മനുഷ്യന്റെ സ്വസ്ഥതയ്ക്കു മുകളില്‍ മതങ്ങളുടെ വെടിക്കെട്ടുകള്‍

കൊറോണയുടെ പിടിയില്‍ നിന്നും നമ്മുടെ നാട് പതിയെ കരകയറി വരുന്നു. കഠിന വഴികളെ നേരിട്ട് ഓരോ മനുഷ്യരും ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഏകദേശം രണ്ടു വര്‍ഷക്കാലത്തോളം വീട്ടകങ്ങളില്‍ ഒതുങ്ങിക്കൂടിയവര്‍ പതിയെ പഴയ ആഘോഷത്തിമിര്‍പ്പുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഒത്തുകൂടലുകളും യാത്രകളും ഉല്ലാസങ്ങളുമെല്ലാം മനുഷ്യജീവിതത്തിലേക്കു തിരികെ എത്തുന്നു.

കൊറോണക്കാലത്ത് നിശബ്ദമായിരുന്ന മതങ്ങളും പഴയ പ്രതാപം വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളാണ്. ജനജീവിതത്തെ അടിമുടി വരിഞ്ഞുമുറുക്കി അവരുടെ ചിന്തകള്‍ക്കു കടിഞ്ഞാണിട്ടു നിയന്ത്രിച്ചിരുന്ന മതങ്ങളും മതദൈവങ്ങളും മാളത്തിലൊളിച്ച രണ്ടു വര്‍ഷക്കാലം അവസാനിച്ചു. പുതിയ തന്ത്രങ്ങളും കൊറോണക്കാലത്തു മനുഷ്യനെ ജീവിപ്പിച്ച മതങ്ങളെക്കുറിച്ചും ദൈവങ്ങളെക്കുറിച്ചുമുള്ള വായ്ത്താരികളും അന്തരീക്ഷത്തില്‍ മുഴങ്ങിത്തുടങ്ങിയിരിക്കുന്നു.

കൊറോണ മൂലം നിറുത്തിവച്ചിരുന്ന പെരുന്നാളുകളും ഉത്സവങ്ങളും തിരികെയെത്തുകയായി. അതിനെ ആശ്രയിച്ചു ജീവിക്കുന്ന അനേകര്‍ക്കത് ആശ്വാസകരം തന്നെ. പക്ഷേ, മതത്തിന്റെ പേരില്‍ കാണിച്ചു കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് ഈ മഹാമാരിക്കു ശേഷവും അവസാനമില്ലെന്ന നിലയാണ്. മാത്രവുമല്ല, അത്, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തുകയായി.


പെരുന്നാളുകളോടും ഉത്സവങ്ങളോടുമനുബന്ധിച്ചു നടത്തുന്ന വെടിക്കെട്ടുകളെ സംബന്ധിച്ച് വ്യക്തമായ നിയമങ്ങള്‍ നമുക്കുണ്ട്. പക്ഷേ, മതം തലയ്ക്കു പിടിച്ച ആരുമത് അനുസരിക്കുന്നില്ലെന്നു മാത്രം. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വെടിക്കെട്ടുകള്‍ ചിലപ്പോള്‍ വെളുപ്പിന് രണ്ടുമണി വരെ നീളുന്നു. വര്‍ഷത്തില്‍ ഒരിക്കലല്ലേ പെരുന്നാളുകളും ഉത്സവങ്ങളുമുണ്ടാകുന്നുള്ളു, അതു നിങ്ങള്‍ക്കങ്ങു സഹിച്ചാലെന്താ എന്ന നിലപാടാണ് ഈ വെടിക്കെട്ടുകള്‍ക്കു പിന്നിലുള്ളവര്‍ക്ക്. ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിമിര്‍പ്പുകള്‍ സഹിക്കേണ്ടവരാണ് ചുറ്റുമുള്ളവരെല്ലാമെന്ന ചിന്താഗതി.

രാത്രി 10 മണിക്കും വെളുപ്പിന് 6 മണിക്കുമിടയില്‍ വെടിക്കെട്ടുകളോ ഉച്ചഭാഷിണികളോ മറ്റു ശബ്ദകോലാഹലങ്ങളോ അനുവദനീയമല്ല.

സ്ഫോടകവസ്തു നിയമം 1884 ഉം സ്ഫോടകവസ്തു ചട്ടം 2008 ഉം അനുസരിച്ച് സ്ഫോടകവസ്തുക്കളുടെ നിര്‍മ്മാണവും ഉപയോഗവും സംബന്ധിച്ച് വ്യക്തമായ നിയമം നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളുടെ ശബ്ദം സംബന്ധിച്ച നിയമങ്ങള്‍ ഇന്ത്യ ഗവണ്‍മെന്റ് നടപ്പിലാക്കിയത് 1999 ലാണ്.



പരിസ്ഥിതി സംരക്ഷണ നിയമം 1986 അനുസരിച്ച്, രാത്രി 10 മണി മുതല്‍ വെളുപ്പിന് 6 മണി വരെ പടക്കങ്ങളുംവെടിക്കെട്ടുകളും ഉപയോഗിക്കുന്നതു നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്. വെടിക്കെട്ടുകളുടെ ശബ്ദം എത്രമാത്രം ഉച്ചത്തിലാവാമെന്നതു സംബന്ധിച്ച് 2008 ലെ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്.

വെടിക്കെട്ടുകള്‍ എത്ര ശബ്ദത്തില്‍ വരെയാകാമെന്നതു സംബന്ധിച്ച സുപ്രീം കോടതി നിര്‍ദ്ദേശം പുറത്തിറങ്ങിയത് 2001 ലാണ്. ശുദ്ധമായ, ആരോഗ്യകരമായൊരു അന്തരീക്ഷത്തില്‍ ജീവിക്കുക എന്നത് ഓരോ പൗരനും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശമാണ്. മതത്തിന്റെ പേരില്‍ കടന്നു കയറ്റം നടത്തുന്ന വിശ്വാസികള്‍ ചെയ്യുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ്.

2015 ല്‍ ഡല്‍ഹി ഹൈക്കോടതി നടത്തിയൊരു നിരീക്ഷണവും ശ്രദ്ധേയമാണ്. ‘തോക്കുപോലുള്ള ആയുധങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വെടിക്കോപ്പുള്‍ ഉണ്ടാക്കുന്നത് താരതമ്യേന കുറഞ്ഞ കുഴപ്പങ്ങളാണെന്നു ചിലപ്പോള്‍ തോന്നിയേക്കാം. എന്നാല്‍, അവയൊന്നും സാധാരണ മനുഷ്യര്‍ക്ക് പെട്ടെന്ന് കിട്ടുന്ന ഒന്നല്ല. അതേസമയം പടക്കങ്ങളാകട്ടെ എപ്പോഴും ആര്‍ക്കും ലഭിക്കുകയും ചെയ്യും. അവയാകട്ടെ, യാതൊരു നിയന്ത്രണങ്ങളുമില്ലാതെ, വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇവയെല്ലാം അന്തരീക്ഷമലിനീകരണത്തിനും ശബ്ദമലിനീകരണത്തിനും കാരണമാകുന്നു. മനുഷ്യന്റെ സ്വസ്ഥവും സമാധാനപൂര്‍ണ്ണവുമായ ജീവിതവും താറുമാറാക്കുകയാണ്.

കോവിഡ് മൂലം നിലച്ചു പോയ ആരവങ്ങളും ആഘോഷങ്ങളും സന്തോഷങ്ങളുമെല്ലാം മടങ്ങിവരണം. പക്ഷേ, അപ്പോഴും നാമൊരിക്കലും മറക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. മനുഷ്യന്റെ സ്വസ്ഥതയെ തകര്‍ത്തുകൊണ്ടാവരുത് ആഘോഷങ്ങള്‍. മതം വ്യക്തിപരമായ തീരുമാനങ്ങളാണ്. അല്ലാതെ മറ്റുള്ളവന്റെ ജീവിതത്തെ നിയന്ത്രിക്കാനും തടസ്സപ്പെടുത്താനുമുള്ള ഉപാധിയല്ല.

പല ആരാധനാലയങ്ങളും തങ്ങളുടെ ശക്തി തെളിയിക്കുന്നത് വെടിക്കെട്ടുകളിലാണ്. ആരാണ് കൂടുതല്‍ ഉച്ചത്തിലും വ്യാപകമായും പൊട്ടിച്ചത് എന്നതിന്റെ പേരില്‍ നടക്കുന്ന ശക്തിപ്രകടനങ്ങള്‍. ഇതുതന്നെയാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍ മാത്രമായി 20,000 കോടി രൂപയുടെ വെടിക്കെട്ടുകള്‍ ഓരോ വര്‍ഷവും അരങ്ങേറുന്നത്. പള്ളികളിലും മറ്റാഘോഷ പരിപാടികളിലുമായി നടത്തപ്പെടുന്ന കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ ഇതിലുമെത്രയോ വലുതായിരിക്കുമത്.

രാവെളുക്കുവോളം മൈക്ക് കെട്ടി നടത്തപ്പെടുന്ന ആഘോഷപരിപാടികളെല്ലാം, മതമായാലും രാഷ്ട്രീയമായാലും സ്വകാര്യ വ്യക്തികളുടെ ആഘോഷത്തിമിര്‍പ്പുകളായാലും നിയന്ത്രിക്കപ്പെടുക തന്നെവേണം.

ഇന്ത്യയിലെ ഓരോ പൗരനും പ്രഥമ സ്ഥാനം നല്‍കുകയും വ്യക്തി സ്വാതന്ത്ര്യത്തിന് മുന്തിയ പരിഗണന നല്‍കുകയും ചെയ്യുന്നൊരു ഭരണഘടനയാണ് ഇന്ത്യയ്ക്കുള്ളത്. നമ്മുടെ ഭരണഘടനയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട്, അതിനനുസരിച്ച് ജീവിക്കാനും ജീവിക്കാന്‍ അനുവദിക്കാനും നമ്മില്‍ ചിലര്‍ ഇനിയുമെത്രയോ വളരേണ്ടിയിരിക്കുന്നു.

സ്വാതന്ത്ര്യവും സ്വസ്ഥവും സമാധാനവുമായ ജീവിതം ആരുടെയും ഔദാര്യമല്ല, അത് ഓരോ മനുഷ്യന്റെയും അവകാശമാണ്. അതില്‍ കടന്നുകയറ്റം നടത്തുന്ന മത, രാഷ്ട്രീയ അന്ധത ബാധിച്ചവരെ നിയമം കൊണ്ടുതന്നെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

…………………………………………
ജെസ് വര്‍ക്കി
jessvarkey@gmail.com

Leave a Reply

Your email address will not be published. Required fields are marked *