ജെസ് വര്‍ക്കി തുരുത്തേല്‍
ഇന്ന് പെസഹാ വ്യാഴം. ഒറ്റിക്കൊടുത്തവനും തള്ളിപ്പറഞ്ഞവനും തള്ളിക്കളഞ്ഞവര്‍ക്കുമൊപ്പം ഭക്ഷണം കഴിച്ച യേശുക്രിസ്തുവിന്റെ ത്യാഗത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനം. പക്ഷേ, അതിന്റെ മറുപുറമെന്തേ ആരും കാണാതെ പോകുന്നു?
ബൈബിള്‍ മാത്രമല്ല, ഏതു മതഗ്രന്ഥമെടുത്താലും വളരെ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നൊരു കാര്യമുണ്ട്. തെറ്റുചെയ്തവരുടെ വളര്‍ച്ചയും ഉയര്‍ച്ചയുമാണത്. സത്യസന്ധനായി ജീവിക്കുന്ന, മനസില്‍ കരുണയും സ്‌നേഹവും കാരുണ്യവുമുള്ള ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ ഉടനീളം അനുഭവിക്കേണ്ടി വരുന്നത് കഠിന വേദനകളും കഷ്ടതകളും കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും മാത്രമായിരിക്കും. അവരുടെ സത്യസന്ധതയ്ക്കും ദയയ്ക്കും കാരുണ്യത്തിനും കല്‍പിച്ചു നല്‍കുന്ന പ്രതിഫലം ദു:ഖങ്ങളുടെ മാറാപ്പായിരിക്കുമെന്നു സാരം.
നിങ്ങളുടെ പാപങ്ങള്‍ കടും ചുവപ്പായാലും അവയെല്ലാം കഴുകി വെണ്മയുള്ളതാക്കി മാറ്റാമെന്നു പറയുമ്പോള്‍, ആ വ്യക്തി ചെയ്തു പോയ ദ്രോഹങ്ങളുടെ ഫലം അനുഭവിക്കേണ്ടി വന്ന നിസ്സഹായ മനുഷ്യരോടു ചെയ്യുന്ന കടുത്ത അനീതിയാണതെന്ന് ദൈവത്തിനു പോലും മനസിലാകാതെ പോകുന്നതെന്ത്? തെറ്റുകള്‍ എത്ര വലുതായാലും മാനസാന്തരപ്പെട്ടാല്‍, കുമ്പസാരിച്ചാല്‍ അവയില്‍ നിന്നെല്ലാം മോചനം ലഭിക്കുമെന്നു പറയുമ്പോള്‍, ദുഷ്ടതയുടെ ഫലം അനുഭവിക്കേണ്ടി വന്നവര്‍ അവഗണിക്കപ്പെടുന്നതെന്ത്??
എന്തുകൊണ്ടാണ് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത്? ചെയ്ത കുറ്റത്തിന് തക്കതായ ശിക്ഷ കിട്ടാത്തിടത്തോളം കുറ്റകൃത്യങ്ങള്‍ പെരുകിക്കൊണ്ടേയിരിക്കും. പാപം ചെയ്താല്‍ നരകമെന്നും പുണ്യം ചെയ്താല്‍ സ്വര്‍ഗ്ഗമെന്നും പറഞ്ഞ് തടയിടാന്‍ കഴിയുന്നതല്ല ദുഷ്ടമനസുകളുടെ പൈശാചികത. തെറ്റു ചെയ്യുമ്പോള്‍ ഉടനടി ലഭിക്കുന്ന സാമ്പത്തിക ലാഭവും സുഖസൗകര്യങ്ങളും മനസുഖവും വിട്ടെറിഞ്ഞ് കനല്‍വിരിച്ച നന്മയുടെ പാതയിലൂടെ ആരു സഞ്ചരിക്കാനാണ്? അപ്പോള്‍, തെറ്റുചെയ്തവര്‍ക്ക് ശിക്ഷ കൂടി ഇല്ലാതായാലോ? അവരുടെ മാനസിക നില മനസിലാക്കി ചേര്‍ത്തു പിടിക്കുകയാണ് വേണ്ടതെന്ന സിദ്ധാന്തം പിന്തുടര്‍ന്നാലോ??
ഓരോ മതങ്ങളുടെയും മതദൈവങ്ങളുടെയും നിലനില്‍പ്പു തന്നെ മനുഷ്യരുടെ കണ്ണീരിലും കഷ്ടതയിലും ദുരിത ജീവിതത്തിലുമാണ് എന്നതിന് ഇതിലും വലിയൊരു ദൃഷ്ടാന്തമില്ല. തെറ്റുചെയ്തവര്‍ക്ക് തക്ക ശിക്ഷ നല്‍കിയാല്‍, അവര്‍ക്കു മാപ്പു നല്‍കാതിരുന്നാല്‍, അപ്പപ്പോള്‍ അതിനുള്ള തിരിച്ചടികള്‍ ലഭിച്ചാല്‍ കുറ്റകൃത്യങ്ങള്‍ കുറയും. നീതി ചെയ്യുന്നവര്‍ക്ക് വിലയുണ്ടാവും. അവര്‍ ആദരിക്കപ്പെടുകയും ചെയ്യും. എന്നാല്‍, ദുഷ്ടനെ പനപോലെ വളര്‍ത്തുമ്പോള്‍, അക്കാലമത്രയും അവന്റെ ദുഷ്ടത്തരം സഹിക്കേണ്ടി വന്ന നിസ്സഹായ മനുഷ്യര്‍ക്ക് എവിടെ നിന്നാണ് ആശ്വാസവും സമാധാനവും ലഭിക്കുക? ആരാണ് അവരുടെ നിലവിളി കേള്‍ക്കുക? എന്നെങ്കിലും നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന മനുഷ്യര്‍. വിളിച്ചപേക്ഷിക്കുന്ന ദൈവമാകട്ടെ, ഒരു ദുഷ്ടന്റെ മാനസാന്തരത്തിനു വേണ്ടി കാത്തിരിക്കുന്നു!
പതിനെട്ടു വയസായാല്‍ ഒരു മനുഷ്യനു പ്രായപൂര്‍ത്തിയായി. ആപത്തില്‍ കൂടെയുണ്ടായിരുന്നവരോട് അപമര്യാദയായി പെരുമാറരുതെന്നു തിരിച്ചറിയാന്‍ ബുദ്ധിയുറച്ച ഏതൊരു മനുഷ്യനും കഴിയും. എന്നിട്ടും, തങ്ങളോടു നന്മ ചെയ്തവരോട് അനീതികാട്ടുന്നവരോട് ദൈവത്തിനു പോലും പറയാനുള്ളത് ഇതാണ്. ‘അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ക്കറിയില്ല, അവരോടു ക്ഷമിക്കേണമേ’ എന്ന്. എന്തേ നീതിമാന്റെ സഹനങ്ങള്‍ക്കും കണ്ണുനീരിനും യാതൊരു വിലയുമില്ലാതെ പോകുന്നത്? അവരുടെ ആത്മാഭിമാനം ഇവ്വിധം ചവിട്ടിമെതിക്കപ്പെടുന്നതെന്ത്?? ദുരിത ജീവിതത്തിലും കൂടെ നില്‍ക്കാന്‍ മനസുള്ളവര്‍ക്ക് യാതൊരു പരിഗണനയും ചേര്‍ത്തണയ്ക്കലും ആവശ്യമില്ലെന്ന് ദൈവവും തീരുമാനിച്ചുവോ?
ദൈവമായിരുന്നു, പക്ഷേ, സ്‌നേഹവും നീതിയും നന്മയുമുള്ള മനുഷ്യരെ കണ്ടെത്തി കൂടെ നിറുത്താനോ ചേര്‍ത്തണയ്ക്കാനോ കഴിഞ്ഞില്ല. പകരം കാത്തിരുന്നത് ഒറ്റിക്കൊടുത്തവരുടെ, തള്ളിപ്പറഞ്ഞവരുടെ, തള്ളിക്കളഞ്ഞവരുടെ മാനസാന്തരത്തിനു വേണ്ടി. അവിടെ ബലികഴിക്കപ്പെട്ടത് നീതിമാന്റെ രക്തമായിരുന്നു! ദൈവത്തിനു മുന്നില്‍പ്പോലും വിലയില്ലാതെ പോയ നീതിമാന്റെ രക്തം!!