Jess Varkey Thuruthel
അടുത്ത ജന്മത്തില്‍ തന്ത്രികുടുംബത്തില്‍ പിറവിയെടുത്ത് അയ്യനെ പുണരാന്‍ ആഗ്രഹിച്ചു മോഹിച്ചു നടക്കുന്ന ഒരു വ്യക്തി ഇത്രത്തോളം തരംതാഴുമെന്നു തീരെയും പ്രതീക്ഷിച്ചില്ല. മീഡിയ വണ്‍ മാധ്യമ പ്രവര്‍ത്തക ഷിദ ജഗത്തിന്റെ തോളില്‍ വച്ച കൈ ഒരു തവണ പിടിച്ചുമാറ്റിയിട്ടും എന്തിനായിരുന്നു ആ മനുഷ്യന്‍ രണ്ടാമതും തോളില്‍ പിടിച്ചത്? രണ്ടാമത്തെ തവണ കൈയെടുത്തു മാറ്റി, തികച്ചും അഭിനന്ദനീയമായ ഒരു നടപടിയായിരുന്നു അത്.
പത്രക്കാരോട് പിതൃവാത്സല്യം കാണിക്കേണ്ട കാര്യം സുരേഷ് ഗോപിക്കില്ല. പക്ഷേ, പിന്തുടര്‍ന്ന രീതിയനുസരിച്ചു ചെയ്തുപോയി. അതില്‍ ആ മനുഷ്യന്‍ മാപ്പു പറയുകയും ചെയ്തു. അത്ര വരെ ഷിദയുടെ ഭാഗം ന്യായവും കൃത്യവും അഭിനന്ദനാര്‍ഹവുമായിരുന്നു. പക്ഷേ, ഈ മാപ്പല്ല എനിക്കു വേണ്ടത് എന്നു പറഞ്ഞിടത്ത് ഷിദയ്ക്കു പിഴച്ചു. ആ മനുഷ്യനെ ആഭാസനാക്കിമാറ്റത്തക്ക തെറ്റൊന്നും ആ സംഭവത്തില്‍ സുരേഷ് ഗോപി ചെയ്തിട്ടില്ല. അതിനാല്‍ത്തന്നെ, ആ മാപ്പില്‍ പ്രശ്‌നം അവസാനിപ്പിച്ചിരുന്നെങ്കില്‍, ഷിദയുടെ അന്തസ് ഉയരുകയേ ഉണ്ടായിരുന്നുള്ളു. അതൊരു സെലിബ്രിറ്റിയോ ഉന്നത നേതാവോ ആയിരുന്നാല്‍പ്പോലും ആ കൈ എന്റെ തോളിലിരിക്കണ്ട എന്ന ഷിദയുടെ നിലപാടിനോട് ഇന്നും അഭിമാനം മാത്രം. പക്ഷേ, ഈ പ്രശ്‌നത്തില്‍ പിന്നീടങ്ങോട്ട് ആ ഔന്നത്യം കാണിക്കാന്‍ ഷിദയ്ക്കു കഴിഞ്ഞില്ല, അത്രത്തോളം പോലും ഇപ്പോള്‍ സുരേഷ് ഗോപിക്കും കഴിയുന്നില്ല.
പൊതുജനമധ്യത്തില്‍ ആഭാസനാക്കപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനുള്ള അതിവികൃത പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജാതിയില്‍ ബ്രാഹ്‌മണന്‍ ആകാന്‍ കൊതിക്കുന്ന സവര്‍ണ്ണ നായരായ സുരേഷ് ഗോപി, സ്വഭാവത്തിലും ഔന്നത്യം കാണിക്കുമെന്ന് കരുതിയത് വെറുതെയായിപ്പോയി. മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞപ്പോള്‍, ‘No Touchings Please’ എന്ന അശ്ലീല നിലപാടുമായി അദ്ദേഹം സ്വയം ഓരോ നിമിഷവും അധ:പ്പതിക്കുകയാണ്.
താന്‍ കൈവച്ചത് ഒരാള്‍ക്ക് ഇഷ്ടക്കേടിനു കാരണമായാല്‍, ആ ഇഷ്ടക്കേടിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതായിരുന്നു സുരേഷ് ഗോപി ചെയ്യേണ്ടിയിരുന്നത്. ‘ആ കുട്ടിക്കു ബുദ്ധിമുട്ടായെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’ എന്നു പറഞ്ഞത് ആത്മാര്‍ത്ഥമായിട്ടായിരുന്നുവെങ്കില്‍, പിന്നീടങ്ങോട്ടുള്ള സുരേഷ് ഗോപിയുടെ പ്രവൃത്തികളിലും ആ ഔന്നത്യം ഉണ്ടാകുമായിരുന്നു. അതിനു പകരം, സ്വഭാവത്തില്‍ താന്‍ വെറും തറയാണ് എന്നു പൊതുസമൂഹത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് പിന്നീടുള്ള സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം തെളിയിക്കുന്നത്.
ഷിദയോടു കാണിച്ച മര്യാദ കേടിന്റെ തുടര്‍ച്ചയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തക സൂര്യ സുജിയോടും അദ്ദേഹം കാണിച്ചത്. അഭ്രപാളികളില്‍ അദ്ദേഹം ചെയ്ത സത്ഗുണ സമ്പന്നരായ നിരവധി വേഷങ്ങളില്‍ ഒന്നിലെയെങ്കിലും സ്വഭാവ മഹിമ അദ്ദേഹത്തിന് ഈ സംഭവത്തില്‍ പകര്‍ത്താമായിരുന്നു. അതുണ്ടായില്ല.
ജോലിയില്‍ മികവു പുലര്‍ത്തുന്ന സ്ത്രീകളോട് നിങ്ങള്‍ അത്രയ്ക്കങ്ങു വളര്‍ന്നോ എന്ന രീതിയിലുള്ള നോട്ടങ്ങളും ശരീര ചലനങ്ങളും പ്രവര്‍ത്തനങ്ങളുമെല്ലാം അടിച്ചമര്‍ത്തപ്പെടേണ്ടതാണ്. സൂര്യ സുജിയോട് ആക്രോശിക്കും മുന്‍പ്, ഈ പ്രവൃത്തി തന്റെ അന്തസുയര്‍ത്തുകയല്ല, ഇകഴ്ത്തുകയേയുള്ളുവെന്ന് സുരേഷ് ഗോപിക്കു ചിന്തിക്കാന്‍ കഴിയാതെ പോയി. അതിന് ഒരേയൊരു കാരണമേയുള്ളു. അന്ന്, ഷിദയുടെ തോളില്‍ കൈവയ്ക്കുമ്പോള്‍, അവരെ അപമാനിക്കാനും ഇടിച്ചു താഴ്ത്താനും വേണ്ടി മനപ്പൂര്‍പ്പം ചെയ്ത ഒന്നായിരുന്നു അതെന്ന്.
നിരീശ്വര വാദികളെല്ലാം മുടിഞ്ഞുപോകണമെന്നും തന്റെ മതത്തെ വിമര്‍ശിക്കുന്നവരെ താന്‍ ശരിയാക്കുമെന്നും മണിപ്പൂരിനെ രക്ഷിക്കാന്‍ ആണുങ്ങളുണ്ട് എന്നു പറയുന്നതിനുമെല്ലാം പിന്നിലുള്ളത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഉയരെയായി താങ്കളില്‍ നിന്നും സ്വഭാവമഹിമ പ്രതീക്ഷിച്ചവര്‍ക്കു തെറ്റുപറ്റി. അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍, താങ്കളൊരിക്കലും സൂര്യ സുജിയെയും അപമാനിക്കാന്‍ ശ്രമിക്കില്ലായിരുന്നു.
#SureshGopi #SuryaSuji #ShidaJagath
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47