Jess Varkey Thuruthel
ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും ആരെയും വിമര്‍ശിക്കാന്‍ അവകാശമുണ്ട്. സ്വന്തം അഭിപ്രായം തുറന്നു പറയാനും അവകാശമുണ്ട്. പക്ഷേ, ആര്‍ക്കും ആരെയും അധിക്ഷേപിക്കാനോ അപമാനിക്കാനോ ആത്മാഭിമാനം തകര്‍ക്കാനോ അവകാശമില്ല. യൂ ട്യൂബ് നല്ലൊരു വരുമാനമാര്‍ഗ്ഗമാണെന്ന് തിരിച്ചറിഞ്ഞതോടെ ഒരു ചാനലും തുടങ്ങി ആര്‍ക്കു നേരെയും അധിക്ഷേപങ്ങള്‍ പറഞ്ഞ് അതിലൂടെ തന്റെ ചാനലിനു പ്ര(കു)ശസ്തിയും വരുമാനവുമുണ്ടാക്കിയെടുക്കുന്ന നിരവധി പേരുണ്ട്. ഈ ട്രെന്റിന് ഇവിടെ തുടക്കം കുറിച്ചത് സന്തോഷ് പണ്ഡിറ്റ് ആണ്. സ്വയം നാറി പണമുണ്ടാക്കുന്ന ഒരു രീതിയാണ് പണ്ഡിറ്റിന്റേതെങ്കില്‍ ചെകുത്താനെപ്പോലുള്ളവര്‍ (Chekuthan) സകലരെയും അധിക്ഷേപിച്ചും അപമാനിച്ചും പണമുണ്ടാക്കുന്നു.
മോഹന്‍ലാലിനെതിരെ നിരന്തരമായി അധിക്ഷേപങ്ങള്‍ പോസ്റ്റു ചെയ്യുകയായിരുന്നു ചെകുത്താന്‍ എന്ന അജു അലക്‌സ്. പത്തനംതിട്ട മാഞ്ഞാടി സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുകയാണ്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് അധിക്ഷേപപരമായ വീഡിയോ ഇയാള്‍ ചെയ്തിരുന്നു. ഇതിനെതിരെ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ്. ഭാരതീയ ന്യായ സംബിത 192, 296 (ബി) കെ പി ആക്ട് 2011 120(0) എന്നീ വകുപ്പുകള്‍ പ്രകാരം തിരുവല്ല പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും ആരെ വേണമെങ്കിലും തെറി വിളിക്കാം എന്നതാണ് നിലവിലെ രീതി. ഒരു യൂ ട്യൂബ് ചാനല്‍ കൂടിയുണ്ടെങ്കില്‍പ്പിന്നെ പറയുകയും വേണ്ട. സൈബറിടങ്ങളില്‍ അപമാനിക്കപ്പെടുന്ന മനുഷ്യര്‍ നിരവധിയാണ്. ഇത്തരം അപമാനങ്ങളും അപവാദങ്ങളും താങ്ങാനാവാതെ ജീവിതത്തില്‍ നിന്നുതന്നെ മടങ്ങിപ്പോയ നിരവധി പേരുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന അധിക്ഷേപങ്ങള്‍ക്ക് കേസെടുക്കാന്‍ പോലീസിന് അധികാരമില്ലെന്നതാണ് തെറിവിളിക്കാരുടെ ധൈര്യം. അത്തരം കേസുകള്‍ മാനനഷ്ടത്തിന്റെ പരിഗണനയിലാണ് വരുന്നത്. ഈ കേസുകളാകട്ടെ കൈകാര്യം ചെയ്യുന്നത് കോടതി നേരിട്ടാണ്. ഇത്തരത്തില്‍ മാനനഷ്ടക്കേസുകള്‍ക്കു പിന്നാലെ പോകല്‍ അത്ര എളുപ്പവുമല്ല. അതിനാല്‍ തെറിവിളി കേള്‍ക്കേണ്ടി വന്നവര്‍ അതെല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കേണ്ട അവസ്ഥയിലുമാണ്. ഇതുതന്നെയാണ് തെറിവിളിക്കാരുടെ ധൈര്യവും. പോലീസിനു തങ്ങളെ ഒന്നും ചെയ്യാനാവില്ലെന്ന് ഇവര്‍ക്കറിയാം. അതിനാല്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ, തങ്ങള്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുന്നവരെ അങ്ങനെയങ്ങനെ എല്ലാവരെയും തെറിവിളിക്കുന്ന മനുഷ്യരുടെ എണ്ണവും കൂടിക്കൂടി വരുന്നു.
ഓരോ മനുഷ്യനുമുണ്ട് അന്തസും അഭിമാനവും. വിമര്‍ശിക്കുമ്പോള്‍പ്പോലും പ്രതിപക്ഷ ബഹുമാനത്തോടെ മാന്യമായി വിമര്‍ശിക്കുന്നവരെ മാത്രമേ മനുഷ്യനെന്നു വിളിക്കാന്‍ കഴിയുകയുളളു. താന്‍ മനുഷ്യനല്ല, വെറും ചെകുത്താനാണെന്നു സ്വയം ബോധ്യമുള്ളതുകൊണ്ടു തന്നെയാവണം അജു അലക്‌സ് സ്വയം ആ പേരിട്ടത്. ചെകുത്താന്‍മാര്‍ക്ക് ആരുടേയും അന്തസും അഭിമാനവും നോക്കേണ്ടതില്ല. പണം മാത്രം ലക്ഷ്യം വച്ച് പച്ചക്കള്ളങ്ങള്‍ പടച്ചു വിടാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല.
വയനാട്ടിലെ ദുരന്തസ്ഥലം മോഹന്‍ലാല്‍ സന്ദര്‍ശിക്കുന്നത് ഉരുള്‍പൊട്ടലുണ്ടായിട്ട് നാലു ദിവസം കഴിഞ്ഞതിനു ശേഷമാണ്. അപ്പോഴേക്കും ജീവനോടെ രക്ഷപ്പെടുത്താന്‍ പറ്റുന്നവരെയെല്ലാം രക്ഷപ്പെടുത്തിക്കഴിഞ്ഞിരുന്നു. പിന്നെയുള്ളത് മണ്ണിനടിയില്‍ അകപ്പെട്ടുപോയവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുക എന്ന പ്രക്രിയയായിരുന്നു. അവിടെ ഭീകര ദുരന്തത്തില്‍പ്പെട്ട് ജീവനോടെ ശേഷിച്ച മാനസികമായി ചത്ത കുറെ മനുഷ്യരുണ്ടായിരുന്നു. ഇന്ത്യ കണ്ടതില്‍വച്ചേറ്റവും ഭീകരമായ പ്രകൃതി ദുരന്തത്തില്‍ മൃതശരീരങ്ങള്‍ പുറത്തെടുക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടവരുണ്ടായിരുന്നു. അവിടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുണ്ടായിരുന്നു. മനസ് മരവിച്ചെങ്കിലും കര്‍ത്തവ്യം നിറവേറ്റാന്‍ വിധിക്കപ്പെട്ട, ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ച കുറെ പച്ചമനുഷ്യര്‍ക്കിടയിലേക്കാണ് മോഹന്‍ലാല്‍ എത്തിയത്. അദ്ദേഹം ലെഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള മനുഷ്യനാണ്. മോഹന്‍ലാല്‍ എത്തിയത് പട്ടാളയൂണിഫോമിലാണോ അതോ വേറെ ഏതെങ്കിലും വസ്ത്രം ധരിച്ചാണോ എന്നതിനു പ്രസക്തിയില്ല. ഏറ്റവും കഠിനമായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പട്ടാളം ഉള്‍പ്പടെയുള്ളവരുടെ ആത്മവീര്യം പകരുക എന്ന ലക്ഷ്യം തന്നെയായിരുന്നു അത്തരമൊരു സന്ദര്‍ശനത്തിനു പിന്നില്‍.
മോഹന്‍ലാലിന് ഇനി യാതൊരു പ്രശസ്തിയുടേയോ പി ആര്‍ വര്‍ക്കിന്റെയോ ആവശ്യമില്ല. ഈ ലോകത്തില്‍ ഒരു മനുഷ്യനു സാധ്യമായതിലും അപ്പുറം നേടിയ ഒരു മനുഷ്യനാണ് അദ്ദേഹം. പണവും പ്രശസ്തിയും സ്ഥാനമാനങ്ങളും അദ്ദേഹം നേടിക്കഴിഞ്ഞു. എല്ലാക്കാലത്തും സഹജീവികളോടൊപ്പം നില്‍ക്കുക എന്നതാണ് മോഹന്‍ലാല്‍ എക്കാലവും അനുവര്‍ത്തിച്ചിരുന്നത്. അത് അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു. ദുരന്തത്തില്‍പ്പെട്ടവര്‍ക്കോ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കോ അവിടെ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കോ ആര്‍ക്കും മോഹന്‍ലാല്‍ പട്ടാളവേഷത്തില്‍ എത്തിയതില്‍ യാതൊരു എതിര്‍പ്പുമില്ലായിരുന്നു. പക്ഷേ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ചെകുത്താന് ഹാലിളകി. അതല്ലെങ്കിലും നന്മ ചെയ്യുക, നല്ലതു കണ്ടെത്തുക, നല്ലതു പറയുക എന്നത് ചെകുത്താന്മാരില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല. ഇത്തരം വിഷജീവികളോടു പൊറുക്കകയല്ല, കൊടുക്കാവുന്നതില്‍ വച്ചേറ്റവും കടുത്ത ശിക്ഷ നല്‍കുകയാണ് വേണ്ടത്.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47