മതരഹിതമായി ജീവിക്കാന്‍ അനുവദിക്കാതെ മതാന്ധത

Jess Varkey Thuruthel & Zachariah

ജാതി മത വിശ്വാസങ്ങള്‍ക്ക് (Casteism) അധീതമായി മനുഷ്യനായി ജീവിക്കാന്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍ അതിന് ഇടമില്ലാത്തൊരു നാടാണ് നമ്മുടേത്. ജാതിയും മതവുമുപേക്ഷിക്കുന്നവര്‍ നിരീശ്വരവാദികളായി മുദ്രകുത്തപ്പെടും. പിന്നെ, ഈ ലോകത്തിലെ സകല പാപഭാരങ്ങളും അവരുടെ ചുമലില്‍ വച്ചു കെട്ടുകയും ചെയ്യും. ഒരു കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അവിടെ ജാതിക്കും മതത്തിനുമായി കോളമുണ്ട്. ചില ജാതിയിലും മതത്തിലും പെട്ടവര്‍ക്കു സംവരണവുമുണ്ട്. സംവരണത്തിന്റെ ആനുകൂല്യങ്ങളില്ലാതെ, കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രം ജയിച്ചു മുന്നേറാന്‍ ആഗ്രഹിക്കുന്നവരെ പിന്നോട്ടു വലിച്ചിടാന്‍ സന്നദ്ധരായി ഈ സമൂഹത്തില്‍ വലിയൊരു വിഭാഗം തന്നെയുണ്ട് (Casteism in Kerala).

ജാതിയോ മതമോ ഇല്ലാത്തവരായി തങ്ങളുടെ കുട്ടികള്‍ വളരണമെന്ന് വലിയൊരു വിഭാഗം മാതാപിതാക്കള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അവരെയെല്ലാം നിരാശപ്പെടുത്തുകയാണ് ചില സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ തീരുമാനങ്ങള്‍. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ജാതിയോ മതമോ രേഖപ്പെടുത്താതിരിക്കാന്‍ ഓരോ വ്യക്തിക്കും അവകാശങ്ങളുണ്ട്. അതു നിയമമാണ്, പക്ഷേ, ചോദ്യം ചെയ്യലുകളെല്ലാം ഏറ്റെടുത്തിരിക്കുന്നത് സമൂഹവും.

ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ചില മതവിഭാഗത്തില്‍പ്പെട്ട മനുഷ്യരെ അടിച്ചമര്‍ത്തുകയും അടിമകളാക്കുകയും അവര്‍ക്ക് എല്ലാ വിധ മനുഷ്യാവകാശങ്ങളും നിഷേധിക്കുകയും ചെയ്തിരുന്നു. ഇന്നും അവര്‍ നേരിടുന്നത് കടുത്ത അവഗണനയും വെറുപ്പും പരിഹാസങ്ങളുമാണ്.

ജാതിയും മതവുമെല്ലാം ഇരുതല മൂര്‍ച്ചയുള്ള വാളാണ്. എങ്ങനെയെടുത്തു വീശിയാലും രക്തച്ചൊരിച്ചിലാണ് ഫലം. എന്നാല്‍ ഈ വിശ്വാസങ്ങളില്‍ നിന്നും മോചനം നേടാനുള്ള വഴികളൊന്നും കേരളീയര്‍ക്കു മുന്നിലില്ല. ജാതിയോ മതമോ ഇല്ലാതെ മനുഷ്യനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം നിരീശ്വരവാദികളാക്കി മാറ്റി ഭ്രഷ്ടു കല്‍പ്പിച്ച് അകറ്റിനിറുക്കുകയാണ് ഈ മതസമൂഹം ചെയ്യുന്നത്.

ഇന്ത്യയില്‍ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ മതവിഭാഗങ്ങളുടെ കൈകളിലാണ്. വിദ്യാഭ്യാസത്തോടൊപ്പം അവര്‍ കുട്ടികളിലേക്ക് അവരുടെ മതവിശ്വാസം കൂടി കുത്തിവയ്ക്കുന്നു. കുഞ്ഞുന്നാള്‍ മുതല്‍ അവരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന വിശ്വാസങ്ങള്‍ മരണം വരേയ്ക്കും പിന്തുടരുക തന്നെ ചെയ്യും. അധ്യാപകരാണ് ഏറ്റവും വലിയ മത-ആചാര വിശ്വാസികളെന്നതാണ് പരമ ദയനീയം.

മാനുഷിക മൂല്യങ്ങളും സഹജീവി സ്‌നേഹം, കാരുണ്യം, ദയ എന്നിവയും കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ മത വിശ്വാസത്തിന്റെ ആവശ്യമില്ല. കടുത്ത മതവിശ്വാസികള്‍ പോലും മാനുഷിക മൂല്യങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നുമില്ല. മതമെന്നത് ബഹുമാനവും സമ്പത്തും ആനുകൂല്യങ്ങളും കൈപ്പറ്റാനുള്ള ഒരു ഉപാധി മാത്രമാണ്. മതത്തിന്റെ വളര്‍ച്ചാ കാലം മുതല്‍ അത് അങ്ങനെ ആയിരുന്നു.

ജാതിയും മതവുമില്ലാതെ മക്കളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് സമൂഹം നല്‍കുന്ന ചില മുന്നറിയിപ്പുകളുണ്ട്. അവര്‍ കുട്ടികളുടെ ഭാവിയെ തകര്‍ക്കുകയാണത്രെ! ജാതിയും മതവുമെല്ലാം ഈ ലോകത്തില്‍ നിന്നും ഒരു കാലത്തും ഒഴിഞ്ഞു പോകില്ലെന്നും അതിനാല്‍ എന്തിനാണ് അതു രേഖപ്പെടുത്താന്‍ മടി എന്നുമാണ് ചോദ്യം. മാതാപിതാക്കളുടെ വിഢിത്തം മൂലം തകരുന്നത് മക്കളുടെ ഭാവിയാണത്രെ! പഠിക്കാനും ജോലി നേടാനും വളരെയേറെ സഹായകരമായ ജാതിയെയും മതത്തെയും ജീവിതത്തില്‍ നിന്നും ഒഴിച്ചു നിറുത്തുന്നത് വിഢിത്തമാണത്രെ!

ജോലിക്കു മാത്രമല്ല, വിവാഹകമ്പോളത്തില്‍പ്പോലും ചോദിക്കുന്നത് ജാതിയും മതവും കുടുംബ മഹിമയുമാണ്. ഒരു മനുഷ്യന്റെ സ്വഭാവത്തെ ഒരിക്കലും ഒരിടത്തും നിരീക്ഷണവിധേയമാക്കുന്നില്ല. സമ്പത്തും സമൂഹത്തിലെ സ്ഥാനമാനങ്ങളുമാണ് എല്ലാക്കാലത്തും പരിഗണിക്കപ്പെടുന്നത്. അതിന് ഏതു കുടില മാര്‍ഗ്ഗത്തിലൂടെയും പണമുണ്ടാക്കിയാല്‍ മാത്രം മതിയാകും.

ആഗോള സന്തോഷ സൂചികയില്‍ ഫിന്‍ലന്റ് തുടര്‍ച്ചയായി ഒന്നാമതായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സന്തോഷവും സമാധാനവുമാണ് അവിടെ ജീവിതത്തിന്റെ അടിസ്ഥാനം. മതങ്ങള്‍ വരിഞ്ഞുമുറുക്കിയ നമ്മുടെ നാട്ടിലാകട്ടെ, കണ്ണീരും വിലാപവും ദുരിതങ്ങളുമാണ് ജീവിതത്തിന്റെ ആധാരശിലകള്‍. കാരണം, മതത്തിനും മതദൈവങ്ങള്‍ക്കും വേണ്ടത് മനുഷ്യന്റെ വേദനയും കണ്ണീരും വിലാപങ്ങളുമാണ്. കരഞ്ഞു നിലവിളിക്കുന്ന ജനതയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ദൈവത്തെക്കുറിച്ചാണ് എല്ലാ മതങ്ങളും പറയുന്നത്. അവര്‍ പാടിപ്പുകഴ്ത്തുന്നതും ആ ദൈവത്തെത്തന്നെ.

ജീവിത വിജയം സന്തോഷത്തിന്റെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ മതമില്ലാതെ ജീവിക്കുന്നതും മതം വരിഞ്ഞുമുറുക്കിയ ഇന്ത്യയില്‍ മതരഹിതരായി ജീവിക്കുന്നതും തമ്മില്‍ അതിഭീകരമായ അന്തരമാണുള്ളത്. മതമില്ലെന്നു പ്രഖ്യാപിക്കുന്നവരെ സമാധാനമായി ജീവിക്കാന്‍ ആരും അനുവദിക്കില്ല.

മതമുപേക്ഷിച്ച് മനുഷ്യനായി ജീവിക്കാന്‍ ആരെയും അനുവദിക്കാത്ത നാട്ടില്‍, മതമില്ലാത്തവരെ നിരീശ്വരവാദികളായി മുദ്രകുത്തപ്പെടുന്ന നാട്ടില്‍, പരസ്പരം വെറുക്കാനുള്ള കാരണങ്ങളായി ജാതിയും മതവും വര്‍ണ്ണവും ജെന്ററുമെല്ലാം ഉപയോഗിക്കപ്പെടുന്നു. ഇതൊരു രാഷ്ട്രീയമാണ്, വെറുപ്പിന്റെ രാഷ്ട്രീയം, അധികാരവും സമ്പത്തും സ്ഥാനമാനങ്ങളും നേടാനുള്ള രാഷ്ട്രീയം. മത-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ വിദ്യാഭ്യാസത്തിനു കഴിയുമെന്നു കരുതി കാത്തിരുന്നവര്‍ക്കു മുന്നില്‍ വെറുപ്പിന് രൂപമാറ്റം സംഭവിച്ചിരിക്കുന്നു. മനുഷ്യമനസുകളിലേക്കത് കത്തിപ്പടര്‍ന്നിരിക്കുന്നു. വിദ്യാസമ്പന്നരായ മനുഷ്യരുടെ മനസിലെ വെറുപ്പിന്റെ രാഷ്ട്രീയമകറ്റാന്‍ ഏതു നവോത്ഥാന സമരങ്ങള്‍ക്കാണു കഴിയുക?

………………………………………………………………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

2 thoughts on “മതരഹിതമായി ജീവിക്കാന്‍ അനുവദിക്കാതെ മതാന്ധത

  1. https://www.state.gov/reports/2022-report-on-international-religious-freedom/finland/#:~:text=According%20to%20Finnish%20government%20statistics,percent%20(approximately%2021%2C000)%20have%20official

    ഫിൻലൻഡ് ക്രൈസ്തവ വിശ്വാസം ഉള്ള രാജ്യമാണ്.

    അവിടെ വിദ്യാഭ്യാസ നിലവാരം ഉന്നതമാകാൻ കാരണം ബൗദ്ധിക മാനസിക
    വളർച്ചാ ഘട്ടങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രീ പ്രൈമറിയിൽ ഉന്നതവിദ്യാഭ്യാസമുള്ളവരാണ് പഠിപ്പിയ്ക്കുന്നത്.

    1. വിശ്വാസികള്‍ അങ്ങനെ പലരും കാണും. പക്ഷേ, കേരളത്തിലേതുപോലെ, ഇന്ത്യയിലേതു പോലെ മതം മാത്രം വിഴുങ്ങി ജീവിക്കുന്നവരല്ല അവര്‍. അവരുടെ വിശ്വാസം സമൂഹത്തിലോ രാഷ്ട്രീയത്തിലോ സ്വാധീനം ചെലുത്താറുമില്ല. ആരാധനാലയങ്ങളെല്ലാം യുവ ജനത ഉപേക്ഷിക്കുകയാണവിടെ. വയസായവര്‍ ഇപ്പോഴും മതങ്ങളും കെട്ടിപ്പിടിച്ച് ഇരിക്കുന്നുണ്ട്. ഇവിടുത്തെ കാര്യങ്ങള്‍ അങ്ങനെയല്ലല്ലോ. അധ്യാപകരാണ് മതത്തിന്റെ ഏറ്റവും വലിയ വിതരണക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *