വഴിയില്‍ക്കിടന്നു കിട്ടിയ 8 ലക്ഷം രൂപ തിരികെ നല്‍കി സുബിന്‍

Thamasoma News Desk

പൂത്തോള്‍ ശങ്കരയ്യറോഡിലുള്ള കളത്തില്‍ വീട്ടില്‍ സുബിന് കടകള്‍തോറും മിനറല്‍ വാട്ടര്‍ വിതരണം ചെയ്യുകയാണ് ജോലി. പതിവുപോലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരും വഴിയാണ് അച്യൂതമേനോന്‍ പാര്‍ക്കിനു മുന്‍വശത്തായ റോഡില്‍ ഒരു ബാഗ് കിടക്കുന്നത് കണ്ടത്. ആരുടെയെങ്കിലും കൈയില്‍ നിന്നും വീണുപോയതാകാം എന്നു കരുതി ബാഗ് എടുത്ത് തുറന്ന് പരിശോധിക്കുകയും ചെയ്തു. ബാഗ് തുറന്നപ്പോള്‍ കണ്ടത് നിറയെ നോട്ടിന്റെ കെട്ടുകള്‍. ഉടന്‍തന്നെ സുബിന്‍ തന്റെ സുഹൃത്തിനെ വിവരമറിയിച്ച് വേഗം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് (Thrissur west police station) പോയി.

വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയ സുബിന്‍ ബാഗ് പോലീസിനെ ഏല്പിച്ച് ഉണ്ടായ സംഭവം അറിയിച്ചു. പോലീസുദ്യോഗസ്ഥര്‍ ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ 8 ലക്ഷത്തോളം രൂപയാണ് അതില്‍ ഉണ്ടായിരുന്നത്. കൂടെ ആധാര്‍കാര്‍ഡും പാന്‍കാര്‍ഡുമടക്കം വിലപിടിപ്പുള്ള രേഖകളും. ബാഗില്‍ കണ്ട ഫോണ്‍ നമ്പരിലേക്ക് വിളിച്ച് ഉടന്‍ തന്നെ കോള്‍ എടുത്ത അയാള്‍ ചോദിച്ചു എന്റെ ഒരു പണമടങ്ങിയ ബാഗ് നഷ്ടപെട്ടിട്ടുണ്ട് നിങ്ങള്‍ക്കെങ്ങാനും കിട്ടിയോ…

എല്ലാം നേരിട്ടുപറയാം വേഗം സ്റ്റേഷനിലേക്കുവരണം എന്നു പറഞ്ഞ് ഫോണ്‍ വച്ച് കുറിച്ചു കഴിഞ്ഞപ്പോള്‍തന്നെ ഒരാള്‍ സ്റ്റേഷനിലേക്കെത്തി. സാര്‍ എന്റെ വീട് ഒല്ലൂക്കര മുളയം ഭാഗത്താണ് എന്റെ പണമാണ് പോയത്. ആകെ അസ്വസ്ഥനായാണ് അയാള്‍ ഇന്‍സ്‌പെ്കടര്‍ ലാല്‍കുമാറനോട് സംസാരിച്ചത്. നിങ്ങള്‍ സമാധാനമായിരിക്കൂ പണം കിട്ടിയിട്ടുണ്ട് ഇന്‍സ്‌പെ്കടര്‍ അയാളെ ആശ്വസിപ്പിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മള്‍ 112 എന്ന എമര്‍ജന്‍സി നമ്പരിലേക്ക് വിളിച്ച് ഉടന്‍തന്നെ വിവരം അറിയിക്കണം എന്നും ആത്മവിശ്വാസം കൈവിടാതെ ധൈര്യമായിരിക്കണം എന്നും അദ്ദേഹത്തോട് പറഞ്ഞുകൊടുക്കുകയും ചെയ്തു.

അയാള്‍ അല്പം കിതപ്പോടെയാണ് തുടര്‍ന്നു പറഞ്ഞത്. സാര്‍ എനിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ട് അടുത്ത ആഴ്ച എന്റെ ഓപ്പറേഷന്‍ നടക്കാനിരിക്കുകയാണ് ഓപ്പറേഷനുള്ള പണം ബാങ്കില്‍ നിന്നും എടുത്ത് വീട്ടിലേക്ക് പോയതാണ്. വീട്ടിലെത്തിയപ്പോഴാണ് വണ്ടിയില്‍ തൂക്കിയിട്ട ബാഗ് വീണുപോയി എന്നറിഞ്ഞത് അപ്പോള്‍ മുതല്‍ ഞാന്‍ ആകെ അസ്വസ്ഥനായി വീണ്ടും നെഞ്ചുവേദനവരുമോ എന്നും പേടിയുണ്ടായരുന്നു. സാറേ ബാഗ് ആര്‍ക്കാ സാറേ കിട്ടിയത്..?

ഇന്‍സ്‌പെക്ടര്‍ ലാല്‍കുമാര്‍ ബാഗുമെടുത്ത് സുബിന് കൊടുത്തു. സുബിന്‍ ഉണ്ടായ സംഭവം വിശദീകരിച്ച് ബാഗ് പോലീസുദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തെ ഏല്പിക്കുകയും ചെയ്തു. ബാഗിനോടൊപ്പം സുബിനേയും അദ്ദേഹം നെഞ്ചോട് ചേര്‍ത്തുപിടിച്ചു. ബാഗിലുണ്ടായിരുന്നതെല്ലാം അവിടെതന്നെ ഉണ്ട് എന്ന് ഉറപ്പുവരുത്തി തിരിച്ചുപോകുമ്പോള്‍ തന്റെ ജീവനാണ് സുബിന്‍ തിരിച്ചുതന്നതെന്നും പറഞ്ഞ് സുബിനെ തോളില്‍ തട്ടിയും കൈകൊടുത്തും നന്ദി അറിയിച്ച് സന്തോഷം പങ്കിട്ടാണ് തിരികെ പോയത്. പോലീസുദ്യോഗസ്ഥരും സുബിനെ അഭിനന്ദിച്ചു.
…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *