മഹത്വവത്ക്കരിക്കപ്പെടുന്ന ചില അടിമത്തങ്ങളുണ്ട്. സ്വന്തം കാലില്‍ നില്‍ക്കാനും സ്വയമേവ കാര്യങ്ങള്‍ തീരുമാനിക്കാനും നടപ്പിലാക്കാനും ഇഷ്ടമില്ലാത്തവരും കഴിവില്ലാത്തവരും സ്വീകരിക്കുന്ന എളുപ്പമാര്‍ഗ്ഗം. സ്വന്തം കഴിവുപയോഗപ്പെടുത്താതെ പരാന്നഭോജിയായി ജീവിക്കുന്ന മനുഷ്യരുടെ ആശ്രയമാണത്.
ഈ പരാന്ന ഭോജനം അവസാനിപ്പിക്കുന്നതിനും സ്വന്തം കാലില്‍ നില്‍ക്കാനും അധ്വാനിച്ചു ജീവിക്കാനും അവരവരുടെ കഴിവിനു ചേര്‍ന്ന ജീവിത സാഹചര്യങ്ങള്‍ നേടിയെടുക്കുന്നതിനുമാണ് ഓരോ വ്യക്തിയും വിദ്യാഭ്യാസം ചെയ്യുന്നത്. മനുഷ്യമനസിന്റെ ഇരുട്ടകറ്റാനുള്ളതാണ് വിദ്യാഭ്യാസം. അതു നേടിയെടുക്കുന്നതോടെ ആരെല്ലാമാണ് തങ്ങളെ ചൂഷണം ചെയ്യുന്നതെന്നും അതിനെ പ്രതിരോധിക്കാനും അന്തസോടെ അഭിമാനത്തോടെ ഈ ഭൂമിയില്‍ ജീവിക്കാനും ഓരോ മനുഷ്യനെയും പ്രാപ്തരാക്കുന്നു.
വൈവിധ്യത്തിലൂന്നി, ഏകത്വത്തിനു പ്രാധാന്യം നല്‍കി, വ്യക്തിസ്വാതന്ത്ര്യത്തിനു സുപ്രധാന സ്ഥാനം നല്‍കുന്ന ഒന്നാണ് നമ്മുടെ ഇന്ത്യന്‍ ഭരണഘടന. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ കഴിയാത്തൊരു പ്രത്യേകതയാണത്. ഇന്ത്യയുടെ ഈ വൈവിധ്യത്തെയും ഏകത്വത്തെയും തകര്‍ക്കുന്നതു പക്ഷേ, വിദേശശക്തികളല്ല, ഇന്ത്യയ്ക്കകത്തു തന്നെയുള്ള മതവികാരം തലയ്ക്കുപിടിച്ച ഭ്രാന്തമനുഷ്യരാണ്.
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം തന്നെ ആയിരുന്നു. മുസ്ലീം സുല്‍ത്താന്‍മാര്‍ ഇവിടെ ഇസ്ലാമികത്വം കൊണ്ടുവന്നു. യൂറോപ്യന്‍ മിഷണറിമാര്‍ ക്രൈസ്തവികതയും.1925 ല്‍ ആര്‍ എസ് എസിന്റെ രൂപീകരണത്തോടെ ഇന്ത്യയിലെ പ്രബല സ്വാധീന മതങ്ങളായ ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള കൊലവിളികളും വെറുപ്പിന്റെ വിത്തുകളും പാകി അതീവ സാമ്പത്തിക ലാഭമുള്ള ഒരു ബിസിനസായി മാറ്റിയെടുത്തു.
