ദിലീപ്-കാവ്യ വിവാഹം: പകയ്ക്കു പിന്നില്‍……..

ദിലീപ്-കാവ്യ വിവാഹജീവിതത്തില്‍ അശാന്തിയുടെ വിത്തുകള്‍ അവര്‍ പാകിക്കഴിഞ്ഞു. തീര്‍ത്തും നിര്‍ദ്ദോഷമെന്നു തോന്നിക്കാവുന്ന ഒരു കുത്ത്, അതാണ് ആദ്യത്തെ ആക്രമണം. ‘ഞങ്ങളുടെ രണ്ടുപേരുടേയും ജീവിതത്തില്‍ ഇനി എന്നും നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടായിരിക്കണം’ എന്ന കാവ്യ മാധവന്റെ വാക്കുകളെ തിരുത്തി,

‘മീനാക്ഷിയും അമ്മയും കൂടിയുണ്ട്’ എന്നു ദിലീപ് തിരുത്തിയതാണ് ആ വാചകങ്ങള്‍. മകള്‍
മീനാക്ഷിയുടെ അനുഗ്രഹാശിസുകളോടെ, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കു ശേഷം
സ്വന്തം കാമുകിയെ ദിലീപ് സ്വന്തമാക്കിക്കഴിഞ്ഞു. പക്ഷേ, അവരെ അവരുടെ പാട്ടിനു
വിടാന്‍ മലയാളിക്കു മനസില്ല എന്നതിന്റെ ഉദാഹരണങ്ങളാണ് അവര്‍ക്കു നേരെ പായുന്ന
ഭര്‍സനങ്ങളും ശാപവാക്കുകളും. മലയാളി കാത്തിരുന്ന താരവിവാഹമെന്നാണ് മാധ്യമങ്ങള്‍ ഈ
വിവാഹത്തെ വിശേഷിപ്പിച്ചത്. ഏതൊരു മലയാളിക്കും അതറിയാമായിന്നു, അതൊരിക്കല്‍
സംഭവിക്കുമെന്ന്. പക്ഷേ, ദിലീപ്-കാവ്യമാധവന്‍ കൂടിച്ചേരല്‍ മലയാളികള്‍
ആഗ്രഹിച്ചിരുന്നോ….? മഞ്ജു വാര്യരെ ചണ്ടിപോലെ വലിച്ചെറിഞ്ഞില്ലായിരുന്നുവെങ്കില്‍, മലയാളികള്‍ ഈ താരജോഡികളെ ഇരുകൈകളും നീട്ടി സ്വീകരിക്കുമായിരുന്നു. ഫേയ്‌സ്ബുക്കില്‍ നിറയുന്ന തെറിവിളികളുടെ അര്‍ത്ഥവും വ്യാപ്തിയും അതുതന്നെ.
മഞ്ജു വാര്യര്‍ ഒരു തടസമായി മുന്നിലില്ലായിരുന്നുവെങ്കില്‍ എത്രയോ പണ്ടേ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുമായിരുന്നു! അക്കാര്യവും മലയാളികള്‍ക്കു നന്നായി അറിയാം. 1998 ലായിരുന്നു ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചത്. നീണ്ട 16 വര്‍ഷത്തെ വിവാഹ ജീവിതം അവര്‍ 2014 ല്‍ കുടുംബ കോടതിയില്‍ വച്ച് അവസാനിപ്പിച്ചു. 2009 ലാണ് കാവ്യ മാധവന്‍ നിഷാല്‍ ചന്ദ്രയെന്ന കുവൈറ്റ് മലയാളിയെ വിവാഹം കഴിച്ചത്. ഒരു വര്‍ഷത്തിനു ശേഷം ആ വിവാഹബന്ധവും അവസാനിച്ചു.

പാപ്പിയുടെ പെണ്ണ് അങ്ങനെ പാപ്പിക്കു സ്വന്തമായി….

പാപ്പി അപ്പച്ച എന്ന ഹിറ്റ് സിനിമയാണ് വിവാഹമോചനം നേടി തിരിച്ചു വന്ന കാവ്യ മാധവന്റെ ആദ്യ സിനിമ. അതില്‍, തന്നെ ചതിയില്‍ പെടുത്തിയവരോട്
കാവ്യയുടെ കഥാപാത്രം ഉച്ചത്തില്‍ വിളിച്ചു പറയുന്നു, അതേടാ പാപ്പിയുടെ പെണ്ണാടാ
ഞാന്‍. ഇപ്പോള്‍ അവള്‍ പാപ്പിക്കു സ്വന്തമായിരിക്കുന്നു….

മലയാളിയുടെ രോക്ഷത്തിനു പിന്നില്‍….


സിനിമാ ലോകത്ത് വിവാഹവും വിവാഹേതര ബന്ധങ്ങളും വിവാഹ മോചനവുമൊന്നും വാര്‍ത്തകളേയല്ല. പണം ആവശ്യത്തില്‍ കൂടുതല്‍ കുമിഞ്ഞു കൂടുമ്പോള്‍ എല്ലാ മനുഷ്യരിലും കാണുന്ന ഒരു പ്രവണത, അത് സിനിമാ ലോകത്തുള്ളവരില്‍ കുറച്ചു കൂടുതലാണെന്നു മാത്രം. ഒന്നോ രണ്ടോ സിനിമയില്‍ ഒരുമിച്ച്, ഒട്ടിച്ചേര്‍ന്ന് അഭിനയിക്കുമ്പോഴേക്കും തമ്മില്‍ പിരിയാന്‍ കഴിയില്ല എന്ന തോന്നലിലേക്ക് അവര്‍ എത്തിച്ചേരുന്നു. മലയാളസിനിമയില്‍ നിന്നും നമുക്കു മുന്നില്‍ ഇത്തരത്തില്‍ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. മുകേഷ്-സരിത, മനോജ് കെ ജയന്‍-ഉര്‍വ്വശി, ജഗതി ശ്രീകുമാര്‍, തുടങ്ങി ഒട്ടനവധിപേര്‍ നമുക്കിടയിലുണ്ട്. ഇവരെല്ലാം ആദ്യഭാര്യയെ തഴഞ്ഞ് വീണ്ടും വിവാഹം കഴിച്ചവരാണ്. ഉര്‍വ്വശിയെ വീട്ടിനുള്ളില്‍ തളച്ചിടാനായിരുന്നു മനോജ് കെ
ജയനും താല്‍പര്യം. ഭാര്യയും ഭര്‍ത്താവും സിനിമയുമായി നടന്നാല്‍ കുടുംബബന്ധം
തകരാറിലാവും എന്നാണ് മനോജ് കെ ജയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പക്ഷേ, ഇവരോടൊന്നും തോന്നാത്ത ദേഷ്യവും പകയും മലയാളിക്കു ദിലീപിനോടു തോന്നുന്നതെന്ത്…? അവനെ പച്ചയ്ക്കു കൊളുത്താന്‍ തക്ക രോക്ഷം അവര്‍ മനസില്‍ സൂക്ഷിക്കുന്നതെന്ത്…?
ദൈവം ഉള്ളം കൈയില്‍ കൊണ്ടുനടന്ന അതുല്യ കലാകാരിയായിരുന്നു മഞ്ജു
വാര്യര്‍. ആ പ്രതിഭയ്ക്കു പകരം വയ്ക്കാന്‍ മലയാള സിനിമാ ലോകത്ത് വളരെ ചുരുക്കം
നടികള്‍ മാത്രം. അതുല്യപ്രതിഭ ഒന്നുകൊണ്ടുമാത്രം നായകസങ്കല്‍പ്പങ്ങളെപ്പോലും
തിരുത്തിക്കുറിച്ച അഭിനേത്രിയാണു മഞ്ജുവാര്യര്‍. മലയാളികള്‍ അവള്‍ക്കു നല്‍കിയ
സ്ഥാനം അവരുടെ ഹൃദയത്തിന്റെ ഉള്ളറകളിലായിരുന്നു. ചെറുപ്പത്തിന്റെ ചാപല്യങ്ങള്‍ ഏറെ കാണിച്ചിട്ടുള്ള മഞ്ജുവാര്യരെ, അതെല്ലാം പൊറുത്ത് മലയാളികള്‍ സ്വന്തം നെഞ്ചോടു ചേര്‍ത്തു വച്ചു. ബാഹ്യസൗന്ദര്യം കൊണ്ടല്ല അവള്‍ മലയാളികളുടെ മനസ് കീഴടക്കിയത്. മറിച്ച്, അവളുടെ ഉള്ളിലെ കഴിവുകള്‍ തന്നെയായിരുന്നു അതിനു കാരണം.

പ്രതിഭ തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു പുരുഷന്‍, അതു വേണ്ടുവോളമുള്ള പെണ്ണിനെ
അറയ്ക്കകത്തിട്ടു പൂട്ടി. മുട്ടാപ്പോക്കു ന്യായങ്ങള്‍ പറഞ്ഞ് അവളുടെ വായടപ്പിച്ചു.
കലയോടുള്ള അവളുടെ തീഷ്ണതകളെ കെടുത്തി. അവളെ വെറും അടുക്കളക്കാരിയാക്കി. പിന്നെ, സ്വന്തം വളിപ്പു സാഹിത്യവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും കോമാളി വേഷങ്ങളുമായി പ്രേക്ഷകര്‍ക്കു മുന്നില്‍ പേക്കൂത്തു നടത്തി. അതെല്ലാം കലയെന്നു ധരിച്ചുവശായ കുറച്ചു പേര്‍ അയാള്‍ക്കു ജെയ് വിളിച്ചു. വളിപ്പുകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ അയാളെ സിനിമാ ലോകത്തു നിലനിര്‍ത്തി. അങ്ങനെ അയാള്‍ കോടികളുടെ അധിപനുമായി.

ഒടുവിലിപ്പോള്‍, തൊട്ടും പിടിച്ചും കൂടെ അഭിനയിച്ച ചെറുപ്പക്കാരിയുടെ കൈപിടിച്ച്,
മലയാളികളുടെയെല്ലാം നെഞ്ചത്തു ചവിട്ടി, ജീവിതത്തിലേക്ക് അയാള്‍ നടന്നു
നീങ്ങുന്നു….. അവനെ മലയാളി വെറുതെ വിടുമോ…. നീരെല്ലാം വലിച്ചെടുത്ത് വെറും
ചണ്ടിയാക്കി പുറത്തേക്കെറിഞ്ഞ ആ പ്രതിഭയുടെ നീറ്റലും വേദനയും മലയാളിക്കു
മറക്കാനാവുമോ…. അതിനു കാരണക്കാരായവര്‍ക്ക് മലയാളി എന്നെങ്കിലും മാപ്പു
കൊടുക്കുമോ….?


മഞ്ജു വാര്യര്‍…. യുവതലമുറ കണ്‍തുറന്നു പഠിക്കേണ്ട പാഠം

സ്വന്തം കഴിവുകള്‍ മനസിലാക്കാന്‍ കഴിയാതെ പോയൊരു
അഭിനേത്രിയാണ് മഞ്ജു വാര്യര്‍. അല്ലായിരുന്നുവെങ്കില്‍, ഇളിച്ചു കാണിച്ച ഒരുവന്റെ
കൂടെ മുന്‍പിന്‍ ചിന്തയില്ലാതെ ആ പെണ്‍കുട്ടി ഇറങ്ങിപ്പോകില്ലായിരുന്നു.
ചെറുപ്പത്തിന്റെ ചാപല്യം. ജീവിത കാലം മുഴുവന്‍ തുണയാകേണ്ട ഒരുവന്റെ മനസ് കാണാന്‍ ആ പെണ്‍കുട്ടിക്കു കഴിഞ്ഞില്ല. അവളുടെ ഉള്ളിലപ്പോള്‍ നിറഞ്ഞു തുളുമ്പുന്ന സ്‌നേഹം (അതോ കാമമോ) മാത്രമേ ഉണ്ടായിരുന്നുള്ളു. പെറ്റുപോറ്റിയ മാതാപിതാക്കളെ അവള്‍ ഉപേക്ഷിച്ചു. മുന്നില്‍ വന്നു ചിരിച്ചവനൊപ്പം അവള്‍ ഇറങ്ങിപ്പോയി. അവളുടെ കലയെ അവള്‍ തൃണവത്ഗണിച്ചു. അവളെ ഒരു കൂട്ടിനുള്ളില്‍ അടച്ചിട്ടു വളര്‍ത്താനായിരുന്നു അവനിഷ്ടം. അവനാകട്ടെ, ഒരു പൂമ്പാറ്റയെപ്പോലെ പാറി നടന്നു. കൂട്ടത്തില്‍ ഏറ്റവും ചേതോഹരമെന്നു തോന്നിയ ഒരു പൂവില്‍ അവന്‍ അഭയം കണ്ടെത്തുകയും ചെയ്തു.

എല്ലാമുപേക്ഷിച്ച് ഇറങ്ങിവന്ന പെണ്ണിന്റെ ജീവതവും കലയും തല്ലിത്തകര്‍ത്ത ശേഷം.
ആര്‍ക്കൊക്കെ മാപ്പു കൊടുത്താലും കാലം ഇവനു മാപ്പുകൊടുക്കുമോ….? പെണ്ണിനെ
ബഹുമാനിക്കുന്ന, അവളുടെ കഴിവുകളെ അംഗീകരിക്കുന്ന ഒരുത്തമ സുഹൃത്തിനെ
ജീവിതപങ്കാളിയായി തെരഞ്ഞെടുക്കുന്നതില്‍ മഞ്ജു വാര്യര്‍ക്കു തെറ്റുപറ്റി,
സ്‌നേഹിച്ചവനോടൊപ്പം മറ്റേല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിക്കുന്ന മറ്റേതൊരു
പെണ്‍കുട്ടിയെയും പോലെ തന്നെ.

കാവ്യ മാധവന്‍…. കലയില്‍ മഞ്ജുവിനെ വെല്ലാന്‍ നിങ്ങള്‍ക്കാവില്ല…

കലാപ്രതിഭയുമായി തട്ടിച്ചു നോക്കുമ്പോള്‍, മഞ്ജുവിനെക്കാള്‍ ശതകാതം പിന്നിലാണ് കാവ്യ മാധവന്റെ സ്ഥാനം. തൊലിവെളുപ്പിലും ആകാരഭംഗിയിലും കാവ്യമാധവന്‍ തന്നെ മികച്ചത്. പക്ഷേ, സൗന്ദര്യം നോക്കുന്നവരുടെ കണ്ണിലാണെങ്കില്‍, ആ ഒരു താരതമ്യത്തിലും മഞ്ജു വാര്യര്‍ നിങ്ങളെ തോല്‍പ്പിക്കും. എന്നിട്ടും, നിങ്ങളെങ്ങനെ ദിലീപിന്റെ പെണ്ണായി മാറി…? അതിന് ഒരു ഉത്തരമേയുള്ളു…. പെണ്ണിന്റെ സ്ഥാനം പുരുഷന്റെ കാല്‍ച്ചോട്ടിലെന്നു വിശ്വസിക്കുന്ന ഒരു മെയില്‍ഷോവനിസ്റ്റിന്റെ കാല്‍ക്കീഴില്‍ ചുരുണ്ടുകൂടാനുള്ള കാവ്യാമാധവന്റെ ത്വര തന്നെ അതിന്റെ കാരണം. ആദ്യഭര്‍ത്താവ് നിശാല്‍ ചന്ദ്രയുമായുള്ള വിവാഹത്തിനു തൊട്ടു മുമ്പുള്ള അഭിമുഖങ്ങളില്‍, കാവ്യമാധവന്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു.

 

 

മഞ്ജുവിനെ വലിച്ചെറിഞ്ഞത് എന്തിന്….?

സഹിക്കില്ല, മലയാളിക്കതു സഹിക്കാനാവില്ല. മഞ്ജു വാര്യര്‍
അഭിനയ ലോകത്തേക്കു തിരിച്ചുവന്നു എന്നതു ശരിതന്നെ. പക്ഷേ, തിരിച്ചെത്തിയ
മഞ്ജുവാര്യര്‍ ആ പഴയ മഞ്ജുവാര്യരല്ല. അവരിലെ സിദ്ധി എവിടെയോ കൈമോശം
വന്നിരിക്കുന്നു. 16 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനും സ്വന്തം പ്രതിഭയുടെ
അടിച്ചമര്‍ത്തലിനും ഇടയിലെവിടെയോ അവള്‍ക്കാ സിദ്ധി കൈമോശം വന്നിരിക്കുന്നു.
എങ്കിലും അക്കാര്യം ഒന്നു സൂചിപ്പിക്കാന്‍ പോലും മലയാളി ഭയപ്പെടുന്നു, കാരണം അത്
തങ്ങളുടെ പ്രിയ താരത്തെ വേദനിപ്പിച്ചാലോ. പക്ഷേ, അതാണു സത്യം. ഒരുകുരങ്ങന്റെ
കൈയില്‍ അകപ്പെട്ടു പോയ പൂമാല…. കൂട്ടിയോജിപ്പിക്കാന്‍ കഴിയാത്ത വിധം അതു
ചിന്നഭിന്നമായിരിക്കുന്നു. സ്വതസിദ്ധമായ ആ അഭിനയ ശേഷി അവള്‍ക്കു
നഷ്ടപ്പെട്ടിരിക്കുന്നു. കഥാപാത്രത്തിനനുസരിച്ച്, മാനറിസങ്ങള്‍ക്കനുസരിച്ച്
ഡയലോഗുകള്‍ പറഞ്ഞിരുന്ന ആ മഞ്ജു വാര്യര്‍ ഇന്നില്ല. തിരക്കഥാകൃത്ത് എഴുതിവച്ചത്
വായ് കൊണ്ട് ഉച്ചരിക്കുന്ന വെറുമൊരു പാവയായി മാറിപ്പോയി അവള്‍…. അവളുടെ സ്വകാര്യ ജീവിതത്തെയും കലാജീവിതത്തെയും ചവിട്ടിമെതിച്ചവന്‍ സ്വന്തമായ ജീവിത്തിലേക്കും സുഖങ്ങളിലേക്കും ചുവടു വച്ചിരിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം, മറ്റുബന്ധങ്ങളുടെ കെട്ടുപാടുകളില്ലെങ്കില്‍, ഇഷ്ടപ്പെട്ട സ്ത്രീക്കും പുരുഷനും കുടുംബജീവിതം സാധ്യമാണ്. ഇന്ത്യന്‍ നിയമം അത് അനുവദിക്കുന്നു. പക്ഷേ, മഞ്ജുവിനെ തകര്‍ത്തെറിഞ്ഞ ആ സങ്കുചിത മനസിന്റെ ഉടമയെ മലയാളി വെറുതെ വിടുമോ….. ഫേയ്‌സ് ബുക്കിലെ ഈ പൊങ്കാലയെല്ലാം അവരുടെ രോക്ഷപ്രകടനം തന്നെയാണ് വ്യക്തമാക്കുന്നത്….. കാരണം, അത്രയേറെ അവര്‍ അവരുടെ പ്രിയ കലാകാരിയെ സ്‌നേഹിച്ചിരുന്നു. പക്ഷേ, ആ സ്‌നേഹം മനസിലാക്കാന്‍ അവള്‍ വൈകിപ്പോയി എന്നുമാത്രം……


Manju warrier, Dileep, Kavya Madhavan, wedding

Leave a Reply

Your email address will not be published. Required fields are marked *