ഒന്നുരണ്ടു മാസമായി ലാപ്‌ടോപ്പിനൊരു പ്രശ്‌നം. അത്ര ഗുരുതരമല്ല, അതുകൊണ്ട്
അത് കാര്യമാക്കിയുമില്ല. ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കുമെന്നും
പെര്‍ഫോമന്‍സ് കൂട്ടുമെന്നും ഇടയ്ക്കിടയ്ക്ക് ഒരു ഐക്കണ്‍ പൊങ്ങിവന്ന്
ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഗതികെട്ടപ്പോള്‍ എന്നാല്‍ അങ്ങനെയാകട്ടെ
എന്നുകരുതി ഐക്കണില്‍ ഒരു ക്ലിക്ക് കൊടുത്തു. അതോടെ ലാപ്‌ടോപ്പിന്റെ
പെര്‍ഫോമന്‍സ് അവതാളത്തിലായി. 100% ചാര്‍ജ്ജു ചെയ്തിരുന്ന ലാപ്‌ടോപ് 80 %
വരെ ചാര്‍ജ്ജു ചെയ്തതിനു ശേഷം മുന്നോട്ടു ചാര്‍ജ്ജാവാന്‍ തയ്യാറാവുന്നില്ല.
ആദ്യമാദ്യമൊക്കെ അത് അവഗണിച്ചു. പിന്നീട് ബാറ്ററിയുടെ ചാര്‍ജ്ജ് ഒരു
മണിക്കൂറിനപ്പുറം കിട്ടാതെ ആയപ്പോള്‍ പണിപാളിയതായി തോന്നി.
ആ നാശം പിടിച്ച ഐക്കണ്‍ ക്രിയേറ്റു ചെയ്ത് ഇങ്ങോട്ടയച്ചത് ആരാണാവോ.
ലാപ്‌ടോപ്പിന്റെ പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കുമെന്ന് അവകാശപ്പെട്ടതു
കൊണ്ടാണ് ആ കുതന്ത്രത്തിലൊന്നു ക്ലിക് ചെയ്തത്. അത് വെളുക്കാന്‍ തേച്ച
സംഗതി പാണ്ടായി തീര്‍ന്നപോലെ.
ലാപ്‌ടോപിന് ഒന്നര വര്‍ഷത്തെ പഴക്കമേയുള്ളു. ഇതു വരെ യാതൊരു പ്രശ്‌നങ്ങളും
ഇത് ഉണ്ടാക്കിയിട്ടുമില്ല. സര്‍വ്വീസ് സെന്ററില്‍ സിസ്റ്റം കൊടുക്കാന്‍
പണ്ടേ എനിക്കിഷ്ടമല്ല. ചില സര്‍ക്കാര്‍ ആശുപത്രികള്‍ പോലെയാണ് ചില
സര്‍വ്വീസ് സെന്ററുകള്‍. അങ്ങോട്ട് നടന്നു പോകുന്ന രോഗികളെ ചിലപ്പോള്‍
ചുമന്നുകൊണ്ടാവും തിരിച്ചുകൊണ്ടുവരുന്നത്. ഈ നിസ്സാര പ്രശ്‌നത്തിന്
സര്‍വ്വീസ് സെന്ററില്‍ കൊണ്ടുപോയാല്‍ മറ്റുപല പ്രശ്‌നങ്ങള്‍ കൂടി
ഉണ്ടായാലോ. എന്നിരുന്നാലും പോകാന്‍ തന്നെ തീരുമാനിച്ചു. കാരണം 2990 രൂപ
മുടക്കി അധികമായി എടുത്തിരിക്കുന്ന വാറണ്ടി തീരാന്‍ അധികകാലമില്ല.
മൂന്നുനാലു മാസത്തിനുള്ളില്‍ ആ കാലാവധി അവസാനിക്കും. അതിനാല്‍ പോകാന്‍
തന്നെ തീരുമാനിച്ചു.
അത്യാവശ്യം ചില ഫോട്ടോകള്‍ ലാപ്‌ടോപ്പില്‍ നിന്നും സിഡിയിലേക്കു റൈറ്റ്
ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് അടുത്ത പ്രശ്‌നം ശ്രദ്ധയില്‍ പെട്ടത്. സി ഡി
റൈറ്റിംഗ് സക്‌സസ്ഫുള്‍ എന്ന മെസ്സേജുണ്ട്. പക്ഷേ സിഡിയില്‍ ഫയല്‍ റൈറ്റ്
ആകുന്നില്ല. എന്തായാലും ഒരു പ്രശ്‌നം മാത്രമായി സര്‍വ്വീസ് സെന്ററില്‍
പോകുന്നതെങ്ങനെ. ഇരിക്കട്ടെ രണ്ടെണ്ണം.
എറണാകുളത്തെ ഇടപ്പള്ളി ബൈപ്പാസിലെ ഓക്‌സിജന്റെ ഓഫീസിലാണ് ആദ്യമെത്തിയത്.
അവിടെ നിന്നാണ് ഈ സിസ്റ്റം വാങ്ങിയത്. ലാപ്‌ടോപ് നന്നാക്കുന്നത്
ഓക്‌സിജന്റെ തന്നെ മറ്റൊരു ഷോറൂമിലാണെന്ന നിര്‍ദ്ദേശം കിട്ടി. ഉടനെ അവിടെ
എത്തി. ഓക്‌സിജന്റെ മൂന്നാം നിലയിലാണ് സര്‍വ്വീസ് സെന്റര്‍. അവിടെ
എത്തുമ്പോള്‍ മൂന്നുമണി കഴിഞ്ഞിരുന്നു. ലാപ്‌ടോപ് ചാര്‍ജ്ജു ചെയ്തു
നോക്കിയിട്ടേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന് കൗണ്ടറിലിരുന്നയാള്‍
പറഞ്ഞു. വൈകിട്ട് ആറരയ്ക്ക് എത്താനും ആവശ്യപ്പെട്ടു. അയാള്‍
പറഞ്ഞതനുസരിച്ച് കൃത്യം ആറരയ്ക്കു തന്നെ എത്തി. ലാപ്‌ടോപ്പ് ബാറ്ററിയ്ക്ക്
ഗുരുതരമായ പ്രശ്‌നമാണെന്നും ബാറ്ററി മാറ്റിവയ്ക്ക്ണമെന്നും അറിയിച്ചു.
ലാപ്‌ടോപ് നല്‍കിയാല്‍ ഏഴുദിവസത്തിനകം ബാറ്ററി റിപ്ലേയ്‌സ് ചെയ്തു
തരാമെന്നും അയാള്‍ പറഞ്ഞു. ഏഴു ദിവസം പോയിട്ട് ഏഴുമണിക്കൂര്‍ പോലും
ലാപ്‌ടോപ് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്നറിയിച്ചപ്പോള്‍ സാംസഗിന്റെ
സര്‍വ്വീസ് സെന്ററില്‍ നേരിട്ടു പോയാല്‍ അപ്പോള്‍ തന്നെ ബാറ്ററി
മാറ്റിയിട്ടു തരുമെന്ന് അറിയിച്ചു. അന്ന് സമയം ഏറെ വൈകിയിരുന്നതിനാല്‍
പിറ്റേന്നാവട്ടെ എന്നു കരുതി.
പിറ്റേന്ന് ഓഗസ്റ്റ് രണ്ട്. വൈറ്റിലയിലുള്ള സാംസഗ് സര്‍വ്വീസ് സെന്ററില്‍
രാവിലെ തന്നെ എത്തി. ഈ സര്‍വ്വീസ് സെന്ററില്‍ നടത്തിയ പരിശോധനയില്‍
ലാപ്‌ടോപ്പിന്റെ ബാറ്ററിയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ചു. ഒരു
സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ആയതിന്റെ പ്രശ്‌നം മാത്രം. അത്
പരിഹരിച്ചതായും അവര്‍ പറഞ്ഞു. പിന്നീടുള്ളത് സി ഡി ഡ്രൈവിന്റെ പ്രശ്‌നമാണ്.
