ക്രിസ്തുവിന്റെ അനുയായികളില്‍ ചിലരുടെ കൈയിലിരിപ്പുകള്‍


Jess Varkey Thuruthel & D P Skariah

ബസേലിയോസ് ആശുപത്രിയില്‍ വേരിക്കോസ് വെയിന്റെ ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുകയായിരുന്നു ആ സ്ത്രീ. ഞാന്‍ കടന്നു ചെല്ലുമ്പോള്‍ കൃപാസനം പത്രം വായിച്ചു കൊണ്ടിരിക്കുന്നു. അവരുടെ മേശപ്പുറത്ത് വേറെയും മൂന്നുനാലു കൃപാസനം പത്രമുണ്ട്. അതോടെ ഉറപ്പിച്ചു, ഇവരുടെ വിശ്വാസം. ആദ്യം കാണുന്നവരോടു മതം ഏതെന്നു ചോദിക്കുക എന്നത് ക്രിസ്ത്യാനിയുടെ മാത്രം പ്രത്യേകതയാണോ എന്നെനിക്കറിയില്ല. പക്ഷേ, ഞാന്‍ കാണുന്ന മനുഷ്യരില്‍ ക്രിസ്ത്യാനികളുണ്ടെങ്കില്‍ അവര്‍ ആദ്യം ചോദിക്കുന്ന ചോദ്യമതാണ്. ‘ഏതാണു മതം….??’

‘മനുഷ്യനിര്‍മ്മിതമായ ഒരു മതത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല’ എന്നു ഞാന്‍ മറുപടി പറഞ്ഞു.

കമ്മലും വളകളും ഇഷ്ടമില്ലാത്ത ഞാന്‍നിപ്പോള്‍ അവ ഉപയോഗിക്കാറില്ല. മാലയിലെ കൊളുത്തു പൊട്ടിയതിനാല്‍ കഴുത്തില്‍ മാലയുമില്ല. വാഹനാപകടത്തിനു ശേഷം കൈയ്ക്ക് വേദനയുള്ളതിനാല്‍ വാച്ചു പോലും കെട്ടാറില്ല. അതോടെ അവരുറപ്പിച്ചു, ഞാനൊരു പെന്തിക്കോസ്ത് ആണെന്ന്….!

ആഭരണങ്ങള്‍ ഉപയോഗിക്കാതെ ജീവിക്കാന്‍ ഒരുമനുഷ്യന് പെന്തിക്കോസ്ത് ആവേണ്ടതില്ല എന്നും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം ഞാന്‍ വിനിയോഗിക്കുന്നു എന്നു മാത്രമേയുള്ളുവെന്നും എന്റെ മറുപടി.

മക്കളെയും നിരീശ്വരവാദികളായിട്ടാണോ വളര്‍ത്തുന്നതെന്നായി അവരുടെ അടുത്ത ചോദ്യം. എന്തു വേണമെന്നു തെരഞ്ഞെടുക്കാന്‍ അവര്‍ക്കു ഞാന്‍ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടെന്നായി ഞാന്‍.

അതോടെ, ദൈവത്തെ തപ്പിയിറങ്ങിയ യോന പ്രവാചകന്റെ ഉദാഹരണങ്ങളുമായി അവര്‍ എന്നെ നേരിട്ടു, അവിശ്വാസിയായ എനിക്കുള്ള ശിക്ഷ ദൈവം കരുതിയിട്ടുണ്ടെന്നും പറഞ്ഞു….

കിട്ടി ബോധിച്ചോളാമെന്നു ഞാനും.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയിപ്പോയ ശേഷം ഞാനിവരെക്കുറിച്ചു കൂടുതല്‍ തിരക്കി……

വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന, 20 വയസ് പോലും പ്രായമില്ലാത്ത ഒരു ബംഗാളി പെണ്‍കുട്ടിയെ ഒന്നു ശ്വാസം വിടാന്‍ പോലുമനുവദിക്കാതെ പണിയെടുത്തു നട്ടെല്ലൊടിക്കുന്ന ഒരു സ്ത്രീയും കുടുംബവുമാണ് എന്നോട് ദൈവസ്‌നേഹത്തെക്കുറിച്ച് കവല പ്രസംഗം നടത്തിയത്. അവരുടെ വീട്ടില്‍ ഒരു കോഴി ഫാം, പന്നി ഫാം, ആട് ഫാം, താറാവ്, കുറെ പട്ടികള്‍, ഇവ കൂടാതെ ടോയ്‌ലറ്റില്‍ പോകാന്‍ മാത്രം ഇരുന്നിടത്തു നിന്നുമെഴുന്നേല്‍ക്കുന്ന, അത്രയേറെ മടിയുള്ള, ഇവരുടെ മകനും മരുമകളും അവരുടെ മക്കളും താമസിക്കുന്ന ഒരു വീട്. ഇവര്‍ക്ക് തരാതരം ഭക്ഷണമുണ്ടാക്കണം, ഇക്കാണായ മൃഗങ്ങളെയെല്ലാം പരിപാലിക്കണം, വീട്ടുപണി ചെയ്യണം, തുണിയലക്കണം, ഒരു പണി കഴിഞ്ഞൊന്നു നടുനിവരും മുമ്പേ അടുത്തത്…. ഇതിനു പുറമേ ആ സ്ത്രീയും അവരുടെ ഭര്‍ത്താവും മകനും മരുമകളുമെല്ലാം ഈ പെണ്‍കുട്ടിയെ രാവും പകലും ശകാരവും…. എന്നിട്ടും ജോലി ചെയ്യുന്നില്ലെന്നാരോപിച്ച് ബംഗാളി പെണ്‍കുട്ടിയെ പറഞ്ഞു വിട്ടിട്ട് ഓപ്പറേഷന്‍ കഴിഞ്ഞു ശുശ്രൂഷിക്കാന്‍ കൂടെ നിന്ന ഹോം നഴ്‌സിനെ അവിടെ നിറുത്താനുള്ള പ്ലാനിലായിരുന്നു അവര്‍. രോഗീ പരിചരണവും അവസാനിപ്പിച്ച് ആ ഹോംനഴ്‌സ് ജീവനും കൊണ്ടു സ്ഥലം വിട്ടു. രണ്ടു ദിവസമേ കൂടെ നിന്നുള്ളുവെങ്കിലും ആ ഹോംനഴ്‌സ് പോകുന്നുവെന്നറിഞ്ഞപ്പോള്‍ ആ ബംഗാളി പെണ്‍കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി…..

സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി ജീവന്‍ നല്‍കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ലെന്നു പഠിപ്പിച്ച് കുരിശില്‍ തൂങ്ങി മരിച്ച യേശുക്രിസ്തുവിന്റെ അവകാശികളാണിവര്‍….! നിങ്ങള്‍ക്കു രണ്ടുടുപ്പുണ്ടെങ്കില്‍, ഒരെണ്ണം ഇല്ലാത്തവനു കൊടുക്കണമെന്നു പറയുകയല്ല, ജീവിതം കൊണ്ടു കാണിച്ചു കൊടുക്കുകയായിരുന്നു. സ്‌നേഹത്തിന്റെ അത്യുദാത്ത മാതൃക കാണിച്ചു കൊടുത്ത ആ മനുഷ്യന്റെ പേരിലാണ് ഇത്തരം കാട്ടാളത്തരങ്ങളിവിടെ കാട്ടിക്കൂട്ടുന്നത്.

പ്രാര്‍ത്ഥിച്ചാല്‍ അനുഗ്രഹിക്കുകയും പ്രാര്‍ത്ഥിച്ചില്ലെങ്കില്‍, നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിച്ചില്ലെങ്കില്‍ ശിക്ഷിക്കുകയും ചെയ്യുന്നവനാണ് ദൈവമെന്നു വിശ്വാസികളെ പറഞ്ഞു പറ്റിക്കുകയാണിവിടെ. ദുരിതമനുഭവിക്കുന്ന ഒരു മനുഷ്യനെ നോക്കി ഇത്തരം വിശ്വാസികള്‍ക്കു പറയാന്‍ ഇതേയുള്ളു. എല്ലാം മാറും, ഞാന്‍ പ്രാര്‍ത്ഥിക്കാം. ഇടാന്‍ അനവധി ഉടുപ്പുകളുണ്ടായിട്ടും അതിലൊന്നു പോലും കൊടുക്കാന്‍ തയ്യാറല്ലാത്തവര്‍ പറയുകയാണ്, എല്ലാം ശരിയാവും, പ്രാര്‍ത്ഥിക്കാമെന്ന്…! ഇതോ ക്രിസ്തീയ വിശ്വാസം…?? ഇതോ സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി ജീവന്‍ ബലികഴിച്ച ഒരാളെ അനുനയിക്കുന്നവര്‍ ചെയ്യേണ്ടുന്ന പ്രവൃത്തികള്‍…??

മതവിശ്വാസികള്‍ രണ്ടുതരത്തിലുണ്ട്. ഒന്ന്, അന്ധവിശ്വാസികളും രണ്ട് അവരെ പറ്റിച്ചു ജീവിക്കുന്നവരും. മതഗ്രന്ഥത്തിലും മതദൈവത്തിലും ദൈവത്തിന്റെ പ്രതിപുരുഷന്മാരിലും അന്ധമായി വിശ്വസിക്കുകയും പ്രാര്‍ത്ഥിച്ചാല്‍ എന്തും ലഭിക്കുമെന്നും പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ ശപിക്കുമെന്നും വിശ്വസിക്കുന്ന തലച്ചോറില്ലാത്ത മനുഷ്യര്‍. അവരെ പറ്റിച്ച് ജീവിക്കുന്നവരും. അധ്വാനിക്കാനോ കഷ്ടപ്പെടാനോ തയ്യാറല്ലിവര്‍. അതേസമയം സുഖിച്ചു ജീവിക്കുകയും വേണം. അതിനുള്ള പറ്റിയ മാര്‍ഗ്ഗം ഭക്തിയാണ്. ചിന്താശേഷിയില്ലാത്ത, ദൈവത്തിന്റെ പേരില്‍ എന്തു പറഞ്ഞാലും വിശ്വസിക്കുന്നവരെ പറ്റിച്ചു ജീവിക്കാന്‍ വളരെ എളുപ്പമാണ്. ഈ രണ്ടു കൂട്ടരുടെ കോക്കസിനിടയില്‍, സ്‌നേഹമാണു ദൈവമെന്നു വിശ്വസിക്കുന്നവരുടെ ജീവിതമിടിവിടെ തകര്‍ന്നടിയുന്നു. ആ ജീവിതങ്ങളെ ഉദാഹരണങ്ങളാക്കി ദൈവശാപമെന്നു മുദ്രകുത്തി ഇവിടെ സുഖിച്ചു ജീവിക്കുന്നു മതവിശ്വാസികള്‍…!

ഏതു നിയമം കൊണ്ടുവന്നാലും കേരളത്തിലെ അന്ധവിശ്വാസത്തിന് അറുതിയുണ്ടാവില്ല. പണിയെടുത്തു ജീവിക്കാന്‍ തയ്യാറല്ലാത്ത, കാലണയുടെ ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യമില്ലാതെ തന്നെ കോടികള്‍ സമ്പാദിക്കാന്‍ കഴിയുന്ന മതവിശ്വാസത്തെ തകര്‍ക്കാനാവില്ല. മരിച്ച മനുഷ്യര്‍ ഉയര്‍ത്തെഴുന്നേറ്റു എന്നുള്ള പല അത്ഭുത സാക്ഷ്യങ്ങളും വിശ്വസിക്കാനിവിടെ ആളുണ്ട്. എന്നാല്‍, സെറിബ്രല്‍ പാള്‍സി ബാധിച്ചു കിടക്കുന്ന കുഞ്ഞുങ്ങളില്‍ ഒന്നിന്റെയെങ്കിലും രോഗം മാറ്റാന്‍ കഴിയുമോ എന്നു ചോദിച്ചാല്‍ ദൈവത്തെ പരീക്ഷിക്കരുതെന്നാവും ഉത്തരം. പ്രാര്‍ത്ഥിച്ചു കാന്‍സര്‍ വരെ മാറ്റുന്ന രോഗശാന്തി ശുശ്രൂഷകര്‍ക്കു പനി വന്നാല്‍ ആശുപത്രിയില്‍ പോകുന്നത് എന്തിനെന്നു ചോദിച്ചാലും വിശ്വാസികള്‍ പുച്ഛത്തോടെ ചോദ്യകര്‍ത്താവിനെ ഒന്നു നോക്കും. എന്നിട്ടു പറയും, ‘എന്റെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചു, എനിക്കതു മതി’ എന്ന്….!

ജീവനെക്കാള്‍ പ്രിയപ്പെട്ടതായി കൊണ്ടുനടന്ന മാജിക്കിനെ ഉപേക്ഷിച്ച് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട കുറെ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും ചേര്‍ത്തു പിടിച്ച് അവര്‍ക്കൊരു ജീവിതമാര്‍ഗ്ഗം തെളിയിച്ചു കൊടുത്ത ഗോപിനാഥ് മുതുകാടിനെ ചൂണ്ടി നമുക്ക് അഭിമാനപൂര്‍വ്വം പറയാം, ഇതാ ദൈവത്തിന്റെ അഭിഷിക്തനെന്ന്….! ആ മനുഷ്യന്റെ സ്‌നേഹത്തെക്കാള്‍ വലിയ സ്‌നേഹം മറ്റെന്താണുള്ളത്….??



പ്രൊഫ പി എ വര്‍ഗ്ഗീസ് ഫേസ്ബുക്കില്‍ കുറിച്ച ഈ വരികള്‍ കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. ‘ഞാന്‍ ഓസ്ട്രേലിയയില്‍ വന്നിട്ട് ഒരാഴ്ചയായി. ഓസ്ട്രേലിയയിലെ രണ്ടരക്കോടി ജനങ്ങളും കുറച്ചുകാലം മുന്‍പുവരെ ക്രിസ്തുമതവിശ്വാസികളായിരുന്നു. കൂടുതല്‍ വായിക്കുവാനും പഠിക്കുവാനും അവസരം വന്നതോടെ അവര്‍ യൂറോപിനെയും കാനഡയെയും പോലെ ക്രിസ്തുവിനെയും ബൈബിളിനെയും തള്ളിക്കളയുന്നു. മതരഹിതരോ നിരീശ്വരരോ ആയി മാറുന്നു. ഇന്ന് പള്ളികളില്‍ ആരും തന്നെ പോകാറില്ല. വിശ്വാസികളായ ഇടവകാംഗങ്ങള്‍ ഇല്ലാതാവുന്നതോടെ പള്ളികള്‍ വില്‍ക്കപ്പെടുന്നു. ഞാന്‍ താമസിക്കുന്നതിനടുത്തുള്ള ഒരു വലിയ പള്ളി ഒരു വ്യക്തി വാങ്ങി സ്വഭവനമാക്കി. പല പള്ളികളും പൊളിച്ചു അപ്പാര്‍ട്മെന്റുകള്‍ പണിതിരിക്കുന്നു. ചില പള്ളികള്‍ ചൈല്‍ഡ് കെയര്‍ സെന്റേഴ്‌സ് ആക്കിയിരിക്കുന്നു. മറ്റു പലതും യോഗ സെന്ററുകളും ലൈബ്രറികളുമാക്കിക്കഴിഞ്ഞു. മറ്റുള്ളവ വില്‍പ്പനക്കിട്ടിരിക്കുന്നു. ചില പള്ളികള്‍ 2.5 – 3 മില്യണ്‍ ഡോളറിനൊക്കെയാണ് വില്‍ക്കപ്പെടുന്നത്. ക്രിസ്തുമതം ഇല്ലാതാവുകയാണ്. ഇവിടെയുള്ള മലയാളികള്‍ കാലത്തിന്റെ വിളിക്കു ചെവികൊടുക്കാതെ ഉള്ള പള്ളികളില്‍ കുരിശും കൊന്തയുമായി കയറിയിറങ്ങുന്നുണ്ട്. മലയാളികള്‍ ഇപ്പോഴും ജാംബവാന്റെ കാലത്തെ വിശ്വസങ്ങളുമായി മുന്നേറുന്നു. കേരളത്തില്‍ ഇന്നും ബഹു കേമമായി പള്ളികളും കപ്പേളകളും പണിതുയര്‍ത്തുകയല്ലേ? നാം എല്ലാത്തിലും തന്നെ ഒരു നൂറ്റാണ്ടു പിന്നിലാണല്ലോ.

Leave a Reply

Your email address will not be published. Required fields are marked *