ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ
നൊന്തു പ്രസവിച്ചാലേ അമ്മ അമ്മയാകൂ എന്ന് അടിയുറച്ചു വിശ്വസിക്കുന്ന വലിയൊരു വിഭാഗം സ്ത്രീ പുരുഷന്മാരുണ്ട് ഈ സമൂഹത്തില്‍. അവരുടെ തലയ്ക്കു മുകളിലെ ആകാശമാണിപ്പോള്‍ ഇടിഞ്ഞു വീണിരിക്കുന്നത്. നയന്‍താര-വിഘ്നേഷ് ദമ്പതികള്‍ക്ക് കുഞ്ഞു ജനിച്ചതാണ് അവരെ ഇപ്പോള്‍ അസ്വസ്ഥരാക്കിയിരിക്കുന്നത്.
2022 ജൂണ്‍ മാസത്തില്‍ വിവാഹം കഴിച്ച നയന്‍താരയ്ക്ക് ഇത്ര പെട്ടെന്ന് ഇരട്ടകള്‍ ജനിച്ചതിന്റെ ആശങ്കയിലിരിക്കുന്ന അവര്‍ക്കു മുന്നിലേക്കാണ് സറോഗസിയിലൂടെയാണ് ആ കുഞ്ഞുങ്ങള്‍ പിറന്നതെന്ന വാര്‍ത്ത എത്തുന്നത്.
മറ്റുള്ളവരുടെ ജീവിതത്തിലേക്കു ചുഴിഞ്ഞുനോക്കി കുറ്റവും കുറവും കണ്ടുപിടിച്ചു സായൂജ്യമടയുക എന്നതാണ് ചില മനുഷ്യരുടെ ഏറ്റവും വലിയ വിനോദം. അവരെ സംബന്ധിച്ചിടത്തോളം കാല്‍ക്കാശിന്റെ ചിലവില്ലാതെ കിട്ടുന്ന ആനന്ദമാണത്.
പെറ്റുപോറ്റാനുള്ള ഒരു യന്ത്രമായി മാത്രം സ്ത്രീകളെ കാണുന്ന സമൂഹത്തിന് നയന്‍താരയുടെ സറോഗസി മാതൃത്വം അത്രയ്ക്കു ദഹിച്ചിട്ടില്ല.
വിവാഹം കഴിഞ്ഞാല്‍ മാത്രമേ കുട്ടിയുണ്ടാവാന്‍ പാടുള്ളുവെന്നും അല്ലാത്തവരെല്ലാം വഴിപിഴച്ചവരാണെന്നുമുള്ള ആക്രോശങ്ങള്‍ കേരളസമൂഹത്തില്‍ നിന്നും ഉയര്‍ന്നുകേട്ടത് അനുപമയുടെയും അജിത്തിന്റെയും കാര്യത്തിലായിരുന്നു. വിവാഹത്തിനു മുന്‍പു ജനിച്ച അനുപമയുടെ കുഞ്ഞിനെ അവരുടെ അനുവാദമോ സമ്മതമോ ഇല്ലാതെ ദത്തു കൊടുത്തത് അനുപമയുടെ സ്വന്തം അച്ഛന്‍ തന്നെയായിരുന്നു. ആ പിതാവിനു പൂര്‍ണ്ണ പിന്തുണയും നല്‍കി അനുപമയെ കരിവാരിത്തേക്കുകയായിരുന്നു കേരളത്തിലെ സദാചാര വാദികള്‍.
ഇപ്പോഴിതാ നയന്‍താരയുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ഒരുമിച്ചു താമസിക്കാനും പെണ്ണാണെങ്കില്‍ ഒറ്റയ്‌ക്കൊരു കുഞ്ഞിനെ പെറ്റുപോറ്റാനും നിയമം അനുവദിക്കുന്നൊരു നാടാണിത്. പക്ഷേ, ഒരു സ്ത്രീ തനിച്ചു ജീവിക്കാന്‍ തീരുമാനിച്ചാല്‍ വെറുതെ വിടാതെ അപവാദ പ്രചാരണങ്ങളുമായി അവളുടെ ജീവിതം നരകമാക്കുന്നതിനു മത്സരിക്കുന്നവരുടെ പേരത്രെ സദാചാര വാദികള്‍ എന്ന്.
സ്ത്രീകള്‍ തങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശം വിനിയോഗിക്കാന്‍ തീരുമാനിച്ചാല്‍ പലര്‍ക്കുമിവിടെ റോളില്ലാതെ വരും. അടക്കിഭരിക്കുന്നവര്‍ പടിക്കു പുറത്താകും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ അവള്‍ തങ്ങളുടെ കാല്‍ക്കീഴിലാവണം, അവള്‍ കരയണം, വിലപിക്കണം, നരകിക്കണം, ഭൂമിയോളം ക്ഷമിക്കുകയും വേണം.
അവള്‍ ജീവിതത്തിലെ സന്തോഷങ്ങള്‍ ആസ്വദിക്കാന്‍ പാടില്ല, സ്വാതന്ത്ര്യങ്ങള്‍ അനുഭവിക്കാന്‍ പാടില്ല, മറ്റുള്ളവരുടെ പീഡനങ്ങളില്‍ നിന്നും മോചനം നേടാനും പാടില്ല. വിവാഹ ജീവിതം ദുരിതമായാല്‍ അതിനു പുറത്തു കടക്കുന്നവരെ വെറുതെ വിടില്ല. ഇനി ഇതൊന്നും നേരിടാനുള്ള ശേഷിയില്ലാതെ ആത്മഹത്യ ചെയ്താലും രക്ഷയില്ല….
മനുഷ്യമനസുകളിലേക്ക് ഇത്തരം വൃത്തികെട്ട ചിന്തകള്‍ അരക്കിട്ടുറപ്പിക്കുന്നതില്‍ പ്രധാന പങ്ക് ഇവിടെയുള്ള മതങ്ങള്‍ക്കാണ്. സിനിമയിലൂടെ, സീരിയലുകളിലൂടെ, മറ്റു വിനോദ പരിപാടികളിലൂടെ ഇത്തരം ചിന്തകള്‍ക്ക് ദിവ്യത്വവും കൊടുക്കുന്നു…..
എപ്പോള്‍ പ്രസവിക്കണമെന്നോ എത്ര തവണ പ്രസവിക്കണമെന്നോ തീരുമാനിക്കാന്‍ അവളെ അനുവദിക്കാത്തവരുടെ നാട്ടില്‍, തന്റെ തൊഴില്‍ സിനിമയാണെന്നും അതിനു തന്റെ ശരീരം വളരെ പ്രധാനപ്പെട്ടതാണെന്നും പ്രസവവും മുലയൂട്ടലുമെല്ലാം തന്നെ ഇന്‍ഡസ്ട്രിയില്‍ നിന്നും പിന്തള്ളിയേക്കാമെന്നും നയന്‍താര ചിന്തിച്ചിരിക്കാം. ഇനി അതുമല്ലെങ്കില്‍, തനിക്കൊരമ്മയാവാന്‍ താന്‍ തന്നെ കഷ്ടപ്പെടാന്‍ അവര്‍ തയ്യാറാകാത്തതുമായിരിക്കാം.
കാരണം എന്തുതന്നെ ആയാലും അതവരുടെ ജീവിതമാണ്. അവരുടെ ശരീരമാണ്. നയന്‍താരയുടെ ശരീരത്തിന്റെയും മനസിന്റെയും ജീവിതത്തിന്റെയും ഉടമ അവര്‍ തന്നെയാണ്. സ്വന്തം ശരീരവും മനസും മറ്റൊരാളുടെ, ഈ സമൂഹത്തിന്റെ തന്നെ ചൊല്‍പ്പടിയില്‍ ചലിപ്പിക്കുന്നവര്‍ക്ക് അവരുടെ തീരുമാനങ്ങള്‍ ദഹിച്ചെന്നു വരില്ല.
സ്ത്രീശാക്തീകരണമെന്നാല്‍ വീട്ടുപണിയും പൈസയ്ക്കുള്ള പണിയും മക്കളെ വളര്‍ത്തലും കുടുംബം പുലര്‍ത്തലുമെല്ലാം സ്ത്രീതന്നെ ചെയ്യുന്നതാണെന്നും പിന്നെയും അവളെ കാല്‍ക്കീഴിലാക്കാമെന്നും ധരിച്ചു വച്ചിരിക്കുന്ന ഈ സമൂഹത്തിന് നയന്‍താരയുടെ സറോഗസി ക്ഷമിക്കാവുന്നതുമല്ല.
ഇത്തരം സദാചാര കണ്ടീഷനിംഗില്‍ നിന്നും രക്ഷപ്പെടാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ സ്ത്രീ തന്നെ മുന്‍കൈ എടുത്തേ തീരൂ. അവളുടെ കണ്ണുനീരിനും വേദനകള്‍ക്കും സഹനങ്ങള്‍ക്കുമായി കാത്തിരിക്കുന്നവര്‍ക്കിടയില്‍ അവളുടെ പൊട്ടിച്ചിരികള്‍ മുഴങ്ങട്ടെ….. അപ്പോള്‍ മാത്രമേ വ്യക്തികളായി അവള്‍ക്കു വളരാന്‍ സാധിക്കൂ…. പെണ്ണു പിറന്നെന്നു കേട്ടാല്‍ അഭിമാനമുണ്ടാവുന്ന ഒരു സമൂഹമിവിടെ വളര്‍ന്നു വരികയുള്ളു.
#Nayans #Nayanthara-Vignesh #twinsofNayanthara