ജെസ് വര്‍ക്കി തുരുത്തേല്‍
‘പ്രസാദമെന്ന പേരില്‍ എന്റെ അമേദ്യം ഉണക്കിപ്പൊടിച്ചു കൊടുത്താലും വിശ്വാസികളെന്ന കഴുതകള്‍ ഭക്ത്യാദരവോടെ അതു കഴിക്കും’ എന്നൊരു ദിവ്യന്‍ പറഞ്ഞിരുന്നു. ദൈവത്തിന്റെ പേരില്‍ എന്തു ക്രൂരതയും സാധൂകരിക്കുന്ന പ്രക്രിയയുടെ പേരാണ് വിശ്വാസം. ദൈവത്തെ പ്രസാദിപ്പിക്കുന്നതില്‍ ആനന്ദിക്കുന്നവരുടെ സ്വര്‍ഗ്ഗമാണ് മിണ്ടാമഠങ്ങള്‍ എന്ന ടാഗ് ലൈനാണ് മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന മിണ്ടാമഠങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും വായനക്കാരുള്ള ദിനപ്പത്രമെന്നഭിമാനിക്കുന്ന, നീതികേടുകളെ സധൈര്യം ചെറുത്തു തോല്‍പ്പിക്കുന്ന പത്രമായ മനോരമ പോലും നിര്‍വ്വചിക്കുന്നത്. ഈ ഭൂമിയില്‍ ജനിച്ചു വീഴുന്ന ഏതൊരു മനുഷ്യന്റെയും അവകാശമാണ് പരസ്പരം ആശയ വിനിമയം നടത്താനുള്ള അവകാശം. വിശ്വാസത്തിന്റെ പേരില്‍ ലംഘിക്കപ്പെടുന്നതു നിങ്ങളുടെ പ്രാഥമികമായ അവകാശങ്ങളാണെന്നു പോലും തിരിച്ചറിയാനുള്ള ശേഷിയില്ലാതെ, ജീവിക്കുന്നതു സ്വര്‍ഗ്ഗത്തിലാണെന്നു സ്വയമങ്ങു തീരുമാനിക്കുന്ന കന്യാസ്ത്രീകളേ….., നിങ്ങളുടെ തലയ്ക്കകത്ത് ഒരഞ്ചു പൈസയുടെ ബുദ്ധിയെങ്കിലും ശേഷിക്കുന്നുണ്ടോ….?? സാധ്യതയില്ല, കാരണം, ബുദ്ധിയുള്ള ഒരാളുപോലും സ്വയം തടവറ തീര്‍ത്ത് സാമ്പത്തിക മാനസിക ചൂഷണത്തിന് സ്വയമെറിഞ്ഞു കൊടുക്കില്ല, അത് സ്വര്‍ഗ്ഗമാണെന്നു വാഴ്ത്തിപ്പാടുകയുമില്ല.
മിണ്ടാമഠങ്ങള്‍ അഥവാ സ്വയം സൃഷ്ടിച്ച ജയിലറ
ജയിലുകളെക്കാള്‍ കഷ്ടമായി സ്ത്രീകളെ അടച്ചിടുന്ന കേന്ദ്രങ്ങളാണ് മിണ്ടാമഠങ്ങള്‍. പക്ഷേ, ഈ കൊടുംക്രൂരതകളെയും കടുത്ത നീതി നിഷേധത്തെയും ദൈവികമാക്കി മാറ്റുന്ന നെറികെട്ട കാഴ്ചയാണ് നമുക്കു കാണാനാകുന്നത്. ഒന്നുകില്‍ അതിനകത്ത് പെട്ടുപോയവരുടെ തലയ്ക്കകത്ത് എന്തെങ്കിലുമുണ്ടായിരിക്കണം. അല്ലെങ്കില്‍ അവരുടെ വീട്ടുകാര്‍ക്ക് ബോധം വേണം. ഇതു രണ്ടും ഇല്ലാത്തതിനാല്‍, മിണ്ടാമഠങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തിനു സമമെന്ന് അവിടെ ജീവിക്കുന്നവരും അവരുടെ വീട്ടുകാരും പിന്നെ വിശ്വാസികളായ വിഢികളും അടിയുറച്ചു വിശ്വസിക്കുന്ന കാലത്തോളം ഈ കടുത്ത നീതികേടുകള്‍ ഇങ്ങനെ തന്നെ തുടരുമെന്നതില്‍ തര്‍ക്കമില്ല.
1562 ല്‍ സ്‌പെയിനിലാണ് ആദ്യത്തെ മിണ്ടാമഠം സ്ഥാപിക്കപ്പെട്ടത്. കേരളത്തിലെ ആദ്യത്തെ മിണ്ടാമഠം സ്ഥിതി ചെയ്യുന്നത് കോട്ടയം കില്ലയിലെ കീഴ്ക്കുന്നില്‍ സെന്റ് തെരേസാസ് മൗണ്ടിലാണ്. മിണ്ടാമഠത്തിലെ കന്യാസ്ത്രീകളെ നിത്യവ്രതം സ്വീകരിച്ചവരെന്നാണ് വിളിക്കുന്നത്. ഇവരുടെ മാതാപിതാക്കള്‍ മരിച്ചാല്‍ പോലും വീട്ടിലേക്കു പോകില്ല. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ഏകാന്ത തടവില്‍ കഴിയുന്ന ഭീകര കൊലയാളിക്കു പോലും ഈ അവകാശമുണ്ടെന്നിരിക്കെയാണ് തനിക്കു ചുറ്റും സ്വയം തടവറ തീര്‍ത്ത് അതിനെ സ്വര്‍ഗ്ഗമെന്നു വിളിച്ച് വിഢിസ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു ഈ കന്യാസ്ത്രീകള്‍. മറ്റു മഠങ്ങളിലെ കന്യാസ്ത്രീകളെ പഠിക്കാനും പുറത്തു പോകാനും ജോലി ചെയ്യാനുമെല്ലാം അനുവദിക്കും. പക്ഷേ, മിണ്ടാമഠങ്ങളില്‍ അതുപോലുമില്ല.
കേരളത്തിലടക്കം നിലനില്‍ക്കുന്ന മിണ്ടാമഠങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് 500 കൊല്ലം മുമ്പാണ്. 1748 ല്‍ പോണ്ടിച്ചേരിയിലാണ് ഇന്ത്യയിലെ ആദ്യത്തെ മിണ്ടാമഠം സ്ഥാപിക്കപ്പെട്ടത്. മിണ്ടാമഠത്തിലെ കന്യാസ്ത്രീകള്‍ക്ക് സംസാരിക്കാന്‍ അനുവാദമുള്ളത് ദിവസം രണ്ടുമണിക്കൂറാണ്. മിണ്ടാമഠത്തിന്റെ നിയമാവലിയില്‍ പറയുന്ന കാര്യം ഇതാണ്. ”ഇടമുറിയാത്ത പ്രാര്‍ഥനയും ത്യാഗങ്ങളും കോര്‍ത്തിണക്കിയ ഈ ജീവിതം വഴി നാഥന്റെ പാദങ്ങളില്‍ നമ്മുടെ ഹൃദയങ്ങളാകുന്ന സുഗന്ധത്തിന്റെ വെണ്‍കല്‍ഭരണി പൊട്ടിച്ചൊഴിക്കാം. ലോകം മുഴുവനും അതിന്റെ പരിമളം ആസ്വദിക്കട്ടെ.”
യേശുവിന്റെ സ്‌നേഹത്തെയോര്‍ത്ത് സ്വയം തടവു സൃഷ്ടിച്ച കന്യകമാരായ തങ്ങള്‍ നിരന്തരം പ്രാര്‍ത്ഥനയില്‍ മുഴുകി ദൈവത്തെ പ്രീതിപ്പെടുത്തുന്നുവെന്നാണ് ഇവര്‍ സ്വയം പറയുന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷവും വൈകിട്ട് ആറു മണിക്കു ഭക്ഷണം കഴിച്ച ശേഷവും മാത്രമാണ് ഇവര്‍ക്ക് ഉല്ലസിക്കാനുള്ള അവസരമുള്ളത്. ഉല്ലാസ വേളയെന്നാല്‍ കളിചിരികളല്ല. വേണമെങ്കില്‍ സംസാരിക്കാം. അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കാം. അതുമല്ലെങ്കില്‍ കൊന്തയുണ്ടാക്കാം, കര്‍ചീഫ് തുന്നാം, ബൈബിള്‍ വായിക്കാം. വേണമെങ്കില്‍ സംസാരിക്കാം. അതു നിര്‍ബന്ധമുള്ള കാര്യമല്ല. 20 വയസുമുതല്‍ 70-80 വയസ് പ്രായമുള്ളവര്‍ വരെ ഈ മിണ്ടാമഠങ്ങളിലുണ്ട്.
നിത്യവ്രതം സ്വീകരിച്ച് കന്യാസ്ത്രീ ആകുന്നതിന് നാലര മുതല്‍ അഞ്ചു വര്‍ഷം വരെ നീളുന്ന ആത്മീയ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ പരിശീലനത്തിന്റെ ആദ്യ ആറു മാസം പോസ്റ്റുലന്‍സി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ കാലയളവില്‍ മഠത്തിലെ ദിനചര്യകളും പ്രാര്‍ത്ഥനയും നിയമാവലിയും ഒരു മിസ്ട്രസിന്റെ കീഴില്‍ പരിശീലിക്കുന്നു. അതിനു ശേഷം ഒരു വര്‍ഷം ചിട്ടപ്രകാരമുളള പ്രാര്‍ത്ഥനാ ജീവിതം. വ്രതങ്ങള്‍ സ്വീകരിക്കുന്നത് അതിനു ശേഷമാണ്. അനുസരണ, ദാരിദ്ര്യം, ചാരിത്ര്യം എന്നീ വ്രതങ്ങള്‍ സ്വീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞാല്‍ രണ്ടു വട്ടം പുതുക്കണം.
സ്വയം തീര്‍ത്ത തടവറയില്‍ ശിഷ്ടകാലം കഴിച്ചു കൂട്ടണോ എന്നു തീരുമാനിക്കാനുള്ള സമയം കൂടിയാണ് ഈ നാലര വര്‍ഷം. ഇതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും പ്രാര്‍ഥനാ ജീവിതം വേണ്ട എന്ന് തീരുമാനിക്കാനുളള അവസരമുണ്ടെന്ന് മഠത്തിന്റെ നിയമാവലിയില്‍ പറയുന്നു. പക്ഷേ, സ്വന്തം മനസും തലച്ചോറും പൂര്‍ണ്ണമായും മറ്റുള്ളവര്‍ക്ക് അടിയറ വച്ചിട്ട് അതവിടെ നിന്നും തിരിച്ചെടുക്കുക എന്നത് അത്യന്തം പ്രയാസമേറിയ കാര്യമാണ്. കുറച്ചെങ്കിലും ചിന്താശേഷിയുള്ള ഒരു പെണ്ണും സ്വമേധയാ ഇത്തരം തടവറകളില്‍ അടച്ചിടില്ല. ബുദ്ധി വല്ലവര്‍ക്കും പണയം വച്ചു ജീവിക്കുന്ന ഈ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇതാണ് സ്വര്‍ഗ്ഗം, വിഢികളുടെ നല്ലൊന്നാന്തരം സ്വര്‍ഗ്ഗം….!
മരിച്ചാല്‍പ്പോലും…..
മിണ്ടാമഠത്തിലെ സിസ്റ്റര്‍മാര്‍ മരിച്ചാല്‍ അടക്കം ചെയ്യുന്നത് മഠത്തിനുളളിലെ സെമിത്തേരിയില്‍ തന്നെയാണ്. അതിനുമുമ്പ് പളളിയിലേക്ക് കൊണ്ടു വരുന്ന ശരീരത്തില്‍ ബന്ധുക്കള്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാം. അല്ലെങ്കിലും, മിണ്ടാമഠത്തിലേക്കവരെ പറഞ്ഞയച്ചപ്പോള്‍ തന്നെ അവര്‍ മരിച്ചു കഴിഞ്ഞു, പിന്നെന്ത് അന്ത്യോപചാരം….??
വെളുപ്പിന് നാലര മണിക്കാണ് മിണ്ടാമഠങ്ങള്‍ ഉണരുന്നത്. സിസ്റ്റര്‍മാരെ ഉണര്‍ത്താന്‍ നിയോഗിക്കപ്പെട്ട ഒരു കന്യാസ്ത്രീയുണ്ടാകും. ഇടവഴിയിലൂടെ നടന്ന്, തടി കൊണ്ടുളള ക്ലാപ്പര്‍ കൊട്ടി അവര്‍ മറ്റു കന്യാസ്ത്രീകളെ പ്രാര്‍ത്ഥനയ്ക്ക് ക്ഷണിക്കും. ആ ശബ്ദം കേള്‍ക്കുമ്പോള്‍ മറ്റു കന്യാസ്ത്രീകള്‍ ഉണര്‍ന്ന് അവരവരുടെ മുറികളില്‍ മുട്ടു കുത്തി പ്രാര്‍ത്ഥന ആരംഭിക്കും.
അഞ്ചു മണിക്ക് ക്വയര്‍ എന്ന പ്രത്യേക പ്രാര്‍ഥനാ ഹാളില്‍ ഒത്തു ചേര്‍ന്ന് പ്രാര്‍ഥന. ഞായറാഴ്ചകളില്‍ ഇത് എട്ടുമണി വരെ നീളും. മഠത്തിലെ ബോര്‍മയില്‍ തയാറാക്കുന്ന ബ്രഡും കട്ടന്‍കാപ്പിയും പഴങ്ങളുമാണ് പ്രഭാത ഭക്ഷണം.
ഒരു കൊടുംക്രൂരതയെ, കൊടിയ മനുഷ്യവകാശ ലംഘനത്തെ മനോരമ പത്രം വെള്ളപൂശുന്നത് എങ്ങനെയെന്ന് ഈ വരികളില്‍ നിന്നും വ്യക്തമായും മനസിലാക്കാനാവും.
‘പതിനൊന്ന് മണിക്കുളള പ്രാര്‍ഥനയ്ക്ക് ശേഷം പ്രാര്‍ഥനയോടെ തന്നെ റെഫെക്ടറി എന്നു വിളിക്കുന്ന ഡൈനിങ് ഹാളിലേക്ക്. ഭക്ഷണസമയത്ത് മുഖമുയര്‍ത്തി നോക്കില്ല ഇവര്‍. പകരം ദൈവവും മാലാഖമാരും വിരുന്നൂട്ടുന്ന സ്വര്‍ഗീയ പാനപാത്രത്തിലേക്ക് ആത്മാവിന്റെ കണ്ണുകളുയര്‍ത്തി വയ്ക്കും. റെഫക്ടറിയില്‍ നിയോഗിക്കപ്പെട്ട സിസ്റ്റര്‍ ഭക്ഷണവേളയില്‍ ആത്മീയഗ്രന്ഥം പാരായണം ചെയ്യും. ഭക്ഷണം ശരീരത്തെ ഊര്‍ജസ്വലമാക്കുമ്പോള്‍ മനസും സജ്ജ മാക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മദര്‍ എയ്ഞ്ചല്‍സ്….’
‘ഭക്ഷണശേഷം ഒരു മണിക്കൂര്‍ ഉല്ലാസത്തിനുളളതാണ്. ഈ സമയമാണ് സിസ്റ്റേഴ്‌സ് പരസ്പരം സംസാരിക്കുന്നത്. റിക്രിയേഷന്‍ ഹാളില്‍ ഇരുന്ന് ഓരോരുത്തരുടേയും ജോലികള്‍ തീര്‍ക്കുന്നതിനോടൊപ്പമാണ് ചെറിയ ഉല്ലാസങ്ങള്‍ പങ്കു വയ്ക്കുക. ഇതു കഴിഞ്ഞാല്‍ വിശ്രമം. രണ്ടു മണിക്കുളള ചെറു പ്രാര്‍ഥനയ്ക്ക് ശേഷം മുറിയിലെത്തി ആത്മീയ പുസ്തകങ്ങള്‍ വായിക്കും.’
‘ആറുമണിയുടെ യാമ പ്രാര്‍ഥനയ്ക്കു ശേഷം അത്താഴം കഴിച്ചാല്‍ വീണ്ടും ഒരു മണിക്കൂര്‍ ഉല്ലാസത്തിനുണ്ട്. ആ ദിവസത്തെ ആത്മപരിശോധനയാണ് അതിനു ശേഷം. പിന്നീടുളള അര മണിക്കൂര്‍ നിശ്വാസം പോലും കൊടുങ്കാറ്റ് സൃഷ്ടിക്കും. ഗ്രേറ്റ് സൈലന്‍സ് എന്ന് പേരുളള ഈ പ്രാര്‍ഥനാവേളയില്‍ സെല്ലില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. ഈ സമയം പരസ്പരം അഭിമുഖീകരിക്കേണ്ടി വന്നാല്‍ സ്തുതി പറയാനായി പോലും ചുണ്ടനക്കില്ലത്രേ.’
”അടുത്ത ദിവസത്തെ പ്രാര്‍ഥനയിലേക്ക് തുടക്കമിടുന്ന ജാഗരണ പ്രാര്‍ഥനയ്ക്ക് ശേഷം പത്തരയോടെ ക്‌ളാപ്പര്‍ മുഴങ്ങിയാല്‍ മുറിക്ക് മുമ്പില്‍ മുട്ടുകുത്തും. നെറ്റിയില്‍ കുരിശു വരച്ച് പ്രാര്‍ഥിക്കും. ശരീരം ഉറങ്ങുമ്പോഴും മനസ് ഉണര്‍ന്നിരിക്കും. ആത്മാവിനെ ദൈവത്തില്‍ ചേര്‍ത്തുവച്ച് പ്രാര്‍ഥനകള്‍ ഉരുവിടും. രാവും പകലും ദൈവവചനം ധ്യാനിക്കുന്നതാണ് ഞങ്ങളുടെ മതം.”
‘മാസത്തില്‍ ഒരു തവണ ഒരു മണിക്കൂറാണ് സിസ്റ്റര്‍മാരുടെ ബന്ധുക്കള്‍ക്ക് അവരെ സന്ദര്‍ശിക്കാനുളള സമയം. ദൂരെ നാടുകളില്‍ നിന്ന് വളരെ യാത്ര ചെയ്ത് വരുന്നവര്‍ക്ക് ഒന്നോരണ്ടോ ദിവസം തങ്ങാന്‍ ഗസ്റ്റ്ഹൗസുമുണ്ട്. പക്ഷേ, ഇവര്‍ക്കും മഠത്തിനുളളില്‍ കയറാന്‍ അനുവാദമില്ല. പാര്‍ലറില്‍ ഗ്രില്ലുകള്‍ക്കപ്പുറം ഇുപ്പുറം ഇരുന്ന് മാത്രമേ സംസാരിക്കാനാകൂ.’
കൊടിയ മനുഷ്യാവകാശ ലംഘനത്തിന്റെ മിണ്ടാമഠങ്ങള്‍ കോട്ടയത്തു മാത്രമല്ല ഉള്ളത്. കോട്ടയത്തെ മഠത്തിന്റെ ഉപശാഖകളായി തിരുവല്ലയിലും കൊല്ലം ജില്ലയിലെ കൊട്ടിയത്തും മൈസൂറിലും മഠങ്ങളുണ്ട്. മിണ്ടാമഠങ്ങളുടെ നിയമാവലി പ്രകാരം അംഗസംഖ്യ 21 ല്‍ കൂടാന്‍ പാടില്ല. അങ്ങനെയായാല്‍ എട്ട് കന്യാസ്ത്രീകള്‍ ചേര്‍ന്ന് പുറത്തു പോയി മറ്റൊരു മഠം സ്ഥാപിക്കണം. ഇപ്രകാരം സ്ഥാപിക്കപ്പെട്ട 33 മഠങ്ങളാണ് ഇന്ത്യയിലാകെ ഉളളത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലെ എരമല്ലൂരിലും മലയാറ്റൂരിലും മിണ്ടാമഠങ്ങളുണ്ട്.
കോട്ടയത്തെ മിണ്ടാമഠം നില്‍ക്കുന്നത് മൂന്നര ഏക്കര്‍ സ്ഥലത്താണ്. നാലു കെട്ടിന്റെ ശൈലിയുളള കെട്ടിടങ്ങള്‍ക്ക് പുറമേ കൃഷി ചെയ്യാനും ഭൂമിയുണ്ട്. ആടുകള്‍, പൂന്തോട്ടം, പച്ചക്കറി കൃഷി, കപ്പ, ഫലവൃക്ഷങ്ങള്‍, വാഴ എന്നിങ്ങനെ അകത്തെ ലോകം വിശാലമാണ്. കൊട്ടിയത്തെ മഠത്തിന് സ്വന്തമായി ആറ് ഏക്കര്‍ സ്ഥലമുണ്ട്. കൊട്ടിയത്തിന്റെ ഉപശാഖകളായാണ് തിരുവനന്തപുരത്തും ഒറീസയിലും മഠങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. ഓരോ മഠവും ഓരോ കമ്യൂണിറ്റി ആണ്.
മിണ്ടാതിരിക്കുക, പ്രാര്‍ത്ഥിക്കുക, പണിചെയ്യുക, മിണ്ടാതിരിക്കുക, പ്രാര്‍ത്ഥിക്കുക, പണി ചെയ്യുക…. ഈ ഒരു സിസ്റ്റത്തിലാണ് മിണ്ടാമഠത്തിലെ അന്തേവാസികള്‍ മരിക്കും വരെ പിന്തുടര്‍ന്നു പോകേണ്ടത്. ഈ ജീവിതത്തിനിടയില്‍ തളര്‍ന്നുപോകുകയോ രോഗിയായി മാറുകയോ ചെയ്താല്‍ ഇവരെ ശുശ്രൂഷിക്കാന്‍ വരുന്നതും ഈ മിണ്ടാമഠത്തിലുള്ള ആളുകള്‍ തന്നെ ആയിരിക്കും. ജീവിതകാലമത്രയും ഏകാന്ത തടവറകളില്‍ കഴിയാന്‍ സ്വയം തീരുമാനിച്ചവരാണിവര്‍. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് ഏറ്റവും അടിയന്തിരമായ എന്തെങ്കിലും കാര്യങ്ങള്‍ ഇവരോടു പറയാനുണ്ടെങ്കില്‍ ഗ്രില്ലിട്ട ജനലിലൂടെ ഏതാനും മിനിറ്റുകള്‍ അതിന് അനുമതി നല്‍കും.
സ്വയം തിരിയുന്ന ഒരു അലമാരയുണ്ട് ഈ മിണ്ടാമഠത്തില്‍. പുറത്തു നിന്നുള്ള സാധനങ്ങള്‍ അകത്തേക്ക് എത്തിക്കാനുള്ള മാര്‍ഗ്ഗമാണിത്. പുറത്തുനില്‍ക്കുന്ന ആള്‍ക്ക് അകത്തു നില്‍ക്കുന്ന ആളെയും അകത്തു നില്‍ക്കുന്ന ആള്‍ക്ക് പുറത്തു നില്‍ക്കുന്ന ആളെയും കാണാതെ സാധനങ്ങള്‍ സ്വീകരിക്കാനുള്ള സംവിധാനമാണിത്. ജയിലില്‍ പോലും ഏതെങ്കിലിമൊരു സാധനം കൊണ്ടുപോയാല്‍ അതവരുടെ കൈയില്‍ കൊടുക്കാനുള്ള അവസരമുണ്ട്. ഇവിടെ പക്ഷേ, അതുപോലുമില്ല. തീര്‍ത്തും ഒറ്റപ്പെട്ട് വലിയ തോതിലുള്ള ഏകാന്തതയാണ് മിണ്ടാമഠങ്ങളിലുള്ളവര്‍ അനുഭവിക്കുന്നത്. ഇതെല്ലാം തങ്ങളുടെ മണവാളനായ യേശുവിനു വേണ്ടിയുള്ള ത്യാഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തില്‍ ഒരു മനുഷ്യനോടു ക്രൂരത ചെയ്യുന്നവനോ ദൈവമെന്നു ചോദിക്കരുത്. ദൈവത്തിന്റെ പേരിലാകുമ്പോള്‍ കൊടിയ കുറ്റകൃത്യങ്ങളും വെള്ളപൂശപ്പെടും.
സാധാരണ കന്യാസ്ത്രീ മഠങ്ങള്‍ പോലും മനുഷ്യവകാശത്തിന്റെ എല്ലാ സീമകളും ലംഘിച്ചു കൊണ്ടാണ് നിലകൊള്ളുന്നത്. അപ്പോഴാണ് അതിനേക്കാള്‍ ഭീകരമായ മിണ്ടാമഠങ്ങള്‍. ഒരിക്കല്‍ പെട്ടുപോയാല്‍ തിരിച്ചൊരു വരവ് സാധ്യമല്ലാത്ത ഇടങ്ങളാണ് കന്യാസ്ത്രീ മഠങ്ങള്‍. ദൈവികമെന്നു മുദ്രകുത്തി, അവരുടെ അധ്വാന ഫലങ്ങളത്രയും വാങ്ങിയെടുത്ത് കുറച്ചു കഞ്ഞിയും വെള്ളവും മാത്രം നല്‍കി, ദാരിദ്ര്യമെന്നും അനുസരണമെന്നും ബ്രഹ്മചര്യമെന്നും പറഞ്ഞ് അവരുടെ എല്ലാ സന്തോഷങ്ങളെയും ഇല്ലാതാക്കി അടിമകളെക്കാള്‍ കഷ്ടമായ ജീവിതം ജീവിക്കുകയാണിവിടെ കന്യാസ്ത്രീകള്‍.
അനീതിക്കെതിരെ, ക്രൂരതയ്‌ക്കെതിരെ, മനുഷ്യന്റെ ആര്‍ത്തിക്കും ദുരയ്ക്കുമെതിരെ ചാട്ട ഉയര്‍ത്തിയ യേശുക്രിസ്തുവിന്റെ പേരിലാണ് ഈ അനീതികളത്രയും ദിവ്യത്വമായി ഇവിടെ ആഘോഷിക്കപ്പെടുന്നത്. തലയ്ക്കകത്ത് തലച്ചോറിന്റെ ലാഞ്ചനയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ കൊടിയ അനീതികള്‍ക്കെതിരെ കന്യാസ്ത്രീകള്‍ ഒരുമിച്ചു നില്‍ക്കുമായിരുന്നു. അവനവനു വേണ്ടി ശബ്ദമുയര്‍ത്താത്തിടത്തോളം കാലം ഈ നരകത്തില്‍ നിന്നും ഒരു കന്യാസ്ത്രീയും രക്ഷപ്പെടാന്‍ പോകുന്നില്ല. സാമ്പത്തിക, ശാരീരിക മാനസിക ചൂഷണങ്ങള്‍ തിരിച്ചറിയാനോ അതിനെ എതിര്‍ക്കാനോ ശേഷിയില്ലാത്ത, ചിന്താശേഷി ലവലേശമില്ലാത്ത ബുദ്ധിശൂന്യരാണ് ഈ കന്യാസ്ത്രീകള്‍. മിണ്ടാതിരിക്കുക ആയിരുന്നില്ല ജീസസ് ക്രൈസ്റ്റ് കാണിച്ച വഴിയെന്നെങ്കിലും ചിന്തിക്കാന്‍ ഈ കന്യാസ്ത്രീകളില്‍ ആര്‍ക്കും കഴിയാത്തതെന്ത്…?? അനീതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടവര്‍ കൊടിയ അനീതിയില്‍ വീണുകിടന്ന് അതാണു സ്വര്‍ഗ്ഗമെന്നു വീമ്പിളക്കി അതില്‍ അഭിരമിക്കുന്നു….! ഒന്നുകില്‍, തങ്ങള്‍ അനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് അത് അനുഭവിക്കുന്നവര്‍ക്ക് ബോധമുണ്ടാവണം. അല്ലെങ്കില്‍, ഈ രാജ്യത്തിലെ നിയമ സംവിധാനത്തിന് ഈ ക്രൂരതയ്ക്ക് തടയിടാനുള്ള കരുത്തുണ്ടാവണം. മതത്തിന്റെ കൈയിലെ കളിപ്പാവകളാണ് ഇന്ത്യയിലെ ഭരണ സംവിധാനം. അധികാരം നിലനിര്‍ത്താന്‍ മതങ്ങളും മതത്തിന്റെ പേരില്‍ നടക്കുന്ന ഈ കൊടിയ ക്രൂരതകളും അത്യാവശ്യമാണ്. ഈ ക്രൂരതകള്‍ അനുഭവിക്കുന്നവര്‍ക്ക് ബോധമില്ലെങ്കില്‍ പിന്നെ ആര്‍ക്കിവിടെ ബോധമുണ്ടാകാനാണ്….?? തലച്ചോറിന്റെയും നട്ടെല്ലിന്റെയും സ്ഥാനത്ത് ഈ കന്യാസ്ത്രീകള്‍ക്കുള്ളത് എന്താണെന്ന് ഗവേഷണം നടത്തിയാലും കണ്ടെത്താന്‍ കഴിയുമോ….??
………………………………………………………………………………………………..