചോദ്യങ്ങളും അന്വേഷണങ്ങളും വെറും നിസ്സാരം മാത്രം.
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47