അത്തരം കോമഡിക്ക് ഞാനിടുന്ന മാര്‍ക്ക് വട്ടപ്പൂജ്യമായിരിക്കും: ഉര്‍വ്വശി

My marks for such comedy would be zero: Urvashi

Thamasoma News Desk

കോമഡി എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന ആഭാസങ്ങള്‍ കണ്ടിരിക്കാന്‍ പോലും പറ്റാത്തതാണ്. നിറത്തിന്റെയും ശരീരപ്രകൃതിയുടേയും പെരുമാറ്റത്തിന്റെയും പേരില്‍ മറ്റുള്ളവരെ പരിഹസിക്കുന്ന ഒന്നാണ് കോമഡി. കോമഡിയെക്കുറിച്ച് നടി ഉര്‍വ്വശിയുടെ (Urvasi) വാക്കുകളാണ് ചുവടെ.

‘ആരെയും വേദനിപ്പിക്കാതെ ഹ്യൂമര്‍ ചെയ്യുക എന്നത് ഇക്കാലത്ത് വളരെ ബുദ്ധിമുട്ടാണ്. ഹാസ്യം എന്ന വാക്കിനകത്ത് ശരിക്കും പരിഹാസം എന്നൊരു വാക്ക് കൂടി കിടപ്പുണ്ട്. അടുത്തിരിക്കുന്നവനെ കളിയാക്കി നിങ്ങളെ വേണമെങ്കില്‍ ചിരിപ്പിക്കാം, അതാണ് നമ്മള്‍ ഇപ്പോ പലപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്.

ഹീറോക്ക് എപ്പോഴും കളിയാക്കാനും തലക്ക് കൊട്ടാനുമൊക്കെ ഒരു കൊമേഡിയന്‍ വേണം. പക്ഷേ ഞാനത് ചെയ്യില്ല, ഞാനത് ഒരു കാലത്തും ചെയ്യില്ല. കാരണം ആര്‍ക്കും വേദനിക്കാത്ത തമാശകള്‍ മാത്രമേ ഞാനെപ്പോഴും പറയൂ. അയാള്‍ കൊമേഡിയനാണെങ്കിലും അയാളുടെ വീട്ടില്‍ അയാളാണ് രാജാവ്. അയാളുടെ മക്കളുടെ മുന്നില്‍ അയാളാണ് ഹീറോ. അപ്പോ അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് നമ്മള്‍ സ്വയം ചിന്തിക്കണം. മുടന്തനെ നോക്കി ‘പോടാ ഞൊണ്ടീ’ എന്ന് വിളിക്കുന്നത് ഹ്യൂമറല്ല, അതിനെയൊക്കെ ഇപ്പോഴുള്ളവര്‍ ബോഡി ഷേമിംഗ് എന്നു വിളിക്കുന്നത് കേള്‍ക്കുമ്പോ എനിക്ക് സന്തോഷമാണ.്

ഞാനൊരു ചാനലില്‍ പ്രോഗ്രാമിന് ഇരിക്കുമ്പോ അത്തരം കോമഡി കേള്‍ക്കുമ്പോ ഞാന്‍ മാര്‍ക്ക് ഇടാറില്ല, വട്ടപ്പൂജ്യം ഇട്ട് വയ്ക്കും. ഞാന്‍ ജഡ്ജി ആയിരിക്കുമ്പോ അവരുടെ ടെന്‍ഷന്‍ അതാണ്. അടുത്തിരിക്കുന്നവനെ ‘കാക്കേ, കുരങ്ങേ’ എന്നൊക്കെ വിളിച്ചു കഴിഞ്ഞാ മാര്‍ക്ക് കുറയ്ക്കുമെന്ന് ഞാന്‍ അവരോട് ആദ്യമേ പറയും. ചിരിപ്പിക്കാന്‍ ഒന്നും കിട്ടാത്തത് കൊണ്ട് അടുത്തിരിക്കുന്ന ആളെ കളിയാക്കാന്‍ പാടുമോ. ഇത് കേട്ടോണ്ട് ഇരിക്കുന്ന അയാളുടെ മക്കള്‍ക്ക് വിഷമം വരത്തില്ലേ. ഞാന്‍ അത് അനുവദിക്കത്തേയില്ല. അപ്പൊ അത്തരം ഹ്യൂമര്‍ കുറയണം. പിന്നെ, ഞങ്ങള്‍ക്ക് കുഴപ്പമില്ല ചേച്ചീ, ശകലം വിളിച്ചോട്ടെന്ന് ചിലര്‍ പറയും, പക്ഷേ ഞാന്‍ സമ്മതിക്കില്ല. പൊക്കമില്ലാത്തവരെ കളിയാക്കുക, ഇതൊന്നും ഞാന്‍ ചെയ്യില്ല.
നമ്മള്‍ ഇങ്ങനെ ജനിച്ചു പോയത് നമ്മടെ എന്തെങ്കിലും മൂല്യം കൊണ്ടാണോ. ഞാന്‍ നേരത്തേ ഇങ്ങനെ ഫോമില്‍ ഒപ്പിട്ട് കൊടുത്തത് കൊണ്ടാണോ ഞാന്‍ ഇപ്പോള്‍ നിങ്ങടെ മുന്നില്‍ ഇങ്ങനെ ഇരിക്കുന്നത്. അല്ല. എനിക്ക് ആരെയും കളിയാക്കുന്നത് ഇഷ്ടമല്ല. ഞാന്‍ പെട്ടെന്ന് ഇമോഷണലാവുകയും ചെയ്യും.

