മോദി സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മ

Thamasoma News Desk

കേരളത്തിലെ യുവജനങ്ങള്‍ നാടുവിട്ടു പോകുന്നുവെന്നു വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സൗകര്യപൂര്‍വ്വം മറന്നൊരു കാര്യമുണ്ട്. കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ് എന്നതാണത് (Unemployment in India).

ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. വിദ്യാഭ്യാസപരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് നല്‍കാന്‍ ആവശ്യത്തിനു തോഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ തീരുമാനങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതും ഇതുതന്നെ ആയിരിക്കും. അതോടൊപ്പം തന്നെ പണപ്പെരുപ്പവും ദാരിദ്ര്യവും ഇന്ത്യന്‍ ജനതയെ വലയ്ക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ കാണുന്ന മാര്‍ഗ്ഗമാണ് മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത്.

തൊഴിലില്ലായ്മക്കു പരിഹാരം കാണാനുള്ള പരിശ്രമങ്ങളൊന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയെടുക്കുമെന്നാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിന്റെ വാഗ്ദാനം. പക്ഷേ, ഇതു തന്നെയാണ് 2014 ലെ തെരഞ്ഞെടുപ്പു കാലഘട്ടത്തിലും മോദി പറഞ്ഞിരുന്നത്. പക്ഷേ, തൊഴിലില്ലായ്മയുടെ കാര്യത്തില്‍ കാര്യമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ രണ്ടുതവണ തുടര്‍ച്ചയായി വിജയിച്ചിട്ടും മോദി സര്‍ക്കാരിനു സാധിച്ചിട്ടില്ല.

ഗ്യാസിന്റെയും പെട്രോളിന്റെയും വില വര്‍ദ്ധനയും കര്‍ഷകരോടുള്ള ശത്രുതാ മനോഭാവവും ജനങ്ങളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. എല്ലാറ്റിന്റെയും പരിഹാരമാര്‍ഗ്ഗമായി മോദി സര്‍ക്കാരിനു മുന്നിലുള്ളത് ജനങ്ങളെ മതപരമായി തമ്മിലടിപ്പിക്കുക എന്നതു മാത്രം. ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വത്തെ തുടച്ചു നീക്കി, ഒരു ഭാഷ, ഒരു വേഷം ഒരു സംസ്‌കാരം, ഒരു മതം എന്നതിലേക്ക് ഇന്ത്യന്‍ ജനതയെ അപ്പാടെ കൊണ്ടുവരാനാണ് ബി ജെ പി സര്‍ക്കാരിന്റെ ശ്രമം. ഇന്ത്യയുടെ ആത്മാവിനെ നഷ്ടപ്പെടുത്തി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്നതാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. പരമാധികാരം ആരുടെ കൈയില്‍ വന്നാലും അത് ജനാധിപത്യത്തിന്റെ മരണമാണ് സൂചിപ്പിക്കുന്നത്. ഇനിയുമൊരു തവണ കൂടി ബി ജെ പിയുടെ കൈയില്‍ ഭരണമെത്തിയാല്‍ തകര്‍ന്നടിയുന്നത് ജനാധിപത്യമാണ്.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *