Jess Varkey Thuruthel & D P Skariah
വളരെ മനോഹരമായൊരു ഭാഷ നമുക്കുണ്ട്. അതുപയോഗിക്കാനും അറിയാം. എന്നിട്ടും ഒരു വ്യക്തിക്ക് തന്നോട് ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടോ എന്നറിയുന്നതിന് എന്തിനാണ് ശരീര ഭാഷയുടെയോ ആംഗ്യഭാഷയുടേയോ പിന്നാലെ പോകുന്നത്…?? സ്ത്രീകള്‍ക്കു പുറത്തിറങ്ങാന്‍ ഒരു സമയം കല്‍പ്പിച്ചിട്ട്, ആ സമയത്തല്ലാതെ പുറത്തിറങ്ങുന്നവര്‍ സെക്‌സിനു വേണ്ടിയാണെന്ന മിഥ്യാധാരണ ഉണ്ടാക്കിയത് എന്തിന്..?? കണ്ണുകള്‍ കൊണ്ടു സമ്മതമറിയിച്ചു എന്നു ചിലര്‍ പറയും. എന്തേ അവര്‍ക്കു പറയാന്‍ നാക്കില്ലേ…?? ആ സമ്മതമറിയാന്‍ ചിലര്‍ ബസിലോ പൊതുസ്ഥലത്തോ വെച്ച് തോണ്ടി നോക്കുന്നു…! ചിലരാകട്ടെ, ഡ്രസ് കണ്ടു തീരുമാനിക്കുന്നു…!! വൈകുന്നേരങ്ങളില്‍ വീട്ടില്‍ കയറി വന്നാലും ഒരുമിച്ചിരുന്നു കാപ്പിയോ ബിയറോ കഴിച്ചാലും അവര്‍ തീരുമാനിക്കുകയായി, അവള്‍ക്കു സമ്മതമാണെന്ന്. അപ്പോള്‍പ്പിന്നെ ഹോട്ട് ഡ്രിങ്ക്‌സിന്റെ കാര്യം പറയേണ്ടതില്ലല്ലോ.
ഒരു സ്ത്രീ പറ്റില്ലെന്നു പറയുന്നത് അവള്‍ക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ലെന്ന് സ്വയം തീരുമാനിക്കുകയാണിവിടെ ചിലര്‍. അയല്‍വാസിയുടെ ശല്യം അസഹനീയമായപ്പോഴാണ് ഇനിയെന്തു ചെയ്യണമെന്നറിയാന്‍ അവളെന്നെ വിളിച്ചത്. എത്ര നോ പറഞ്ഞിട്ടും അവന്‍ പോകുന്നില്ലത്രെ…! ഇനിയുള്ള മാര്‍ഗ്ഗം നിയമവഴി തന്നെ.
അവളുടേത് ഒരു പരാജയപ്പെട്ട ദാമ്പത്യമായിരുന്നു. അതിനാല്‍ത്തന്നെ, ജീവിതം ദുസ്സഹവുമായിരുന്നു. കടുത്ത സാമ്പത്തിക പ്രശ്‌നത്തില്‍ നിന്നും രക്ഷനേടിയാണ് അവള്‍ വിദേശത്ത് ജോലിക്കു പോയത്. ഇന്നവള്‍ നല്ലൊരു സാമ്പത്തിക ഭദ്രതയിലേക്ക് എത്തിച്ചേര്‍ന്നു. കടുത്ത ദുരിതങ്ങള്‍ മാത്രമേ അവളുടെ ഭര്‍ത്താവ് അവള്‍ക്കു നല്‍കിയിരുന്നുള്ളു. എങ്കിലും രോഗബാധിതനായിരുന്നതിനാല്‍, ഡിവോഴ്‌സ് പോലും സാധ്യമല്ലായിരുന്നു….. അങ്ങനെയിരിക്കെ അവളുടെ ഭര്‍ത്താവ് മരിച്ചു. അയാള്‍ ജീവിച്ചിരുന്നപ്പോള്‍പ്പോലും അവളോടു സ്‌നേഹമാണെന്നവകാശപ്പെട്ട് നിരവധി പേര്‍ എത്തിയിരുന്നു. അവളതെല്ലാം നിരസിച്ചു. ഇപ്പോഴിതാ, അവളുടെ അയല്‍വാസി എത്തിയിരിക്കുന്നു. ശക്തമായ നോ പറഞ്ഞു. ശല്യം സഹിക്കാതെ ആയപ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഒരെണ്ണം ബ്ലോക്ക് ചെയ്താല്‍ മറ്റൊരെണ്ണം എടുക്കും. അതാണിപ്പോഴത്തെ അവസ്ഥ. അവളുടെ നോ അവന് സ്വീകാര്യമല്ലത്രെ…! അവള്‍ക്ക് അവനെ ഇഷ്ടമാണെന്ന് അറിയാമത്രെ…! ഭര്‍ത്താവു മരിച്ച അവള്‍ക്ക് ആഗ്രഹങ്ങള്‍ ഉണ്ടെന്ന് അവന് അറിയാമത്രെ….! ആ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരുതവണയെങ്കിലും അവനെ അനുവദിക്കണമത്രെ….! ചെറുപ്പംമുതല്‍ അവന്‍ കൊണ്ടുനടക്കുന്ന ആഗ്രമാണത്രെ…! അത് അവള്‍ സാധിച്ചു കൊടുക്കണമത്രെ…!
ശക്തമായ നോ പറഞ്ഞിട്ടും ശല്യമായി കൂടിയിരിക്കുന്നു ഇയാള്‍. ഇനിയും ഇതുതുടരാനാണ് ഭാവമെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് അവളുടെ തീരുമാനം.
യാതൊരു വിധ സ്വാധീനമോ നിര്‍ബന്ധമോ ബലപ്രയോഗങ്ങളോ ഭീഷണികളോ ഇല്ലാതെ, മദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കള്‍ തുടങ്ങിയവ ഒന്നുമില്ലാതെ രണ്ടു പേര്‍ പരസ്പര ധാരണയോടു കൂടി സമ്മതിക്കുന്ന ഒരു പ്രക്രിയയാണ് ലൈംഗികതയ്ക്കുള്ള സമ്മതം.
കേരളത്തില്‍ ലൈംഗികത എന്നത് വലിയൊരു സ്ഫോടകവസ്തുവാണ്. അതിപ്രഹരശേഷിയുള്ളൊരു ഗ്രനേഡ് പോലെ. ലൈംഗികതയെന്നാല്‍ എല്ലാവര്‍ക്കും ആവേശകരം തന്നെ. പക്ഷേ, പങ്കാളിയുടെ പരിപൂര്‍ണ്ണ പങ്കാളിത്തത്തോടെ അത് ആസ്വദിക്കാന്‍ അറിയുന്നവര്‍ വളരെ ചുരുക്കമാണ്.
സ്ത്രീപുരുഷന്മാര്‍ പരസ്പരം സംസാരിക്കുന്നതു പോലും തെറ്റാണെന്നു കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്വഭാവ മഹിമയുടെ ഉത്തമ ഉദാഹരണമായി കാണുന്ന ഒന്നാണ് സദാചാരം. മതങ്ങളും മതദൈവങ്ങളും ഈ വിശ്വാസം ഓരോ വ്യക്തിയുടെയും മനസില്‍ അടിച്ചേല്‍പ്പിക്കുന്നു. അതങ്ങനെ മനസിലടക്കിപ്പിടിച്ച്, അത്യുഗ്ര ശേഷിയുള്ള സ്‌ഫോടകവസതുവായി മാറിയിരിക്കുന്നു. പലയിടത്തും പൊട്ടിത്തെറികള്‍ നടക്കുന്നു. മനസിലടക്കാന്‍ ശേഷിയില്ലെങ്കില്‍, പണം കൊടുത്തെങ്കിലും കാര്യം സാധിക്കാന്‍ സദാചാരം സമ്മതിക്കുകയുമില്ല. ബലംപ്രയോഗിച്ചു സാധിച്ചെടുക്കാനുള്ള പ്രവണതയ്ക്കു കാരണവും ഇതൊക്കെത്തന്നെ.
ശരിയായ ലൈംഗികതയുടെ ഗുണങ്ങള്‍
ലൈംഗികതയെന്നത് പ്രത്യുല്‍പാദനത്തിന് വേണ്ടി മാത്രമുള്ളതല്ല. ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങളും സെക്‌സിനുണ്ട്. ക്യാന്‍സര്‍ മുതല്‍ ഹൃദയാഘാതം വരെയുള്ള അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും നല്ല ഉറക്കം സമ്മാനിക്കാനും ആരോഗ്യകരമായ സെക്‌സിനു കഴിയും.
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ സെക്‌സിന് വലിയ പങ്കുണ്ട്. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ലോവര്‍ സിസ്റ്റോളിക് ബ്ലഡ് പ്രഷര്‍ കുറയുന്നായി പഠനങ്ങള്‍ കാണിക്കുന്നു. ബിപി ടെസ്റ്റില്‍ കാണിക്കുന്ന (120/80) എന്ന രക്തസമ്മര്‍ദ്ദത്തിന്റെ തോതിലെ ആദ്യസംഖ്യ സൂചിപ്പിക്കുന്ന സിസ്റ്റോളിക് ബിപിയിലാണ് കാര്യമായ കുറവ് സംഭവിക്കുന്നത്. എന്നാല്‍ സ്വയംഭോഗത്തില്‍ ഈ ഗുണം ലഭിക്കില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
സെക്‌സ് നല്ലൊരു വ്യായാമം കൂടിയാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നമ്മുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും വിവിധ പേശി ഗ്രൂപ്പുകള്‍ക്ക് വ്യായാമം നല്‍കുകയും ചെയ്യുന്നു. ഇതുവഴി മിനിറ്റില്‍ ഏതാണ്ട് അഞ്ച് കലോറിയോളം ആണ് ഉപയോഗിക്കപ്പെടുന്നത്.
ഹൃദയത്തിന്റെ ആരോഗം പരിപാലിക്കുന്നതിനും ലൈംഗികതയ്ക്കു വലിയ പങ്കുണ്ട്. ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ് നിയന്ത്രിക്കാന്‍ ലൈംഗികതയ്ക്കു സാധിക്കും. ഈ ഹോര്‍മോണുകള്‍ അസന്തുലിതമാകുമ്പോഴാണ് ഹൃദ്രോഗം, അസ്ഥിക്ഷയം (osteoporosis) തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാവുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും. പുരുഷന്മാരില്‍ നടത്തിയ ഒരു പഠനത്തില്‍, ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 50% ഹൃദ്രോഗസാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സെക്‌സ് മികച്ച ഒരു വേദനാസംഹാരി കൂടിയാണ്. ആര്‍ത്തവകാലത്തെ വേദനകള്‍, സന്ധിവാതം, തലവേദന പോലുള്ള വേദനകള്‍ കുറയ്ക്കുന്നതായി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂജേഴ്സിയിലെ ഗവേഷകനായ ബാരി ആര്‍. കോമിസരുക് പറയുന്നു.
പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ ആരോഗ്യകരമായ സെക്‌സ് സഹായിക്കും. മാസത്തില്‍ 20 ല്‍ കൂടുതല്‍ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യതകള്‍ കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നന്നായി ഉറങ്ങാന്‍ മനുഷ്യരെ സഹായിക്കുന്ന ഒന്നാണ് സെക്‌സ്. ഇതിന്റെ ഭാഗമായി ഉണ്ടാവുന്ന പ്രോലാക്റ്റിന്‍ എന്ന ഹോര്‍മോണ്‍ നല്ല ഉറക്കം സമ്മാനിക്കും. ഉറക്കഗുളികയുടെ ഗുണം ചെയ്യുന്ന ഒരു ഹോര്‍മോണ്‍ ആണ് പ്രോലാക്റ്റിന്‍. അതുകൊണ്ടാണ് ലൈംഗികബന്ധത്തിന് ശേഷം പലപ്പോഴും നിങ്ങള്‍ എളുപ്പത്തില്‍ ഉറക്കത്തിലേക്ക് വീണുപോവുന്നത്.
ലൈംഗികത കൊണ്ട് ഗുണങ്ങള്‍ മാത്രമേയുള്ളു. പക്ഷേ, പരസ്പരമുള്ള സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും ഇണക്കത്തിന്റെയും പരമകാഷ്ഠയില്‍ നടത്തുന്ന ലൈംഗികതയ്ക്കു മാത്രമേ മനുഷ്യനെ ആനന്ദിപ്പിക്കാനും ആരോഗ്യത്തിലേക്കു നയിക്കാനും കഴിയുകയുള്ളു. ദര്‍ശനസ്പര്‍ശനങ്ങള്‍ മുതല്‍ ആരംഭിച്ച് ഉച്ചകോടിയില്‍ എത്തുന്നതാണ് അത്. പരസ്പരം അംഗീകരിച്ച് മനസ്സും ശരീരവും ഒന്നിക്കുമ്പോള്‍ മൂര്‍ദ്ധന്യം സംഭവിക്കുന്നു. അല്ലാതെ, അസമയത്തെ കാഴ്ചകൊണ്ടോ വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തിലോ ഇരുട്ടിന്റെ മറവിലോ നേടിയെടുക്കുന്നത് നാശത്തിലേ കലാശിക്കുകയുള്ളു.
ആരോഗ്യകരമായ ബന്ധമാണ് ഓരോ വ്യക്തിയെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. മറ്റു പിരിമുറുക്കങ്ങള്‍ക്ക് അയവുണ്ടാകും. എല്ലാം പങ്കുവെക്കാന്‍ ഒരാളുണ്ട് എന്നത് ജീവിതത്തില്‍ നല്‍കുന്ന ബലം വളരെ വലുതാണ്. ആഴമേറിയ ബന്ധത്തിന് തുറന്ന ഇടപെടല്‍ ആവശ്യമാണ്. മറവുകളില്ലാതെ എല്ലാം പരീക്ഷിക്കുക. പങ്കാളിയുടെ സമ്മതത്തോടെ മാത്രം സ്വായത്തമാക്കിയാല്‍ ജീവിതത്തിന് കൂടുതല്‍ ആഴവും പരപ്പും ഉണ്ടാകും.
സമ്മതത്തോടെയോ അല്ലാതെയോ ലൈംഗികതയില്‍ ഏര്‍പ്പെട്ട ശേഷം അവളെ അഭിസാരികയെന്നു വിളിച്ച് അധിക്ഷേപിക്കുകയും പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന പുരുഷ സ്വഭാവമാണ് സ്വാഭാവികമായ ലൈംഗികതയില്‍ നിന്നു പോലും അവളെ പിന്നോട്ടടിക്കാനുള്ള കാരണത്തില്‍ ഏറ്റവും പ്രധാനം. അനാവശ്യമായി അവളുടെമേല്‍ ചാര്‍ത്തിക്കൊടുത്ത സദാചാരചിന്തകളും വിലങ്ങു തടികള്‍ തന്നെ. ഇതെല്ലാം അവളില്‍ അടിച്ചേല്‍പ്പിച്ചിട്ട്, അതുതന്നെയാണിതെന്ന് ഉറപ്പിച്ച് കയറിപ്പിടിക്കുന്നവര്‍ തിരിച്ചടി കിട്ടുമ്പോള്‍ താനേ പഠിച്ചു കൊള്ളും.