എന്റെ കൂടെ അഭിനയിച്ച ഒരു തമിഴ് ആക്ടര്‍. ചെറിയ മാറുകണ്ണ് ഉണ്ട് അദ്ദേഹത്തിന്. വളരെ ഫേമസ് ആയ ആക്റ്റര്‍ ആണ്. ഒരു പടത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. എനിക്കന്ന് വലിയ പ്രായമില്ല. അദ്ദേഹത്തിന്റെ കണ്ണ് നോക്കി അനുകരിച്ച് അഭിനയിക്കാന്‍ പറഞ്ഞു ഡയറക്ടര്‍. ഞാന്‍ അന്ന് അത് പോലെ അഭിനയിച്ചു. ഡയലോഗ് കഴിഞ്ഞു വന്നപ്പോ അദ്ദേഹം എന്നോട് പറഞ്ഞു, ‘മോള് എന്നെ പോലെ കണ്ണ് വച്ച് അഭിനയിച്ചല്ലേ?’ ഞാന്‍ പറഞ്ഞു, ‘ആ അങ്കിള്‍, ഡയറക്ടര്‍ എന്നോട് പറഞ്ഞു അങ്ങനെ ചെയ്യാന്‍.’

അദ്ദേഹം എന്നോട് പറഞ്ഞു, ഈ കണ്ണ് ഇങ്ങനെ ആയത് കൊണ്ട് ഞാന്‍ ആഗ്രഹിച്ച ജോലിയൊന്നും ചെയ്യാന്‍ എനിക്ക് സാധിച്ചില്ല. റെയില്‍വേ ഗാര്‍ഡായിട്ടും ഡ്രൈവിംഗിന് പോലും ലൈസന്‍സ് തരില്ലാന്ന് പറഞ്ഞു. പക്ഷേ തന്റെ ഈ കുറവ് സിനിമയില്‍ ഒരു പ്ലസ് ആയെന്ന് അദ്ദേഹം എന്നോട് പറഞ്ഞു ഞാനത് കേട്ടതും കരഞ്ഞു. അദ്ദേഹം പിന്നീട് വളരെ പോപ്പുലര്‍ ആയ നടനായി മാറി. അദ്ദേഹത്തിന്റെ ദുഃഖങ്ങള്‍ എല്ലാം പിന്നീട് മാറി.

അപ്പൊ അതൊന്നും ആയിരിക്കരുത് ഹ്യൂമര്‍. പക്ഷേ അതിന് ശേഷമാണ് ഞാന്‍ ശരിക്കും റിയലൈസ് ചെയ്തത് നമ്മളെ ചിന്തിപ്പിക്കുന്നതായിരിക്കണം ഹ്യൂമര്‍. ഒരു തമാശയില്‍ കൂടെ നമ്മളൊരു കാര്യം പറയുമ്പോ നമ്മളെ ചിന്തിപ്പിക്കുന്നത് കൂടിയായിരിക്കണം ഹ്യൂമര്‍. ഒരു കയ്പ്പുള്ള മരുന്ന് മധുരത്തില്‍ പൊതിഞ്ഞു കൊടുക്കുന്നത് പോലെ ആയിരിക്കണം. അതുപക്ഷെ ആരെയും വിഷമിപ്പിക്കരുതെന്ന് മനസില്‍ ചിന്തിച്ചിട്ടുണ്ടന്നല്ലാതെ, ഭാഗ്യവശാല്‍ എനിക്ക് ലഭിച്ചതില്‍ ഭൂരിഭാഗവും അങ്ങനത്തെ വേഷങ്ങള്‍ ആയിരുന്നു. അത് എനിക്ക് സമ്മാനിച്ച റൈറ്റേഴ്സിനും ഡയറക്ടേഴ്സിനുമാണ് അതിന്റെ ക്രെഡിറ്റ്’ ഉര്‍വശി പറഞ്ഞു.
…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *