കൊറോണ മൂലം ജോലിയും പോയി കാലണ കൈയിലില്ലാതെ ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്നാലോചിച്ച് തലപുകച്ചിരുന്ന ദിവസങ്ങളിലൊന്നിലാണ് ഫേയ്‌സ് ബുക്കില്‍ നിന്നും ആ സൗഹൃദാഭ്യര്‍ത്ഥന എത്തിയത്. ജെയിംസ് ബെന്‍ ക്ലിന്റണ്‍ എന്ന ജര്‍മ്മന്‍ പൗരന്‍. ബ്രിട്ടണില്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലിയാണെന്നു സ്വയം പരിചയപ്പെടുത്തി. ജര്‍മ്മനെങ്കില്‍ ജര്‍മ്മന്‍. ഇരിക്കട്ടെ ഒരന്താരാഷ്ട്ര സൗഹൃദം. എന്തായാലും പണിയൊന്നുമില്ലാതെ ചൊറിയും കുത്തി ഇരിക്കുകയാണല്ലോ എന്നു ഞാനും കരുതി. അങ്ങനെ, അയാളുടെ സൗഹൃദം സ്വീകരിച്ചു. അയാള്‍ക്കു പിന്നാലെ, ജര്‍മ്മന്‍ പൗരന്മാരായ ബ്രിട്ടണില്‍ ജോലിയുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ഏതാനും പേരുടെകൂടി സൗഹൃദ അഭ്യര്‍ത്ഥനകള്‍ ചറപറാ വന്നു. സകലവനെയും കൂടെ കൂട്ടി. അല്ലെങ്കിലും വന്ന ഒരുത്തനെയും നിരാശപ്പെടുത്തിയ ചരിത്രമില്ല……
ഭക്രാനങ്കല്‍ അണക്കെട്ടിന്റെ ഉയരവും ചര്‍ച്ച ചെയ്ത് ലൈഫിലെ ബോറടിമാറ്റാമെന്നു കരുതിയിരുന്ന എന്റെ പ്രതീക്ഷകളെ തെറ്റിച്ച്, ആഴ്ചയൊന്നു തികയും മുന്‍പേ ബെന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി. പ്രൊഫൈല്‍ പിക്ച്ചറിലെ അതിസുന്ദരനായ, പൗരുഷത്തിന്റെ നേര്‍ച്ചിത്രമായ ഒരുവന്‍, കൂടാതെ ലക്ഷങ്ങളുടെ ശമ്പളവും. ഞാന്‍ നാലുകാലില്‍ വീഴുമെന്നയാള്‍ ഒരുപക്ഷേ കരുതിക്കാണും. വിന്‍ഡോ ഷോപ്പിംഗ് (ശുദ്ധ മലയാളത്തില്‍ പറഞ്ഞാല്‍ വായ്‌നോട്ടം) എന്റെയൊരു ഇഷ്ടവിനോദമാണെന്ന് എനിക്കല്ലേ അറിയൂ… ഇത്രയും സുന്ദരനായ ഒരു മനുഷ്യന്, അതും ബ്രിട്ടണില്‍ വലിയ കമ്പനിയില്‍ ജോലി ചെയ്യുന്നയാള്‍ക്ക്, അതിമനോഹരികളായ പെണ്ണുങ്ങള്‍ വരിവരിയായി നില്‍ക്കുമെന്നിരിക്കെ, ഇങ്ങു കൊച്ചു കേരളത്തില്‍, ജോലിയും കൂലിയുമില്ലാതെ കറങ്ങുന്ന, അതും പെണ്ണിന്റെ ഒരു സ്വഭാവവും ഏഴയലത്തു കൂടിപ്പോലും പോകാത്ത, രണ്ടുമക്കളുടെ അമ്മയായ എന്നെ ഇത്രമാത്രം ബോധിച്ചെന്നു പറഞ്ഞപ്പോഴേ ഞാന്‍ സംശയം മണത്തു.
ലോകത്തുള്ള സകല പറ്റിക്കല്‍സ് കാരും ലക്ഷ്യമിട്ടിരിക്കുന്നത് പണക്കാരെയല്ല, മറിച്ച് പാവപ്പെട്ടവരെയാണ്. നമ്മള്‍ കരുതും തട്ടിപ്പുകാര്‍ക്ക് നമ്മുടെ കൈയില്‍ നിന്നും ഒന്നും കിട്ടാനില്ലെന്ന്. പക്ഷേ, ഈ ചിന്തയാണ് ഏറ്റവും വലിയ അപകടവും. നമ്മുടെ കൈയില്‍ ആകെ അവശേഷിക്കുന്ന നാണയത്തുട്ടുകള്‍ അവര്‍ അടിച്ചു മാറ്റും. ഒന്നും കിട്ടിയില്ലെങ്കില്‍ പറഞ്ഞു പറ്റിച്ച് നമ്മുടെ കിഡ്ണിയെങ്കിലും അവന്മാര്‍ അടിച്ചോണ്ടു പോകും. പക്ഷേ, പണക്കാരെ പറ്റിക്കാന്‍ കുറച്ചു വിയര്‍ക്കേണ്ടി വരും. അതിനാല്‍, കൈയില്‍ കാല്‍ കാശില്ലാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്നവര്‍ സൂക്ഷിച്ചുകൊള്ളുക. പണി ഏതു വഴിയില്‍ നിന്നും വരും….
അതിനാല്‍, ജോലിയോ കൂലിയോ ഒന്നുമില്ലാതിരിക്കുന്ന എന്നില്‍ നിന്നും എന്തൊക്കെയോ നേടിയെടുക്കാന്‍ ഇയാള്‍ ശ്രമിക്കുകയാണ് എന്ന ചിന്ത എന്നിലുണ്ടായി.
ബെന്‍ മുന്നോട്ടു വച്ച വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുകയാണെങ്കില്‍ എങ്ങനെയുണ്ടാവുമെന്നു ഞാന്‍ വെറുതെയൊന്നു സങ്കല്‍പ്പിച്ചു നോക്കി. വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസനും പാര്‍വ്വതിയും പോലെ. അങ്ങോര്‍ പാര്‍വ്വതിക്കു സമം, ഞാനാകട്ടെ ശ്രീനിവാസനും…..!!
തല്‍ക്കാലം അയാളെ സംശയിക്കാന്‍ വകുപ്പൊന്നുമില്ല. അതിനാല്‍, പോയ പണിക്കു പകരം മറ്റൊരു പണിയാണു വേണ്ടത്, അതിനു വല്ലതും ചെയ്യാന്‍ പറ്റുമോ എന്നൊന്നു നോക്കാമെന്ന് എനിക്കു തോന്നി. വീട് ഓഫീസാക്കിയ എനിക്ക് അതേരീതിയില്‍ തന്നെ മുന്നോട്ടു പോകാന്‍ കഴിയണം. ജോലിയെന്നു ഞാന്‍ പറഞ്ഞ ഉടന്‍ എന്നെ ബ്രിട്ടണിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ അയാള്‍ ആരംഭിച്ചു. ഏതോ കമ്പനിയുടെ സി ഇ ഒ വിളിച്ച് ഇന്റര്‍വ്യൂവും നടത്തി, പാസ്‌പോര്‍ട്ട് റെഡിയാക്കിയിരിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യമൊന്നും തെളിയിക്കേണ്ടതില്ലേ എന്നു ഞാന്‍ സംശയിച്ചു. എങ്കിലും ഞാന്‍ പറഞ്ഞു, കുഞ്ഞുങ്ങളെയും പ്രായമായ അമ്മയെയും വിട്ട് എനിക്കു വരാനാവില്ല, ജോലി അന്വേഷണം അവസാനിപ്പിക്കണമെന്ന്. അയാളതു ശ്രദ്ധിച്ചതായിപ്പോലും തോന്നിയില്ല.
എന്റെ ബയോഡാറ്റയിലുള്ള നടപടികള്‍ പുരോഗമിക്കവേ, ഞാനാലോചിച്ചു, പോയാലോ എന്ന്. പക്ഷേ, കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി എന്ന തത്വം ഇവിടെ പ്രാവര്‍ത്തികമാകില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കിട്ടിയാല്‍ ശരിക്കും ഊട്ടി തന്നെ, സകല സാമ്പത്തിക പ്രശ്‌നങ്ങളുമവസാനിക്കും. പക്ഷേ, പോയാലോ…..?? കാത്തിരിക്കുന്നത് മരണത്തെക്കാള്‍ ഭീകരമായ അവസ്ഥ ആയിരിക്കും. എന്റെ കുഞ്ഞുങ്ങളുടെ മുഖം പോലും പിന്നീടൊരിക്കലും കണ്ടെന്നു വരില്ല…..
സംശയങ്ങള്‍ ഉള്ളിലുണ്ടെങ്കിലും മക്കളും അമ്മയുമായൊന്ന് ആലോചിച്ചു. അമ്മയെ ഒരിടത്തേക്കും വിടില്ല, അതിനായി അമ്മ നോക്കുകയും വേണ്ടെന്ന് മകള്‍ തറപ്പിച്ചു പറഞ്ഞു. അമ്മ പോയാല്‍ കൂടെ ഞാനും വരുമെന്നായി മകന്‍…. നീ പോയാല്‍ എന്നെ പിന്നെ കാണില്ലെന്ന് അമ്മയും…. അതോടെ, യു കെ യില്‍ ജോലിയെന്ന വെള്ളം ഞാനങ്ങു വാങ്ങിവച്ചു….
അക്കാര്യം ബെന്നിനെ അറിയിച്ചപ്പോള്‍ ആദ്യമയാള്‍ ദേഷ്യപ്പെടുകയാണ് ഉണ്ടായത്. ഇനി സഹായങ്ങളുമായി എത്തില്ലെന്നു ഞാന്‍ കരുതി….
അപ്പോള്‍ അതാ വരുന്നു, അടുത്ത ഓഫര്‍…
അയാളെനിക്ക് സര്‍പ്രൈസ് ഗിഫ്റ്റ് തരുന്നത്രെ…!! പായ്ക്കറ്റ് അയക്കാന്‍ എയര്‍പോര്‍ട്ടില്‍ പോകുന്നത്രെ…. ശരി, എന്തുകുന്തമെങ്കിലുമയക്കെന്ന് ഞാനും. പിറ്റേന്ന് എനിക്കയക്കുന്ന സാധനങ്ങളുടെ ചിത്രമെത്തി. സര്‍പ്രൈസ് ഗിഫ്റ്റ് എന്നുപറഞ്ഞാല്‍, അതെന്താണെന്ന് എന്നോടു നേരത്തെ തന്നെ വെളിപ്പെടുത്തുമോ എന്ന കണ്‍ഫ്യൂഷന്‍ വേറെ…..
എന്തായാലും അയച്ച സാധനങ്ങള്‍ നോക്കുക…. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇവയാണ്. സ്വര്‍ണ്ണവും 30,000 ബ്രിട്ടീഷ് പൗണ്ടും, ആപ്പിള്‍ ഫോണും ലാപ്‌ടോപ്പും… ഒരുകോടി രൂപയ്ക്കു മുകളില്‍ മൂല്യമുള്ള വസ്തുക്കള്‍….
എനിക്ക് ഗിഫ്റ്റു തരാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പണം ബാങ്കുവഴി അയക്കുക എന്ന എളുപ്പമാര്‍ഗ്ഗം സ്വീകരിക്കാതെ എന്തുകൊണ്ടാണത് പായ്ക്കറ്റില്‍ അയച്ചതെന്ന എന്റെ ചോദ്യത്തിന് അത് ഇങ്ങനെ അയച്ചാല്‍ മതി തന്റെ ആവശ്യങ്ങള്‍ക്കെല്ലാമുള്ള പണം അതിലുണ്ടെന്നായി ബെന്‍. എനിക്കു നന്നായി ദേഷ്യം വന്നു. ഇന്ത്യയില്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ കറന്‍സി ആണെന്നും ബ്രിട്ടീഷ് കറന്‍സി കൊണ്ട് ഇന്ത്യയില്‍ യാതൊരു പ്രയോജനവുമില്ലെന്നു മനസിലാക്കാന്‍ പോലും ബോധമില്ലാത്ത താങ്കള്‍ക്ക് എങ്ങനെയാണ് ബ്രിട്ടണിലെ ഇത്രയും വലിയ കമ്പനിയില്‍ ജോലി കിട്ടിയത് എന്നായി എന്റെ ചോദ്യം. ആ ചോദ്യത്തെ അയാള്‍ നേരിട്ടത് കുറച്ചു ദേഷ്യത്തോടെയാണ്.
വീണ്ടും ഞാന്‍ ചോദിച്ചു, താങ്കള്‍ താങ്കളുടെ വീട്ടിലേക്ക് പണമയക്കുന്നത് എങ്ങനെ? പാഴ്‌സലായിട്ടോ അതോ ബാങ്ക് വഴിയോ…?? അതു ബാങ്കുവഴിയാണ് എന്നായിരുന്നു അയാളുടെ ഉത്തരം. എന്നാല്‍പ്പിന്നെ എനിക്കെന്തുകൊണ്ട് ബാങ്കുവഴി പണം അയച്ചുകൂടാ എന്ന ചോദ്യവും അയാള്‍ക്കു തീരെ ദഹിക്കുന്നതായിരുന്നില്ല.
ഇമ്മാതിരി മണ്ടത്തരങ്ങള്‍ വിളമ്പിയാല്‍ എന്റെ നാട്ടിലെ ഒരു സ്ത്രീ പോലും വിശ്വസിക്കില്ലെന്നും ഞങ്ങളത്ര മന്ദബുദ്ധികളല്ലെന്നുമായിരുന്നു എന്റെ മറുപടി. എനിക്കു പണമയക്കുന്നുണ്ടെങ്കില്‍ അതു ബാങ്കുവഴി ആയിരിക്കണമെന്നും അല്ലാത്തവന്‍ ക്രിമിനല്‍ തന്നെയെന്നും ഞാനും വ്യക്തമാക്കി……
ബാങ്കുവഴി പണമയക്കാത്തവന്‍ അയക്കുന്ന പാഴ്‌സല്‍ ഞാന്‍ കൈപ്പറ്റണമെങ്കില്‍ പാഴ്‌സലിനുള്ള തുക ബാങ്കുവഴി അയച്ചു തരണമെന്നും അല്ലെങ്കില്‍ പാഴ്‌സല്‍ തിരിച്ച് അയച്ച ആളിനു തന്നെ എത്തുമെന്നും ഞാനറിയിച്ചു. എനിക്കു പണത്തോട് ആര്‍ത്തിയാണെന്ന് അങ്ങോരും….
പോടാ പുല്ലേ എന്നു പറഞ്ഞ് അയാളുമായുള്ള സംഭാഷണം ഞാന്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ചു.
ഏതാനും ദിവസങ്ങള്‍ക്കകം ഒരു പാഴ്‌സല്‍ കമ്പനിയില്‍ നിന്നും വിളിയെത്തി. എനിക്ക് പാഴ്‌സല്‍ എത്തിയെന്നും അതു കൈപ്പറ്റാനായി 50,000 രൂപ ഞാന്‍ കൊടുക്കണമെന്നും. എനിക്കറിയാവുന്ന ഇംഗ്ലീഷ് തെറിവാക്കുകളെല്ലാം ഞാനുപയോഗിച്ചു. അതോടെ ആ സ്ത്രീ ഫോണ്‍ കട്ടു ചെയ്തു…….
ഈ സംഭവങ്ങളത്രയുമെഴുതണമെന്നു ഞാന്‍ കരുതിയിരുന്നു, പിന്നെയാവട്ടെ എന്നു കരുതി മാറ്റിവച്ചു……
പണിയൊന്നുമില്ലാതിരുന്നതിനാല്‍, എന്നെ കബളിപ്പിക്കാന്‍ ഇത്രയും സമയം അറിഞ്ഞുകൊണ്ട് ഞാനയാള്‍ക്കു കൊടുക്കുകയായിരുന്നെന്നും കേരളത്തിലെ ഒരു സ്ത്രീയെപ്പോലും ഇത്തരത്തില്‍ പറ്റിക്കാന്‍ കഴിയില്ലെന്നും ഞാന്‍ കരുതി….. കേരളത്തിലെ സ്ത്രീകളെല്ലാം എന്നെക്കാള്‍ ബുദ്ധിമതികളാണെന്നും ഞാനുറച്ചു വിശ്വസിച്ചു…. അതിനാല്‍, ഇതെഴുതി സ്വയം നാണം കെടേണ്ടെന്നു ഞാന്‍ തീരുമാനിച്ചിരുന്നു….
ഒളിക്യാമറ വച്ചും ബാത്ത്‌റൂമിലെയും മുറിക്കുള്ളിലെയും വിടവുകളുണ്ടാക്കി കഷ്ടപ്പെട്ട് പെണ്ണിന്റെ നഗ്നത പകര്‍ത്തി ആ നഗ്നത വച്ചു ബ്ലാക്‌മെയില്‍ ചെയ്യുന്ന പുരുഷന് പണവും സ്വന്തം ശരീരവും നല്‍കാന്‍ തക്ക വിവരമില്ലായ്മ കാണിക്കുന്ന പെണ്ണുങ്ങള്‍ സിനിമയില്‍ മാത്രമേയുള്ളുവെന്നു ഞാന്‍ കണക്കു കൂട്ടി….. പക്ഷേ…..
ഇപ്പോഴിതാ, മനോരമയില്‍ വന്ന ഈ വാര്‍ത്ത നോക്കൂ……
അല്ല പെണ്ണുങ്ങളേ…..?? നിങ്ങളിതെന്നാ പെണ്ണുങ്ങളാ……?? ഇത്ര എളുപ്പത്തില്‍ പറ്റിക്കാന്‍ കഴിയുമോ അതിബുദ്ധിമതികളും ഉന്നത വിദ്യാഭ്യാസം നേടിയവരുമായ നിങ്ങളെ…??
ഡേറ്റിങ് ആപ്പിലൂടെ പരിചയം, ആലപ്പുഴ സ്വദേശിനിയില്‍ നിന്നും 10 ലക്ഷം തട്ടിയ നൈജീരിയന്‍ യുവാവ് അറസ്റ്റില്‍
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട മുന്‍ പ്രവാസിയായ വനിതയ്ക്കു വിവാഹവാഗ്ദാനം നല്‍കിയശേഷം ഒന്നരക്കോടി രൂപയുടെ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. ഡോളറായി എത്തിച്ച ഒന്നരക്കോടി രൂപ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും വിട്ടുകിട്ടാനുള്ള നടപടിക്കായി 10 ലക്ഷം രൂപ വേണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. പല തവണയായി യുവതി ബാങ്ക് അക്കൗണ്ട് വഴി 10 ലക്ഷം കൊടുത്തു. വീണ്ടും 11 ലക്ഷം കൂടി ആവശ്യപ്പെട്ടു. ഇതു നല്‍കാന്‍ ഇവര്‍ നഗരത്തിലെ ബാങ്കില്‍ എത്തിയപ്പോള്‍ സംശയം തോന്നിയ ബാങ്ക് മാനേജര്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് തട്ടിപ്പു പുറത്തറിഞ്ഞത്.
പ്രതിയുടെ താമസ സ്ഥലം മനസ്സിലാക്കിയ പൊലീസ് ഗ്രേറ്റര്‍ നോയിഡയിലെ ഫ്‌ലാറ്റിനു സമീപമെത്തിയെങ്കിലും ഇയാള്‍ കാറില്‍ കടന്നു. നോയിഡ സ്വദേശിയായ സഹായിയെ പൊലീസ് പിടികൂടി. ഇതിനിടെ പ്രതി സഹായിയുടെ ഫോണില്‍ വിളിച്ച് ഒരു എടിഎം കൗണ്ടറിനു മുന്നില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇതു പൊലീസിന് സഹായമായി. ഇവിടെയെത്തിയപ്പോള്‍ പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ പ്രതി 6 വരിപ്പാതയിലേക്കു ചാടി ഒരു കിലോമീറ്ററോളം ഓടി. പൊലീസ് പിന്തുടര്‍ന്നു.
ഓടുന്നതിനിടെ പ്രതിയുടെ ഷൂ ഊരിത്തെറിച്ചു. ഉച്ചവെയിലില്‍ ചൂടുമൂലം കാല്‍ റോഡില്‍ കുത്താനാകാതെ വന്നതോടെ പ്രതിയെ പിടികൂടി. ഘാന സ്വദേശിയായ ഭാര്യയും 2 മക്കളുമായി ഫ്‌ലാറ്റില്‍ താമസിക്കുകയാണ് എനുക എന്നും ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പണം സ്വീകരിച്ച്, അപ്പോള്‍ത്തന്നെ തുക നൈജീരിയന്‍ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു ഇയാളെന്നും ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് പറഞ്ഞു. പ്രതിയെ ഇന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.