ഇസ്ലാമോഫോബിയ അല്ല, ഇത് കടുത്ത സ്ത്രീ വിരുദ്ധത

ഭരണഘടനയുടെ നഗ്നമായ ലംഘനങ്ങള്‍ നടത്തിയിട്ട് ഇത് ഇസ്ലാമിനെ പൂട്ടാനുള്ള തന്ത്രമാണെന്നും ഇസ്ലാമോഫോബിയ ആണെന്നും പറഞ്ഞാല്‍ പൊറുക്കാവുന്നതല്ല ഈ സ്ത്രീ വിരുദ്ധത. കേരളത്തിലെ ഗ്രാമങ്ങളില്‍പ്പോലും തലമുതല്‍ പാദം വരെ കറുത്ത തുണിയില്‍ മൂടിയ പെണ്‍ജന്മങ്ങള്‍ ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിച്ചു കൊണ്ട് തെരുവിലൂടെ നടന്നിട്ടും പ്രതികരിക്കാന്‍ ശേഷിയില്ലാതെ വായ്മൂടിയിരിക്കുകയാണിവിടുത്തെ മതേതരര്‍.

മുസ്ലിം പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതിന് ജില്ലയിലെ ഒരു പരിപാടിയുടെ സംഘാടകരെ ശാസിച്ച സമസ്ത ഉപാധ്യക്ഷന്‍ എം ടി അബ്ദുള്ള മുസലിയാരെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. ഇസ്ലാം സ്ത്രീ വിരുദ്ധമാണെന്നും മുസ്ലീം മത പണ്ഡിതര്‍ പ്രാകൃതരാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണത്രെ ഇവിടെ നടക്കുന്നത്….! വര്‍ഗ്ഗീയ സംഘടനകളിവിടെ ഇസ്ലാമോഫോബിയ വളര്‍ത്തുകയാണെന്നും നവാസ് ആരോപിക്കുന്നു.

മുസ്ലീം പണ്ഡിതരുടെ കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുതിര്‍ന്ന പ്രവര്‍ത്തകനായ എം ടി അബ്ദുല്ല മുസലിയാര്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അവാര്‍ഡ് വാങ്ങാന്‍ വേദിയിലേക്ക് വിളിച്ചതിന് സംഘാടകരിലൊരാളെ ശകാരിക്കുന്നത്.

പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ വിദ്യാഭ്യാസത്തില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനിടെയാണ് സംഭവം. മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളാണ് പെണ്‍കുട്ടിക്ക് മെമന്റോ കൈമാറിയത്. അവാര്‍ഡ് കൈമാറിയ ഉടന്‍ തന്നെ പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചത് എന്തിനാണെന്നായിരുന്നു മുസലിയാരുടെ ചോദ്യം.

”ആരാണ് പത്താം ക്ലാസുകാരിയെ വേദിയിലേക്ക് ക്ഷണിച്ചത്…? ഇത്തരം പെണ്‍കുട്ടികളെ ഇങ്ങോട്ട് വിളിക്കരുത്, നിനക്കറിയില്ലേ സമസ്തയുടെ നിയമങ്ങള്‍? നീയാണോ അവളെ വിളിച്ചത്?… അവളുടെ മാതാപിതാക്കളോട് അവാര്‍ഡ് വാങ്ങാന്‍ വേദിയിലേക്ക് വരാന്‍ പറയൂ. ഞങ്ങള്‍ ഇവിടെ ഇരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്, ഇത് ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുകയും പരസ്യപ്പെടുത്തുകയും ചെയ്യും,”

രോഷാകുലനായ മുസലിയാര്‍ സംഘാടകരോട് കയര്‍ക്കുകയായിരുന്നു. ഈ സമയത്ത് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അടുത്തു നില്‍ക്കുന്നുണ്ടായിരുന്നു.

ചെറിയൊരു പെണ്‍കുട്ടിയെ കണ്ടാല്‍പ്പോലും വികാരമടക്കാന്‍ സാധിക്കാത്ത ഇവരെങ്ങനെയാണ് മതപണ്ഡിതരാകുന്നത്…?? ഇവര്‍ക്കു മുന്നിലേക്ക് എങ്ങനെയാണ് മതപഠനത്തിനായി കുട്ടികള്‍ പോകുന്നത്…??

പ്രസവിക്കാനായി ലേബര്‍ റൂമിലേക്കു കയറ്റുന്ന സ്ത്രീ പോലും ഭര്‍ത്താവിന്റെ ലൈംഗിക വികാരത്തെ ശമിപ്പിച്ചതിനു ശേഷം പ്രസവിച്ചാല്‍ മതിയെന്നഭിപ്രായപ്പെട്ടത് ഒരു മുസ്ലീം പണ്ഡിതനാണ്. നരകത്തിലെ വിറകു കൊള്ളിയാകാതെ തലമൂടിയിരിക്കാന്‍ പറഞ്ഞ് സ്ത്രീകളെ തെറിയഭിഷേകം ചെയ്യുന്നത് മതപുരോഹിതര്‍ തന്നെ.

ഒരു വ്യക്തിക്കെതിരായി നടക്കുന്ന അവഹേളനത്തിനും ക്രൂരതയ്ക്കുമെതിരെ ഏറ്റവും കൂടുതലായി പ്രതികരിക്കേണ്ടത് ആ വ്യക്തി തന്നെയാണ്. അവരങ്ങനെ പ്രതികരിക്കുമ്പോള്‍, അവര്‍ക്കൊപ്പം നില്‍ക്കാന്‍ അനേകം പേരുണ്ടാകും. അതിക്രമം കാണിച്ചവന്റെ മതവും ജാതിയും തൊലിയുടെ നിറവുമാണ് എതിര്‍ക്കപ്പെടാനുള്ള കാരണമെന്നു പറയുന്നവന്റെ വായ് നിയമം മൂലം അടപ്പിക്കാന്‍ കഴിയണം.

മുസ്ലീം സമുദായത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ അതിശക്തമായി പ്രതികരിക്കേണ്ടവര്‍ ആ സമുദായത്തിലെ സ്ത്രീകള്‍ തന്നെയാണ്. തങ്ങളുടെ ആസക്തി നിയന്ത്രിക്കാന്‍ പെണ്ണിനെ കറുത്ത തുണിയില്‍ പൊതിഞ്ഞു നടക്കുന്ന ഒരുവനെയും തങ്ങള്‍ക്കു ജീവിതപങ്കാളിയായി വേണ്ടെന്നു പറയാനുള്ള ധൈര്യമാണ് അവര്‍ക്കുണ്ടാകേണ്ടത്. അതിന്, സ്വന്തം കാലില്‍ നില്‍ക്കാനുള്ള ചങ്കൂറ്റമുണ്ടാവണം. ഹിജാബ് ധരിക്കാതെ സ്‌കൂളിലേക്കില്ലെന്നു വാശി പിടിച്ച് പഠനമവസാനിപ്പിക്കുന്ന മുസ്ലീം പെണ്‍സമൂഹത്തില്‍ നിന്നും ചങ്കൂറ്റമുള്ള എത്ര സ്ത്രീകളെ പ്രതീക്ഷിക്കാനാവും…?? പാട്ടുപാടിയാല്‍, ഡാന്‍സു ചെയ്താല്‍, ശരീരം ചാക്കില്‍ പൊതിയാതിരുന്നാല്‍ നരകത്തില്‍ വിറകുകൊള്ളിയാകുമെന്നു പറഞ്ഞു പഠിപ്പിക്കുന്ന മുസ്ലീമിന്റെ ലൈംഗിക അടിമയാവാനാണ് ഭീരുക്കളായ ഈ സ്ത്രീകളുടെ യോഗം. ഇതിനെതിരെ പ്രതികരിക്കുന്നവരെയാണ് ഇസ്ലാമോഫോബിയ എന്ന പേരില്‍ തിരിഞ്ഞാക്രമിക്കുന്നത്.

ഇത്തരം മുസലിയാര്‍മാരുടെയും മതപണ്ഡിതരുടെയും വീട്ടിലുള്ള സ്ത്രീകളുടെ ജീവിതം അടിമകളെക്കാള്‍ കഷ്ടമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ഈ അടിമത്തത്തിനെതിരെ ഒരക്ഷരം പോലും മറുത്തു പറയാതെ വായ്മൂടിയിരിക്കുന്നതു തന്നെയാണ് ഇത്തരക്കാരുടെ വളര്‍ച്ചക്ക് വളംവച്ചു കൊടുക്കുന്നതും. പെണ്‍കുട്ടികള്‍ പണിയെടുത്തു സ്വന്തം കാര്യം നടത്താനുള്ള പ്രാപ്തിയിലെത്തിയാല്‍ അടങ്ങാത്ത സ്വന്തം ലൈംഗിക വികാരത്തെ ശമിപ്പിക്കാന്‍ ആളെകിട്ടില്ലെന്ന് ഇവര്‍ക്കു നന്നായി അറിയാം. മതത്തിനും മതദൈവത്തിനും വേണ്ടി ചാവേറായി പൊട്ടിത്തെറിക്കുന്നവരുടെയും ആഗ്രഹം സ്വര്‍ഗ്ഗത്തിലെത്തി ഹൂറിമാരുമായി രമിക്കണമെന്നതാണ്. അതല്ലാതൊരു സന്തോഷവും സ്വന്തം ജീവിതത്തില്‍ കണ്ടെത്താന്‍ ഇഷ്ടപ്പെടാത്ത കടുത്ത മതവാദികളുടെ കാല്‍ക്കീഴിലമരാനുള്ളതല്ല തങ്ങളുടെ ജീവിതമെന്ന് മനസിലാക്കേണ്ടതും പ്രതികരിക്കേണ്ടതും ഈ സ്ത്രീകള്‍ തന്നെ.

……………………………………………………………………………….

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

Leave a Reply

Your email address will not be published. Required fields are marked *