ഒരമ്മയുടെ സ്‌നേഹം അവനു വീട്ടില്‍ നിന്നും ലഭിച്ചിരുന്നോ?

Jess Varkey Thuruthel

പഠനയാത്രയ്ക്കിടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയോടൊത്തു ഫോട്ടോ ഷൂട്ട് നടത്തിയ പ്രഥമാധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തിരിക്കുന്നു. ബാംഗ്ലൂരിലെ ചിക്കബല്ലാംപുര ജില്ലയിലെ ചിന്താമണി താലൂക്കിലെ ഒരു ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപികയായ പുഷ്പലതയെ(42)യാണ് സസ്‌പെന്റ് ചെയ്തത്. പരാതിക്കാരാകട്ടെ, വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളും. വിദ്യാര്‍ത്ഥിയെ ചുംബിക്കുന്നതുള്‍പ്പടെയുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്.

മാതാപിതാക്കള്‍ സ്‌നേഹത്തോടെ ഒന്നു ചേര്‍ത്തു പിടിച്ചെങ്കില്‍, കെട്ടിപ്പിടിച്ചൊന്ന് ഉമ്മ വച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു ജീവിക്കുന്ന എത്രയോ കുട്ടികളുണ്ടിവിടെ. എല്ലാ ബന്ധങ്ങളെയും ലൈംഗികതയുടെ കണ്ണിലൂടെ കാണുന്ന സമൂഹത്തിന് അതു മനസിലായിക്കൊള്ളണമെന്നില്ല. കാരണം, ആരും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതു കാണാന്‍ പലരും ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെ.

ആ ഫോട്ടോയില്‍ നിന്നുതന്നെ ആ അധ്യാപികയുടെ പ്രായം വ്യക്തമാണ്. പത്താംക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയോട് മാതൃവാത്സല്യം കാണിക്കാന്‍ പാടില്ലെന്നുണ്ടോ? മറിച്ചായിരുന്നെങ്കില്‍ എന്തായിരുന്നു അവസ്ഥ എന്നു ചോദിക്കുന്നവരുമുണ്ട്. അധ്യാപികയ്ക്കു പകരം അധ്യാപകനും വിദ്യാര്‍ത്ഥിനിയുമായിരുന്നുവെങ്കില്‍ പോക്‌സോ കേസില്‍ അകത്താകുമായിരുന്നു എന്നും വാദിക്കുന്നുണ്ട്.

ആ അധ്യാപിക വിശദീകരിച്ചതു പോലെ അവര്‍ തമ്മിലുള്ളത് മാതൃ-പുത്ര ബന്ധമാണെങ്കില്‍, അവര്‍ക്കെതിരെ പരാതി നല്‍കിയവര്‍ അവരോടു ചെയ്തത് ഏറ്റവും വലിയ ദ്രോഹമാണ്. ആ കുട്ടിയുടെ മാതാപിതാക്കള്‍ അവനോടു പെരുമാറുന്നതു പോലും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. വീട്ടില്‍ നിന്നും ലഭിക്കാത്ത മാതൃ സ്‌നേഹം അവനു നല്‍കിയത് ഈ അധ്യാപികയാണെങ്കിലോ?

ഈ കേസില്‍ നല്ല രീതിയില്‍ അന്വേഷണം നടത്തി ബന്ധം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നു കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. സ്വന്തം മക്കളെ മാത്രമേ സ്‌നേഹിക്കാന്‍ പാടുള്ളോ? നമുക്കു വാത്സല്യവും അടുപ്പവും തോന്നുന്ന എത്രയോ കുട്ടികളുണ്ട്. അവരോടൊന്നും സ്‌നേഹവും അടുപ്പവും പാടില്ലെന്ന തെറ്റായ ചിന്താഗതിയല്ലേ ആ അധ്യാപികയെ ശിക്ഷിക്കുന്നതിലൂടെ സമൂഹ മനസാക്ഷിയില്‍ സന്നിവേശിപ്പിക്കുന്നത്. അങ്ങനെവരുമ്പോള്‍ അധ്യാപനം വെറും ജോലി മാത്രമായി തരംതാണുപോകും.

ഫോട്ടോഷൂട്ടും മറ്റും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ അധ്യാപകരില്‍ നിന്നും സ്‌നേഹവാത്സല്യങ്ങള്‍ അറിഞ്ഞു വളര്‍ന്ന നിരവധി കുട്ടികളുണ്ട്. എത്രയോ കുട്ടികളെ അധ്യാപകര്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നു. കെട്ടിപ്പിടിച്ചിരിക്കുന്നു. ചുംബിച്ചിരിക്കുന്നു. സ്‌നേഹത്തിന് ലൈംഗികതയെന്നു മാത്രമല്ല അര്‍ത്ഥം. വാത്സല്യവും കരുണയും സ്‌നേഹവുമെല്ലാമുണ്ട്.

ഇവിടെ പരാതി നല്‍കിയിരിക്കുന്നത് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളാണ്. അതിനാല്‍, ആ വിദ്യാര്‍ത്ഥിയുടെ കുടുംബാന്തരീക്ഷണം അന്വേഷണ വിധേയമാക്കിയേ തീരൂ. അവനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ പറ്റുന്ന ഒരു കുടുംബാന്തരീക്ഷമാണ് ഉണ്ടായിരുന്നതെങ്കില്‍ അവന്‍ ഈ അധ്യാപികയുമായുള്ള സ്‌നേഹബന്ധത്തിന്റെ കാര്യം വീട്ടില്‍ പറയുമായിരുന്നു. കൃത്യമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വേണം തെറ്റും ശരിയും തീരുമാനിക്കപ്പെടാന്‍. ഈ വിദ്യാര്‍ത്ഥിയുടെ അഭിപ്രായം ആരും ആരാഞ്ഞതായി കണ്ടില്ല. അവന് ഈ പ്രശ്‌നത്തില്‍ എന്താണ് പറയാനുള്ളത് എന്നുകൂടി അറിയേണ്ടതാണ്. രണ്ടുപേര്‍ക്കും ഈ ബന്ധത്തില്‍ ഒരു കാര്യം മാത്രമാണ് പറയാനുള്ളതെങ്കില്‍, ഇവരെ തെറ്റുകാരാക്കുന്നത് എങ്ങനെ?


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47


Leave a Reply

Your email address will not be published. Required fields are marked *