പാതി മറച്ച ശരീരങ്ങളില്‍ നിയന്ത്രണം നഷ്ടമാകുന്നവരോട്….

 




ഭക്ഷണം ജീവശരീരത്തിന് എത്രയേറെ പ്രധാനമാണോ, അത്രയേറെ പ്രാധാന്യമുള്ളൊരു വസ്തുതന്നെയാണ് മാനസിക നിലനില്‍പ്പിന് ആധാരമായ ലൈംഗികത. ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടില്ലാത്ത കാലഘട്ടത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രസവങ്ങളില്‍ നിന്നും ശിശു ജനനങ്ങളില്‍ നിന്നും മനുഷ്യനെ മാറ്റിനിറുത്താന്‍ പറ്റിയ ഒരു ഉപാധിയായിരുന്നു, കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ വേണ്ടി മാത്രം ലൈംഗികതയില്‍ ഏര്‍പ്പെടുക എന്നത്. എന്നാല്‍, ആ ഇരുണ്ട കാലഘട്ടത്തില്‍ നിന്നും ജനങ്ങള്‍ കാതങ്ങള്‍ സഞ്ചരിച്ച് ഈ ആധുനിക യുഗത്തിലെത്തി നില്‍ക്കുന്നു. വിജ്ഞാനത്തിന്റെയും ടെക്‌നോളജിയുടെയും വിസ്‌ഫോടനങ്ങള്‍ തീര്‍ത്തൊരു നൂറ്റാണ്ടില്‍ ജീവിക്കുമ്പോഴും മനുഷ്യന്‍ മുറുകെപ്പിടിക്കുന്നത് നൂറ്റാണ്ടുകള്‍ പഴയ മാമൂലുകളെത്തന്നെ.

ലൈംഗികത എന്നത് മനുഷ്യമനസിനെ താരള്യത്തിന്റെയും ആനന്ദത്തിന്റെയും പാരമ്യത്തിലേക്കെത്തിക്കുന്ന ഏറ്റവും എളുപ്പമാര്‍ന്നൊരു മാര്‍ഗ്ഗമാണ്. പരസ്പരം സ്‌നേഹിക്കുന്ന രണ്ടു മനസുകളുടെ ഒത്തു ചേരല്‍. ആ നിമിഷങ്ങള്‍ അത്രമേല്‍ തീവ്രവും വിലപ്പെട്ടതുമാണ്. ഈ പ്രകൃതിയെയും മണ്ണിനെയും മനുഷ്യനെയും ജീവജാലങ്ങളെയുമെല്ലാം സ്‌നേഹിക്കുവാനും സംരക്ഷിക്കുവാനും പരിപാലിക്കുവാനും പ്രേരിപ്പിക്കുന്നൊരു വികാരമാണത്.

അത്യന്തം ശാന്തവും സമാധാന പൂര്‍ണ്ണവുമായൊരു അന്തരീക്ഷത്തില്‍, മനസും ശരീരവും ഒന്നാകുമ്പോള്‍ മാത്രമേ ലൈംഗികത അതിന്റെ പൂര്‍ണ്ണത പ്രാപിക്കുകയുള്ളു. ഒരുപക്ഷേ, അശാന്തിയില്‍ കലുഷിതമായ മനസിനെപ്പോലും ശാന്തമാക്കി, ജീവിതത്തെ പ്രസാദാത്മകമാക്കാന്‍ ലൈംഗികതയ്ക്കും പ്രണയത്തിനും അപാരമായ കഴിവുണ്ട്.

എന്നാലിന്ന്, വിജ്ഞാന വിസ്‌ഫോടനത്തിന്റെ ഈ 21-ാം നൂറ്റാണ്ടിലും ജീവന്റെ തന്നെ നിലനില്‍പ്പിന് ആധാരമായ ലൈംഗികതയെ ഏറ്റവും മ്ലേച്ഛമായ രീതിയില്‍ ചിത്രീകരിക്കുകയും ലൈംഗികതയെ കെട്ടിപ്പൂട്ടിവച്ചവരെ വിശുദ്ധീകരിക്കുകയും ചെയ്യുന്ന അതിഹീനമായ കാഴ്ചയാണ് നമ്മളിവിടെ കണ്ടുകൊണ്ടിരിക്കുന്നത്.

അത്രമേല്‍ പ്രാധാന്യമേറിയ, തീവ്രമായ, പ്രപഞ്ചത്തിലെ ജീവന്റെ നിലനില്‍പ്പിനു തന്നെ ആധാരമായ വികാരത്തെ ഇത്രേമേല്‍ അവഹേളിക്കുകയും നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യന്‍ നേടിയെടുക്കുന്നതെന്ത്….??

