Jess Varkey Thuruthel
ഫോര്‍ത്ത് എസ്‌റ്റേറ്റ്, അഥവാ, ജനാധിപത്യത്തിന്റെ നാലാം തൂണ്. എക്‌സിക്യുട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യറി എന്നിവയാണ് ബാക്കി മൂന്നു തൂണുകള്‍. ഇതില്‍ ഏതു തൂണിന് അപചയം സംഭവിച്ചാലും തകര്‍ന്നടിയുന്നതു ജനാധിപത്യമാണ്. പക്ഷേ, നാലാം തൂണിന് ഒരു പ്രത്യേകതയുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നു പോയാലും തകര്‍ച്ച സംഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ് നാലാം തൂണ്. ജേര്‍ണലിസം ക്ലാസുകളിലൂടെ ഓരോ വിദ്യാര്‍ത്ഥിയുടേയും കാതുകളിലെത്തുന്ന ആത്പവാക്യമാണിത്. ജനാധിപത്യത്തിന്റെ ബാക്കി മൂന്നു തൂണുകള്‍ക്ക് അപചയം സംഭവിച്ചാലും സത്യം വിളിച്ചു പറയാന്‍ മടിക്കരുത് എന്ന്. കാരണം, ജനാധിപത്യത്തിന്റെ കാവല്‍ നായ് ആയ മാധ്യമങ്ങള്‍ അധ:പ്പതിച്ചാല്‍ ആ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ യാതൊന്നിനുമാവില്ല.
അതേ, കാവല്‍ നായ്ക്കള്‍ മാത്രമാണ് മീഡിയ. തെറ്റുചെയ്തവരെ ചൂണ്ടിക്കാട്ടാന്‍, തെറ്റു തെറ്റാണ് എന്ന് സധൈര്യം വിളിച്ചു പറയാന്‍. പക്ഷേ, മാധ്യമങ്ങള്‍ തങ്ങളുടെ എത്തിക്‌സും ഫോക്കസും മറന്നാലോ? ബ്രേക്കിംഗ് ന്യൂസ് എന്ന പ്രഹസനത്തില്‍ കാണിച്ചു കൂട്ടുന്ന കോമാളിത്തരങ്ങള്‍, അതു തെറ്റാണ് എന്ന് പൊതു സമൂഹം വിളിച്ചു പറയുമ്പോഴുള്ള അസഹിഷ്ണുത. റിപ്പോര്‍ട്ടര്‍ ചാനലിലെ പ്രമുഖ എഡിറ്റര്‍മാരിലൊരാളായ ഉണ്ണി ബാലകൃഷ്ണന്‍ അസഹിഷ്ണുതയോടെ പറയുന്നതു കേട്ടു, ‘ഇഷ്ടമില്ലാത്തവര്‍ ടി വി ഓഫ് ചെയ്തിട്ടു പൊയ്ക്കൂടെ? എന്തിനാണ് ഇതു കണ്ടു കൊണ്ടിരിക്കുന്നത്?’ എന്ന്! എന്തൊരു ബാലിശമായ ന്യായമാണിത്!
ഈ ചോദ്യം ന്യായമാണെങ്കില്‍, നിങ്ങളെന്തിനാണ് ക്യാമറയും തൂക്കി നവകേരള യാത്രയുടെ പിന്നാലെ വച്ചു പിടിച്ചിരിക്കുന്നത്? നിങ്ങള്‍ക്കിഷ്ടമില്ലാത്തതിന്റെ പിന്നാലെ പോകേണ്ടെന്നു വച്ചാല്‍ പോരെ? കേള്‍ക്കേണ്ടെന്നു വച്ചാല്‍ പോരെ? ഇടതു പക്ഷത്തെ ഇഷ്ടമില്ലെങ്കില്‍ വോട്ടു ചെയ്യേണ്ടെന്നു വച്ചാല്‍ പോരെ? എന്തിനാണ് നിങ്ങള്‍ക്കൊരു നീതിയും നിങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കു മറ്റൊരു നീതിയും? അപ്പോള്‍ നിങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാം, വാര്‍ത്തയുടെ പേരില്‍ എന്തും വിളിച്ചു പറയാം. ആരെയും ദ്രോഹിക്കാം. ആരുടെ വേണമെങ്കിലും അഭിമാനവും അന്തസും തെരുവില്‍ പിച്ചിച്ചീന്താം. അതാരും ചോദിച്ചു കൂടാ.
കുട്ടിയെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകള്‍ക്കു ശേഷം, ആധിപിടിച്ചും വേവലാതിപ്പെട്ടുമിരിക്കുന്ന കുട്ടിയുടെ അമ്മയ്ക്ക് കിഡ്ണാപ്പറുടെ ആദ്യ കോളെത്തുന്നു. പക്ഷേ, ചുറ്റുപാടുമുള്ള ബഹളങ്ങള്‍ കാരണം അവര്‍ക്ക് യാതൊന്നും കേള്‍ക്കാനാവുന്നില്ല. കേള്‍ക്കുന്നില്ല, കേള്‍ക്കുന്നില്ല എന്നവര്‍ ആവര്‍ത്തിച്ചു ഫോണിലൂടെ പറയുന്നുണ്ട്. ശബ്ദമുണ്ടാക്കാതിരിക്കൂ എന്ന് മുന്നിലൂള്ളവരോടും. സമാധാനമായി സംസാരിക്കാന്‍ പോലുമാകാതെ, അവര്‍ സംസാരിക്കുന്നത് എന്താണ് എന്ന് ആദ്യമറിയിക്കാനായി നാനാവിധ ചാനല്‍മൈക്കുകള്‍ അവരുടെ മുഖത്തിനു മുന്നിലായി. കുട്ടി സുരക്ഷിതമായിട്ടിരിക്കുന്നു എന്നു കിഡ്ണാപ്പര്‍ പറഞ്ഞതും കുട്ടിയെ കണ്ടെത്തി എന്നായി മാധ്യമങ്ങള്‍.
പോലീസല്ല, മറിച്ച് മാധ്യമങ്ങളാണ് കുട്ടിയെ കണ്ടെത്തിയത് എന്ന രീതിയിലാണ് കാര്യങ്ങള്‍. കൊല്ലം ആശ്രാമം മൈതാനത്ത്, അബിഗേല്‍ സാറ എന്ന ആറുവയസുകാരിയെ കണ്ടെത്തിയ നിമിഷം മുതല്‍ ഏതു ചാനല്‍ നോക്കിയാലും പറയുന്നൊരു കാര്യമുണ്ട്. ഞങ്ങളും ഞങ്ങളുടെ ചാനലും നടത്തിയ പരിശ്രമത്തിന്റെയും ആഹ്വാനത്തിന്റെയും ഫലമായി നടത്തിയ പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ് കുട്ടിയെ വിട്ടുകിട്ടിയതെന്ന്. പോലീസിന് ഇക്കാര്യത്തില്‍ അഭിമാനിക്കാന്‍ ഒന്നുമില്ലെന്നും തങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ജനങ്ങള്‍ കൂടിയതെന്നും അങ്ങനെയാണ് കുട്ടിയെ കിട്ടിയതെന്നും ചാനലുകള്‍ പറയുന്നു.
‘ഞങ്ങളാരെയും കുറ്റപ്പെടുത്തുന്നില്ല, ഞങ്ങളാരുടെയും പക്ഷത്തല്ല’ എന്നു വായ കൊണ്ട് ആവര്‍ത്തിച്ചു പറഞ്ഞാല്‍ മതിയോ. പ്രവൃത്തിയില്‍ അത് ഇല്ലാത്തതെന്തേ?
കിട്ടിയ വിവരങ്ങള്‍ ശരിയോ തെറ്റോ എന്നുറപ്പുവരുത്താതെ, കിട്ടിയപാടെ പ്രസിദ്ധീകരിക്കുന്ന മനസാക്ഷി കെട്ടവരായി പല മാധ്യമ പ്രവര്‍ത്തകരും അധ:പ്പതിച്ചിരിക്കുന്നു. പുരാണങ്ങളിലെ നാരദന്റെ മറ്റൊരു പതിപ്പ്. ഏഷണി, അഥവാ കൂട്ടിപ്പിടിപ്പിക്കല്‍. അവിടുന്നും ഇവിടുന്നും കിട്ടിയത് ജനങ്ങള്‍ക്കിടയിലേക്കു ശര്‍ദ്ദിക്കുക എന്നതല്ല മാധ്യമധര്‍മ്മം. സത്യസന്ധമായ കാര്യങ്ങള്‍ സധൈര്യം പറയുക എന്നതാണ്. ഈ നെറികെട്ട മാധ്യമപ്രവര്‍ത്തകര്‍ മൂലം എത്രയോ പേര്‍ക്ക് സ്വന്തം അഭിമാനവും അന്തസും നഷ്ടമായിരിക്കുന്നു. തെറ്റുപറ്റിയാല്‍ ചെറിയൊരു കോളത്തില്‍, ആരും പെട്ടെന്നു ശ്രദ്ധിക്കാത്തിടത്ത് ഒരു ഖേദപ്രകടനം. നിങ്ങള്‍ ചെയ്ത തെറ്റായ വാര്‍ത്തയുടെ പേരില്‍ പ്രൈം ടൈമില്‍, പത്രത്തിന്റെ മുന്‍പേജില്‍, പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ? നിങ്ങള്‍ക്കു പറ്റിയ തെറ്റ് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുമോ? എങ്ങനെ തെറ്റുപറ്റി എന്നു വിശദീകരിക്കാന്‍ തയ്യാറാകുമോ? നാളിതു വരെ നിങ്ങളതു ചെയ്തിട്ടില്ല. തെറ്റുപറ്റിയാലും വീണുരുണ്ടു ന്യായീകരിക്കുന്നതു കണ്ടിട്ടുണ്ട്. എന്നിട്ടും നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ ആരാലും ശ്രദ്ധിക്കാത്ത സമയത്ത് സ്ഥലത്ത് ഖേദപ്രകടനവും. എന്നിട്ടും സത്യവും നീതിയും വിട്ടൊന്നും നിങ്ങള്‍ ചെയ്യില്ല, ചെയ്യുകയുമില്ല എന്ന്! വിളിക്കാന്‍ തീരെ ഇഷ്ടമില്ല, എങ്കിലും വിളിച്ചു പോകുന്നു, മാപ്രകള്‍ എന്ന്.
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47
#Abigelsara #Kidnapp #MediainKerala #ethicsinmedia