നിര്‍മ്മല കോളേജ് പ്രശ്‌നം: സംഘികള്‍ക്കു വളംവയ്ക്കുന്ന ക്രിസംഘികള്‍

Jess Varkey Thuruthel

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നെങ്കിലും മതത്തെ പുറത്താക്കണമെന്ന തീവ്രമായ ആഗ്രഹം ഒരിക്കലും നടക്കാതെ പോകുന്നതിനു കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറിയ പങ്കും മതസ്ഥാപനങ്ങള്‍ കൈയടക്കിവച്ചിരിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ്. ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധിത പ്രാര്‍ത്ഥനകളും മതപഠനങ്ങളുമുണ്ട്. ഞായറാഴ്ചകളില്‍ പള്ളികളില്‍ ഉള്ളതു കൂടാതെയാണിത്. തങ്ങളുടെ മതം വളര്‍ത്താനാണ് തങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതെന്ന് സഭ പരസ്യമായിത്തന്നെ സമ്മതിക്കുന്നുമുണ്ട്. മതനിരപേക്ഷത പോയിട്ട് മതസൗഹാര്‍ദ്ദം പോലും സാധ്യമല്ലാത്ത ഒരന്തരീക്ഷത്തില്‍ ഓരോ പ്രശ്‌നവും കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിച്ചേ തീരൂ. എന്നാല്‍, മൂവാറ്റുപുഴ നിര്‍മ്മല കോളജ് മാനേജ്‌മെന്റ് സംഘികള്‍ക്കു വേണ്ടി കുഴലൂത്തു നടത്തുകയാണെന്നു പറയാതെ വയ്യ.

നിര്‍മ്മല കോളേജ് (Nirmala College, Muvattupuzha) ആരംഭിക്കുന്നത് 1953 ലാണ്. ആ കോളേജില്‍ മുസ്ലീം കുട്ടികള്‍ പഠിക്കാനെത്തുന്നത് ഇന്നലെയുമല്ല. കോളേജ് തുടങ്ങിയ കാലം മുതല്‍ എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികള്‍, മുസ്ലീം കുട്ടികള്‍ ഉള്‍പ്പടെ, അവിടെ പഠിക്കുന്നുണ്ട്. ഇക്കാലമത്രയും അവരുടെ നിസ്‌കാരങ്ങള്‍ ആര്‍ക്കുമൊരു പ്രശ്‌നവുമല്ലായിരുന്നു. എന്നാല്‍, എന്നാണോ മതാന്ധത ബാധിച്ച പിശാചുക്കള്‍ ഈ നാട്ടില്‍ വേരുറപ്പിച്ചത്, അന്നുമുതല്‍ സമാധാനപരമായ ജീവിതം സാധ്യമല്ലാതായി. എന്തിലും ഏതിലും മതവിഷം കലര്‍ത്തുന്നവരുടെ നാടായി ഇതു മാറി. ദുരന്തമുണ്ടാകുമ്പോള്‍ ഒന്നിക്കുമെന്നു പറഞ്ഞിട്ട് എന്തു പ്രയോജനമാണുള്ളത്? ബാക്കി സമയങ്ങളിലെല്ലാം കടിച്ചു കീറുകയും കലഹിക്കുകയും കൊല്ലാന്‍ പോലും മടികാണിക്കാത്തവര്‍ എന്തിന് ദുരന്തമുഖങ്ങളില്‍ മാത്രമൊന്നിക്കുന്നു?

ഇന്ത്യ ഒരിക്കലും മതേതരമായിരുന്നില്ല. ഓരോ മതക്കാര്‍ക്കും അവരവരുടെ മതങ്ങള്‍ വിലപ്പെട്ടതായതുകൊണ്ട്, ദൈവങ്ങള്‍ക്കു വേണ്ടി സ്വന്തം മക്കളെയോ അവരവരെത്തന്നെയോ കുരുതി കൊടുക്കാന്‍ മടിയില്ലാത്ത വിശ്വാസികള്‍ ഉള്ളിടത്തോളം കാലം ഇന്ത്യയ്ക്ക് മതങ്ങളില്‍ നിന്നും മോചനവുമില്ല. പക്ഷേ, ഇന്ത്യയില്‍ മതസൗഹാര്‍ദ്ദം നിലനിന്നിരുന്നു. എല്ലാ മതത്തിലും പെട്ടവര്‍ സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും കഴിഞ്ഞിരുന്ന നാളുകളുണ്ടായിരുന്നു. എന്നാലിന്ന്, ഇന്ത്യയിലെ മതസൗഹാര്‍ദ്ദം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. സംഘപരിവാര്‍ കേരളത്തിലും പിടിമുറുക്കിയതോടെ കേരളത്തിനും മതസൗഹാര്‍ദ്ദം അന്യമായിത്തീര്‍ന്നു.

എല്ലാമതവിഭാഗങ്ങളെയും തങ്ങളിലേക്കടുപ്പിച്ച, ദൈവം സ്‌നേഹമാണെന്നു പ്രഘോഷിക്കുന്ന മതമാണ് ക്രിസ്തു മതം. അവിടെ എല്ലാവര്‍ക്കും പ്രവേശനമുണ്ടായിരുന്നു. ആണിനെയും പെണ്ണിനെയും ഏതു മതവിഭാഗത്തില്‍പ്പെട്ടവരെയുമെല്ലാം സ്വാഗതം ചെയ്തിട്ടുള്ള ഒരു മതമാണത്. വസുധൈവ കുടുംബകമെന്ന തത്വം ഹിന്ദുമതത്തിന്റെതാണെങ്കിലും അത് അന്വര്‍ത്ഥമാക്കിയിരുന്നത് ക്രിസ്ത്യാനിറ്റി ആയിരുന്നു. അവരില്‍ മുന്തിയ ക്രിസ്ത്യാനികളും പുറമ്പോക്കില്‍ നില്‍ക്കുന്നവരുമെല്ലാമുണ്ടെന്നത് സത്യം തന്നെ. പക്ഷേ, എല്ലാ വിഭാഗങ്ങളെയും അവരുടെ ആരാധനകളെയും ബഹുമാനിച്ചിരുന്ന, മതിയായ സ്ഥാനം നല്‍കിയിരുന്ന ക്രിസ്തു മതത്തിന് എന്നുമുതലാണ് ഈ അപചയം വന്നുഭവിച്ചത്? ക്രിസ്ത്യാനികള്‍ എന്നുമുതലാണോ സംഘികളുടെ കുഴലൂത്തുകാരായി മാറിയത് അന്നുമുതലാണത്.

മതങ്ങളെയും അനാചാരങ്ങളെയും പിഴുതെറിയാന്‍ എത്ര ശക്തമായി ശ്രമിച്ചിട്ടും ഫലം കാണാത്തൊരു നാടാണിത്. വിദ്യാഭ്യാസത്തില്‍ മികച്ച വിജയം കൈവരിച്ചവര്‍ പോലും മതങ്ങള്‍ക്കു കുഴലൂത്തു നടത്തുന്നവരുടെ നാട്. മുസ്ലീം മാനേജ്‌മെന്റ് നടത്തുന്ന കോളേജുകളില്‍ ഹിന്ദുക്കള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ പ്രാര്‍ത്ഥനാമുറി അനുവദിക്കുമോ എന്നു ചോദിക്കുന്നവരോടും പറയാനുള്ളത് ദൈവം സ്‌നേഹമാകുന്നു എന്നു പ്രഘോഷിക്കുന്ന ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടു തന്നെയാണ്.

മറ്റു പല കോളേജിലുമെന്നതു പോലെ, മൂവാറ്റുപുഴ നിര്‍മ്മല കോളേജിലും വര്‍ഷങ്ങളായി ഭക്ഷണത്തിനുശേഷം മറ്റുള്ളവര്‍ വെടി പറഞ്ഞിരിക്കുന്ന സമയത്ത് വിശ്രമഹാളില്‍ ഒറ്റയും തെറ്റയുമായി വന്നു മുസ്ലിം പെണ്‍കുട്ടികള്‍ നടത്തുന്ന മൗന പ്രാര്‍ത്ഥന മേലില്‍ നടത്തരുത് എന്ന് കോളേജ് അധികൃതര്‍ വിലക്കിയതാണ് വിവാദത്തിനു കാരണം. മേലില്‍ വിശ്രമഹാളില്‍ പ്രാര്‍ത്ഥന പാടില്ല എന്ന നിബന്ധന പറഞ്ഞപ്പോള്‍ സ്വാഭാവികമായി വന്ന ബദല്‍ നിര്‍ദ്ദേശമാണ് പ്രാര്‍ത്ഥനയ്ക്ക് വേണ്ടി പ്രത്യേകം മുറി അനുവദിച്ചുകൂടെ എന്നത്. അതല്ലാതെ പ്രാര്‍ത്ഥനയ്ക്ക് വേണ്ടി പ്രത്യേകം മുറി അനുവദിക്കണം എന്നും പറഞ്ഞ് അവിടെ പുതിയതായി ആരും സമരം ചെയ്യുന്നില്ല. കാര്യങ്ങളെ വളച്ചൊടിച്ചു ചാണക വര്‍ഗീയതയ്ക്ക് ഇന്ധനം പകരുന്ന ക്രിസംഘികള്‍ മണിപ്പൂര്‍ ശൈലിയില്‍ സ്വന്തം ആസനത്തിലാണ് അമിട്ട് പൊട്ടിക്കാന്‍ ശ്രമിക്കുന്നത്.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *