നോറയുടെ കൊലപാതകം: പ്രധാന പ്രതികള്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ തന്നെ

ഓരോ കുഞ്ഞുജീവനുകളും അതിക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ മലയാളി മനസാക്ഷി ഞെട്ടിവിറയ്ക്കാറുണ്ട്. ആ കുഞ്ഞു ജീവന്‍ കടന്നു പോയ സാഹചര്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഉറങ്ങാന്‍ പോലും കഴിയാത്ത വിധം മനസാക്ഷി വിറങ്ങലിച്ചു പോകുന്ന മനുഷ്യര്‍. കുഞ്ഞുങ്ങളോടു ക്രൂരത ചെയ്തവരെ കൈയില്‍ കിട്ടിയാല്‍ ഒന്നു പൊട്ടിക്കാന്‍ വെമ്പല്‍ കൊള്ളുന്നവരുമുണ്ട്. പക്ഷേ, കുറെ ദിവസങ്ങളിലെ ഞെട്ടലും മനോവേദനയും ധാര്‍മ്മികരോക്ഷവുമവസാനിക്കുമ്പോള്‍, മറവിയുടെ കയങ്ങളിലേക്ക് ഓരോ കുഞ്ഞുകരച്ചിലും ആണ്ടുപോകുമ്പോള്‍, വീണ്ടുമിവിടെ കരച്ചിലുകളുയരുന്നു….. അവസാനമില്ലാത്ത ഏങ്ങിക്കരച്ചിലുകള്‍….

ഒറ്റപ്പെട്ട നിരവധി സംഭവങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍…… മനസാക്ഷി തൊട്ടുതീണ്ടാത്ത നികൃഷ്ടജന്മങ്ങള്‍ കുഞ്ഞുജീവനുകള്‍ക്കു മീതെ വട്ടമിട്ടു പറക്കുന്നു…..! എത്രയോ കുഞ്ഞുങ്ങളിവിടെ കൊല്ലപ്പെട്ടിരിക്കുന്നു. അതിലുമെത്രയോ പേരിവിടെ ക്രൂര പീഡനത്തിന് ഇരയായിരിക്കുന്നു. ഇനിയുമതിലുമെത്രയോ കുഞ്ഞുങ്ങള്‍ ഭീതിയിലും നരകയാതനയിലും ജീവിക്കുന്നു……!

ഏങ്ങിയേങ്ങിയുള്ള കരച്ചിലുകള്‍, പിടച്ചിലുകള്‍, ഹൃയം നുറുങ്ങുന്ന വേദനകള്‍, സമാനതകളില്ലാത്ത ക്രൂരതകള്‍, നിസ്സഹായതകള്‍, അനിശ്ചിത ഭാവി……

മനുഷ്യാവകാശങ്ങള്‍ ഏറ്റവുമധികം നിഷേധിക്കപ്പെടുന്നത് കുഞ്ഞുങ്ങള്‍ക്കാണ്. കളിക്കാനുള്ള അവകാശത്തിനു മേല്‍, സംസാരിക്കാനുള്ള അവസരത്തിനു മേല്‍, പഠിക്കാനുള്ള അവകാശത്തിനു മേല്‍, വിശ്രമിക്കാനുള്ള അവസരത്തിനു മേല്‍, നിര്‍ഭയം ജീവിക്കാനുള്ള അവകാശത്തിനുമേലെല്ലാം നടക്കുന്ന കടന്നുകയറ്റങ്ങള്‍ ചിന്തകള്‍ക്കും വാക്കുകള്‍ക്കും അധീതമാണ്.

മലയാളിയെ സംബന്ധിച്ചിടത്തോളം സെക്‌സ് ചെയ്യാനുള്ള അവകാശമാണ് വിവാഹം. അതിനു മുന്‍പുള്ള ലൈംഗികത കൊടിയ പാപവും അപമാനവും ഏറ്റവും വലിയ പാതകവുമായി കണക്കാക്കപ്പെടുന്ന ഈ സമൂഹത്തില്‍, ജൈവപരമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യമുള്ള ഓരോ പുരുഷനെയും സ്ത്രീയെയും വിവാഹം കഴിപ്പിക്കാന്‍ വ്യഗ്രത കാണിക്കുന്ന സമൂഹമാണ് കേരളത്തിലുള്ളത്. വിവാഹം കഴിച്ച ഓരോ പുരുഷനും സ്ത്രീയ്ക്കും കുഞ്ഞുങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നും അല്ലാത്ത ജീവിതമെല്ലാം ശാപഗ്രസ്ഥമോ വ്യര്‍ത്ഥമോ ആണെന്നു ചിന്തിക്കുന്നൊരു സമൂഹം. കുഞ്ഞുങ്ങളുണ്ടാകാത്തവരെ, ഏതെങ്കിലും കാരണവശാല്‍ പങ്കാളി നഷ്ടപ്പെട്ടവരെ അപശകുനമായി കാണുകയും ചടങ്ങുകളില്‍ നിന്നും അകറ്റി നിറുത്തുകയും ചെയ്യുന്ന പ്രവണത.

വിവാഹം കഴിക്കുന്നതിലല്ല, ജീവിതത്തിലേക്കു കടന്നുവരുന്ന പങ്കാളിയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാനിക്കുകയും വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുക എന്നത് മലയാളി മനസുകള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഇത്തരത്തില്‍, സങ്കുചിത മനസുകളുടെ ഇടയിലേക്കാണ് ഒരു കുഞ്ഞുജീവന്‍ പിറന്നുവീഴുന്നത്.

ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനെയും സ്‌നേഹിച്ച്, സംരക്ഷിച്ച്, പോറ്റി വളര്‍ത്തുക എന്നത് ഓരോ മാതാപിതാക്കളുടെയും കടമയും ഉത്തരവാദിത്വവുമാണ്. വിട്ടുവീഴ്ചയില്ലാതെ ആ കടമ നിര്‍വ്വഹിക്കാന്‍ പ്രാപ്തിയുള്ള ആണും പെണ്ണും മാത്രമേ കുഞ്ഞുങ്ങളെ ജനിപ്പിക്കാവൂ. അല്ലാതെ, ഗര്‍ഭപാത്രവും അണ്ഡവും ബീജവുമെല്ലാം പ്രവര്‍ത്തനനിരതമാണ് എന്നതാവരുത് കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള യോഗ്യത. വട്ടമിട്ടു പറക്കുന്ന കഴുകന്മാരില്‍ നിന്നും പരുന്തില്‍ നിന്നും പ്രാപ്പിടിയന്മാരില്‍ നിന്നുമെല്ലാം കുഞ്ഞുങ്ങളെ സംരക്ഷിച്ചു പോറ്റി വളര്‍ത്താന്‍ കഴിയാത്തവര്‍ക്ക് നല്‍കേണ്ടത് കടുത്ത ശിക്ഷയാണ്. അതുകൊണ്ടുതന്നെ, ഒന്നരവയസുകാരി നോറ മരിയയെ കൊന്നത് ജോണ്‍ ബിനോയ് ഡിക്രൂസ് ആണെങ്കിലും ആ കുഞ്ഞുജീവനെ ഇല്ലാതാക്കിയതിനുള്ള കടുത്ത ശിക്ഷ നല്‍കേണ്ടത് കുഞ്ഞിന്റെ അച്ഛന്‍ സജീവിനും അമ്മ ഡിക്‌സിക്കുമാണ്.

ഭര്‍ത്താവ് ക്രിമിനലും കുടുംബം നോക്കാത്തവനും തന്നെ ഉപദ്രവിക്കുന്നവനുമാണെന്ന് ഡിക്‌സിക്ക് അറിയാമായിരുന്നു. ഭര്‍ത്താവിന്റെ അമ്മയും മോശപ്പെട്ട സ്വഭാവത്തിന്റെ ഉടമയായിരുന്നുവെന്ന് അറിവുള്ളവള്‍ തന്നെയായിരുന്നു ഡിക്‌സി. അവര്‍ അത്തരത്തിലുള്ള സംഭാഷണമാണ് മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും, കുഞ്ഞുങ്ങളെ നോക്കുന്നതിനുള്ള ശമ്പളം ഭര്‍ത്താവിനും ഭര്‍തൃമാതാവിനും നല്‍കാമെന്ന കരാറില്‍ ആ സ്ത്രീ വിദേശത്തു ജോലിക്കു പോകുന്നു. പറഞ്ഞ പ്രകാരം കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നില്ലെന്നു കണ്ടതോടെ പണമയക്കുന്നത് നിറുത്തുകയും ചെയ്തു.

ഉത്തരവാദിത്വപ്പെട്ട ഒരമ്മ ചെയ്യേണ്ട പ്രവൃത്തിയല്ല ഡിക്‌സിയില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഭര്‍തൃവീട്ടില്‍, സ്വന്തം പിതാവിനോടൊപ്പമുള്ള കുഞ്ഞുങ്ങളുടെ ജീവിതം സുരക്ഷിതമല്ലെന്നു പൂര്‍ണ്ണബോധ്യമുണ്ടായിരുന്ന ഒരു സ്ത്രീ ചെയ്യേണ്ടിയിരുന്നത്, ആ കുഞ്ഞുങ്ങള്‍ക്ക് ഭീതിയില്ലാതെ ജീവിക്കാനുള്ള ഒരന്തരീക്ഷം ഒരുക്കിക്കൊടുക്കുക എന്നതായിരുന്നു. മുലകുടി പോലും മാറാത്തൊരു പിഞ്ചുകുഞ്ഞിനെ കുറെ ക്രിമിനലുകളുടെ കൈകളിലേല്‍പ്പിച്ച് എന്താശ്വാസത്തിലാണ് ആ സ്ത്രീ ജോലി തേടി വിദേശത്തേക്കു പോയത്…?? എന്തു ന്യായീകരണമാണ് അതിനുള്ളത്…??

അച്ഛന്റെയും അമ്മയുടെയും അവകാശം കഴിഞ്ഞു മാത്രമേ കുഞ്ഞുങ്ങളില്‍ മറ്റാര്‍ക്കും അവകാശമുള്ളു. കുഞ്ഞുങ്ങളുടെ അച്ഛന്റെ പെരുമാറ്റം ശരിയല്ലെന്നു ബോധ്യമുണ്ടായിരുന്നവള്‍ക്കു മുന്നില്‍ നിയമത്തിന്റെതായ അനേക വഴികളുണ്ടായിരുന്നു. ആ കുഞ്ഞുങ്ങളുടെ സംരക്ഷണ ചുമതല നിയമപരമായി ആരെയെങ്കിലും ഏല്‍പ്പിക്കുന്നതിനു മുന്‍പ് ജോലി തേടി അവള്‍ പോകാന്‍ പാടില്ലായിരുന്നു. സ്വന്തം ഉത്തരവാദിത്വവും കടമയും മറന്നവള്‍ കുഞ്ഞിനാപത്തു വന്നപ്പോള്‍ മെക്കിട്ടു കയറുന്നതിവിടുത്തെ ഭരണസംവിധാനത്തിന്റെ നെഞ്ചത്തേക്കാണ്. ശിശുക്ഷേമ സമിതി തിരിഞ്ഞുനോക്കിയില്ലത്രെ…! പോലീസ് തിരിഞ്ഞുനോക്കിയില്ലത്രെ…!! ആരും സഹായിച്ചില്ലത്രെ…! കുഞ്ഞുങ്ങളുടെ സംരക്ഷണം തര്‍ക്കവിഷയമാകുമ്പോള്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവര്‍ ആരോ അവര്‍ക്കു കുട്ടികളെ വിട്ടുനല്‍കുക എന്നതു മാത്രമാണ് നിയമസംവിധാനം ചെയ്യുന്നത്. അല്ലാതെ കരഞ്ഞുപറയുന്നവര്‍ക്കെല്ലാം കുട്ടികളെ പിടിച്ചു നല്‍കില്ല.

മയക്കുമരുന്നു കച്ചവടത്തിനു മറയായി സ്വന്തം കുഞ്ഞുങ്ങളെ ഭര്‍തൃമാതാവും അവരുടെ ഭര്‍ത്താവും ഉപയോഗിക്കുകയാണെന്നു വ്യക്തമായി മനസിലാക്കിയ ഡിക്‌സി ഭര്‍ത്താവിനോടു പിണങ്ങി കുഞ്ഞുങ്ങളെയും കൂട്ടി സ്വന്തം വീട്ടില്‍ പോയി താമസിച്ചിരുന്നു. ഭാര്യാവീട്ടില്‍ കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്ന വാദമുന്നയിച്ചാണ് ഭര്‍ത്താവ് സജീവ് കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവന്നത്. കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞിട്ടും അവരെ നരകയാതനകളിലേക്കു തള്ളിവിട്ടിട്ട് നിസ്സഹായതയുടെ കുപ്പായമണിയുകയാണ് ഡിക്‌സിയിപ്പോള്‍ ചെയ്യുന്നത്. തന്റെ ദേഹത്തു കൈവച്ചവരെ കൈകാര്യം ചെയ്യാന്‍ കാണിക്കുന്ന ചങ്കുറപ്പിന്റെ നൂറില്‍ ഒരംശം മതിയായിരുന്നു വഴിപിഴച്ച സ്വന്തം അമ്മയില്‍ നിന്നും അവരുടെ പങ്കാളിയില്‍ നിന്നും സ്വന്തം കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍. അതു ചെയ്യാത്തവനിവിടെ ചാരിത്ര്യപ്രസംഗം നടത്താന്‍ എന്താണവകാശം….?? എങ്കിലും തമസോമയ്ക്കുറപ്പുണ്ട്, കുറ്റം ചെയ്തവനുമേല്‍ കൈവയ്ക്കാന്‍ അധികാരമുള്ളവനേ അവകാശമുള്ളു, വഴിയേപോകുന്നവരു ചെയ്യുന്നത് ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യമാണ്.

ഇനിയുമിവിടെ കുഞ്ഞുകരച്ചിലുകളുയരും. തങ്ങള്‍ക്ക് ഒന്നും ചെയ്യാനുള്ള കഴിവില്ലായിരുന്നുവെന്നും ഭരണസംവിധാനങ്ങള്‍ തുണച്ചില്ല എന്നുമുള്ള പരാതികള്‍ ഇനിയുമിനിയുമിവിടെ ഉയര്‍ന്നു കേള്‍ക്കും. അമ്മ കടന്നുപോയ സഹനവഴികളെക്കുറിച്ചുള്ള വാഴ്ത്തലുകളുണ്ടാവും ഇവിടെ. അച്ഛന്റെ കൊടുംക്രൂരതകള്‍ക്കു നേരെയുള്ള ആത്മരോക്ഷങ്ങളും. വാഴ്ത്തിപ്പാടലുകളും ആത്മരോക്ഷങ്ങളുമവസാനിച്ചുവെങ്കില്‍, സ്വസ്ഥമനസോടെ ഒരു കാര്യം ചിന്തിക്കുക…. ഒരു കുഞ്ഞു ജീവന്‍ ഈ ഭൂമിയിലേക്കു വരാന്‍ കാരണക്കാരായ മാതാവും പിതാവുമാണ് ഓരോ കുഞ്ഞിന്റെയും സഹനത്തിനും കൊടിയ യാതനകള്‍ക്കും ഉത്തരവാദികള്‍. ആരു കൊന്നു എന്നതല്ല, മാതാപിതാക്കള്‍ എന്തു സംരക്ഷണമാണ് ആ കുഞ്ഞിനു നല്‍കിയത് എന്നാണ് ചിന്തിക്കേണ്ടത്. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത ഒരാളും ജനിപ്പിക്കാതിരിക്കുകയാണ് വേണ്ടത്. സംരക്ഷിച്ചു പോറ്റുക എന്നത് ജനിപ്പിച്ചവരുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ, നിയമം നല്‍കുന്ന ഏറ്റവും വലിയ ശിക്ഷ നല്‍കേണ്ടത് കൊന്നവനോ കൊല്ലിച്ചവനോ അല്ല, മറിച്ച്, കടമ മറന്ന മാതാപിതാക്കള്‍ക്കു തന്നെ. അതിനാല്‍, കുഞ്ഞുനോറയെ കൊന്നുതള്ളിയതില്‍ കടുത്ത ശിക്ഷ നല്‍കേണ്ടത് അച്ഛനായ സജീവിനും അമ്മയായ ഡിക്‌സിക്കും തന്നെ.

………………………………………………………………….
ജെസ് വര്‍ക്കി
jessvarkey@gmail.com

Tags: Child killed in Kerala by grandma’s lover, Child death in a hotel in Kerala, cruelty to children in Kerala, endless cruelty to kids

Leave a Reply

Your email address will not be published. Required fields are marked *