പുതുപ്പള്ളിയില്‍ നടന്നതോ രാഷ്ട്രീയ മത്സരം?

Jess Varkey Thuruthel

കണ്ണീര്‍പ്പുഴകള്‍ അനവധിയൊഴുക്കി സാഗരം തീര്‍ത്ത പുതുപ്പള്ളിയില്‍, എതിരാളി ജെയ്ക് സി തോമസിനെ പരാജയപ്പെടുത്തി, 37719 വോട്ടുകളുടെ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ ജയിച്ചിരിക്കുന്നു! കൊള്ളാം, നല്ല കാര്യം. കോണ്‍ഗ്രസ് നേതൃത്വം പറയുന്നു, പുതുപ്പള്ളിയില്‍ പറഞ്ഞത് രാഷ്ട്രീയമാണെന്ന്. അതെങ്ങനെ ശരിയാവും?

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ഫലപ്രദമായ ചികിത്സ നിഷേധിക്കപ്പെട്ടുവെന്നു സര്‍ക്കാരിനോടു പരാതിപ്പെട്ടത് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. പ്രാര്‍ത്ഥനയാണ് മരുന്ന്, മരുന്നാണ് പ്രാര്‍ത്ഥന എന്ന ചാണ്ടി ഉമ്മന്‍ തന്നെ വീഡിയോയില്‍ പറയുന്നുമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളിയിലേക്ക് ഫ്‌ളൈറ്റില്‍ എത്തിക്കാമെന്നിരിക്കെ, അതു വേണ്ടെന്നു വച്ച്, തലസ്ഥാനം മുതല്‍ ജന്മനാടു വരെയുള്ള ജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ അവസരം നല്‍കിയത് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. മൃതദേഹം ഫ്‌ളൈറ്റില്‍ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നുവെങ്കില്‍, ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഇത്രയേറെ വൈകാരികമായ ആളെക്കൂട്ടല്‍ ഉണ്ടാകുമായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ എല്ലാ അവകാശങ്ങളും നേടിയെടുത്ത ശേഷം, ചാണ്ടി ഉമ്മന്‍ പറയുന്നു, തന്റെ പിതാവിന് സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക ബഹുമതിയോടെയുള്ള യാത്രയയപ്പു വേണ്ടെന്ന്!

മുഖ്യധാരാ മാധ്യമങ്ങള്‍ കൈമെയ് മറന്ന് ചാണ്ടി ഉമ്മനു വേണ്ടി പ്രചാരണ രംഗത്തുണ്ടായിരുന്നു. ചാണ്ടി ഉമ്മന്‍ ജയിക്കുക എന്നതു മാത്രമായിരുന്നു മാധ്യമങ്ങളുടെ അജണ്ട. അതിനവര്‍ വിശ്രമമില്ലാതെ പണിയെടുത്തു. ജനവികാരങ്ങള്‍ ഇളക്കിവിട്ടു. ഉമ്മന്‍ ചാണ്ടിയെ സഭ വിശുദ്ധനാക്കിയില്ലെങ്കിലും ജനമനസുകളില്‍ വിശുദ്ധനാക്കാനുള്ള മാധ്യമങ്ങളുടെ ശ്രമം വിജയിച്ചു. ദൈവമെന്ന പേരില്‍ ആര് എന്തു തോന്ന്യാസങ്ങള്‍ കാണിച്ചാലും തൊണ്ട തൊടാതെ വിഴുങ്ങുന്ന വിശ്വാസികളുള്ള നാട്ടില്‍, ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കാന്‍ ആളുണ്ടായി. പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ലോട്ടറി അടിച്ചുവെന്നും രോഗം മാറിയെന്നും സാക്ഷ്യപ്പെടുത്താന്‍ നിരവധി ആളുകളുണ്ടായി. അതു വിശ്വാസിക്കാനും ആളുകളുണ്ടായി. അങ്ങനെ, പുണ്യാളന്റെ മകനെ വിജയിപ്പിക്കേണ്ടത് വിശ്വാസികളുടെ ചുമതലയായി. എന്നിട്ടും നേടാന്‍ കഴിഞ്ഞത് വെറും 37719 വോട്ടിന്റെ ഭൂരിപക്ഷം മാത്രം!

