കന്യാസ്ത്രീ വേഷത്തിലെ കുരുന്നുകള്‍; ഈ കാഴ്ച സങ്കടകരം

Jess Varkey Thuruthel

അല്‍ഫോന്‍സാമ്മയുടെ (nun) പെരുന്നാളിന് ആ വേഷത്തില്‍ കുട്ടികളെത്തി എന്നാണ് ഈ ഫോട്ടോയുടെ വിശദീകരണം. അത് അങ്ങനെ തന്നെ ആയിരിക്കാം. എങ്കിലും ഈ കാഴ്ച സന്തോഷകരമല്ല, മറിച്ച് സങ്കടകരമാണ്. ദൈവഭയമുള്ള, കര്‍ത്താവിന്റെ ആജ്ഞകള്‍ അനുസരിക്കുന്ന ദൈവപൈതലുകള്‍ എന്ന വിശേഷണത്തോടെ അഴകുള്ള കുട്ടികളെ നോക്കി വയ്ക്കും. പിന്നീട് തുടര്‍ച്ചയായ മസ്തിഷ്‌ക പ്രക്ഷാളനം. പത്താംക്ലാസ് കഴിയുന്ന ഉടന്‍ ദൈവവിളി എത്തി എന്ന് ഇവര്‍ കരുതും. അങ്ങനെയൊരു വിളിയുണ്ടോ എന്ന് ആര്‍ക്കറിയാം. കന്യാസ്ത്രീകളും അച്ചന്മാരുമായ മുഴുവന്‍ പേരും പറയും, ഞങ്ങളെ കര്‍ത്താവ് വിളിച്ചതാണ് എന്ന്. കാരണം അങ്ങനെയല്ല എന്നു പറയാനുള്ള തന്റേടം എന്നേ നഷ്ടപ്പെട്ട ഒരു കൂട്ടരാണ് അവര്‍.

ജീവിതത്തില്‍ ഏതു വഴി തെരഞ്ഞെടുക്കണം എന്നത് ഓരോ വ്യക്തിയുടേയും ഇഷ്ടവും തീരുമാനവുമാണ്. പക്ഷേ, ആജീവനാന്തം കന്യകയായി ജീവിച്ചുകൊള്ളാമെന്ന വ്രതമെടുക്കേണ്ട പ്രായം പത്താംക്ലാസോ പ്ലസ് ടുവോ അല്ല. ഈ രാജ്യം ആരു ഭരിക്കണമെന്നു തെരഞ്ഞെടുക്കാനുള്ള അവകാശം പോലും ലഭിക്കുന്നത് 18-ാമത്തെ വയസിലാണ്. എന്നാല്‍ ആ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കൊപ്പം പോകുകയല്ല നമ്മള്‍ ചെയ്യുന്നത്. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസിലേക്കു മാറ്റിയ നാട്. വിവാഹം കഴിക്കാന്‍ പിന്നെയും ലഭിക്കും സമയം. പക്ഷേ, മഠത്തില്‍ ചേരേണ്ടതാകട്ടെ ഏകദേശം 18 വയസും. ആജീവനാന്തം ലൈംഗികത ഉപേക്ഷിക്കാനും ദാരിദ്ര്യം, അനുസരണം എന്നീ വ്രതങ്ങളെടുത്ത് സ്വയം തുണിയില്‍ പൊതിഞ്ഞ് സ്വയം ത്യജിച്ചു ജീവിക്കാനുമുള്ള തീരുമാനമെടുക്കേണ്ട പ്രായമാണിത്.

അച്ചന്മാരെ അപേക്ഷിച്ച് കന്യാസ്ത്രീകളുടെ ജീവിതം ദുരിത പൂര്‍ണ്ണമാണ്. താനാഗ്രഹിക്കുന്ന ഏതു നിമിഷവും സെമിനാരി വിട്ടിറങ്ങിപ്പോരാനും സാധാരണ ജീവിതം നയിക്കാനും അച്ചന്മാര്‍ക്കു സാധിക്കും. ഇനി അച്ചനായാല്‍പ്പോലും അവര്‍ വളരെ സ്വാതന്ത്ര്യത്തോടെ സ്വന്തമായി തീരുമാനങ്ങളെടുത്ത് ആഗ്രഹിക്കുന്ന ഇടങ്ങളിലെല്ലാം യാത്ര ചെയ്താണ് ജീവിക്കുന്നത്. ഒരു പള്ളിയുടെ ചുമതലകള്‍ ലഭിച്ചാല്‍ ജീവിതം കുറച്ചു കൂടി മെച്ചമാകുകയും ചെയ്യും. പക്ഷേ, കന്യാസ്ത്രീകളാണെങ്കിലോ…? മഠത്തില്‍ തുടരാനാവാതെ അവിടെ നിന്നും പോന്നാല്‍ മഠം പൊളിച്ചവള്‍ എന്ന പേരുദോഷവുമായി വേണം ജീവിക്കാന്‍. കുടുംബത്തിന് അപമാനം വരുത്തിയവള്‍ എന്ന മാനക്കേടു വേറെ. കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നതിനാല്‍ വീട്ടില്‍ അവകാശമേതുമില്ലാത്തവളായി മാറുകയും ചെയ്യും.

കന്യാസ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ഇന്നും സഭയുടെ കണ്ണിലെ കരടാണ്. അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നൊരു കാര്യമാണ്, മഠത്തില്‍ ചേരുന്ന പെണ്‍കുട്ടികളുടെ പ്രായം ഉയര്‍ത്തണമെന്നത്. കുഞ്ഞുപ്രായത്തില്‍ തന്നെ പള്ളികള്‍ ചില കുട്ടികളെ നോട്ടമിട്ടു വച്ചിരിക്കും. അനുസരണയുള്ള ദൈവപൈതലെന്ന വിശേഷണങ്ങളുമായി ഇവരെ നിരന്തരം സമീപിക്കുകയും ചെയ്യും. ഒടുവില്‍, അവരില്‍ ചിലരെയെങ്കിലും കന്യാസ്ത്രീകള്‍ ആക്കുകയും ചെയ്യും.

രാമനായും കൃഷ്ണനായുമെല്ലാം വേഷം ധരിച്ചെത്തുന്ന കുരുന്നുകള്‍ ഉണ്ടല്ലോ എന്ന മറുവാദത്തിന് ഇവിടെ പ്രസക്തിയില്ല. കാരണം രാമനായും കൃഷ്ണനായും സീതയും രാധയായുമെല്ലാം വേഷം ധരിക്കുന്നവര്‍ ആജീവനാന്തം ബ്രഹ്‌മചര്യമോ കന്യാവ്രതമോ സ്വീകരിക്കേണ്ടതില്ല. അവര്‍ക്ക് അവരിഷ്ടപ്പെടുന്ന ജീവിതം തെരഞ്ഞെടുക്കുകയും ചെയ്യാം. കുഞ്ഞുപ്രായത്തില്‍ ഇത്രയും വലിയൊരു തീരുമാനമെടുക്കാന്‍ ആരും അവരെ പ്രേരിപ്പിക്കുകയുമില്ല. അതിനാല്‍ ആ വാദഗതികള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നതു പോലും തെറ്റാണ്.

അനുസരണമെന്നാല്‍, മേലധികാരികള്‍ എന്തു പറയുന്നുവോ അത് അനുസരിക്കുക എന്നതാണെന്ന് സെമിനാരിയിലും കന്യാസ്ത്രീ മഠങ്ങളിലുമുള്ളവര്‍ പറയും. തെറ്റു ചെയ്താല്‍ അതിനെ എതിര്‍ത്താല്‍ അത് അനുസരണാ വ്രതത്തിന് എതിരാകും. കപ്പ നടുമ്പോള്‍ തല തിരിച്ചു കുഴിച്ചിട്ടാല്‍ അതു തിരുത്താന്‍ പാടില്ലെന്ന് തന്റെ പുസ്തകത്തില്‍ സിസ്റ്റര്‍ ജെസ്മി വ്യക്തമാക്കുന്നുണ്ട്. അതായത് സഭ എന്തു തെറ്റു ചെയ്താലും മിണ്ടാതെ സഹിക്കണം. അതാണത്രെ അനുസരണം. അതിനാണ് അടക്കവും ഒതുക്കവും പേടിയും ഭയവുമുള്ള, അനുസരണാ ശീലമുള്ള പെണ്‍കുഞ്ഞുങ്ങളെ തെരഞ്ഞെടുത്ത് കന്യാസ്ത്രീകള്‍ ആക്കുന്നത്.

വിശ്വാസവും ഭക്തിയും തലയ്ക്കു പിടിച്ച മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ യാതൊരു ദയയുമില്ലാതെ കുരുതികൊടുക്കുന്ന കാഴ്ച. പെണ്‍കുഞ്ഞുങ്ങള്‍ തീരാ ബാധ്യതയാണെന്നു കരുതുന്നവരുടെ ആശ്രയമാണ് മഠങ്ങള്‍. അച്ചനും കന്യാസ്ത്രീയുമുള്ള വീടാണ് എന്നു പറയുമ്പോള്‍ കിട്ടുന്ന അന്തസിനു വേണ്ടിയും അവര്‍ ബലിയാടുകളാക്കപ്പെടുന്നു. എന്നേ അവസാനിപ്പിക്കേണ്ട അടിമത്തമാണിത്.
…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *