മനസാക്ഷിയില്ലാത്തവരോ കോട്ടയംകാര്‍….?


അക്ഷരനഗരിയാണ് കോട്ടയം. ഒട്ടനവധി പത്രസ്ഥാപനങ്ങളും
പ്രിന്റിംഗ് പ്രസുകളും ഇവിടെയുണ്ട്. എന്നാല്‍, വായനയുടെ അതിവിശാല ലോകത്തേക്ക്
കൈപിടിച്ചു നടത്തുന്ന ഈ നഗരിയില്‍ താമസിക്കുന്ന ജനങ്ങള്‍ മനുഷ്യസ്‌നേഹികളും
മനസാക്ഷിയുളളവരുമാണ് എന്നു നിങ്ങല്‍ കരുതിയോ…? എങ്കില്‍ നിങ്ങള്‍ക്കു തെറ്റു
പറ്റി, വല്ലാതെ…!!

പത്രപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ രമ്യ
ബിനോയ് തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് കോട്ടയംകാരുടെ
മനസാക്ഷിയില്ലായ്മയെക്കുറിച്ച് വിവരിക്കുന്നത്. അവരുടെ
വാക്കുകളിലൂടെ…

‘കോട്ടയംകാരുടെ ശീതരക്തസ്വഭാവത്തിന് ഇന്നലെ
വീണ്ടുമൊരിക്കല്‍ക്കൂടി സാക്ഷിയാകാന്‍ അവസരം ലഭിച്ചു. വൈകിട്ട് ഏഴു മണിയോടെ കെകെ
റോഡരികില്‍ റോഡു മുറിച്ചു കടക്കാന്‍ നില്ക്കുകയായിരുന്നു ഞാന്‍. പെട്ടെന്നാണ്
വലിയൊരു ശബ്ദം കേട്ടത്. റോഡ് കുറുകെ കടന്ന ഒരു വൃദ്ധനെ സ്‌കൂട്ടര്‍ തട്ടിയതാണ്.
അയാള്‍ വേച്ചുവേച്ചു പോയെങ്കിലും വീണില്ല. റോഡരികിലേക്കു മാറിനിന്നു കുനിഞ്ഞ് കാല്
തിരുമ്മുന്നതു കണ്ടു. എനിക്കു മറുവശത്തേക്കു കടക്കാന്‍ കഴിയാത്തത്ര
തിരക്കുണ്ടായിരുന്നതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അയാളെ തട്ടിയ സ്‌കൂട്ടര്‍
എന്റെ തൊട്ടുമുന്നില്‍ കൊണ്ടു വന്നു നിര്‍ത്തി. ഒന്നുരണ്ടു വട്ടം
തിരിഞ്ഞുനോക്കിയതല്ലാതെ സ്‌കൂട്ടര്‍ യാത്രികര്‍ക്ക് യാതൊരു കൂസലുമില്ല. ഉടന്‍ ഞാന്‍
അവര്‍ക്കടുത്തേക്കു ചെന്നു ചോദിച്ചു, ‘ആ അമ്മാവനോട് എന്തെങ്കിലും പറ്റിയോന്ന് ഒന്നു
തിരക്കിക്കൂടേ’ന്ന്. അപ്പോ വരുന്നു വിചിത്രമായ മറുപടി (ചീറുന്ന ശബ്ദത്തില്‍) ‘എന്റെ
വണ്ടിയുടെ മുന്നില്‍ ചാടിയതിന് ആ കെളവന്‍ എന്നോടു സോറി പറയണം’. ഞാന്‍
മറുചോദ്യമുന്നയിച്ചു, ‘ആരു ചാടിയാലും വണ്ടി തട്ടിയതല്ലേ, ഒന്നു ചോദിക്കുന്നതല്ലേ
മനുഷ്യത്വം’. ഉടനെ സ്‌കൂട്ടര്‍ ഓടിച്ചിരുന്നവന്‍ അലറാന്‍ തുടങ്ങി, ‘മര്യാദ
പഠിപ്പിക്കാന്‍ വന്നിരിക്കുകയാണോ അയാളാണ് ഞങ്ങളുടെ വണ്ടിക്കു മുന്നില്‍ ചാടിയത്.
ചോദിക്കാന്‍ മനസ്സില്ല’. അപ്പോഴേക്കും മുന്നിലെ സിഗ്‌നല്‍ വീണതു കണ്ട് അയാള്‍ വണ്ടി
എടുത്തു മുന്നോട്ടുപോയി. വാഹനങ്ങളുടെ ഒഴുക്ക് അല്പ്പം നിലച്ചപ്പോള്‍ ഞാന്‍ ഒരു വിധം
മറുവശത്തെത്തി. ആ പാവം വൃദ്ധന്‍ ഏതോ ബസില്‍ കയറി പോയിരുന്നു. ആ സമയത്ത് അവിടെ
ഉണ്ടായിരുന്ന ആള്‍ക്കൂട്ടത്തില്‍ ആരും അയാളെ സഹായിക്കാനോ തട്ടിയ വണ്ടിക്കാരനെ
ചോദ്യം ചെയ്യാനോ മുന്നോട്ടുവന്നില്ലെന്നതാണ് ഏറെ
വേദനിപ്പിക്കുന്നത്.

മുമ്പ് ഒരിക്കല്‍ എന്റെ സഹപ്രവര്‍ത്തകയ്ക്കും
സമാനമായ അനുഭവം ഉണ്ടായി. രാത്രി എട്ടുമണിയോടടുത്ത സമയം. കോട്ടയം കെഎസ്ആര്‍ടിസി ബസ്
സ്റ്റാന്ഡിനു മുന്നിലെ തട്ടുകടയ്ക്കു സമീപം റോഡരികില്‍ ഒരു വൃദ്ധന്‍
വീണുകിടക്കുന്നു. മുഷിഞ്ഞ വസ്ത്രങ്ങളാണ്. എവിടെനിന്നോ കൂലിപ്പണി
കഴിഞ്ഞുവരുന്നതാണെന്നു വ്യക്തം. അവളും ഭര്‍ത്താവും അവിടെയെത്തുമ്പോള്‍ തട്ടുകടയിലെ
ജീവനക്കാരും അവിടെ ഭക്ഷണം കഴിക്കാന്‍ എത്തിയവരും ബസ് സ്റ്റാന്ഡിലെ
യാത്രക്കാരുമടക്കം നൂറുകണക്കിനു പേരുണ്ട്. ആരും ഈ വൃദ്ധനെ ശ്രദ്ധിക്കുന്നില്ല.
മദ്യപിച്ചു കിടക്കുകയാണോയെന്നു സംശയം തോന്നിയെങ്കിലും ഈ പെണ്‍കുട്ടി
അയാള്‍ക്കടുത്തെത്തി നോക്കി. അയാള്‍ നേര്‍ത്ത ശബ്ദത്തില്‍ കരയുന്നതു കേട്ട് അവള്‍
മൊബൈലിലെ ടോര്‍ച്ച് തെളിച്ചു. ഏതോ വണ്ടി തട്ടി വീണതാണ് അയാള്‍. കാലിലെ എല്ലു പൊട്ടി
പുറത്തുവന്നിരിക്കുന്നു. ആകെ അമ്പരന്നുപോയ ഈ പെണ്‍കുട്ടി ഭര്‍ത്താവിനെ ബസ്
സ്റ്റാന്ഡിലേക്ക് അയച്ച് അവിടെ ഉണ്ടായിരുന്ന പൊലീസുകാരുടെ സഹായത്തോടെ അയാളെ
ആശുപത്രിയിലേക്ക് അയച്ചു. കയ്യിലുണ്ടായിരുന്ന പണം അയാളുടെ പോക്കറ്റില്‍ തിരുകാനും
അവള്‍ മറന്നില്ല. ഇതെല്ലാം നടക്കുമ്പോള്‍ കാഴ്ചയുടെ രസം ആസ്വദിച്ച്
തട്ടുകടയിലിരുന്നു പൊറോട്ടയും ചിക്കന്‍ പൊരിച്ചതും കഴിക്കുകയായിരുന്നു
ഏറെപ്പേരും.

ഇതെന്താണോ കോട്ടയംകാര്‍ ഇങ്ങനെ…? ഈ നാടിന്റെ മനസാക്ഷിയും
നീതിബോധവും എവിടെയെങ്കിലും പണയം വച്ചുപോയതാണോ…? ഒരു കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ
അശ്രദ്ധ മൂലം കഴിഞ്ഞ 12 വര്‍ഷമായി മനസ്സിന്റെ കോണില്‍ അനാഥത്വം സൂക്ഷിക്കേണ്ടി
വന്നവളാണ് ഞാന്‍. ദയവു ചെയ്തു വാഹനം ഓടിക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധ പാലിക്കൂ.
നമ്മുടെ അശ്രദ്ധ കൊണ്ടല്ലെങ്കിലും ഒരു അപകടം ഉണ്ടായാല്‍ അപകടത്തില്‍പ്പെടുന്നവരെ
സഹായിക്കൂ. അതൊക്കെയല്ലെങ്കില്‍ എങ്ങനെയാണു മനുഷ്യര്‍ എന്ന പേരിന് നമ്മള്‍
അര്‍ഹരാകുക..’

ഒരു വാഹനം കൈയ്യില്‍ കിട്ടിയാല്‍, റോഡ് സ്വന്തം അപ്പന്
സ്ത്രീധനം കിട്ടിയതാണ് എന്നു തോന്നിപ്പിക്കും വിധത്തിലാണ് പലരും അതില്‍ പായുന്നത്,
പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍. ഈ പാഞ്ഞു പോകുന്നവര്‍
എവിടെയെങ്കിലും ഇടിച്ചു തുലയുമെന്നുറപ്പ്, പക്ഷേ പോകുന്ന പോക്കില്‍ ഇവര്‍
മര്യാദയ്ക്ക് റോഡിലൂടെ പോകുന്നവരെക്കൂടി ഇടിച്ചു കൊല്ലും. അതാണ് ഇതിലെ ഏറ്റവും
ദയനീയമായ കാര്യം. തിരക്കേറിയ ട്രാഫിക്കില്‍, ബൈക്ക് വെട്ടിച്ച് പറന്നു പോകുന്നവര്‍
കൊച്ചിയിലെ ഒരു സ്ഥിരം കാഴ്ചയാണ്. റോഡില്‍ പറക്കുന്ന ഇത്തരക്കാരെ നിയന്ത്രിക്കാനോ
പിടിച്ചു നിറുത്തി കരണം പുകയ്ക്കാനോ ഒരു ഉദ്യോഗസ്ഥനുമില്ല. പകരം, ഹെല്‍മറ്റില്ലാതെ
യാത്ര ചെയ്യുന്നവരെ പാത്തിരുന്നു ചാടി വീണ് പിടികൂടാന്‍ നൂറുകണക്കിന് പേരുണ്ട്.

മനസാക്ഷി പണയം വച്ചവര്‍ കോട്ടയം കാര്‍ മാത്രമല്ല, കേരളത്തില്‍
അങ്ങോളമിങ്ങോളം അവരുണ്ട്. എന്നു മാത്രമല്ല, അത്തരക്കാരാണ് കേരളത്തില്‍ ഇന്നു
ധാരാളം. തിരുവനന്തപുരത്ത്, പത്മതീര്‍ത്ഥ കുളത്തില്‍ ഒരു മനുഷ്യനെ
മുക്കിക്കൊല്ലുമ്പോള്‍ അതുകണ്ടാസ്വദിച്ച തിരുവനന്തപുരംകാരും വ്യത്യസ്ഥരല്ല.
തെറ്റിനെ ചോദ്യം ചെയ്യാന്‍ ആരുമില്ല എന്നതാണ് കേരളത്തിന്റെ ശാപം. മനസാക്ഷിയെ
കുഴിച്ചുമൂടി നടക്കുന്ന കുറെ അഭ്യസ്ഥവിദ്യര്‍..!!! എന്തൊരുവിരോധാഭാസം!
അറിവുള്ളവര്‍ക്ക് നെറിവുണ്ടെന്ന് ആരാണ് പറഞ്ഞത്…? കേരളത്തിലെ
മനസാക്ഷികെട്ടവരെക്കുറിച്ച് അറിവില്ലാത്ത ഏതോ വിവരദോഷിയുടെ ജല്പനം മാത്രമാണത്.

Leave a Reply

Your email address will not be published. Required fields are marked *