Thamasoma News Desk
‘കുന്നും മലകളും ഓടിയും ചാടിയും കയറി പേശികള്‍ ദൃഢമായ, കായിക ശേഷിയില്‍ മുന്നിട്ടു നില്‍ക്കുന്നവരാണ് ഇടുക്കി ജില്ലയിലെ ചുണക്കുട്ടികള്‍. ലോകരാജ്യങ്ങളിലെ താരങ്ങളോടു മത്സരിച്ച് വിജയിക്കാന്‍ അവര്‍ക്കു ശേഷിയുണ്ട്. അതിനാല്‍, ഒളിംപിക് താരങ്ങള്‍ക്കു ജന്മമേകാന്‍ സാധിക്കുന്ന ജില്ലയാണ് ഇടുക്കി (Olympics). നമ്മുടെ നാടിന്റെ യശസിനെ ആകാശത്തോളം ഉയര്‍ത്തിയ ഒട്ടനവധി കായിക താരങ്ങള്‍ പിറന്ന മണ്ണാണിത്. അവരെല്ലാം ആദ്യചുവടുകള്‍ വച്ചത് സ്വന്തം വീടിന്റെ ചുറ്റുവട്ടത്തു നിന്നുമായിരുന്നു. സ്‌കൂളുകളില്‍, സബ് ജില്ലയില്‍ പിന്നെ ജില്ലയിലൂടെ വളര്‍ന്ന് സംസ്ഥാന, ദേശീയ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നു പോയ കായിക താരങ്ങളുടെയെല്ലാം തുടക്കം ഇതുപോലുള്ള ചെറിയ വേദികളില്‍ നിന്നായിരുന്നു. നാടിന് അഭിമാനമാകുന്ന, ഒളിംപിക്‌സ് മെഡല്‍ നേടാന്‍ ശേഷിയുള്ള ഒരു താരം ഇവിടെ നിന്നും പിറവി കൊള്ളാനാണ് ഞങ്ങളുടെ പരിശ്രമങ്ങളത്രയും,’ സംസ്ഥാന കരാട്ടെ അസോസിയേഷന്‍ വൈസ് പ്രസിഡന്റും, ടൂര്‍ണമെന്റ് ഡയറക്ടറുമായ ജോയി പോള്‍ പറഞ്ഞു. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരത്തോടെ കേരള കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ചു നടന്ന ഉത്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്വയം രക്ഷിക്കാനും മറ്റുള്ളവരെ രക്ഷിക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കരാട്ടെ പോലുള്ള ആയോധന കലകള്‍. ഇത്തരം കലകള്‍ അഭ്യസിക്കുന്നവരുടെ ഏറ്റവും വലിയ ആയുധം മനസാണ്. ആത്മധൈര്യമുണ്ടെങ്കില്‍ ആരെയും തോല്‍പ്പിക്കാം. അവര്‍ക്ക് ആര്‍ക്കു മുന്നിലും തല കുനിക്കേണ്ടി വരില്ല. ഏറ്റവും മികച്ച അച്ചടക്കവും ക്ഷമയുമുള്ള വ്യക്തിയായി മാറാനും കരാട്ടെ ഉള്‍പ്പടെയുള്ള ആയോധന കലകളിലെ പരിശീലനം ഒരു വ്യക്തിയെ സഹായിക്കും. അവര്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ഏതൊരു പ്രശ്‌നത്തെയും അതിജീവിക്കാനുള്ള കരുത്തും ആത്മബലവും ഉണ്ടായിരിക്കുകയും ചെയ്യും,’ ചടങ്ങിനോടനുബന്ധിച്ച് പുതുവത്സര സന്ദേശം നല്‍കവെ ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍ പറഞ്ഞു.
ജനുവരി 24,25,26 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇടുക്കി ജില്ലാ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സും ഇതോടൊപ്പം നടന്നു. 2025 ജനുവരി 5ന് തൊടുപുഴ ടൗണ്‍ ഹാളിലാണ് ജില്ലാ ചാമ്പ്യന്‍ഷിപ്പ് നടന്നത്.
ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സബീന ബിഞ്ചു നിര്‍വഹിച്ചു. കേരള കരാട്ടെ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആര്‍. സുരാജ് അധ്യക്ഷത വഹിച്ചു. കേരള കരാട്ടെ അസോസിയേഷന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി ചന്ദ്രശേഖര പണിക്കര്‍ മുഖ്യ പ്രഭാഷണവും, ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍ പുതുവത്സര സന്ദേശവും നല്‍കി. സംസ്ഥാന കരാട്ടെ അസോസിയേഷന്‍ വൈസ് പ്രസിഡന്റും, ടൂര്‍ണമെന്റ് ഡയറക്ടറുമായ ജോയി പോള്‍, ട്രഷറര്‍ പി.പി വിജയകുമാര്‍, കേരള കരാട്ടെ അസോസിയേഷന്‍ ഭരണസമിതി അംഗം കെ എ ആന്റണി,യേശുരാജ് കെ എ, ബിനു കുര്യന്‍, റിയ ജിജൊ, അസ്‌നമോള്‍ ജെ എന്നിവര്‍ പ്രസംഗിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറും, ജില്ലാ അഡ് ഹോക് കമ്മിറ്റി അംഗവുമായ എം കെ സലീം സ്വാഗതവും ജില്ലാ അഡ് ഹോക് കമ്മിറ്റി കണ്‍വീനര്‍ ബാനര്‍ജി പി വി കൃതജ്ഞതയും പറഞ്ഞു. ജില്ലയുടെ വിവിധ ക്ലബ്ബുകളില്‍ നിന്നായി 150 പേര്‍ പങ്കെടുത്തു. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള സബ് ജൂനിയര്‍, കേഡറ്റ്, ജൂനിയര്‍, അണ്ടര്‍- 21, സീനിയര്‍ വിഭാഗങ്ങളില്‍ നിന്നും സംസ്ഥാന തല മത്സരത്തിനുള്ള ഇടുക്കി ജില്ലയില്‍ നിന്നുള്ള ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുത്തു.
…………………………………………………………………………
For advertising / news contact : 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975