ജീവിതത്തില്‍ സന്തോഷമനുഭവിക്കാന്‍ ഒരു മനുഷ്യന്‍ ദിഗ്വിജയങ്ങള്‍ നേടേണ്ടതില്ല. പ്രപഞ്ചത്തെ മുഴുവന്‍ കാല്‍ക്കീഴിലാക്കേണ്ടതില്ല…. തലമുറ തലമുറകളോളം ജീവിക്കാനുള്ളതു സമ്പാദിച്ചു കൂട്ടേണ്ടതുമില്ല….. മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും മാത്രമല്ല, ഈ പ്രപഞ്ചത്തെയും നിസ്സ്വാര്‍ത്ഥമായി സ്‌നേഹിക്കാന്‍ തയ്യാറുള്ളൊരു മനസും ശരീരവും മാത്രം മതിയാകും ഈ ലോകജീവിതം ആഘോഷകരമാക്കാന്‍…..

പക്ഷേ, ഭൂമിയിലെ ജീവിതം നരകപൂര്‍ണ്ണമായാലേ മരിച്ചതിനു ശേഷമൊരു സ്വര്‍ഗ്ഗീയ ജീവിതം സാധ്യമാകുകയുള്ളു എന്നൊരു കള്ളത്തരത്തിനു മുകളില്‍ പടുത്തുയര്‍ത്തിയ വിശ്വാസത്തിനു മുകളിലാണ് ഓരോ മനുഷ്യരും ജീവിക്കുന്നത്. ഭൂമിയില്‍ സഹിക്കുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും മരണശേഷമുള്ള ജീവിതം സുഗമമാക്കുമെന്നൊരു ചിന്താഗതി പ്രചരിപ്പിക്കുന്ന മതപുരോഹിതരും അവയില്‍ വിശ്വസിക്കുന്ന കുറെ വിഢി മനുഷ്യരും.

മറ്റൊരാളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കാത്ത ഏതു കാര്യവും ചെയ്യാന്‍ ഒരു മനുഷ്യനു സ്വാതന്ത്ര്യമുെണ്ടന്ന് ഒരു രാജ്യത്തിന്റെ ഭരണഘടന നമ്മോടു പറയുമ്പോള്‍, അതല്ല, സദാചാരത്തിന്റെ പേരില്‍, മരിച്ചു മണ്ണടിഞ്ഞ ശേഷമുള്ളൊരു ജീവിതത്തിനു വേണ്ടി, ഇപ്പോഴത്തെ ജീവിതം കഴിയുന്നത്ര ക്ലേശപൂര്‍ണ്ണമാക്കണമെന്നു പറയുന്ന വിശ്വാസികളോടെന്തു പറയാനാണ്…??

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്ന പരസ്യവാചകമവിടെ നില്‍ക്കട്ടെ….. സ്‌നേഹിക്കുന്ന രണ്ടു മനസുകള്‍ തമ്മിലടുക്കുമ്പോള്‍, അവയെ അകറ്റാന്‍ ഓടിക്കൂടുന്നവരുടെ എണ്ണത്തിലേക്കൊന്നു കണ്ണോടിക്കുക…. അപ്പോള്‍ നിങ്ങള്‍ക്കു മനസിലാകും, മനുഷ്യര്‍ സന്തോഷിക്കുന്നതു കാണാന്‍ തക്ക മാനസിക വികാസം പ്രാപിച്ചവരല്ല ചുറ്റുമുള്ളവരെന്ന്……

മനുഷ്യന്റെ കഷ്ടപ്പാടുകളിലും ക്ലേശങ്ങളിലും ബിസിനസ് സാമ്രാജ്യമുറപ്പിച്ച് കോടികള്‍ സമ്പാദിക്കുന്ന മള്‍ട്ടി ബില്യന്‍, ട്രില്യന്‍ കോര്‍പ്പറേറ്റുകളെ പരിചയപ്പെടണ്ടേ….?? അവരാണ് രാഷ്ട്രീയവും മതവും…. ഒരേനാണയത്തിന്റെ രണ്ടുവശങ്ങള്‍…. ഞാന്‍ നിങ്ങളുടെ ദൈവമാണെന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി നിങ്ങളുടെ തലയില്‍ ഞാന്‍ ഇടിത്തീ വീഴിക്കും, അങ്ങനെ ക്ലേശങ്ങള്‍ വരുമ്പോള്‍ നിങ്ങളെന്നോടു പ്രാര്‍ത്ഥിക്കും, അതിലൂടെ ആ ക്ലേശങ്ങള്‍ക്കു ഞാന്‍ പരിഹാരം കാണും എന്നു മതദൈവങ്ങള്‍…. നിങ്ങളുടെ സങ്കടങ്ങള്‍ക്കു പരിഹാരം കെണ്ടത്തിത്തരാന്‍ ഞങ്ങള്‍ക്കു മാത്രമേ കഴിയൂ എന്നും ഞങ്ങളെ വിജയിപ്പിക്കൂ എന്നും രാഷ്ട്രീയത്തിലെ ദൈവങ്ങള്‍…. ഇവയ്ക്കിടയില്‍ മതാന്ധതയും രാഷ്ട്രീയാന്ധതയും ബാധിച്ച കുറെ മനുഷ്യരും……

ലൈംഗികതയും പ്രണയവും സ്‌നേഹവുമെല്ലാം തെറ്റാണെന്നു പറയുകയും സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ സദാചാരവാദികള്‍ ഈ സമൂഹത്തില്‍ നേടിയെടുക്കുന്നൊരു ബഹുമതിയുണ്ട്. മാന്യതയുടെ മേലങ്കി. ആ മേലങ്കിയണിഞ്ഞാല്‍, മനുഷ്യരുടെ കാഴ്ചയെ മറച്ച് പലതും ചെയ്യാനാവും, നേടിയെടുക്കാനാവും. അവന്‍ മാന്യനാണ് അവനതു ചെയ്യില്ല എന്ന ഉറപ്പ് മറ്റുള്ളവരില്‍ നിന്നും അയാള്‍ക്കു കിട്ടുകയും ചെയ്യും….. സ്വന്തം മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് നേടിയെടുക്കുന്ന ഈ ബഹുമതിയില്‍ വിശ്വസിക്കുന്നവരെല്ലാം കെണിയില്‍ വീണിട്ടേയുള്ളു. ആരും ശ്രദ്ധിക്കുന്നില്ലെന്നറിയുന്ന നിമിഷം അവര്‍ മറ്റുള്ളവരെ കൈയ്യേറ്റം ചെയ്തും മുറിപ്പെടുത്തിയും വഞ്ചിച്ചും സ്വന്തം കാര്യങ്ങള്‍ നേടിയിരിക്കും. മഹാഭൂരിപക്ഷം സദാചാരവാദികളും അങ്ങനെ തന്നെ…..

സ്വന്തം വികാരങ്ങള്‍ കഷ്ടപ്പെട്ടൊതുക്കി, സദാചാരത്തിന്റെ മൂടുപടമണിഞ്ഞ് മഹാമാന്യതയുടെ മേലങ്കിലും ധരിച്ച് സമൂഹത്തിനു മുന്നില്‍ നില്‍ക്കുന്ന മനുഷ്യര്‍ക്ക് പെണ്ണിന്റെ നഗ്ന ശരീരം കാണുന്ന മാത്രയില്‍ സകല നിയന്ത്രണങ്ങളും നഷ്ടപ്പെടും…. ലൈംഗികതയെ അതിന്റെ ശരിയായ രീതിയില്‍ ആസ്വദിക്കുന്ന മനുഷ്യര്‍ക്ക് ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പങ്കാളിയുടെ മനസും ശരീരവും ആവശ്യമാണെന്നിരിക്കെ, സദാചാരത്തിന്റെ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട മനസിന് പെണ്ണിന്റെ നഗ്ന ശരീരം മാത്രം മതിയാകും കെട്ടിപ്പൂട്ടി വച്ചതത്രയും അണപൊട്ടിയൊഴുകാന്‍. ഇത്തരത്തില്‍ മലീമസമായൊരു സമൂഹത്തിലേക്ക് പാതി വസ്ത്രവുമായി ഇറങ്ങി നില്‍ക്കുമ്പോള്‍ സദാചാര വാദികളില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേതുമില്ല…..

തുടയിടുക്കിലൂടെ മുകളിലേക്കൊരു ദര്‍ശനം സാധ്യമാകുമോ എന്ന കൗതുകത്തിനപ്പുറത്തേക്ക് പാതി അനാവ്രതമാക്കപ്പെട്ട ശരീരങ്ങള്‍ക്ക് കൂടുതലായൊന്നും സംവദിക്കാനുമില്ല…. പരസ്പരം ലൈംഗികത ആസ്വദിക്കണമെങ്കില്‍ ആദ്യം മനസ് സ്വന്തമാകണം…. പങ്കാളിയുടെ മനസ് പൂര്‍ണ്ണമായും തങ്ങള്‍ക്കു സ്വന്തമാകുന്ന നിമിഷം ലൈംഗികത നല്‍കുന്ന ആഹ്ലാദ നിമിഷങ്ങള്‍ക്കു പകരം വയ്ക്കാന്‍ ഇഹത്തിലോ പരത്തിലോ മറ്റൊന്നിനും കഴിയില്ല. ഒന്ന് മറ്റൊന്നില്‍ ലയിച്ച് അലിഞ്ഞു ചേരുന്ന സ്വര്‍ഗ്ഗീയ നിമിഷങ്ങളാണത്…. ആനന്ദത്തിന്റെയാ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് മനസും ശരീരവും എത്തിപ്പെടണമെന്നുെണ്ടങ്കില്‍ ശരീരത്തിനപ്പുറം മനുഷ്യന്‍ മനുഷ്യനെ അറിയേണ്ടതുണ്ട്….. എങ്ങനെയും സ്ഖലിപ്പിക്കുന്നതാണ് ലൈംഗികത എന്ന കാഴ്ചപ്പാടുകളുമായി നടക്കുന്ന മനുഷ്യര്‍ക്ക് റീമ കല്ലിങ്കലിന്റെ തുടയിടുക്കുകള്‍ ഭ്രാന്തുപിടിപ്പിക്കുക തന്നെ ചെയ്യും….

……………………………………………………..
ജെസ് വര്‍ക്കി തുരുത്തേല്‍

Leave a Reply

Your email address will not be published. Required fields are marked *