മതഭ്രാന്തരേ…, ഈ പെണ്‍കുട്ടിയെ പുരസ്‌കരിച്ച് അപമാനിച്ചത് എന്തിന്?

Jess Varkey Thuruthel

പെണ്‍ശരീരം കാണുമ്പോള്‍ ലൈംഗിക ത്വര ആളിക്കത്തുന്ന, അവളെ പ്രാപിക്കാന്‍ ആര്‍ത്തിപൂണ്ടു നടക്കുന്ന മതഭ്രാന്തരായ ആണ്‍സമൂഹത്തോടാണ് പറയാനുള്ളത്. ണനുഷ്യമനസില്‍ വിഷം കലര്‍ത്താതെ ഇറങ്ങിപ്പോകുമോ? ഏതു മതത്തില്‍പ്പെട്ട ഭ്രാന്തനായാലും നിങ്ങളെ ഇവിടെ ആവശ്യമില്ല…! തന്റെ 19-ാം വയസില്‍ വിമാനം പറത്തിയ മിടുക്കിയായ മറിയം ജുമാനയെ (Mariyam Jumana) ഇത്തരത്തില്‍ അപമാനിക്കാതിരിക്കാനുള്ള വകതിരിവെങ്കിലും കാണിച്ചു കൂടായിരുന്നോ നിങ്ങള്‍ക്ക്?

സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്താല്‍ അവര്‍ പ്രേമലേഖനമെഴുതാന്‍ പഠിക്കുമെന്ന ചിന്തയാലാണത്രെ അവളുടെ വിദ്യാഭ്യാസമവര്‍ നിഷേധിച്ചത്! ഇപ്പോള്‍ പഠിക്കാന്‍ അവര്‍ക്ക് അനുമതിയുണ്ട്, പക്ഷേ, ശരീരമാസകലം കറുത്ത തുണികൊണ്ട് മറച്ച്, കണ്ണുപോലും കാണാത്ത കോലത്തിലാണെന്നു മാത്രം! പെണ്‍ശരീരം മറച്ചു പിടിച്ചില്ലെങ്കില്‍ നരകത്തില്‍ വിറകു കൊള്ളിയാകുമെന്ന മതഭ്രാന്തരുടെ ജല്പനങ്ങള്‍ നാനാവശത്തു നിന്നും ഉയരുന്നു. അതിനിടയിലാണ് ഒരു പെണ്‍കുട്ടി, തന്റെ മതത്തിന്റെ എല്ലാ ചങ്ങലകളെയും പൊട്ടിച്ചെറിഞ്ഞ് വിമാനം പറത്തിയത്. ഇന്ത്യയിലപ്പാടെ ആകെ നാലേ നാല് മുസ്ലീം വനിതാ പൈലറ്റുമാര്‍ മാത്രമാണുള്ളത് എന്നുകൂടി ഇതിനോടൊപ്പം ചേര്‍ത്തു വയ്ക്കണം.

മതവസ്ത്രം സ്ത്രീകളുടെ തീരുമാനമാണ് എന്നാണ് സകല മതഭ്രാന്തരും, അതില്‍ സ്ത്രീകളും ഉള്‍പ്പെടും, പറഞ്ഞു പരത്തുന്നത്. വിദ്യാഭ്യാസം ചെയ്യിക്കാതെ, സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കാതെ, പുരുഷന്റെ ലൈംഗികത ശമിപ്പിക്കാനുള്ള വെറും ഉപകരണമായി സ്ത്രീകളെ മാറ്റിയെടുക്കുകയാണ്. ഇത്തരം അടിമത്തം ആസ്വദിക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളുമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ആര്‍ത്തവസമയത്തു പോലും സ്ത്രീയെ വിശ്രമിക്കാന്‍ അനുവദിക്കാതെ, സ്വന്തം ലൈംഗികതയുടെ തൃപ്തിക്കായി ഉപയോഗിക്കാമെന്നാണ് ഈ ഭ്രാന്തര്‍ പറഞ്ഞു പഠിപ്പിക്കുന്നത്. പ്രസവിക്കാനായി ലേബര്‍ റൂമില്‍ കിടക്കുമ്പോഴും കുഞ്ഞ് ഇറങ്ങിവരുന്ന സമയത്തും ഭര്‍ത്താവ് ആവശ്യപ്പെട്ടാല്‍ ആ സ്ത്രീ ലൈംഗികതയില്‍ ഏര്‍പ്പെടണമെന്ന് മറ്റൊരു വീഡിയോയില്‍ പറയുന്നു. സ്ത്രീയെന്നാല്‍ പുരുഷന്റെ ശരീരദാഹം തീര്‍ക്കാനുള്ള ഉപകരണമെന്നും പുരുഷനെന്നാല്‍ ഒരിക്കലും തൃപ്തിയാകാത്ത ലൈംഗിക തൃഷ്ണയെന്നും പഠിപ്പിക്കുകയാണിവര്‍. എന്നിട്ടും ഇതിനെതിരെ ശബ്ദിക്കുകപോലും ചെയ്യാതെ ഈ തോന്ന്യാസങ്ങളെല്ലാം അനുവദിച്ചുകൊടുക്കുകയാണ് ഈ സ്ത്രീകളും.

പഠിച്ച് ഉയര്‍ന്ന മാര്‍ക്കു നേടിയ പെണ്‍കുട്ടികളിലൊരാള്‍ തനിക്കു കിട്ടിയ അംഗീകാരം സ്വീകരിക്കാനായി സ്‌റ്റേജില്‍ കയറി എന്ന ‘അക്ഷന്തവ്യമായ’ കുറ്റത്തിന് ആ പെണ്‍കുട്ടിയുടെ ഉപ്പയെ പരസ്യമായി ശകാരിച്ചത് ആരും മറക്കാനിടയില്ല. ആരൊക്കെ മറന്നാലും ആ പെണ്‍കുട്ടി അത് എക്കാലവും ഓര്‍മ്മിക്കും.

മതാന്ധത ഒരു മതത്തിന്റെ മാത്രം പ്രത്യേകതയല്ല. പക്ഷേ, ഏറ്റവുമധികം തീവ്രമായി അനുഭവിക്കുന്നവര്‍ മുസ്ലീം സ്ത്രീകളാണ്. ശിരോവസ്ത്രം അണിയാന്‍ അനുവദിച്ചില്ലെങ്കില്‍ പഠിക്കുന്നില്ല എന്ന തീരുമാനമെടുത്തവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത് തമിഴ്‌നാട്ടില്‍ നിന്നുമായിരുന്നു.

വിദ്യാഭ്യാസം കിട്ടിയിട്ടും തലയ്ക്കകത്ത് വെളിച്ചം കയറാത്ത ചില സ്ത്രീകള്‍ അടിമത്തം ആസ്വദിക്കുകയാണ്. എന്നാണിനി ഇവര്‍ മനുഷ്യരെപ്പോലെ ജീവിക്കുക? അതു സാധിക്കണമെങ്കില്‍ മതഭ്രാന്തരെ ഒന്നിനെപ്പോലും വീടിനു വെളിയിലിറങ്ങാന്‍ അനുവദിക്കരുത്. സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന ഈ വിഭാഗം തുരങ്കം വയ്ക്കുന്നത് രാജ്യപുരോഗതിക്കു തന്നെയാണ്.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *