Thamasoma News Desk
വിവാഹ ബന്ധം തകരാനുള്ള കാരണങ്ങള്‍ എന്തു തന്നെ ആയാലും മക്കളുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ കാരുണ്യം കാണിച്ചേ തീരൂ. പങ്കാളിയോടുള്ള വാശിയും വൈരാഗ്യവും മക്കളുടെമേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍, അവരുടെ എല്ലാ അവകാശങ്ങളും നീതിയും അവരില്‍ നിന്നും തട്ടിപ്പറിക്കുകയാണ് ചെയ്യുന്നത്. കോടതി അനുവദിച്ചാല്‍പ്പോലും മക്കളെ അവരുടെ പിതാവിനു കാണിച്ചു കൊടുക്കാന്‍ പോലും പലരും അനുവദിക്കാറില്ല. മക്കളുടെ ഭാവി മുന്‍നിറുത്തിയാണ് കുടുംബക്കോടതി ഒരു തീരുമാനമെടുക്കുന്നത് എങ്കില്‍ക്കൂടി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും സ്വന്തം മക്കളെ പിതാവിനൊപ്പം വിടണമെന്ന കോടതി ഉത്തരവു പോലും പലപ്പോഴും പാലിക്കാറില്ല. സ്ത്രീ സുരക്ഷാ നിയമങ്ങള്‍
മകളുടെ പിറന്നാളിന് സമ്മാനങ്ങളുമായി അവളെക്കാണാന്‍ കോടതിയില്‍ ചെന്ന നൗഷാദ് തളിക്കുളം ഫേയ്‌സ്ബുക്കില്‍ കുറിച്ചിട്ട വരികളാണിത്. വാശിയും വൈരാഗ്യവും തീര്‍ക്കേണ്ടത് മക്കളെ വച്ചല്ല. അവരുടെ ആഗ്രഹവും സ്വപ്‌നങ്ങളും അവകാശങ്ങളും അടിച്ചമര്‍ത്തിക്കൊണ്ടുമല്ല. കോടതികളില്‍ വീഴുന്ന കുഞ്ഞുങ്ങളുടെ കണ്ണീര്‍ കാണാതിരിക്കരുത്.
ഇന്ന് മോളുടെ പിറന്നാളായിരുന്നു. അവളുടെ ഇഷ്ടപ്പെട്ട സ്റ്റോബറി കേക്കും സ്റ്റോബറി മിഠായിയും ബിരിയാണിയും എല്ലാം എന്റെ ചക്കരമോള്‍ക്ക് ഞാന്‍ വാങ്ങിച്ചിരുന്നു. കുറേ നേരമായി മോളേയും കാത്ത് ഞാന്‍ ഈ കോടതി വരാന്തയില്‍ നില്‍ക്കുന്നു. ഗെയ്റ്റ് കടന്ന് വരുന്ന അവള്‍ അകലന്നേ എന്നെ കണ്ടു. എന്റെ അരികിലേക്കവള്‍ ഓടിയെത്തി.
ഹായ് വാപ്പാ..
ഹാപ്പി ബര്‍ത്ത്‌ഡേ…മോളൂ..
താങ്ക്യൂ വാപ്പാ..
വല്ലതും കഴിച്ചോ..
ആ കഴിച്ചു വാപ്പാ..
പിന്നെ വാപ്പാ ഞാനിന്നല്ലെ സ്‌ക്കൂളില് വീണു. കാല് വേദനിക്കുന്നുണ്ട്…
അച്ചോടാ… വേദനണ്ടോ..
ആ..
സാരല്ല്യാട്ടാ. വാപ്പ എന്തൊക്കെയാണ് കുട്ടിക്ക് വാങ്ങിച്ച് കൊണ്ട് വന്നിട്ടുള്ളതെന്ന് നോക്കിയേ. ബര്‍ത്ത്‌ഡേക്ക് പുതിയ ഉടുപ്പ് ഇട്ടാലോ.
ഓക്കേ…വാപ്പാ..
ഉമ്മ ഉടുപ്പ് വാങ്ങിച്ചു തന്നില്ലേ?
ഇല്ല വാപ്പാ..
കേക്ക് വാങ്ങിച്ചോ?
ഇല്ല..
പായസം വെച്ച് തന്നോ?
ഒന്നും ഇല്ല വാപ്പാ..
ഇനി എന്തെങ്കിലും ചോദിച്ചാല്‍ സങ്കടം കരച്ചിലിന് വഴിമാറുമെന്ന് തോന്നി.
സാരമില്ല്യാട്ടാ..
വാപ്പ എല്ലാം വാങ്ങിച്ച് കൊണ്ട് വന്നിട്ടുണ്ട്. നമുക്ക് കേക്ക് മുറിച്ചാലോ?
ഓക്കെ വാപ്പാ..
ചുണ്ടിലൂറിയ ചെറു മന്ദഹാസം ചിരിയിലേക്ക് മാറിയതോടെ ഞങ്ങള്‍ രണ്ടു പേരും ഹാപ്പിയായി. ചാണാപച്ച നിറത്തിലുള്ള പുതിയ ഉടുപ്പും അതേകളറിലുള്ള ചെരിപ്പും പിന്നെ ഡ്രസ്സിന് മാച്ചൊപ്പിച്ച ഹെയര്‍ ബാന്റും തിളങ്ങുന്ന കല്ല് വെച്ച വളകളും ചേലുള്ള പുതിയ മാലയും അണിഞ്ഞവള്‍ വാപ്പാടെ കവിളില്‍ മതിവരുവോളം ഉമ്മകള്‍ തന്നു. വലുതല്ലെങ്കിലും ചോരാത്ത ചെറിയൊരു വീട് ഞങ്ങള്‍ക്കും ഉണ്ട് (ബാങ്ക്കാര്‍ ജപ്തി ചെയ്യുന്നത് വരെ സ്വന്തമെന്ന് പറയാവുന്ന വീട്). അവിടെ എല്ലാവരും ചേര്‍ന്ന് ആഘോഷമാക്കേണ്ടതാണ്. പക്ഷേ ഇന്നിവിടെ ഈ കുടുംബ കോടതിയുടെ വരാന്തയില്‍ നില്‍ക്കാനാണ് വിധി.
വരാന്തയോട് ചേര്‍ന്ന് നിരയായി നില്‍ക്കുന്നവര്‍ക്കിടയിലൂടെ മിഠായിയും കേക്കുമായി മോള് നടന്ന് നീങ്ങുമ്പോള്‍ എല്ലാവരും കൈപിടിച്ചും കവിളില്‍ തലോടിയും ഹാപ്പി ബര്‍ത്ത് ഡേ മോളൂന്ന് പറയുമ്പോള്‍ മോളേപോലെ ഞാനും സന്തോഷത്തിലാണ്. കാരണം മോളുടെ കൈയ്യും പിടിച്ച് ഈ വരാന്തയിലൂടെ ഞാന്‍ നടക്കുമ്പോള്‍ ചുമരിനോട് ചേര്‍ത്തിട്ട മര ബഞ്ചില്‍ ഇരുന്ന് വിങ്ങുന്ന മനസ്സോടെ ചിരിക്കുന്ന ചില മുഖങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. മക്കളെ ഒരു നോക്ക് കാണാന്‍ കഴിയാതെ കരഞ്ഞ് കലങ്ങിയ കണ്ണുമായി എത്രയോ അച്ഛന്‍മാര്‍ ഈ വരാന്തയില്‍ തളര്‍ന്നിരുന്നിട്ടുണ്ട്.
ഞാനും അങ്ങിനെ തന്നെയായിരുന്നല്ലോ. എട്ട് മാസം മോളെ കാണാതെ ഞാന്‍ അനുഭവിച്ച വേദന എനിക്കല്ലേ അറിയൂ. എന്റെ നെഞ്ചില്‍ കിടന്നാണ് മോളുറങ്ങിയിരുന്നത്. ജോലിക്ക് പോകാന്‍ ബൈക്കില്‍ കയറുമ്പോള്‍ കുറച്ച് നേരം കറങ്ങാന്‍ ഞാനുമുണ്ട് വാപ്പാന്നും പറഞ്ഞ് ബൈക്കില്‍ കമിഴ്ന്ന് കിടക്കുന്ന എന്റെ മോളെ. പാതിരാത്രിയെണീറ്റ് എനിക്ക് വിശക്കുന്നു വാപ്പാ. വാപ്പ എനിക്ക് ചോറ് വാരിതരോന്ന് ചോദിച്ച് സന്തോഷത്തോടെ ചോറ് തിന്നുന്ന എന്റെ മോളെ എന്റെ നെഞ്ചില്‍ നിന്ന് പറിച്ചെടുത്ത് അവള്‍ പടിയിറങ്ങീട്ട് കൊല്ലം മൂന്നായി.
മോളെയൊന്ന് കാണിച്ച് തരോന്ന് ചോദിച്ച് എത്രയോ ആളുകളുടെ കാലില്‍ വീണ് കരഞ്ഞിട്ടുണ്ട് ഞാന്‍. എന്നിട്ടും ഒരു തരി പോലും മനസ്സലഞ്ഞിട്ടില്ല ഇവര്‍ക്ക്. പിന്നീട് ഒരു ദിനം ഈ കോടതി മുറിയില്‍ എന്റെ സങ്കടങ്ങളുടെ കെട്ടഴിഞ്ഞുവീണപ്പോഴാണ് അവരുടെ അഹങ്കാരത്തിന്റെ മുന കോടതി തല്ലിയൊടിച്ചത്.
അന്ന് നീതിപീഡം എനിക്ക് തണല്‍ വിരിച്ചു. ആ തണലിലാണ് ഇന്നെന്റെ പ്രതീക്ഷകളുടെ ചിറകുമായി ഞാന്‍ പാറി പറക്കുന്നത്. വരിയില്‍ നിന്നവര്‍ക്കെല്ലാം മിഠായിയും കേക്കും കൊടുത്തവള്‍ സന്തോഷത്തോടെ നീങ്ങുന്നത് അകലെയിരിക്കുന്ന അവളുടെ ഉമ്മയുടെ അരികിലേക്കാണ്. സന്തോഷത്തോടെ മിഠായി പാത്രം അവള്‍ ഉമ്മയുടെ നേരെ നീട്ടി.
ഉമ്മാ മിഠായി എടുക്ക്…
കേട്ടഭാവം നടിച്ചില്ല. വേണ്ടന്ന് പറയാനുള്ള മര്യാദ പോലും ആ കുഞ്ഞിനോട് കാണിച്ചില്ല. മനസ്സിലെ സങ്കടം മുഖത്ത് കാണിക്കാതെ എന്നെ നോക്കിയവള്‍ ചിരിച്ചു. അതൊന്നും പ്രശ്‌നല്ല്യാ… എനിക്കന്റെ വാപ്പാ ഉണ്ടല്ലോയെന്ന് അവള്‍ പറയാതെ പറഞ്ഞത് അവളുടെ കണ്ണില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു.
ആ ഒരു പ്രതീക്ഷയുണ്ടല്ലോ…. അതൊരു ആവേശമാണ്. ജീവിക്കാനുള്ള എന്റെ ഊര്‍ജ്ജമാണത്.
വാപ്പാ… കേക്കും മിഠായിയുമൊക്കെ കൊടുത്ത് കഴിഞ്ഞില്ലേ. ഇനി നമുക്ക് കണ്ണ് കെട്ടി കളിച്ചാലോ. വാപ്പ ആദ്യം കണ്ണടക്ക്. വാപ്പാടെ കണ്ണീന്ന് വെള്ളം വരുന്നല്ലോ. വാപ്പ കരയാണോ.
ഏയ് പുറത്ത് മഴ പെയ്തപ്പോ വെള്ളം തെറിച്ചതാണ്.
വാപ്പാ, എന്നൊന്നിടുത്തേ.. ഞാനൊരു കാര്യം ചോദിക്കട്ടെ…
ആ ചോദിക്ക്
വാപ്പ എല്ലാ മാസവും ഉമ്മാക്ക് പതിനായിരം രൂപ അയച്ച് കൊടുക്കുന്നില്ലേ. എന്നിട്ടന്തേ എന്റെ പിറന്നാളിന് എനിക്ക് ഉമ്മ ഉടുപ്പ് എടുത്ത് തരാഞ്ഞത്? ഒരു കേക്ക് പോലും വാങ്ങി തന്നില്ല വാപ്പാ
അത് സാരല്ല്യാ. മോള്‍ക്ക് വാപ്പ എല്ലാം വാങ്ങി തന്നില്ലേ. പിന്നെ എല്ലാരും മോളെ കാണാന്‍ ഇവിടെ വന്നില്ലേ.
അതൊക്കെണ്ട്. പക്ഷേ വാപ്പാ എനിക്ക് വാപ്പാടെ വീട്ടില് പോയാല്‍ മതി. ഇപ്പോ ഞാന്‍ വാപ്പാടെ ഒപ്പം പോരട്ടെ. വാപ്പന്നാള് പറഞ്ഞില്ലേ. എന്നെ എല്ലാ മാസവും വാപ്പാടെ വീട്ടില്‍ കൊണ്ട് പോയി നിറുത്താന്ന്.. അത് സാറിനോട് പറഞ്ഞിട്ടുണ്ടെന്ന്.. അങ്ങിനെ എല്ലാ മാസവും വാപ്പാടെ വീട്ടില്‍ പോകാന്‍ പറ്റിയാല്‍ കുറേ വയ്യാത്തോര്‍ക്ക് ചോറ് വാങ്ങിച്ച് കൊടുക്കാന്ന് വാപ്പ പറഞ്ഞില്ലേ… നമുക്ക് വയ്യാത്തോര്‍ക്ക് ചോറ് വാങ്ങി കൊടുക്കണംട്ടാ വാപ്പാ….
എന്റെ ചക്കരമോള് കരയാണോ…
ല്ല്യ വാപ്പാ.. മയ പെയ്തപ്പോ വെള്ളം തെറിച്ചതാണ്….
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47