ജെസ് വര്‍ക്കി തുരുത്തേല്‍
പിറന്നു വീണ കുഞ്ഞ് ആണോ പെണ്ണോ എന്ന് ലിംഗം നോക്കി തീരുമാനിക്കുന്നതിന് ഇനിയെങ്കിലും അറുതിയുണ്ടാകുമോ….?? ആണെന്നും പെണ്ണെന്നും രണ്ടു വിഭാഗം മാത്രമേ ഈ ഭൂമിയിലുള്ളുവെന്നും മറ്റെല്ലാം പ്രകൃതി വിരുദ്ധമെന്നും ചത്തൊഴിയേണ്ടതെന്നുമുള്ള മതബോധത്തിനും പൊതുബോധത്തിന്റെ ചെകിട്ടത്തായിരുന്നു കുഞ്ഞുപിറന്ന ശേഷം സിയ നല്‍കിയ മറുപടി. ‘ജന്റര്‍ ഏതാണ് എന്ന് ആ കുഞ്ഞു തീരുമാനിക്കട്ടെ.’
ജനനേന്ദ്രിയം നോക്കി കുഞ്ഞിന്റെ ജന്റര്‍ തീരുമാനിച്ച ശേഷം, ആ കുഞ്ഞിന്റെ ഇഷ്ടങ്ങളോ താല്‍പര്യങ്ങളോ നോക്കാതെ, മാതാപിതാക്കളുടെയും സമൂഹത്തിന്റെയും തീരുമാനങ്ങള്‍ കുഞ്ഞില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്ന മത സദാചാര മനുഷ്യര്‍ക്ക് ഇതില്‍പ്പരം വലിയൊരു തിരിച്ചടി കിട്ടാനില്ല.
ഒരു മനുഷ്യന്റെ ജന്റര്‍ ഏതെന്നു തീരുമാനിക്കുന്നത് അവരുടെ ജനനേന്ദ്രിയമല്ല, മറിച്ച് അവരുടെ ഹോര്‍മോണ്‍ ആണ്. ഓരോ സ്ത്രീയിലും പുരുഷ ഹോര്‍മോണും ഓരോ പുരുഷനിലും സ്ത്രീ ഹോര്‍മോണുമുണ്ട്. അവ ഏറിയും കുറഞ്ഞും കാണപ്പെടാം. സ്ത്രീ ഹോര്‍മോണ്‍ കൂടുതലുള്ള വ്യക്തി സ്ത്രീ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ പുരുഷ ഹോര്‍മോണ്‍ കൂടുതലുള്ളവര്‍ പുരുഷ ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇതിനെ തെറ്റായി കാണുന്നിടത്താണ് വലിയ പ്രശ്‌നങ്ങള്‍ ഉള്ളത്.
മറ്റുരാജ്യങ്ങളില്‍, എന്തിന് കേരളത്തിനു വെളിയില്‍ പോലും മനുഷ്യരെ അവരുടെ സ്വത്വബോധത്തില്‍ അംഗീകരിക്കാന്‍ കഴിയുമ്പോള്‍ വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിനു മാത്രമതു പറ്റുന്നില്ല. വ്യക്തികളുടെ ലൈംഗിക താല്‍പര്യത്തിനു വിരുദ്ധമായി, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാനിക്കാതെ, സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിറുത്തി ഇവരുടെ ജീവിതം തീരുമാനിക്കപ്പെടുന്നു.
സിയയും സഹദും അവരേപ്പോലുള്ള അനേകം മനുഷ്യരും ഒരുമിച്ചു ജീവിച്ചാലും അവര്‍ക്കു മുന്നിലുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തി കുഞ്ഞിനു ജന്മം നല്‍കിയാലും അതവരുടെ സ്വകാര്യതയാണ്. ആ സ്വകാര്യതയെ മാനിക്കുക എന്നതാണ് മൂല്യബോധമുള്ളൊരു മനുഷ്യന്‍ ചെയ്യേണ്ടത്.
മുലകുടിക്കാനുള്ള ഒരു കുഞ്ഞിന്റെ അവകാശത്തെ നിഷേധിച്ചുവെന്ന പരാമര്‍ശം നടത്തുന്നവരെന്തേ പെണ്ണിനു കുഞ്ഞിനെ നല്‍കി കടന്നുകളയുന്നവര്‍ക്കെതിരെ ശബ്ദിക്കാത്തത്?? ഓരോ വീട്ടകങ്ങളിലും എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് ബാല്യം ഹോമിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളെക്കുറിച്ചാരും മിണ്ടാത്തതെന്ത്…?? പെറ്റയുടന്‍ വലിച്ചെറിയുന്ന മാതാപിതാക്കളെക്കുറിച്ചും ചിന്തിക്കാത്തതെന്ത്…??
അനാഥരാക്കപ്പെട്ട ബാല്യങ്ങളെക്കുറിച്ചോ മനുഷ്യ ജീവിതത്തെക്കുറിച്ചോ മിണ്ടാത്തവര്‍ക്ക്, അതിനു പരിഹാരം കാണാന്‍ കഴിയാത്തവര്‍ക്ക്, കൂടെ നില്‍ക്കാന്‍ കഴിയുന്ന എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും പ്രാര്‍ത്ഥിക്കാം എന്ന യുക്തി പറഞ്ഞ് കര്‍ത്തവ്യത്തില്‍ നിന്നും പിന്തിരിയുന്ന ഇരുകാലികളെക്കുറിച്ച് എന്തേ ശബ്ദിക്കാത്തത്…??
ആരോഗ്യമുള്ള സ്ത്രീയ്ക്കും പുരുഷനും ജനിക്കുന്ന എത്രയോ കുഞ്ഞുങ്ങള്‍ വൈകല്യങ്ങളോടെ ജനിക്കുന്നു. അവരെ കൂടെ കൂട്ടുവാനോ സഹജീവികളായി പരിഗണിക്കാനോ കഴിയാത്ത മനുഷ്യരെന്തിനാണ് സിയയുടെയും സഹദിന്റെയും കുഞ്ഞിനെയോര്‍ത്തു വേവലാതിപ്പെടുന്നത്…?? ഏതെങ്കിലും തരത്തിലുള്ള പരിമിതികളുണ്ടെങ്കില്‍, അത് പൊതുജനമധ്യത്തില്‍ അപഹസിക്കാനുള്ള യോഗ്യതയായും ദൈവം നല്‍കിയ ശിക്ഷയായും കരുതുന്ന മനുഷ്യരുള്ള ഈ ലോകത്ത് സിയ-സഹദ് ദമ്പതികളെയും അവരുടെ കുഞ്ഞിനെയും വിമര്‍ശിക്കാന്‍ എന്തുയോഗ്യതയാണ് വിമര്‍ശകശിങ്കങ്ങള്‍ക്കുള്ളത്…??
അവളുടെ ശരീരം പൂര്‍ണ്ണമായും അവനായിട്ടില്ലായിരിക്കാം. അവന്റെ ശരീരം പൂര്‍ണ്ണമായും അവളും ആയിട്ടില്ല. പക്ഷേ, അവരുടെ മനസ് അവരാഗ്രഹിക്കുന്ന ജന്ററിലേക്ക് പരിപൂര്‍ണ്ണമായും മാറിയവരാണ്. അവര്‍ക്കിഷ്ടമുള്ളപോലെ അവര്‍ ജീവിക്കട്ടെ….. കാഴ്ചക്കാര്‍ പിരിഞ്ഞുപോകുക…..
ആ കുഞ്ഞിന്റെ ജന്റര്‍ തീരുമാനിക്കാനുള്ള ശേഷി ആ കുഞ്ഞിനുണ്ട്…… അതിനെ അതിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ചു വളര്‍ത്താനുള്ള ശേഷി ആ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കുമുണ്ട്……