മാലിന്യം സര്‍വ്വത്ര: ഇത് പഞ്ചായത്തിന്റെ പിടിപ്പുകേട്

Jess Varkey Thuruthel

ഈ ദൃശ്യം കരിമണല്‍ പാലത്തില്‍ നിന്നുള്ളതാണ്. അതായത് കോതമംഗലം-നേര്യമംഗലം ഭാഗത്തു നിന്നും കട്ടപ്പനയ്ക്കും മൂന്നാറിനും പോകുന്ന റോഡിലെ അവസ്ഥയാണിത്. ഇത് ഒരു തോടിന്റെ മാത്രം അവസ്ഥയല്ല. കാട്ടിലും തോടുകളിലും റോഡരികിലുമെല്ലാം മാലിന്യം തള്ളുകയാണ് (Waste dumping). ഉത്തരവാദിത്വമില്ലാത്ത മനുഷ്യരും നിയമം നടപ്പാക്കാന്‍ താല്‍പര്യമില്ലാത്ത പഞ്ചായത്തും ചേര്‍ന്ന് പ്രകൃതിയെ നശിപ്പിക്കുന്ന കാഴ്ച. പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവരെ ശിക്ഷിക്കാന്‍ ഇവിടെ നിയമമുണ്ട്. പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണിത്. മാലിന്യം തള്ളുന്നവരെക്കുറിച്ച് കൃത്യമായ തെളിവുകള്‍ നല്‍കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികവും ലഭിക്കും. പക്ഷേ, പ്രദേശവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇവിടെ മാലിന്യം തള്ളുന്നു.

കട്ടപ്പനയിലേക്കും മൂന്നാറിലേക്കുമായി വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ നിരവധി പേര്‍ യാത്ര ചെയ്യുന്ന റോഡാണിത്. കാടിന്റെയും മലനിരകളുടേയും പുഴയുടേയുമെല്ലാം സൗന്ദര്യവും തണുപ്പും ആസ്വദിക്കാനെത്തുന്നവര്‍. ഉപയോഗിച്ച ഡയപ്പര്‍ മാലിന്യം മുതല്‍ പ്ലാസ്റ്റിക് വരെ വലിച്ചെറിയുകയാണ്. ഇത്തരത്തില്‍, നമ്മുടെ നദികള്‍, ജലാശയങ്ങള്‍, കാട് അങ്ങനെ എല്ലാം മലിനമാകുന്നു.

പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വഴിയോരങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാവുന്നതേയുള്ളു പഞ്ചായത്തിന്. പക്ഷേ, വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ചു വയ്ക്കുന്ന സംഭരണ കേന്ദ്രങ്ങളല്ലാതെ മറ്റൊന്നും ഈ റോഡിലെങ്ങുമില്ല. ഒരു പദ്ധതിയും നടപ്പാക്കാന്‍ പണമില്ലെന്നാണ് കവളങ്ങാട് പഞ്ചായത്തിന്റെ വാദം. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും കനത്ത പിഴ ഈടാക്കിയാല്‍ പരിഹരിക്കാവുന്നതേയുള്ളു ഇത്തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍.

ശരിയായ മാലിന്യസംസ്‌കരണത്തിന്റെയും നാട് വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും ആവശ്യകത ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. സ്വന്തം നാടു വൃത്തികേടാക്കുന്നവരെ നിയമപരമായി ശിക്ഷിക്കുവാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുകയും വേണം.

വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിച്ചാല്‍ മാത്രം പോരാ. അവര്‍ക്ക് വൃത്തിയുള്ള ഇടങ്ങളും നല്‍കുവാന്‍ സാധിക്കണം. സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്വമാണെന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കുമുണ്ടാവണം. അതു മനസിലാകാത്തവര്‍ ശിക്ഷിക്കപ്പെട്ടേ തീരൂ.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *