ഇതിലും വലിയ കപ്പല്‍ത്തകര്‍ച്ചകള്‍ കണ്ട ബെന്‍സന്‍ ഇങ്ങനെ മടങ്ങേണ്ടിയിരുന്നില്ല

വെറുപ്പ്, വിദ്വേഷം, വിവേചനം…. അതിന്റെ തീവ്രതയില്‍ പകച്ചു നിന്നുപോയ രണ്ടു കുരുന്നു ജീവനുകള്‍. ഏകദേശം 20 വര്‍ഷങ്ങള്‍ക്കു മുന്‍പ്, എച്ച് ഐ വി ബാധയെത്തുടര്‍ന്ന് ഒരുവിഭാഗം മലയാളികള്‍ അറപ്പോടെ മാറ്റിനിറുത്തിയ രണ്ടു ചെറിയ കുഞ്ഞുങ്ങള്‍… ബെന്‍സനും ബെന്‍സിയും. ആ കണ്ണിയിലെ അവസാനത്തെ അംഗമായ ബെന്‍സനും യാത്രയായി. അതുപക്ഷേ, രോഗത്തെത്തുടര്‍ന്നുള്ള മരണമായിരുന്നില്ല, മറിച്ച്, ബെന്‍സന്‍ സ്വയം ജീവിതമവസാനിപ്പിച്ച് ഈ ലോകം വിട്ടു പോകുകയായിരുന്നു……

കൊല്ലം ജില്ലയില്‍ ആദ്യമായി എച്ച്ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയായിരുന്നു ബെന്‍സന്‍ (26). കൊട്ടാരക്കര തൃക്കണ്ണമംഗലില്‍ ബന്ധുവിന്റെ സംരക്ഷണയിലായിരുന്ന ബെന്‍സനെ, ബന്ധു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കേരളത്തില്‍, കൊല്ലം ജില്ലയില്‍, ആദ്യമായി എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ അവസാനത്തെ കണ്ണിയായിരുന്നു ബെന്‍സന്‍. സമൂഹമൊട്ടാകെ വെറുത്തു മാറ്റിനിറുത്തിയപ്പോഴും തളരാതെ പോരാടിയ ആ ചെറുപ്പക്കാരന് പ്രണയത്തകര്‍ച്ചയില്‍ അടിപതറിപ്പോയി. ആത്മഹത്യക്കു കാരണം അതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പത്തു വര്‍ഷം മുന്‍പ് സഹോദരി ബെന്‍സിയും മരിച്ചതോടെ കൊട്ടാരക്കരയിലെ ബന്ധുവീട്ടിലായിരുന്നു ബെന്‍സന്‍ താമസിച്ചിരുന്നത്.


എന്റെ കഴിവുകണ്ട് എന്നെ സ്‌നേഹിക്കുന്നവളെക്കാളേറെ എന്റെ കുറവ് കണ്ട് എന്നെ സ്‌നേഹിക്കുന്നവളെയാണ് എനിക്കിഷ്ടം,’

 നാളുകള്‍ക്കുമുമ്പ് തന്റെ ഫെയ്‌സ്ബുക്കില്‍ ബെന്‍സണ്‍ കുറിച്ചിട്ട വരികളാണിത്. ജീവിതം പരീക്ഷണക്കടലില്‍ മുങ്ങിത്താണപ്പോഴും പ്രതീക്ഷ കൈവിടാതെ ജീവിച്ച ചെറുപ്പക്കാരന്‍.

എയ്ഡ്‌സ് രോഗബാധിതരായ മാതാപിതാക്കളുടെ മക്കള്‍ എന്ന ലേബലും പേറി, ഒരുവിഭാഗം മനുഷ്യരാല്‍ വെറുക്കപ്പെട്ട്, സ്‌കൂളില്‍ പ്രവേശനം പോലും നിഷേധിക്കപ്പെട്ട്, ബാല്യത്തിന്റെ വര്‍ണ്ണങ്ങളത്രയും നഷ്ടപ്പെട്ട്, ബെന്‍സനും ബെന്‍സിയും നേരിട്ടത് ക്രൂര പരീക്ഷണങ്ങളായിരുന്നു. എയ്ഡ്‌സ് ബാധിതരായ കുട്ടികള്‍ പഠിക്കുന്ന ക്ലാസിലേക്ക് മക്കളെ അയയ്ക്കില്ലെന്ന് മറ്റ് കുട്ടികളുടെ മാതാപിതാക്കള്‍ നിലപാടെടുത്തതോടെ അവരുടെ ജീവിതം വെറുക്കപ്പെട്ടതായി മാറ്റപ്പെട്ടു.

അന്ന് കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഉള്‍പ്പെടെയുളളവര്‍ ബെന്‍സണെയും ബെന്‍സിയെയും പിന്തുണച്ച് ചേര്‍ത്ത് നിര്‍ത്തി. മടിയിലിരുത്തി ലാളിച്ചും പുണര്‍ന്നും പാട്ടുപാടിച്ചും കൈപിടിച്ച് ഒപ്പം നടത്തിയും സുഷമ ആ ഏകാന്ത ബാല്യങ്ങള്‍ക്ക് സ്നേഹത്തിന്റെ അനുഭൂതി നല്‍കിയത് 2003 സെപ്റ്റംബറിലായിരുന്നു. അഞ്ചു വര്‍ഷത്തെ ഇവരുടെ ചികില്‍സാ ചെലവിനുള്ള സംവിധാനവും ശരിയാക്കിയ ശേഷമായിരുന്നു സുഷമ മടങ്ങിയത്. കുട്ടികള്‍ക്ക് സ്‌കൂളിലും സമൂഹത്തിലും നേരിട്ട ഒറ്റപ്പെടലുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ സന്ദര്‍ശനം. കുട്ടികളുടെ മുത്തച്ഛന്‍ ഗീവര്‍ഗീസ് ജോണിനോട് സുഷമ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയാണ് എല്ലാ സഹായവും ചെയ്തത്.

കുട്ടികള്‍ക്ക് മാസംതോറും അയ്യായിരത്തിലേറെ രൂപ ചികില്‍സാ ചെലവുണ്ടെന്ന് അന്ന് മുത്തച്ഛന്‍ മന്ത്രിയെ അറിയിക്കുകയായിരുന്നു. ഇവരുടെ അടുത്ത അഞ്ചു വര്‍ഷത്തെ മുഴുവന്‍ ചികില്‍സാചെലവും ഏറ്റെടുക്കാന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ചെയര്‍മാനോടും എംഡിയോടും അപ്പോള്‍തന്നെ മന്ത്രി നിര്‍ദേശിച്ചു. മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തശേഷം കുട്ടികള്‍ക്കൊപ്പം സമയം ചെലവിട്ടാണ് സുഷമ അന്നു മടങ്ങിയത്.

ആദിച്ചനല്ലൂരിനു സമീപം കുമ്മല്ലൂര്‍ കട്ടച്ചല്‍ ബിന്‍സി ബംഗ്ലാവില്‍ പരേതരായ സി.കെ.ചാണ്ടിയുടെയും മേരി ജോണിന്റെയും മക്കളാണ് ബെന്‍സനും ബെന്‍സിയും. സി.കെ.ചാണ്ടി 1997ലും മേരി ചാണ്ടി 2000ലും മരിച്ചതിനെ തുടര്‍ന്നു മുത്തച്ഛന്‍ ഗീവര്‍ഗീസ് ജോണിയുടെയും മുത്തശ്ശി സാലമ്മയുടെയും സംരക്ഷണയിലായിരുന്നു ഇരുവരും. കുട്ടികള്‍ക്കു മരുന്നു നല്‍കുന്നതിനു ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിനെ കൊണ്ടു പദ്ധതി ഏറ്റെടുപ്പിക്കുന്നതിലും മുന്‍കയ്യെടുത്തതു ജോണിയായിരുന്നു. കുട്ടികളെ സ്‌കൂളില്‍ പഠിക്കാന്‍ പോലും അനുവദിക്കാതെ സമൂഹം അകറ്റിയപ്പോള്‍ അതിനോടു പോരാടി അവരുടെ അവകാശം നേടിക്കൊടുത്തതും ജോണി തന്നെ. 2005 ജനുവരി 12നു കുട്ടികളെയും കാഴ്ചയില്ലാത്ത മുത്തശ്ശി സാലമ്മയെയും മാത്രമാക്കി ജോണി എന്നന്നേക്കുമായി യാത്രയായി. പിന്നീട് മുത്തശ്ശി സാലിക്കുട്ടിയുടെ സംരക്ഷണയിലായിരുന്നു ഇരുവരും.

മഹാദുരിതത്തിന്റെ പ്രളയകാലം

മാതാപിതാക്കളില്‍ നിന്നു പകര്‍ന്നു കിട്ടിയ എച്ച്‌ഐവി ബാധയെ തുടര്‍ന്ന് ഈ സഹോദരങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നത് എണ്ണിയാല്‍ ഒടുങ്ങാത്ത ദുരിതങ്ങളാണ്. എച്ച്‌ഐവി ബാധിതരാണെന്ന് അറിയുമ്പോള്‍ ബെന്‍സി നഴ്‌സറി സ്‌കൂളിലായിരുന്നു. തുടര്‍ന്ന് ഇരുവരെയും കൈതക്കുഴി ഗവണ്‍മെന്റ് എല്‍പിഎസില്‍ ചേര്‍ത്തു. ഇവിടെ പഠനം നടത്തുമ്പോഴാണ് എച്ച്‌ഐവി ബാധിതരായ കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ലെന്ന ആവശ്യവുമായി സ്‌കൂള്‍ പിടിഐ രംഗത്തെത്തിയത്. തുടര്‍ന്ന് ഇവരെ സമീപത്തെ ലൈബ്രറിയില്‍ ഇരുത്തി പ്രത്യേക അധ്യാപകരെ നിയമിച്ചു പഠിപ്പിക്കേണ്ടി വന്നു. പിന്നീട് സന്നദ്ധ സംഘടനകളും ഗവണ്‍മെന്റും ആരോഗ്യ വകുപ്പും ഇടപെട്ടു ജനങ്ങളില്‍ നടത്തിയ ബോധവല്‍കരണത്തെ തുടര്‍ന്നു കൈതക്കുഴി എല്‍പി സ്‌കൂള്‍ ഹെഡ് മാസ്റ്ററുടെ മുറിയില്‍ ഇരുത്തി പഠിപ്പിച്ചു. ഇക്കാര്യം രാജ്യന്തര മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു.

സാന്ത്വനത്തിന്റെ കുളിര്‍മഴയായി സുഷമാ സ്വരാജ്


ബെന്‍സനും ബെന്‍സിയും 2003ല്‍ കൊച്ചിയിലെത്തിയ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിനെ സന്ദര്‍ശിച്ചിരുന്നു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജിനെ 2003 സെപ്റ്റംബര്‍ 28നു തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ചു കണ്ടതാണ് വഴിത്തിരിവായത്. ഇരുവരെയും കണ്ടപാടേ സുഷമ മടിയിലിരുത്തി. കുശലാന്വേഷണങ്ങള്‍ നടത്തി. മുത്തച്ഛന്‍ ഗീവര്‍ഗീസ് ജോണിനോട് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ഇരുവരെയും കെട്ടിപ്പിടിച്ച് നെറുകയില്‍ ചുംബിച്ച സുഷമ, അഞ്ചു വര്‍ഷത്തെ ഭാരിച്ച ചികിത്സാ ചെലവിനുള്ള സംവിധാനവും ശരിയാക്കിയാണ് മടങ്ങിയത്. സുഷമയുടെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു ഇരുവരും അന്ന് പ്രസ് ക്ലബ്ബില്‍ എത്തിയത്.

ആദ്യം ബെന്‍സി പോയി, പിന്നെ മുത്തശ്ശിയും

സുമനസ്സുകളുടെ കാരുണ്യം ഇരുവരുടെയും ചികിത്സാ സഹായമായി ഒഴുകിയെത്തിയിരുന്നു. സംസ്ഥാന ഭരണകൂടവും പല ഘട്ടങ്ങളിലായി കുട്ടികള്‍ക്ക് സഹായങ്ങളെത്തിച്ചു. സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ശ്രമഫലമായി രണ്ടാംഘട്ട എആര്‍ടിക്കുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കി. എന്നിരുന്നാലും, പലപ്പോഴും ചികില്‍സയ്ക്കും മരുന്നിനും പണമില്ലാതെ മുത്തശ്ശി സാലമ്മ വിഷമിച്ചിരുന്നു.
2010 മേയിലാണ് ബെന്‍സി മരിക്കുന്നത്. വയറുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ അണുബാധയായിരുന്നു മരണകാരണം. അന്ന് ബെന്‍സനെ അഞ്ചാംപനി ബാധമൂലം എസ്എടിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കുറച്ചു നാള്‍ മുന്‍പാണ് മുത്തശ്ശി സാലിക്കുട്ടിയും മരിച്ചത്. പിന്നീട് ബന്ധുവിന്റെ സംരക്ഷണയിലായിരുന്ന ബെന്‍സന്‍, ബന്ധുവിന്റെ ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതല വഹിച്ചിരുന്നു. പ്രണയ നൈരാശ്യമാണു മരണ കാരണമെന്നാണു പൊലീസിനു ലഭിച്ച മൊഴി. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.

രോഗത്തിന് തുടര്‍ചികില്‍സ തേടിയിരുന്നെങ്കിലും രോഗത്തിന്റെതായ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെയായിരുന്നു ബെന്‍സന്റെ ജീവിതം. ഇതിനിടയിലാണ് ഒരു പെണ്‍കുട്ടിയുമായി ബെന്‍സന്‍ പ്രണയത്തിലായത്. എന്നാല്‍, പ്രണയിനിയുമായുളള പിണക്കത്തെ തുടര്‍ന്ന് ഒരാഴ്ചയായി ബെന്‍സന്‍ മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി ബന്ധുവീട്ടിലെ കിടപ്പുമുറിയില്‍ കയറില്‍ ജീവിതമവസാനിപ്പിച്ച് ബെന്‍സന്‍ വിവേചനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി.

ജീവിതത്തിലുടനീളം അവഗണനകളും തിരസ്‌കരണങ്ങളും വെറുപ്പുകളും ആട്ടിയകറ്റലുകളും നേരിട്ട ബെന്‍സന്‍ അവയെയെല്ലാം നേരിട്ടു കൊണ്ടാണ് മുന്നോട്ടു പോയത്. ആ പോരാട്ടം അത്രമേല്‍ ശക്തവും തീവ്രവുമായിരുന്നു. ഈ ലോകം മുഴുവനും എതിര്‍ത്തു നിന്നിട്ടും കരുത്തോടെ നേരിട്ട ബെന്‍സനു പക്ഷേ, തന്റെ പ്രണയിനിയുടെ തിരസ്‌കരണം അത്രമേല്‍ തകര്‍ത്തിട്ടുണ്ടാവും. എന്നാലും ഇങ്ങനെ കടന്നുപോകേണ്ടവനായിരുന്നില്ല ബെന്‍സന്‍.

…………..……………………………………..
Thamasoma News Desk

Leave a Reply

Your email address will not be published. Required fields are marked *