അത് വിശദമായി പരിശോധിച്ചാലേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. എന്തു
ചെയ്യണമെന്ന് വൈകുന്നേരം വിളിച്ചറിയിക്കാമെന്നു പറഞ്ഞു. കൂടാതെ
ലാപ്‌ടോപിന്റെ വാറണ്ടി കാലാവധി അവസാനിച്ചതായും. അതുകൊണ്ട് സര്‍വ്വീസ്
ചെയ്യുന്നതിന് ഞങ്ങള്‍ പണം നല്‍കണമത്രേ.
2990 രൂപ അധികം നല്‍കിയാണ് ലാപ്‌ടോപ്പിന് അധികവാറണ്ടി എടുത്തത്. അതിനാല്‍
സാംസഗ് സര്‍വ്വീസ് സെന്ററുകാരന്‍ പറഞ്ഞത് അംഗീകരിക്കാന്‍ ഞങ്ങള്‍
തയ്യാറല്ലായിരുന്നു. ബില്ലില്‍ അധികവാറണ്ടി എഴുതിയിട്ടില്ലെന്നും
ചിലപ്പോള്‍ നെറ്റില്‍ അധികവാറണ്ടി എന്റര്‍ ആയിട്ടുണ്ടാകുമെന്നും ടോള്‍ ഫ്രീ
നമ്പറില്‍ വിളിച്ചു ചോദിക്കണമെന്നും പറഞ്ഞു. എന്തായാലും ലാപ്‌ടോപ്പിന്റെ
സ്ഥിതി അന്നു വൈകുന്നേരത്തോടെ അറിയിക്കാമെന്നും.
അന്ന് രാത്രി ഏറെ വൈകിയിട്ടും സര്‍വ്വീസ് സെന്ററില്‍ നിന്നും ഒരു
പൂച്ചക്കുഞ്ഞു പോലും വിളിച്ചില്ല. ഏറെ ദിവസം പണി മുടക്കിയിടാന്‍
പറ്റാത്തതുകൊണ്ട് പിറ്റേന്ന് നേരിട്ട് സര്‍വ്വീസ് സെന്ററിലേക്ക്.
ലാപ്‌ടോപ്പിന്റെ സിഡി ഡ്രൈവ് മുഴുവന്‍ തകരാറിലാണെന്നും അത്
മാറ്റിയിടണമെന്നും അതിന് രണ്ടായിരം രൂപയാകുമെന്നും അവര്‍ പറഞ്ഞു. വാറണ്ടി
കാലാവധി കഴിഞ്ഞതായി അവര്‍ വീണ്ടും ആവര്‍ത്തിച്ചു. പരാതി രജിസ്റ്റര്‍
ചെയ്യണമെന്നും വാറണ്ടി സംബന്ധിച്ച വിവരങ്ങള്‍ നെറ്റില്‍ അപ്‌ഡേറ്റ്
ആയിട്ടുണ്ടെങ്കില്‍ പണം നല്‍കേണ്ടെന്നും അറിയിച്ചു. വീണ്ടും ഇടപ്പള്ളിയിലെ
ഓക്‌സിജന്റെ ഓഫീസിലേക്ക്.
അധികവാറണ്ടി നല്‍കിയത് ഓക്‌സിജനാണെന്നും സാംസഗ് കമ്പനിയല്ലെന്നും മറുപടി
കിട്ടി. ഈ വാറണ്ടി കിട്ടണമെങ്കില്‍ ഓക്‌സിജന്‍ തന്നെ ലാപ്‌ടോപ്
സര്‍വ്വീസിന് അയക്കണമെന്നും അവര്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ ഞങ്ങളെ
എന്തിന് നേരിട്ട് സാംസഗിന്റെ ഓഫീസിലേക്ക് നേരിട്ടയച്ചു എന്ന ചോദ്യത്തിന്
അവര്‍ക്കു മറുപടിയില്ല. നിങ്ങളുടെ വാക്കു കേട്ട് ലാപ്‌ടോപ്പിന്റെ ബാറ്ററി
അപ്പാടെ മാറ്റിയിരുന്നെങ്കില്‍ അത് കൂടുതല്‍ കുഴപ്പമുണ്ടാക്കില്ലായിരുന്നോ
എന്ന ചോദ്യത്തിനും ഉത്തരമില്ല. ലാപ്‌ടോപ്പ് സാംസഗ് സര്‍വ്വീസ് സെന്ററില്‍
നിന്നും വാങ്ങി തങ്ങളുടെ ഓഫീസില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം. ഇത്
നെട്ടോട്ടത്തിന്റെ മൂന്നാം ദിവസമാണ്. രാത്രിയുമായി. അതിനാല്‍ വീട്ടിലേക്കു
തിരിച്ചു പോന്നു.
നാലാം ദിവസം സാംസഗ് സര്‍വ്വീസ് സെന്ററില്‍ നിന്നും ലാപ്‌ടോപ് തിരിച്ചു
വാങ്ങി. ഓക്‌സിജനില്‍ കൊണ്ടുപോയി കൊടുത്തു. അവര്‍ വീണ്ടും ആവര്‍ത്തിച്ചു.
നന്നാക്കണമെങ്കില്‍ ഏഴു ദിവസം വേണമെന്ന്. ഇതിനോടകം തന്നെ ഞങ്ങള്‍ നാലു
ദിവസം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ഒരു കാര്യവുമില്ലാതെ ഒരു സിസ്റ്റം
സര്‍വ്വീസ് സെന്ററില്‍ ഇരുന്നത് നാലു ദിവസമാണ്. അതിനാല്‍ ഇനി ഏഴു ദിവസം
കൂടി കാത്തിരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇപ്പോള്‍ ബാറ്ററി
ചാര്‍ജ്ജിന്റെ പ്രശ്‌നം പരിഹരിച്ചതായി ഓക്‌സിജന്റെ സര്‍വ്വീസ് സെന്ററില്‍
നിന്നും അറിയിപ്പു കിട്ടി. സിഡി ഡ്രൈവ് മാറ്റിയിടാതെ പ്രശ്‌നം
പരിഹരിക്കാനാവില്ലെന്നും തല്‍ക്കാലം സിഡിയിലേക്കു റൈറ്റ് ചെയ്യുന്നതിനു
പകരം കോപ്പി ചെയ്യാമെന്നും പറഞ്ഞു. വീട്ടില്‍ കൊണ്ടുവന്ന് ആ വഴി
നോക്കിയിട്ടും ഫയല്‍ റൈറ്റോ കോപ്പിയോ ആവുന്നില്ല.
ഒടുവില്‍ വീടിനടുത്തുള്ള ഒരു ലോക്കല്‍ കമ്പ്യൂട്ടര്‍ ഷോപ്പില്‍ കൊണ്ടുപോയി.
നീറോ അപ്‌ഗ്രേഡ് ചെയ്യാത്തതാവും പ്രശ്‌നം. ചെക്കു ചെയ്തിട്ടു പറയാമെന്നു
പറഞ്ഞു. നീറോയുടെ വേര്‍ഷന്‍ മാറ്റിയിട്ടപ്പോ ആ പ്രശ്‌നം തീര്‍ന്നു.
നിസ്സാരമായി എതാനും മിനിറ്റു കൊണ്ടു പരിഹരിക്കാവുന്ന പ്രശ്‌നത്തിനാണ് നാലു
ദിവസം ചെലവഴിച്ചത്. നാലു ദിവസം പണിയുംമുടക്കി പെട്രോളുമടിച്ച് എറണാകുളത്തു
കൂടി സിസ്റ്റവും കൊണ്ട് ഓക്‌സിജന്‍ ഷോപ്പിലേക്കും സാംസഗിന്റെ അംഗീകൃത
സര്‍വ്വീസ് സെന്ററിലേക്കും തെണ്ടി നടന്നതു മാത്രം മിച്ചം. കൊടികെട്ടിയ
സര്‍വ്വീസ് സെന്റര്‍ ജീവനക്കാരെ വിശ്വസിച്ച് ബാറ്ററിയും സിഡി ഡ്രൈവും
മാറ്റിയിരുന്നെങ്കില്‍ എന്റെ ലാപ്‌ടോപ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭ പോലെ
ആകുമായിരുന്നു. ഉണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്, എന്നാല്‍ ഉണ്ടായിട്ടു
യാതൊരു പ്രയോജനവുമില്ലല്ലോ.