Thamasoma News Desk
പ്രകൃതിയില്‍ നിന്നും കൃഷിയില്‍ നിന്നും അകന്നു പോകുന്ന മനുഷ്യരെ അവിടേക്കു തിരിച്ചു കൊണ്ടുവരുവാനുള്ള ഏക മാര്‍ഗ്ഗം കൃഷിയുടേയും പ്രകൃതിയുടേയും പ്രാധാന്യം അവരെ പറഞ്ഞു ബോധിപ്പിക്കുക എന്നതാണ്. കേരളത്തിന്റെ കറുത്ത പൊന്നായ, വിദേശികള്‍ കണ്ടുകൊതിച്ച കുരുമുളക് (Pepper) ഇന്ന് കേരളത്തിന് അന്യമായിക്കൊണ്ടിരിക്കുന്നു. യുവതലമുറ കൃഷിയില്‍ നിന്നും അകന്നു പോയിരിക്കുന്നു. വൈറ്റ് കോളര്‍ ജോലിയുടെ പ്രഭയില്‍ മുങ്ങി, അഴുക്കു പറ്റാത്ത ജോലിയിടങ്ങള്‍ തേടിയതിന്റെ ഫലമായി കേരള ജനത കഴിക്കുന്നതത്രയും വിഷമയമായി. തൊടിയിലൊരു കാന്താരിച്ചീനി നടാന്‍ പോലും നമുക്കു സമയമില്ല, ഇടമില്ല എന്നു വിലപിക്കുന്നവര്‍ക്കായി, ഒരു സെന്റില്‍ നിറയെ കുരുമുളകുകള്‍ പറിച്ചെടുക്കാവുന്ന കുറ്റിക്കുരുമുളകിനെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചുകൊണ്ട് കാര്‍ഷിക വിദഗ്ധന്‍ കെ കെ ആന്റണി സുദീര്‍ഘമായ ഒരു ക്ലാസ് തന്നെ സംഘടിപ്പിച്ചു.
കാക്കനാട്ട് -പീച്ചാട്ട് കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നെല്ലിമറ്റം കാക്കനാട്ട് ഷാജി മാത്യുവിന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഈ പരിപാടി. കുടുംബാംഗങ്ങളെല്ലാവരും ഒത്തുചേര്‍ന്ന് ക്രിസ്തുമസ് പുതുവത്സര ആഘോഷവും പൊതുയോഗവും നടത്തി. കുടുംബയോഗത്തിന്റെ മുഖ്യ രക്ഷാധികാരി റവ ഫാ ഇമ്മാനുവല്‍ പീച്ചാട്ട് കേക്ക് മുറിച്ച് പരസ്പരം പങ്ക് വച്ച് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ജോയി പോള്‍ അധ്യക്ഷത വഹിച്ചു. നെല്ലിമറ്റം സെന്റ് ജോസഫ് ചര്‍ച്ച് വികാരി റവ. ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കി. യൂത്ത് ഫോറത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ആകര്‍ഷകമായ സമ്മാനപൊതികള്‍ അടങ്ങിയ ക്രിസ്തുമസ് ട്രീയുടെ ഉദ്ഘാടനം റവ. ഫാ. റോണേഴ്‌സ് പീച്ചാട്ട് നിര്‍വഹിച്ചു. സ്‌നേഹം, സന്തോഷം, സാമാധാനം എന്നിവയുടെ സന്ദേശവുമായി ക്രിസ്തു ദേവന്റെ ജനനം ലോകം മുഴുവന്‍ ആഘോഷിച്ച്, മാനവരാശിയുടെ നന്മക്കും ഒത്തുചേരലിന്റേതുമായ ഒന്നാണെന്നുള്ള ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ വനിത ഫോറം പ്രതിനിധി സൂസന്‍ റോയിയും സംഘവും ചേര്‍ന്ന് ആലപിച്ചത് ഏറെ മനോഹരവും, ഹൃദ്യവുമായി. സെക്രട്ടറി ജിജൊ ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ഫാ. റോണേഴ്‌സ് പീച്ചാട്ട്, ബ്രദര്‍ ആല്‍ബര്‍ട്ട് പീച്ചാട്ട്, സോളി ഷാജി, അന്ന സൂസന്‍ റോയി പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് സോളി ജോര്‍ജ് സ്വാഗതവും യൂത്ത് ഫോറം കോര്‍ഡിനേറ്റര്‍ ഡിജില്‍ സെബാസ്റ്റ്യന്‍ കൃതജ്ഞതയും പറഞ്ഞു.
മനുഷ്യ ബന്ധങ്ങളെപ്പോലും ഭരിക്കുന്നത് പണമാണ്. സമ്പത്തുണ്ടെങ്കില്‍ എന്തും കാല്‍ക്കീഴിലാക്കാം എന്നഹങ്കരിക്കുന്ന മനുഷ്യര്‍ക്കുള്ള തിരിച്ചടികള്‍ പ്രകൃതി തന്നെ ഒരുക്കി വച്ചിരിക്കുന്നു. തൂമ്പയെടുക്കാന്‍ മടിക്കുന്ന മനുഷ്യര്‍ക്കായി നിരവധിയായ രോഗങ്ങളുടെ പെരുമഴ തന്നെ പ്രകൃതി ഒരുക്കി വച്ചിരിക്കുന്നു. കൂണുപോലെ മുളച്ചു പൊന്തുന്ന ആശുപത്രികള്‍ നാടിന്റെ പുരോഗതിയുടെ കേന്ദ്രമായി ഇന്നത്തെ ലോകം വിലയിരുത്തിയേക്കാം. എന്നാലത് രോഗാകുലമായ മനുഷ്യകുലത്തിന്റെ നാശത്തിന്റെ നാഴികക്കല്ലുകളാണ്. അടുക്കളയിലേക്ക് അത്യാവശ്യം വേണ്ടുന്ന പച്ചക്കറികളെങ്കിലും നട്ടുപിടിപ്പിക്കാനും അവ വിഷരഹിതമായി വിളയിച്ചെടുക്കാനും മനുഷ്യര്‍ക്കു സാധിക്കണം. കഴിയുന്നതും പ്രകൃതിയോടിണങ്ങി ജീവിക്കുവാനും പ്രകൃതിയെ ദ്രോഹിക്കാതിരിക്കാനും സാധിക്കണം. എങ്കില്‍ മാത്രമേ രോഗങ്ങളെ അകറ്റുവാനും ആരോഗ്യകരമായൊരു ജീവിതം നയിക്കുവാനും സാധിക്കുകയുള്ളു.
സ്ഥലം വളരെ കുറവാണെന്ന കാരണത്താല്‍ കൃഷി ഉപേക്ഷിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച വിളവാണ് കുറ്റിക്കുരുമുളക്. ചെടിച്ചട്ടിയില്‍ ഇവ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. വളരെ കുറഞ്ഞ സ്ഥലത്തു നിന്നും കൂടുതല്‍ വിളവു തരികയും ചെയ്യും. കൃഷി അപമാനമല്ല, മറിച്ച് അഭിമാനമാക്കിയെങ്കില്‍ മാത്രമേ ആരോഗ്യം സാധ്യമാകുകയുള്ളു. കൃഷിയുടെ പ്രാധാന്യം തന്റെ ക്ലാസിലുടനീളം വിളിച്ചോതിക്കൊണ്ടാണ് കെ കെ ആന്റണി ക്ലാസ് നയിച്ചത്.
…………………………………………………………………………
For advertising / news contact : 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975