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നു പറയുന്ന രാഷ്ട്രീയ പാര്‍ട്ടികളോ നേതാക്കളോ തെരഞ്ഞെടുപ്പില്‍ മതത്തെ ഒഴിവാക്കാത്തത് എന്ത്? ദൈവത്തിന്റെ പേരില്‍ എന്തും വിശ്വസിക്കുന്ന വിഢികളായ വിശ്വാസികളുള്ള നാട്ടില്‍, വോട്ടു കിട്ടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം മതം തന്നെയാണെന്ന് രാഷ്ട്രീയക്കാര്‍ക്ക് നല്ല നിശ്ചയമുണ്ട്. കണ്ണീര്‍ക്കഥകള്‍ക്കും അത്ഭുത രോഗശാന്തിക്കും ആഗ്രഹ സഫലീകരണത്തിനും ദൈവങ്ങളെയും മനുഷ്യരെയും ആശ്രയിക്കുന്ന നാട്ടില്‍ ഉമ്മന്‍ ചാണ്ടി വിശുദ്ധനാക്കപ്പെടും. അദ്ദേഹത്തിന്റെ മകന്‍ വിജയിക്കുക എന്നത് തങ്ങളുടെ കടമയാണെന്നു വിശ്വസിക്കുന്ന മനുഷ്യരുമുണ്ടാകും.

പുതുപ്പള്ളിയില്‍ നടന്നത് രാഷ്ട്രീയ തെരഞ്ഞെടുപ്പല്ല. തെരഞ്ഞെടുപ്പിനു ശേഷം നടക്കുന്നത് വിജയാഹ്ലാദവുമല്ല. ജെയ്ക് എന്ന കഴിവുറ്റ നേതാവിനു മുന്നില്‍ കഴിവു കൊണ്ടു പിടിച്ചു നില്‍ക്കാന്‍ ശേഷിയില്ലാത്ത ഒരാളും അയാള്‍ക്കു വേണ്ടി അണിനിരക്കുന്ന മാധ്യമപ്പടകളും ചേര്‍ന്ന് വ്യക്തമായ ലക്ഷ്യത്തോടെ നടത്തുന്ന വളഞ്ഞാക്രമണമാണ്. മാനസികമായി പാടെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍.

ശരി ചെയ്യുന്നത് ഏതു പാര്‍ട്ടിക്കാരനായാലും അതിനെ പിന്താങ്ങുക എന്നതാണ് മാധ്യമ ധര്‍മ്മം. ആ ധര്‍മ്മം തമസോമ ഇവിടെ പാലിക്കുന്നു. വ്യക്തികളും അവരുടെ നിലപാടുകളും ജീവിതത്തില്‍ അവര്‍ പാലിക്കുന്ന നീതിയും സത്യവുമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. അത്തരത്തില്‍ ചങ്കുറപ്പുള്ള, സത്യസന്ധരായ നേതാക്കള്‍ കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ബി ജെ പിയിലും ഉണ്ട്. അവരെ പിന്തുണയ്ക്കുമ്പോള്‍ ഉയരുന്ന കൊങ്ങി, കമ്മി, സംഘി വിളികളെ ഞങ്ങള്‍ ഭയപ്പെടുന്നില്ല.

തെരഞ്ഞെടുപ്പില്‍ നിരവധി തവണ തോറ്റ നേതാക്കള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. അവര്‍ക്കൊന്നും നേരെ ഉണ്ടാകാത്ത തരം വളഞ്ഞാക്രമണമാണ് ജെയ്കിനു നേരിടേണ്ടി വരുന്നത്. അതിനര്‍ത്ഥം ജെയ്ക് കഴിവു കെട്ടവനെന്നല്ല, കഴിവുറ്റവനാണ് എന്നാണ്. അതുമാത്രവുമല്ല, ആ കഴിവിനെ എതിരാളികള്‍ ഭയപ്പെടുന്നുവെന്നും.


#ChandiUmman #UmmanChandi, #AchuUmman, #PuthuppallyElection

Leave a Reply

Your email address will not be published. Required fields are marked *