ഓരോ മതഗ്രന്ഥത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. സ്ത്രീ ലൈംഗികതയെ പുരുഷന്‍ എത്രമാത്രമാണ് ഭയപ്പെടുന്നത് എന്ന്. സ്ത്രീ ഒരു തരത്തിലും ലൈംഗിക സുഖം അനുഭവിക്കരുതെന്നും അവള്‍ പുരുഷന്റെ സുഖത്തിനു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു ജീവിയാണെന്നും അവള്‍ക്കു പ്രത്യേകിച്ച് വികാരങ്ങളോ വിചാരങ്ങളോ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്നും പുരുഷന്‍ പറയുന്നതപ്പാടെ അനുസരിച്ചു ജീവിക്കേണ്ടവളാണ് അവളെന്നുമുള്ള ഓര്‍മ്മപ്പെടുത്തലുകളാണ് ഏതു മതങ്ങളിലെയും ഗ്രന്ഥങ്ങള്‍ ഓരോ പെണ്ണിനെയും ഓര്‍മ്മപ്പെടുത്തുന്നത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലാത്ത, അന്യനെ ആശ്രയിച്ചു ജീവിക്കുന്നതാണ് സുഖപ്രദമെന്നു വിശ്വസിക്കുന്ന ഒരു പറ്റം സ്ത്രീകള്‍ ആ മതഗ്രന്ഥങ്ങളെ അപ്പാടെ പിന്തുടരുന്നു. അനുസരിച്ചു ജീവിക്കുന്നു.
ഹിന്ദുരാഷ്ടമായ ഭാരതത്തിലെ സ്ത്രീകളുടെ അവസ്ഥ അത്ര മഹത്തരമൊന്നുമായിരുന്നില്ല. പുരുഷന്റെ പിന്നില്‍ നിഴലായി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവളായിരുന്നു അവള്‍. കൂടാതെ, ചാതുര്‍വര്‍ണ്യത്തിന്റെ നരകയാതനകള്‍ ഏറ്റുവാങ്ങേണ്ടിവന്ന മനുഷ്യര്‍ ഹിന്ദുമതത്തില്‍ നിന്നും അകന്നകന്നു പോയി. സ്ത്രീ ജീവിതം തന്നെ ദുരിതപൂര്‍ണ്ണമായിരുന്നു. അപ്പോള്‍പ്പിന്നെ ഹീനജാതിയെന്നു മുദ്രകുത്തപ്പെട്ട സ്ത്രീകളുടെ അവസ്ഥ എന്തുമാത്രം ദുസ്സഹമായിരുന്നിരിക്കണം…??
ഈ അവസ്ഥകളില്‍ നിന്നും മോചനമെന്ന നിലയിലാണ് പലരും പല മതങ്ങളിലേക്കും മാറി ജീവിക്കാനാരംഭിച്ചത്. പക്ഷേ, അപ്പോഴും സ്ത്രീ ജീവിതത്തിനു കാതലായ മാറ്റമൊന്നുമുണ്ടായില്ല. കുടം മാറിയിരിക്കാം. പക്ഷേ, അകത്തെ വീഞ്ഞിനു മാറ്റമൊന്നുമില്ല. അതു പഴയതും മോശപ്പെട്ടതും തന്നെ. ഈ സത്യം മനസിലാക്കാനോ അതില്‍ നിന്നും മാറിച്ചിന്തിക്കാനോ സ്ത്രീകള്‍ തയ്യാറാവുന്നില്ല എന്നതാണ് സത്യം.
സ്ത്രീ അറിയണം, സ്വന്തം ജീവിതം തന്നെ മറ്റുള്ളവന്റെ കാല്‍ക്കീഴില്‍ അടിയറ വച്ചതിന്റെ അടയാളമാണ് താന്‍ തലമൂടാന്‍ ഉപയോഗിച്ചിരിക്കുന്ന ഈ തുണിക്കീറ് എന്ന്. അതിന്റെ കളര്‍ കാവി ആയാലും കറുപ്പായാലും പച്ച ആയാലും മറ്റെന്തായാലും അത് അടിമത്തത്തിന്റെ പരസ്യപ്രഖ്യാപനമാണ്. ഇതാ ഞാന്‍ നിന്റെ അടിമ, നിന്റെ ആജ്ഞകളെ എതിര്‍പ്പുകളേതുമില്ലാതെ പാലിക്കാന്‍ തയ്യാറായവള്‍. ഇതെനിക്കു സ്വര്‍ഗ്ഗമാണ് എന്നവള്‍ വിളിച്ചു പറയുന്നു.
മതത്തിന്റെ അടിമത്തത്തില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മോചനം നേടാന്‍ ഉതകുന്നതാകണം വിദ്യാഭ്യാസം. അതിനാല്‍ത്തന്നെ, സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അതേപോലെ തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും മതങ്ങളെയും മതചിഹ്നങ്ങളെയും പൂര്‍ണ്ണമായും നിര്‍ബന്ധമായും ഒഴിവാക്കണം. എന്നാല്‍, തുണിക്കീറുകൊണ്ടു തലമുഴുവന്‍ മൂടിയ പെണ്ണിന്റെ തലയില്‍ നിന്നും ആ തുണി മാറ്റേണ്ടത് കാവിക്കോണകമുടുത്തവന്റെ കൈകളല്ല. മറിച്ച്, ആ പെണ്ണതു തിരിച്ചറിയണം, ഇനിയീ മതത്തിന്റെ കോണകവും തലയില്‍പ്പേറി നടക്കാന്‍ തന്നെ കിട്ടില്ലെന്നവള്‍ പ്രഖ്യാപിക്കണം. സര്‍വ്വസ്വാതന്ത്ര്യവുമനുഭവിച്ചു ജീവിക്കുന്ന പുരുഷന്റെ സുഖത്തിനു വേണ്ടി സ്വയം എരിഞ്ഞുതീരാനുള്ളതല്ല തന്റെ ജീവിതമെന്നവള്‍ പ്രഖ്യാപിക്കണം. ജയ് ശ്രീറാം വിളിയെ പ്രതിരോധിക്കേണ്ടത് അല്ലാഹു അക്ബര്‍ എന്നുവിളിച്ചുകൊണ്ടല്ല. അല്ലാഹു അക്ബറെന്നു വിളിച്ച് തലമുഴുവന്‍ മൂടി നടക്കുന്നവളെ നേരിടേണ്ടത് ജയ്ശ്രീറാം വിളികള്‍ കൊണ്ടുമല്ല.
പെണ്ണു സ്വയം തിരിച്ചറിഞ്ഞ് മതത്തിന്റെ കോണകം ശരീരത്തില്‍ നിന്നും സ്വയം ഊരിയെറിയന്നതു വരേയ്ക്കും ഈ നാടകങ്ങള്‍ തുടരും. അതിലൂടെ അതിസമ്പന്നരാകുന്ന വിഭാഗമാണ് രാഷ്ട്രീയവും മതവും വിറ്റു ജീവിക്കുന്നവര്‍. അവരുടെ ആവനാഴിയിലെ വിലമതിക്കാനാവാത്ത ആയുധങ്ങളാണ് ശരീരം തുണിയില്‍ മൂടി വാലാട്ടികളായി ജീവിക്കുന്ന പെണ്ണുങ്ങള്‍. അവളുടെ വീറും വാശിയും യഥാര്‍ത്ഥ സ്ത്രീശക്തിയായി വാഴ്ത്താന്‍ മത രാഷ്ട്രീയക്കോമരങ്ങള്‍ക്കു മാത്രമേ കഴിയൂ. ആ വാഴ്ത്തലുകളില്‍ ഭ്രമിച്ചുപോയ പെണ്ണ് സ്വയം തിരിച്ചറിയുക തന്നെ വേണം.
…………………………………………………………………………….
ജെസ് വര്‍ക്കി
ചീഫ് എഡിറ്റര്‍
തമസോമ ഡോട്ട് കോം
Tags: Burqa ban in Karnataka, burqa at school, symbols of religion at school, Education of Muslim girls, Hindu agitation on burqa, Burqa must be banned, but it should not be done by using saffron underwear