മാഗി വിവാഹമോചനക്കേസ്: വേലക്കാരിയുടെ ജീവിതം ഭാര്യമാരുടേതിനെക്കാള്‍ മികച്ചത്

Written by Jess Varkey Thuruthel & D P Skariah

ഭാര്യയ്ക്ക് മാഗി ന്യൂഡില്‍സ് മാത്രമേ ഉണ്ടാക്കാനറിയുകയുള്ളു എന്നും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ന്യൂഡില്‍സ് മാത്രം കഴിച്ചു മടുത്തു എന്നുമുള്ള കാരണത്താല്‍ വിവാഹ മോചനം നേടിയ ദമ്പതികളെക്കുറിച്ച് കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ പ്രിന്‍സിപ്പല്‍ ജില്ല, സെഷന്‍സ് കോടതി ജഡ്ജി എം എല്‍ രഘുനാഥ് തമാശ് രൂപത്തില്‍ വെളിപ്പെടുത്തിയതിനെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിസ്സാര പ്രശ്‌നങ്ങളുടെ പേരിലാണ് ഇന്ത്യയിലിപ്പോള്‍ വിവാഹ മോചനം നടക്കുന്നതെന്നും ഇതെല്ലാം ഒഴിവാക്കപ്പെടേണ്ടതാണെന്നുമാണ് ജഡ്ജി രഘുനാഥ് അഭിപ്രായപ്പെട്ടത്. ഇതൊരു നിസ്സാര പ്രശ്‌നമാണെന്ന് അദ്ദേഹം എടുത്തു പറയുകയും വലിയൊരു തമാശ് പോലെ ചിരിക്കുകയും ചെയ്തിരുന്നു.

പക്ഷേ, ഈ മാഗി ഡിവോഴ്‌സ് കേസ് ചിരിച്ചു തള്ളേണ്ട ഒന്നാണോ…?? വീട്ടില്‍, ഭക്ഷണമുണ്ടാക്കേണ്ടവര്‍ സ്ത്രീകള്‍ തന്നെയാണെന്ന പഴയ ആചാരത്തില്‍ ഇന്നും ഈ സമൂഹം അടിയുറച്ചു നില്‍ക്കുന്നതെന്തുകൊണ്ടാണ്…?? ഭക്ഷണം കഴിക്കണമെന്നുള്ളവര്‍ക്ക് അതു പാകം ചെയ്യാനുള്ള മനസ് ഉണ്ടാകാതെ പോകുന്നതെന്തുകൊണ്ട്…??

മാഗി ഡിവോഴ്‌സ് കേസ് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നു തോന്നിയേക്കാം. എന്നാല്‍, തെലുങ്കാനയില്‍ ചേര്‍ല ഗൗരാരാം വില്ലേജിലെ നവീന്‍ എന്നയാള്‍ എമര്‍ജന്‍സി നമ്പറായ 100 ല്‍ വിളിച്ചത് ആറു തവണയാണ്. ഭാര്യ മട്ടന്‍ കറി ഉണ്ടാക്കിക്കൊടുക്കുന്നില്ലെന്നു പരാതിപറയാനാണ് മദ്യപാനിയായ ഇയാള്‍ ഇത്രയും തവണ ഈ നമ്പറില്‍ വിളിച്ചത്.

പുരുഷനും ഭക്ഷണം കഴിക്കണം, പിന്നെ എന്തുകൊണ്ട് സ്വന്തമായി പാചകം ചെയ്യുന്നില്ല…??

മാഗി കഴിക്കാന്‍ ആഗ്രഹമില്ലാത്തയാള്‍ ഭാര്യയെ നിര്‍ബന്ധിച്ച് അതു ചെയ്യിക്കുകയല്ല, മറിച്ച് ഇഷ്ടമുള്ള ആഹാരം സ്വയമുണ്ടാക്കി കഴിക്കുകയാണ് വേണ്ടത്. പാചകക്കാരിയെ കിട്ടാന്‍ വേണ്ടിയാണോ നിങ്ങള്‍ വിവാഹം കഴിച്ചത്…? അതോ ജീവിതത്തില്‍ സുദൃഡമായൊരു സ്‌നേഹബന്ധത്തിനു വേണ്ടിയോ??

അടുക്കള സ്ത്രീകളുടെ മാത്രം ഇടമാണെന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പിന്തിരിപ്പന്‍ സമീപനമാണ്. ഭര്‍ത്താവ് ഭക്ഷണമുണ്ടാക്കുകയും ഭാര്യ കഴിക്കുകയും ചെയ്യുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍പ്പോലും ആളുകള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഭക്ഷണം എല്ലാവര്‍ക്കും ആവശ്യമാണ്, അതിനാല്‍ പാചകം ചെയ്യാന്‍ എല്ലാവരും പഠിക്കുകയും ചെയ്യാന്‍ തയ്യാറാവുകയും വേണമെന്ന സത്യം ആരും മനസിലാക്കാത്തത് എന്തുകൊണ്ട്…??

പുരുഷനു വേണ്ടി ഭക്ഷണമുണ്ടാക്കാന്‍ മാത്രം ഭാര്യ അടുക്കളയില്‍ കിടന്നു നരകിക്കുന്നിടത്തോളം ദയനീയമായ മറ്റെന്താണ് ഇവിടെയുള്ളത്…??

പാചകവും വൃത്തിയാക്കലും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല

വീടു വൃത്തിയാക്കല്‍, രുചികരമായി ഭക്ഷണം പാകം ചെയ്യല്‍, പാത്രങ്ങള്‍ കഴുകല്‍, വസ്ത്രങ്ങള്‍ അലക്കല്‍, ബാത്‌റൂം കഴുകല്‍ തുടങ്ങി വീടു നടത്തിക്കൊണ്ടു പോകുന്ന സകല കാര്യങ്ങളും സ്ത്രീകളുടെ മാത്രം ചുമതലയാണെന്നു കരുതുന്നവരാണ് ഇവിടെയുള്ള ഭൂരിഭാഗം ജനങ്ങളും. ഈ ജോലികളെല്ലാം പകലന്തിയോളം ഒരു ലീവു പോലുമെടുക്കാതെ, ശമ്പളമില്ലാതെ ചെയ്തു തീര്‍ക്കാന്‍ വേണ്ടിയാണ് പലരും വിവാഹം കഴിക്കുന്നതു പോലും. ജോലിയുള്ള സ്ത്രീകള്‍ക്കു പോലും വീട്ടുജോലികളും കുട്ടികളുടെ കാര്യങ്ങളും സ്വന്തം പ്രൊഫഷനും ഒരുമിച്ചു കൊണ്ടുപോകേണ്ട അവസ്ഥയാണ്. സ്ത്രീകള്‍ ഇതെല്ലാം ചെയ്‌തേ തീരൂ എന്നാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്ന അലിഖിതമായ നിയമം.

വീട്ടുജോലിക്ക് കൂലിയില്ലാത്ത സേവനം ലഭ്യമാക്കുക എന്ന ഒറ്റ ഉദ്യേശമാണ് സ്ത്രീകളെ ജോലിക്കു പോകാന്‍ അനുവദിക്കാതെ വീട്ടകങ്ങളില്‍ തളച്ചിടുന്നതിന്റെ പ്രധാന ഉദ്യേശം. സ്വന്തമായി പണം സമ്പാദിക്കാനും തീരുമാനങ്ങളെടുക്കാനും സ്ത്രീകള്‍ പ്രാപ്തരായാല്‍ ഇത്തരത്തില്‍ വീട്ടകങ്ങളില്‍ അടിമ വേല ചെയ്യാന്‍ അവരെ കിട്ടില്ലെന്ന് ഈ പാട്രിയാര്‍ക്കി സമൂഹത്തിന് നന്നായി അറിയാം.

ഈ ആധുനിക യുഗത്തില്‍, ഉത്തമ വിവാഹമെന്നാല്‍ വീട്ടുജോലികളില്‍ തുല്യപങ്കാളിത്തമെന്നതായി മാറ്റിയെഴുതപ്പെടുക തന്നെ വേണം. ഇഷ്ടമില്ലാത്ത വിവാഹ ജീവിതം അവസാനിപ്പിച്ച് ഇറങ്ങിപ്പോരാനും കഴിയണം. സ്ത്രീകള്‍ക്കു മേല്‍ ചുമത്തപ്പെടുന്ന ആണധികാര ജോലികള്‍ ഇനിയും ചെയ്യാന്‍ മനസില്ലെന്നു തീരുമാനിക്കാനുള്ള ധൈര്യവും തന്റേടവും സ്ത്രീകള്‍ക്കുണ്ടായിരിക്കണം.

ഭക്ഷണമായി മാഗി മാത്രമുണ്ടാക്കിയ സ്ത്രീയ്ക്ക് വിവാഹ മോചനം നല്‍കി രക്ഷപ്പെടുത്തിയതു നന്നായി. അല്ലായിരുന്നെങ്കില്‍ ദുരിതപൂര്‍ണ്ണമായ ആ ജീവിതം അവള്‍ക്കു തുടരേണ്ടി വന്നേനെ.

ഉത്തമ കുടുംബജീവിതം സ്ത്രീകളുടെ അവകാശമാണ്. അതില്ലാത്ത ഇടങ്ങളില്‍ നിന്നും ഇറങ്ങിപ്പോരുക തന്നെ വേണം. അതില്‍ കഴിയാക്കി ചിരിക്കാന്‍ യാതൊന്നുമില്ല.

വീട്ടിലൊരു വേലക്കാരിയെ നിയമിക്കണമെങ്കില്‍ മാസം 10,000 രൂപയില്‍ കുറയാതെ ശമ്പളം കൊടുക്കണം. ഒരു വിവാഹം കഴിക്കുകയാണെങ്കില്‍ സ്ത്രീധനമെന്ന പേരില്‍ പണവും സമ്മാനങ്ങളും കിട്ടും, വിശ്രമമില്ലാതെ, ലീവു പോലും അനുവദിക്കാതെ വീട്ടു ജോലി മുഴുവന്‍ ചെയ്യിക്കാം. സ്വന്തം ലൈംഗികത തീര്‍ക്കുകയുമാവാം. കൂടാതെ മക്കളെയും നോക്കിക്കൊള്ളും. ശമ്പളത്തില്‍ വേലക്കാരിയെ നിയമിച്ചാല്‍ അവള്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യില്ല. എന്നാല്‍, ഭാര്യയാണെങ്കിലോ…?? അവളുടെ സഹനത്തെയും ത്യാഗത്തെയും കണ്ണീരിനെയും മാതൃത്വത്തിന്റെ നന്മയെയും കുറിച്ചു സമയാസമയം വാഴ്ത്തിക്കൊണ്ടിരുന്നാല്‍ കുപ്പിയില്‍ നിന്നും ഇറങ്ങിവന്ന ഭൂതത്താനെപ്പോലെ ഒരു സെക്കന്റു പോലും വിശ്രമിക്കാതെ പണികളത്രയും ചെയ്തു തീര്‍ത്തു കൊള്ളും. അപ്പോള്‍ ലാഭം വിവാഹം കഴിക്കുന്നതു തന്നെയല്ലേ…??



……………………………………………………………………………………………..

#MaggiDivorceCase  #sessionscourtjudge #MLRaghunath 

Leave a Reply

Your email address will not be published. Required fields are marked *