അനന്തസാധ്യതകള്‍ മുന്നിലിരിക്കേ, സുരേഷ് ഗോപിക്ക് എന്തിനീ രണ്ടു മിനിറ്റ്

Jess Varkey Thuruthel 

അതിശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കരുത്തനായൊരു സിനിമാനടനാണ് സുരേഷ് ഗോപി. ഇപ്പോഴും അങ്ങനെ തന്നെയാണ്. രാഷ്ട്രീയത്തിലേക്കിറങ്ങിയതോടു കൂടി അദ്ദേഹത്തിന്റെ ലോകം കുറച്ചു കൂടി വ്യത്യസ്ഥ തലങ്ങളിലേക്ക് വളര്‍ന്നു. എന്നിരുന്നാലും, എത്ര വലിയവനോ ഉന്നതനോ ആയിരുന്നാലും അദ്ദേഹം ചെയ്തത് മഹാപാതകമായിരുന്നുവെങ്കില്‍, ശിക്ഷിക്കപ്പെടുക തന്നെ വേണമായിരുന്നു. ഇതുപക്ഷേ അങ്ങനെയല്ല.

ഓരോ പെണ്ണിനും തന്റെ ശരീരത്തിലേല്‍ക്കുന്ന സ്പര്‍ശനങ്ങളെ വേര്‍തിരിച്ചറിയാന്‍ സാധിക്കും. അത് അവള്‍ക്കു മാത്രം സാധ്യമാകുന്നൊരു കാര്യവുമാണ്. ആ നിലയ്ക്ക്, തന്റെ അതൃപ്തി അറിയിച്ച ആ മാധ്യമപ്രവര്‍ത്തക ബഹുമാനിക്കപ്പെടേണ്ടതുമാണ്. പക്ഷേ, ഈ വിവാദം അനാവശ്യമായിരുന്നു എന്നു പറയാതെ വയ്യ. സുരേഷ് ഗോപി ആ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈ വച്ചത് എന്തുദ്ദേശത്തിലായിരുന്നു എന്നത് അദ്ദേഹത്തിനുമാത്രം പറയാന്‍ സാധിക്കുന്ന കാര്യമാണ്.

ആദ്യതവണ കൈവച്ചു, ആ കൈയെടുത്തു മാറ്റി. ഒരുപക്ഷേ, അദ്ദേഹം ഒരിക്കലുമതു പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. രാഷ്ട്രീയമോ വിശ്വാസങ്ങളോ എന്തുതന്നെ ആയിരുന്നാലും പൊതുവേദിയില്‍ അദ്ദേഹം ബഹുമാനിക്കപ്പെടുക തന്നെ ചെയ്തിട്ടുണ്ട്. അതിനാല്‍ത്തന്നെ, ആരില്‍ നിന്നും അദ്ദേഹം ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ആ ജാള്യത മറികടക്കാനാവും അദ്ദേഹം അവരുടെ തോളില്‍ രണ്ടാമതും കൈവച്ചത്. കൈ പിടിച്ചു മാറ്റിയതോടെ അദ്ദേഹത്തിന് മനസിലായിട്ടുണ്ടാവും അവര്‍ക്കത് ഇഷ്ടപ്പെട്ടിട്ടില്ല എന്ന്. ചുറ്റും ക്യാമറക്കണ്ണുകള്‍ നോക്കി നില്‍ക്കെ, ദേശീയ തലത്തില്‍പ്പോലും അറിയപ്പെടുന്നൊരു നേതാവ് ഒരു സ്ത്രീയെ പൊതുവേദിയില്‍ അപമാനിക്കില്ല. അഥവാ അങ്ങനെ ചെയ്താല്‍, അദ്ദേഹം പതിവായി അങ്ങനെ ചെയ്യുന്നവന്‍ ആയിരിക്കണം. മോശപ്പെട്ട സ്വഭാവത്തിന്റെ ഉടമയായിരിക്കണം.

അദ്ദേഹത്തിന്റെത് ബി ജെ പി രാഷ്ട്രീയമാണെങ്കിലും, പലപ്പോഴും പറയുന്നത് കടുത്ത വര്‍ഗ്ഗീയതയാണെങ്കിലും, മനുഷ്യസഹനങ്ങളോടൊപ്പം നില്‍ക്കുന്നൊരു നേതാവാണ് അദ്ദേഹം. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പ്രോഗ്രാമില്‍, മുന്നിലിരിക്കുന്ന മത്സരാര്‍ത്ഥിയെ പൂര്‍ണ്ണമായും മനസിലാക്കി, അവരെ സഹായിക്കണം എന്ന വ്യക്തമായ ഉദ്യേശത്തോടെയാണ് അദ്ദേഹം ആ പരിപാടി അവതരിപ്പിച്ചത്. വേറെ ഏതൊരു അവതാരകനായിരുന്നുവെങ്കിലും ആ പ്രോഗ്രാം അത്രത്തോളം വിജയിക്കില്ലായിരുന്നു. കാരണം, അത്രമാത്രം ഉയരെയായിരുന്നു ദുരിത ജീവിതങ്ങളോടുള്ള അദ്ദേഹത്തിന്റെ കാരുണ്യവും സ്‌നേഹവും. എത്രയോ മത്സരാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ കാരുണ്യം അനുഭവിച്ചിട്ടുണ്ട്!

ആ മനുഷ്യനെ ഒരു ആഭാസനാക്കി മാറ്റിയവര്‍ അറിഞ്ഞുകൊണ്ടു വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. ആഗ്രഹിച്ചാല്‍ തന്റെ ലൈംഗിക ദാഹം ശമിക്കാന്‍ കടലോളം അവസരങ്ങള്‍ മുന്നിലുണ്ടായിരിക്കേ, ക്യാമറക്കണ്ണുകള്‍ നോക്കി നില്‍ക്കെ ആ രണ്ടുമിനിറ്റില്‍ സ്വന്തം ലൈംഗികതയെ തൃപ്തിപ്പെടുത്തുന്നത് എന്തിന്? ആരുമില്ലാത്ത ഏതെങ്കിലും സ്ഥലത്തു വച്ച് ലൈംഗികമായി ചൂഷണം ചെയ്തു എന്നുപറഞ്ഞാലും വിശ്വസിക്കാമായിരുന്നു. ഇത് അങ്ങനെയുമല്ല. എന്നിട്ടും ആ മനുഷ്യന്‍ ആഭാസനും വഷളനും പെണ്ണുപിടിയനുമായി ചിത്രീകരിക്കപ്പെട്ടു.

ഇപ്പോഴും ആവര്‍ത്തിക്കുന്നു, ആ യുവതിക്ക് അതു നല്ലതാണെന്നു തോന്നിയില്ലെങ്കില്‍ ധാര്‍മ്മികമായും നിയമപരമായും അതു തെറ്റാണ്. പക്ഷേ, തന്നെ സ്പര്‍ശിച്ച വ്യക്തിക്ക് അശ്ലീല ഉദ്ദേശങ്ങള്‍ ഇല്ലെങ്കില്‍, ഇല്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്, അദ്ദേഹത്തെ ഇത്തരത്തില്‍ വിചാരണ ചെയ്യുന്നത് മോശമാണ്. ഇതിനു മുന്‍പ് അദ്ദേഹത്തിന്റെ പേരില്‍ ഇത്തരം കേസുകളോ പരാമര്‍ശങ്ങളോ അനുചിതമായ പെരുമാറ്റങ്ങളോ ആരോപണങ്ങളോ ഉണ്ടായിട്ടില്ല.

ഇതൊരു അനാവശ്യ വിവാദമാണ്. ഇതുകൊണ്ട് കേരള സമൂഹത്തിനോ സ്ത്രീസമൂഹത്തിനു പ്രത്യേകിച്ചോ എന്തു നേട്ടമാണ് ഉള്ളത്? പരസ്യമായി മാപ്പുപറഞ്ഞ ആ മനുഷ്യന്റെ മനസില്‍ സ്ത്രീ വിരുദ്ധത ലവലേശമില്ലെന്നു തന്നെയാണ് അര്‍ത്ഥം. അല്ലായിരുന്നുവെങ്കില്‍, ആ മാപ്പുപോലും ഉണ്ടാകുമായിരുന്നില്ല. അങ്ങനെയെങ്കില്‍, നിയമനടപടികളുമായി മുന്നോട്ടു പോകുന്നതില്‍ കാര്യമുണ്ടായിരുന്നു. പറഞ്ഞ മാപ്പ് പോരെന്നും തെറ്റ് സുരേഷ് ഗോപിക്കു കൂടി ബോധ്യമാകണമെന്നും അതിനാല്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ചിന്തിക്കുന്നതില്‍ രാഷ്ട്രീയ വൈരമല്ലാതെ മറ്റൊന്നുമില്ല.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47


Tags: #SureshGopi #sexualHarassment

Leave a Reply

Your email address will not be published. Required fields are marked *