ഇതോ കോതമംഗലത്ത് എത്തുന്നവര്‍ കഴിക്കേണ്ടത്?: നിസ്സഹായരായി ആരോഗ്യവിഭാഗവും

Jess Varkey Thuruthel

‘മടുത്തു. ഒരുപാട് ആദര്‍ശങ്ങളുമായിട്ടാണ് ഞങ്ങള്‍ ഈ ജോലിയില്‍ പ്രവേശിച്ചത്. നിയമം കര്‍ശനമായി പാലിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു തീരുമാനിച്ചിരുന്നു. ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളണമെന്നു തന്നെയാണ് ഇപ്പോഴും ഞങ്ങള്‍ ആഗ്രഹിക്കുന്നതും. പക്ഷേ, ഞങ്ങള്‍ നിസ്സഹായരാണ്. മലിന ഭക്ഷണം (Stale food) വിളമ്പുന്നവരെയും മാലിന്യം പൊതുവിടങ്ങളില്‍ തള്ളുന്നവരെയും ഞങ്ങള്‍ പിടികൂടാറുമുണ്ട്. പക്ഷേ, നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ മുകളില്‍ നിന്നും വിളി വരും. കേവലമൊരു പഞ്ചായത്തു മെംബര്‍ പറയുന്നുതു പോലും ഞങ്ങള്‍ അനുസരിച്ചേ തീരൂ. അല്ലെങ്കില്‍ വല്ല ഗോകര്‍ണത്തേക്കും ട്രാന്‍സ്ഫര്‍ തരും. കുടുംബമായി ജീവിക്കുന്നവരല്ലേ ഞങ്ങള്‍? ഇവരുടെ ഇത്തരം തീരുമാനങ്ങളില്‍ ഞങ്ങളുടെ ജീവിതം ദുരിതമാകും. നിയമം കര്‍ശനമായി പാലിക്കുമ്പോള്‍ ഞങ്ങളെ സംരക്ഷിക്കേണ്ടവര്‍ പോലും ഞങ്ങള്‍ക്കെതിരെ തിരിയുന്നു. നിയമ ലംഘകരായ ജനത്തിനൊപ്പമാണ് മീഡിയ പോലും. സഹികെട്ട് ജീവന്‍ വെടിയുമ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നത്. അതും ഏതാനും ദിവസങ്ങള്‍ മാത്രം. പിന്നെ അവരും അതു മറക്കും. നഷ്ടം ഞങ്ങള്‍ക്കു മാത്രം.’

‘ആരെതിര്‍ത്താലും ഭയക്കാതെ നിയമം നടപ്പാക്കണമെന്ന് ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ, ഞങ്ങള്‍ക്കു ഭയമാണ്. കാരണം, അങ്ങനെ ചെയ്താല്‍ ആരും ഞങ്ങള്‍ക്കൊപ്പം നില്‍ക്കില്ല. ഞങ്ങള്‍ക്കെതിരെയുണ്ടാകുന്ന എല്ലാ എതിര്‍പ്പുകളെയും നേരിടാന്‍ ഞങ്ങള്‍ക്കു സാധിച്ചെന്നു വരില്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. നിയമം ലംഘിക്കുന്നവരും ജനങ്ങള്‍ തന്നെ. അവര്‍ നിയമങ്ങള്‍ വിലയ്‌ക്കെടുക്കുന്നു. അവ ഞങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നു. ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുക എന്നതു മാത്രമാണ് ഞങ്ങള്‍ക്കു മുന്നിലുള്ള മാര്‍ഗ്ഗം. ഞങ്ങള്‍ നിസ്സഹായരാണ്. പഴകിയ ഭക്ഷണങ്ങള്‍ കഴിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടായേക്കാം. പക്ഷേ, അതിന്റെ ഉത്തരവാദിത്വവും ഞങ്ങളുടെമേല്‍ വരും. ഞങ്ങള്‍ നിയമം പാലിച്ചില്ലെന്നാവും അപ്പോള്‍ ഞങ്ങള്‍ക്കു നേരെ വരുന്ന പരാതികള്‍.’

ആഹാരമാണ് ജീവന്‍. അത് വൃത്തിയുള്ള ചുറ്റുപാടില്‍, വൃത്തിയോടെ വേണം വിളമ്പാന്‍. ഇത്രയേറെ റെയ്ഡുകള്‍ നടന്നിട്ടും വീണ്ടും വീണ്ടും മലിന ഭക്ഷണം വിളമ്പുന്നതെന്ത് എന്ന ചോദ്യവുമായി കോതമംഗലം ആരോഗ്യവകുപ്പിനെ സമീപിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണിത്.

ഫര്‍സി അര്‍ ബിക് കഫേ എന്ന സ്ഥാപനം കുപ്പള്ളി പുഴയില്‍ തള്ളിയ പ്ലാസ്റ്റിക്, ഭക്ഷണ മാലിന്യങ്ങള്‍ കോതമംഗലം നഗരസഭയുടെ ഹെല്‍ത്ത് വിഭാഗം നീക്കം ചെയ്യുന്ന വീഡിയോയാണ് ഈ ലേഖനത്തിനൊപ്പം ചേര്‍ത്തിട്ടുള്ളത്. ഈ സ്ഥാപനത്തിനെതിരെയും യാതൊരു നടപടിയുമുണ്ടാകില്ലെന്നും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അവര്‍ ഈ കേസില്‍ നിന്നും തലയൂരുമെന്നും ആരോഗ്യവിഭാഗം പറയുന്നു.

സന്ധ്യ മയങ്ങുന്നതോടെ കോതമംഗലത്തും പരിസര പ്രദേശങ്ങളിലും തട്ടുകടകള്‍ സജീവമാകും. ഓടയ്ക്കു മുകളിലും മണ്ണിലും മാലിന്യത്തിനു നടുവിലുമായി ഭക്ഷണ സാധനങ്ങള്‍ അവര്‍ പാചകം ചെയ്ത് നല്‍കും. വിശന്നു വലഞ്ഞു നഗരത്തിലെത്തുന്നവര്‍ അതു വാങ്ങിക്കഴിക്കും. തിരക്കേറിയ ഇടങ്ങളില്‍ നടത്തുന്ന ഇത്തരം തട്ടുകടകളിലേറെയും നിയമങ്ങള്‍ കൃത്യമായി പാലിച്ചു നടത്തുന്നവയല്ല.

കോതമംഗലം മുനിസിപ്പാലിറ്റിയുടെ വിസ്തൃതിയും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഹെല്‍ത്ത് വിഭാഗത്തെ വലയ്ക്കുന്നുണ്ട്. പഴകിയ ആഹാരം നിരന്തരമെന്നോണം ഇവിടെ നിന്നും പിടിക്കുന്നുമുണ്ട്. പക്ഷേ, രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പല നിയമ ലംഘകരും തടിയൂരുകയാണ്. രാഷ്ട്രീയക്കാരുടെ ഒത്താശയോടുകൂടി മോശപ്പെട്ട ഭക്ഷണം നല്‍കുന്നവരുമുണ്ട്. ഇതിനെല്ലാം രാഷ്ട്രീയക്കാര്‍ക്ക് കൃത്യമായി പണം കിട്ടുന്നുമുണ്ട്. ഇവിടെയൊരു ഭക്ഷ്യവിഷബാധയുണ്ടായാല്‍ അതെല്ലാം ആരോഗ്യവകുപ്പിന്റെ തലയില്‍ കെട്ടിവച്ച് രാഷ്ട്രീയക്കാര്‍ മുഖം രക്ഷിക്കുകയും ചെയ്യും.

വൃത്തിഹീനമായ ഇടങ്ങളില്‍ ഭക്ഷണം പാകം ചെയ്തു വില്‍ക്കുന്ന പല തട്ടുകടകള്‍ക്കെതിരെയും മനുഷ്യാവകാശ പ്രവര്‍ത്തകയായ കുഞ്ഞുമോള്‍ പരാതി നല്‍കിയിട്ടുണ്ട്. ഊണും ഉറക്കവുമൊഴിഞ്ഞ് അവര്‍ ഇത്തരം സംഭവങ്ങള്‍ തെളിവുകള്‍ സഹിതം മുനിസിപ്പാലിറ്റിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. പക്ഷേ, കാര്യമായ നടപടികളൊന്നും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

നിയമം പാലിക്കുന്നവരെ സംരക്ഷിച്ചേ തീരൂ. അധികാരവും പണവുമുപയോഗിച്ച് രക്ഷപ്പെടാന്‍ അനുവദിച്ചു കൂടാ. ഏതു വിധത്തിലും പണമുണ്ടാക്കിയാല്‍ മതി എന്നു ചിന്തിക്കുന്നവര്‍ കുരുതി കൊടുക്കുന്നത് ജനങ്ങളുടെ ജീവനാണ്.

…………………………………………………………………………

For advertising / news contact : 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *