ഇത് കൊലപാതകത്തോളം മാരകമായൊരു കുറ്റകൃത്യം….!

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ


അള്‍ത്താരബാലനായി അവന്‍ സേവനമനുഷ്ഠിച്ച ആ പള്ളിയുടെ അകത്തളത്തില്‍ അവന്റെ ചേതനയറ്റ ശരീരം മരിച്ചു മരവിച്ചു കിടന്നു……

അവന്റെ സ്ഥാനം നീതിമാന്മാരായ ആ 99 പേരുടെ കൂട്ടത്തിലായിരുന്നില്ല, മറിച്ച്, യേശുക്രിസ്തുവിന് ഏറ്റം പ്രിയങ്കരനായ വഴിതെറ്റിപ്പോയൊരു കുഞ്ഞാടായിരുന്നു അവന്‍…..

കളഞ്ഞുപോയ നാണയം… നഷ്ടപ്പെട്ടപോയ കുഞ്ഞാട്…..

യേശുവിന്റെ ജനനത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും ലക്ഷ്യം തന്നെ അവനെപ്പോലുള്ളവരുടെ വീണ്ടെടുപ്പായിരുന്നു……….

പക്ഷേ, ക്രിസ്തുവിനു വേണ്ടി ജീവിതം തന്നെ മാറ്റിവച്ചുവെന്നഹങ്കരിക്കുന്ന പൗരോഹിത്യത്തിനും തങ്ങളെക്കാള്‍ വലിയ വിശ്വാസികളില്ലെന്ന് ഊറ്റംകൊള്ളുന്ന വിശ്വാസി സമൂഹത്തിനും അവന്‍ മയക്കുമരുന്നിന് അടിമയായ, മരിക്കപ്പെടേണ്ട, ഈ സമൂഹത്തിനു വേണ്ടാത്ത ഒരു യുവാവായിരുന്നു……

അവരുടെ ഭാഷയില്‍ പറഞ്ഞാല്‍, ജീവിതം തുടങ്ങും മുന്‍പേ നശിപ്പിച്ചു കളഞ്ഞ മഹാപാപി………!

കേവലം 24 വയസ് മാത്രം പ്രായമുള്ള അവന്‍ സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു……! ഒരു ആത്മഹത്യയില്‍ അവനെല്ലാം ഒതുക്കി…..!! ഇനി മുന്നോട്ടു പോകേണ്ടെന്ന് അവന്‍ തീരുമാനിച്ചു……..!

തിരുവല്ലയിലായിരുന്നു അവന്റെ വീട്. അവന്റെ പപ്പ ഭേതപ്പെട്ടൊരു മദ്യപാനിയായിരുന്നു. അമ്മയാകട്ടെ മാനസികാസ്വാസ്ഥ്യമുള്ളയാളും. ഒരു അനുജത്തി. കഷ്ടപ്പാടിന്റെ നാളുകള്‍….. അതായിരിക്കാം, നേര്‍ച്ചപ്പണമായി ആ വിശ്വാസി പള്ളിയില്‍ സമര്‍പ്പിച്ച പണം കൈക്കലാക്കാന്‍ അവനെ പ്രേരിപ്പിച്ചത്……

കുര്‍ബാനയ്ക്കു ശേഷം കാഴ്ചയായി ലഭിച്ച പണം എണ്ണുന്ന കൂട്ടത്തില്‍, പണം കവറിലിട്ടു നല്‍കിയ ആ വ്യക്തിയുമുണ്ടായിരുന്നു. ആ പണമാണ് കാണാതായത്….. എല്ലാ അന്വേഷണങ്ങള്‍ക്കുമൊടുവില്‍, പണമെടുത്തത് ഇവനാണെന്നു തെളിഞ്ഞു. അവന്‍ കുറ്റം സമ്മതിക്കുകയും ചെയ്തു…… സാഹചര്യങ്ങള്‍ എന്തുതന്നെ ആയാലും തെറ്റ് തെറ്റുതന്നെ….. പക്ഷേ, ആ കുട്ടിയുടെ ഭാവിയെക്കരുതി, നന്മയെക്കരുതി തിരുത്തപ്പെടാന്‍ അവനൊരു അവസരം കൊടുക്കണമായിരുന്നു….

ആ തെറ്റ് തിരുത്തപ്പെടേണ്ടത് എങ്ങനെയാണ്….?? അവിടെയാണ് സഭയ്ക്കും പുരോഹിത വര്‍ഗ്ഗത്തിനും ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ക്കും വിശ്വാസികള്‍ക്കും ചുവടുപിഴച്ചത്….

ചെറിയൊരു കുട്ടി. അവന്‍ ചെയ്ത ആ തെറ്റിനെ തിരുത്തേണ്ടിയിരുന്നത് അവന്റെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടായിരുന്നു…..! അവന്റെ ജീവിതത്തെ തങ്ങള്‍ക്കാവുംവിധം സമാധാന പൂര്‍ണ്ണമാക്കിക്കൊണ്ടായിരുന്നു…..!! മറ്റുള്ളവര്‍ അറിയാതെ, കുറ്റപ്പെടുത്തുന്ന കണ്ണുകള്‍ അവന്റെ മേല്‍ പതിയാ,െ കരുതലോടെ കൈകാര്യം ചെയ്യണമായിരുന്നു. എന്നിട്ടു പറയണമായിരുന്നു, മോഷണം നാശത്തിലേക്കുള്ള വഴിയാണെന്ന്….! നിനക്കു തെറ്റുതിരുത്താനുള്ള അവസരം ഞങ്ങള്‍ തരുന്നു. ഇനി മേലില്‍ നീയീ വഴി തെരഞ്ഞെടുക്കരുത് എന്ന്…….!!

പക്ഷേ, അങ്ങനെ ചെയ്യുന്നതിനു പകരം, നീതിമാന്മാരെന്നഹങ്കരിക്കുന്ന സമൂഹം അവനെ കള്ളനെന്നു മുദ്രകുത്തി….. രാവിരുണ്ടു വെളുക്കും മുന്‍പേ, അവന്‍ നേര്‍ച്ചപ്പണം മോഷ്ടിച്ച കഥ ആ നാടുമുഴുവന്‍ പാട്ടായി…..! അത് അറിയാത്തവരായി ഒരാള്‍പോലുമുണ്ടായിരുന്നില്ലവിടെ….!! പുതുതായി വന്നവരോട് നീതിമാന്മാര്‍ അടക്കം പറഞ്ഞു, ഇവനെ സൂക്ഷിക്കണം, മോഷ്ടാവാണിവന്‍…..!

അങ്ങനെ, കുഞ്ഞുപ്രായത്തില്‍ ചാര്‍ത്തിക്കിട്ടിയ കള്ളനെന്ന ആ പേര് തേച്ചാലും മായ്ച്ചാലും മാറാത്ത കളങ്കമായി അവന്റെ ജീവിതത്തെ പിന്തുടര്‍ന്നു…..! പിന്നീടവനു കിട്ടിയ കൂട്ടുകാരും സുഹൃത്ബന്ധങ്ങളും അത്തരത്തിലുള്ളതായിരുന്നു…..!! മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലോകത്തിലേക്ക് അവന്‍ പിച്ചവച്ചു…..! അങ്ങനെ ആ ജീവിതം നാശത്തിലേക്കു കൂപ്പുകുത്തി………!!

നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന നീതി പോലും ആ ബാലന്റെ ജീവിതത്തില്‍ നടപ്പായില്ല……! അവന്റെ ആത്മാഭിമാനം വ്രണപ്പെട്ടു…..!! കൊടിയ കുറ്റവാളിയെപ്പോലെ അപമാനഭാരത്താല്‍ കുനിഞ്ഞ ശിരസുമായി പിന്നീടുള്ള ജീവിതമവന്‍ ജീവിച്ചു……!

ഒരു മനുഷ്യന്‍ വഴിതെറ്റി നടക്കുന്നത് എങ്ങനെ….?? അവന്റെ വഴികള്‍ പിഴച്ചു പോകുന്നത് എങ്ങനെ……??? നന്മയിലേക്കു വളരേണ്ട ഒരാള്‍ തിന്മയെ സ്വീകരിക്കുന്നത് എങ്ങനെ….?? അതിന് അവനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു…..??

കൈയിലുള്ള 99 തിനെയും ഉപേക്ഷിച്ച്, വഴിതെറ്റിപ്പോയ ആ ഒരുവന്/ഒരുവള്‍ക്കുവേണ്ടി തേടിയലഞ്ഞു നടക്കുന്ന ക്രിസ്തു…….! പക്ഷേ, വഴിതെറ്റിപ്പോയവനെ പടുകുഴിയിലേക്കു തൊഴിച്ചെറിഞ്ഞ് നീതിമാന്മാരെന്നഹങ്കരിക്കുന്ന, വിശ്വാസക്കച്ചവടക്കാരുടെ പണക്കൊഴുപ്പില്‍ അഭിരമിച്ച് അവര്‍ക്കു വേണ്ടി നീതിയും നിയമവും ബൈബിള്‍ തന്നെയും കച്ചവടം ചെയ്യുന്ന പുരോഹിത വര്‍ഗ്ഗവും വിശ്വാസികളും…..!

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ എന്ന് എത്രകാലം നിങ്ങള്‍ പാടിനടക്കും….??

പുരോഹിത വര്‍ഗ്ഗമേ, വിശ്വാസികളെ….., വഴിപിഴച്ചിരിക്കുന്നതു നിങ്ങള്‍ക്കാണ്……!

ഇതല്ല വിശ്വാസം….. ഇതല്ല ക്രിസ്തു പഠിപ്പിച്ചത്…..

ഈ ജീവിതത്തിന്റെ സുഖങ്ങള്‍ ത്യജിച്ചു നിങ്ങള്‍ സഭാവസ്ത്രമണിഞ്ഞിരിക്കുന്നത് മുന്തിയ തരം വീഞ്ഞും ഭക്ഷണപാനീയങ്ങളും കഴിച്ച് വേദികള്‍ വേദികള്‍ തോറും ബൈബിള്‍ പ്രസംഗിക്കാനല്ല…..

മറിച്ച് കാണാതെ പോയ ആ ഒരുവനെ/ഒരുവളെ തെരഞ്ഞു കണ്ടുപിടിക്കാനാണ്….. അവരെ നേര്‍വഴി നടത്തുന്നതിന് അലഞ്ഞുനടക്കാന്‍ വേണ്ടിയാണ്….. അങ്ങനെ കണ്ടുകിട്ടുന്ന ആ കുഞ്ഞാടിനു വേണ്ടി ആഘോഷത്തിന്റെ സദ്യയൊരുക്കാനാണ്…..

അതിനു നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ കുപ്പായം വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോരണം…….

അറിയുക, തെരുവില്‍ വയര്‍നിറയ്ക്കാന്‍ തുണിയുരിയുന്നവര്‍ക്ക് നിങ്ങളെക്കാള്‍ മാന്യതയുണ്ട്………

കുറ്റവാളികളായ ഓരോ മനുഷ്യജന്മത്തിനും പിന്നിലെ ഏറ്റവും വലിയ പ്രേരക ശക്തിയായി ഈ സമൂഹമുണ്ട്…. അവരുടെ വൃത്തികെട്ട നാവുണ്ട്….. ആ നാവിനെ കരുതിയിരിക്കണം…. അല്ലെങ്കില്‍ ജീവിതം തന്നെ നമുക്കു നഷ്ടപ്പെട്ടു പോകും….




Leave a Reply

Your email address will not be published. Required fields are marked *